കാലം ഖിലാഫത്തിനെ തിരിച്ചുവിളിക്കുമോ?

ഒന്നാംലോക ഭീകരയുദ്ധത്തിന് ഒരു നൂറ്റാണ്ട് തികയുകയാണ്. നിലനിന്നിരുന്ന ലോകത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്ടീയ ക്രമങ്ങള്‍, ഓട്ടോമന്‍ അധീനതയിലായിരുന്ന കിഴക്കന്‍ ഭൂപ്രദേശങ്ങള്‍ക്കുമേല്‍ അധീശത്വം നേടാന്‍ നടത്തിയ സംഘര്‍ഷങ്ങളിലൂടെയും (പൗരസ്ത്യ യൂറോപ്യന്‍ സമസ്യ) തീവ്രമായ ദേശീയതയിലൂടെയും തലകുത്തിവീഴുകയായിരുന്നു ഈ ഘട്ടത്തില്‍.  യുദ്ധാനന്തരം പ്രധാനപ്പെട്ട നാല് സാമ്രാജ്യങ്ങള്‍ (ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ഓട്ടോമന്‍, റഷ്യ) തകരുകയും പുതിയ ലോകഘടന പിറവിയെടക്കുകയും പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. എ.ഡി. 632-ല്‍ തുടങ്ങിയ ഖിലാഫത്ത് സംവിധാനം കുത്തിപ്പൊളിച്ച് തുര്‍ക്കിയില്‍ കമാലിസം എഴുന്നേറ്റുവന്നതും ഈ ഭീകര യുദ്ധാനന്തരമാണ്.

റഷ്യയിലെ റോമനോദ് ഭരണം തകരുകയും ലോകശക്തികള്‍ ഈ കാലത്ത് മാറിമറിയുകയും ചെയ്തിരുന്നു. റോമനോദ് വംശജരായ സാര്‍ (Tsar) ചക്രവര്‍ത്തിമാരെ താഴെയിറക്കിയ കമ്യൂണിസ്റ്റ് റഷ്യന്‍ വിപ്ലവം, വ്ളാഡിമര്‍ ഇല്ല്യച്ച് ഉല്യാനോവ്,  ബോള്‍ഷെവിക്കുള്‍, മെന്‍ഷെവിക്കുകള്‍ എന്നിവയെല്ലാം വന്നുപോയിട്ട് നൂറ് വര്‍ഷം പിന്നിടുകയും പിന്നിടാന്‍ ഒരുങ്ങുകയുമാണ് കാലം. റഷ്യയില്‍നിന്ന് കമ്യൂണിസത്തിന്റെ പ്ളേഗിനെ ഗോര്‍ബച്ചേവ് പുറത്താക്കിയതിന് ശേഷം വന്ന റഷ്യന്‍ ഫെഡറേഷന്റെ തലപ്പത്ത് നാലാം വട്ടവും റഷ്യയുടെ പ്രസിഡന്റായി പുടിന്‍ ചമഞ്ഞിരിക്കുന്നതും ഇപ്പോള്‍ നമുക്ക് കാണാം..

തെക്കുകിഴക്കന്‍ യൂറോപ് - മദ്ധ്യപൂര്‍വേഷ്യ-വടക്കേ ആഫ്രിക്ക എന്നിങ്ങനെ മൂന്ന് വന്‍കരകളില്‍ വ്യാപിച്ചുകിടന്നിരുന്ന മുസ്ലിം ഖിലാഫത്ത് വ്യവസ്ഥിതിയെ താഴെയിറക്കുന്നതില്‍ അറബ് ദേശീയതയുടെ മറവില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. മക്ക-മദീന-ജെറുസലെം-കെയ്റോ-ദമാസ്‌കസ്-ബഗ്ദാദ് തുടങ്ങിയ മുസ്ലിം നഗരങ്ങളെല്ലാം ഒരു നൂറ്റാണ്ട് മുമ്പ് വരെ ഖിലാഫത്തിന് കീഴിലായിരുന്നു. 

മുസ്ലിം ഖലീഫമാര്‍ ഒന്നാം ലോക ഭീകരയുദ്ധത്തില്‍ ജര്‍മ്മനിയുടെ സഖ്യകക്ഷിയായി പങ്കെടുക്കുകയും ലോകമുസ്ലിംകളോട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തില്‍ നടന്ന Gallipoli - യൂദ്ധത്തില്‍ ബ്രിട്ടനെ മുസ്ലിംകള്‍ കീഴടക്കിയതിന്റെ പ്രതികാരമായാണ് ബ്രിട്ടന്‍ മുസ്ലിം ലോകത്തെ പിളര്‍ത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചത്. തുര്‍ക്കികളെയും അറബ് മുസ്ലിംകളെയും ഭിന്നിപ്പിക്കലായിരുന്നു ആദ്യത്തെ ശ്രമം. ഇതിന്റെ ഭാഗമായാണ് തോമസ് എഡ്വേഡ് ലോറന്‍സിനെ (ലോറന്‍സ് ഓഫ് അറേബ്യ) പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ദല്ലാള്‍പണി ഓറിയന്റലിസ്റ്റ് പദ്ധതിയുടെ അകമ്പടിയോടെ നിര്‍വഹിക്കാന്‍ ബ്രിട്ടീഷുകാര്‍ അറബികളുടെ നടുവിലേക്ക്  ചരടില്‍കെട്ടിയിറക്കിയത്. 

അക്കാലത്ത് മക്കയിലെ ഗവര്‍ണറായിരുന്ന ശരീഫ് ഹുസൈനെ (1854-1931)  സ്വാധീനിക്കുകയും  തുര്‍ക്കിയിലെ മുസ്ലിം ഖലീഫക്കെതിരെ ബ്രിട്ടനെ സഹായിച്ചാല്‍ സമ്പത്തും അറേബ്യയുടെയും ഫലസ്ഥീനിന്റെയും അധികാരവും നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. യുദ്ധാനന്തരം ഒരുപിടി മണ്ണുപോലും ശരീഫ് ഹുസൈന് ലഭിച്ചില്ല എന്ന് മാത്രമല്ല മുസ്ലിംകളുടെ കീഴിലായിരുന്ന ഫലസ്തീന്‍ ബ്രിട്ടന്‍ സയണിസ്റ്റുകള്‍ക്ക് തൂക്കി വില്‍ക്കുകയും ചെയ്തു. 1916 മെയ് 10- ന് ഒപ്പുവെച്ച സൈക്സ് -പികോ കരാറിലൂടെ ഖിലാഫത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങളെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും വീതിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.  ഒന്നാം ലോക യുദ്ധ സമയത്ത് ബ്രിട്ടനുണ്ടാക്കിയ ഈ രഹസ്യ കരാര്‍ റഷ്യയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ സ്റ്റാലിനാണ് പിന്നീട് പരസ്യപ്പെടുത്തിയത്. 

ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം മുന്‍നിര്‍ത്തി ഇസ്ലാമിക ഖിലാഫത്തിനെതിരെ 1916-1918 കാലഘട്ടത്തില്‍ സമസ്ത അറബ് പ്രക്ഷോഭമാണ് നടന്നിരുന്നത്. ഇതിനെത്തുടര്‍ന്നെല്ലാം നടന്ന പലതരത്തിലുള്ള സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയിലാണ് 1926-ല്‍ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായി അബ്ദുല്‍ അസീസ് (ഇബ്നു സൗദ്) പ്രഥമ രാജാവായി പൊട്ടിപ്പുറപ്പെടുന്നത്. ഖിലാഫത്ത് മുറിഞ്ഞതോടെ മുസ്ലിംകള്‍ക്ക് കേന്ദ്രരാഷ്ട്രം ഇല്ലാതായി. 1924-ല്‍ ഖിലാഫത്തിനെ റ്ദ്ദ് ചെയ്ത ശേഷം സെക്യുലര്‍ ഫണ്ടമെന്റലിസവും ത്രീവ്ര ദേശീയത്വവും സമാസമം തുന്നിച്ചേര്‍ത്ത മുരടനായ മുസ്ലിം വിരോധി മുസ്തഫ കമാല്‍ പാഷയിലൂടെ മുസ്ലിം തുര്‍ക്കിയെ യൂറോപ്യന്‍ പരികല്‍പനയിലുള്ള ആധുനികതയിലേക്ക് പറിച്ച് നട്ടു. ഈ കൊടും ചതികളുടെ നൂറാം വാര്‍ഷികങ്ങളുടെ പ്രളയത്തിലേക്കാണ് കാലം അടുക്കുന്നത്. 

1917 നവംബര്‍ 2- നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാല്‍ഫോര്‍ ഫലസ്ഥീനില്‍ ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള അനുമതി നല്‍കി സിയോണിസ്റ്റ് കോടീശ്വരനായ റോത്ത് ചൈല്‍ഡിന് കത്തയക്കുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനമെന്ന് പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ട ഈ സംഭവത്തിന്റെ നൂറാം വാര്‍ഷികവും കഴിഞ്ഞ വര്‍ഷം ബ്രിട്ടനും സിയോണിസ്റ്റുകളും ആഘോഷിച്ചിരുന്നു. ലോകയുദ്ധത്തില്‍ മുസ്ലിം തുര്‍ക്കിയെ താഴെയിറക്കാന്‍ സമ്പന്നരായ ജൂതരുടെ സഹായവും പിന്തുണയും നേടാനായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. 

ചരിത്രത്തെ മുഴുവന്‍ ആറ്റിക്കുറുക്കി 2018-ല്‍ തിരിഞ്ഞുനോക്കുമ്പോള്‍ കമാലിസ്റ്റ് സൈന്യത്തിന്റെ ഔദാര്യത്തില്‍ മാത്രം നിലനിന്നിരുന്ന ആധുനിക മുസ്ലിം തുര്‍ക്കിയുടെ ജനാധിപത്യം പുതിയ രാഷ്ട്രീയ ക്രമത്തിലേക്ക് ഉയര്‍ന്നുവരുന്ന വലിയ പ്രതീക്ഷയുടെ കാഴ്ചയാണ് മുന്നിലുള്ളത്. 1924 - ലെ കമാലിസ്റ്റ് സെക്യലര്‍ തുര്‍ക്കിയില്‍നിന്നും പതുക്കെ നടന്ന് ചരിത്രം 2018 -ല്‍ തട്ടിനില്‍ക്കുമ്പോള്‍ കമാലിസത്തിന്റെ കടുംപിടുത്തങ്ങളില്‍ അയവുകള്‍ വരുത്താന്‍ ശ്രമിച്ച ബദീഉസ്സമാന്‍ സഈദ് നൂര്‍സി (1873-1960), അദ്നാന്‍ മെന്ദരീസ്, തുര്‍ഗത്ത് ഒസാല്‍ (1927-1993), നജ്മുദ്ദീന്‍ അര്‍ബകാന്‍ എന്നിവരെല്ലാം ഓര്‍മകളില്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. 

പട്ടാള അട്ടിമറിയെ കുത്തുപാളയെടുപ്പിച്ച ഉര്‍ദുഗാന്‍ ഭരണത്തില്‍ തുര്‍ക്കി കമാലിസ്റ്റ് സെക്യുലറിസത്തിന്റെ ഉമ്മറപ്പടിയില്‍നിന്നും കരകയറി നില്‍ക്കുകയാണെങ്കെലും മുസ്ലിം തുര്‍ക്കിക്കെതിരെയുള്ള പടപ്പുറപ്പാട് അവസാനിച്ചെന്ന് തോന്നുന്നില്ല. 1924 -ല്‍ ഖിലാഫത്തിനെ അട്ടിമറിച്ചവര്‍ അഭിനവ ശരീഫ് ഹുസൈനുകളെ കക്ഷത്തുവെ്ച് ചുറ്റുവട്ടത്ത് പതിയിരിക്കുകയും ആടിക്കളിക്കുകയും ചെയ്യുന്നുണ്ട്.  

മരവിപ്പും ശൈഥില്യവും താറുമാറാക്കിയ മുസ്ലിം നാഗരികതക്ക് പുതുജീവന്‍ നല്‍കാന്‍ ഖിലാഫത്ത് വിരോധികള്‍ കുഴിച്ചുമൂടിയ തുര്‍ക്കിയുടെ രണ്ടാം വരവ് കാരണമാവുമോ? 1055-ല്‍ ആദ്യത്തെ സല്‍ജൂക്കി ഭരണാധികാരിയായ സുല്‍ത്വാന്‍ ത്വുഗ്റുല്‍ അധികാരമേറ്റതു മുതല്‍ 1924- വരെ തുര്‍ക്കികളായിരുന്നു മുസ്ലിം ലോകത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. മംഗോളിയന്‍ അധിനിവേശത്തെയും കുരിശുസൈന്യത്തെയും പിടിച്ചുകെട്ടിയത് തുര്‍ക്കികളാണ്. 

വംശീയ മേധാവിത്വത്തിന് ശ്രമിക്കാതെ ലോക മുസ്ലിംകളെ ഏകോപിപ്പിച്ചതാണ് തുര്‍ക്കികളുടെ വിജയത്തിന് നിദാനമായത്. ഇന്നും മുസ്ലിം ലോകത്ത് ഖിലാഫത്തിന്റെ പാരമ്പര്യം ഏറ്റെടുക്കാന്‍ എല്ലാ യോഗ്യതകളും വന്നുനില്‍ക്കുന്നത് തുര്‍ക്കിയിലാണ്. പാശ്ചാത്യരുടെ സഹായത്തോടെ അത്താതുര്‍ക്ക് തുര്‍ക്കിയുടെമേല്‍ കുത്തിവെച്ച അള്‍ട്രാ സെക്യുലറിസ്റ്റ് ഐഡിയോളജിയില്‍നിന്നും പൂര്‍ണമായും പുറത്തുകടന്നാല്‍ മുസ്ലിംകളുടെ കേന്ദ്രരാഷ്ട്ര നേത്യത്വം ഏറ്റെടുക്കാന്‍ ജനാധിപത്യ തുര്‍ക്കിക്ക് സാധിച്ചേക്കും. 

വളരെ തന്ത്രപ്രധാനമായ തിരഞ്ഞെടുപ്പാണ് ഈ അടുത്ത് തുര്‍ക്കിയില്‍ നടന്നത്. തുര്‍ക്കിയുടെ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റം സാധ്യമായിരിക്കുന്നു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള പുതിയ ഗവണ്‍മെന്റ്ിന്റെ ഉദയം മുസ്ലിം സമൂഹത്തിന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്. സിറിയന്‍ - ഫലസ്തീന്‍ പ്രശ്നത്തിലും റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തിലും ഉര്‍ദുഗാനെടുത്ത നീക്കങ്ങള്‍ ലോക മുസ്ലിം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ തുര്‍ക്കി പ്രാപ്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. 

ഇതെല്ലാം സംഭവിക്കുന്നത് അത്താതുര്‍ക്കിന്റെ പരിഷ്‌കാരങ്ങള്‍ നൂറുവര്‍ഷം തിക്കകുന്നതിന് തൊട്ടുമുമ്പാണെന്നുള്ള സത്യം മനസ്സില്‍ പ്രത്യാശയുടെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കമാലിസത്തിന്റെ കെട്ടുപൊട്ടിച്ച് പുരോഗതിയും സ്വയം പര്യാപ്തയുമുള്ള രാഷ്ട്രമായി തുര്‍ക്കി എഴുന്നേറ്റുവരുന്നതില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയവര്‍ക്ക് വലിയ ദഹനക്കേടും വിമുഖതയും ഉണ്ടായിരുന്നു. 

നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ മുന്നിലുണ്ടായിരുന്ന ഫത്ഹുല്ല ഗുലെന്റെ ഗുലെനിസ്റ്റ് പ്രസ്ഥാനമായും ബന്ധം പുലര്‍ത്തിയിരുന്ന യു.എസ്. പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സനെ വിട്ടയക്കണമെന്ന അമേരിക്കയുടെ ആവശ്യം തുര്‍ക്കി നിരസിച്ചിരുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഗുലനെ കൈമാറണമെന്ന തുര്‍ക്കിയുടെ ആവശ്യം അംഗീകരിക്കാതെയാണ് ട്രംപ് ബ്രന്‍സനെ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ പ്രതിഫലനമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കി ലിറയുടെ മൂല്യം വന്‍ തകര്‍ച്ചയിലെത്തിയത്. തുര്‍ക്കിയെ അമേരിക്ക പിന്നില്‍ നിന്ന് കുത്തുകയാണെന്നും നാറ്റോ സഖ്യ രാജ്യമായ തുര്‍ക്കിയെ യു.എസ്. ഒറ്റപ്പെടുത്തുകയാണെന്നും ഉര്‍ദുഗാന്‍ വിമര്‍ശിച്ചിരുന്നു. 

ജനകീയ മുന്നണിയും (അക് പാര്‍ട്ടിയും എം.എച്ച്.പിയും) ദേശീയ സഖ്യവും  (അത്താതുര്‍ക്കിന്റെ പാര്‍ട്ടിയായ സി.എച്ച്.പിയും സആദത് പാര്‍ട്ടിയും ഇയി പാര്‍ട്ടിയും) ചേര്‍ന്ന് രണ്ട് ചേരികളിലായി നടന്ന മത്സരത്തില്‍നിന്ന് തുര്‍ക്കിയിലെ ജനങ്ങള്‍ ഉര്‍ദുഗാനെ പൊക്കിയെടുക്കുകയായിരുന്നു. തീവ്ര സെക്യുലറിസ്റ്റുകളും ചില അറബ് മാധ്യമങ്ങളും ഉര്‍ദുഗാന്റെ അക് പാര്‍ട്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടിരുന്നെങ്കിലും ഉര്‍ദുഗാന്‍ കുലുങ്ങിയില്ല. സിറിയയിലെ ബശ്ശാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ക്ക് അക് പാര്‍ട്ടിയുടെ വിജയം കൂടുതല്‍ കരുത്തുപകരും. 

ഇത് ബശ്ശാറിനെ സൈനികമായി സഹായിക്കുന്ന പുടിനെ അലോസരപ്പെടുത്തിയേക്കും. ചില അറബ് രാജ്യങ്ങളെയും തെരഞ്ഞെടുപ്പ് ജയത്തോടെ കൂടുതല്‍ കരുത്തനായി വരുന്ന ഉര്‍ദുഗാന്‍ പിടിച്ചുകുലുക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ മേല്‍നോട്ടമില്ലാതെ  പ്രസിഡന്റിന് സമ്പൂര്‍ണ്ണ അധികാരം ലഭിച്ചതോടെ കൂടുതല്‍ മത സ്വാതന്ത്ര്യമുള്ള രാജ്യമാക്കി തുര്‍ക്കിയെ ഉര്‍ദുഗന്‍ മാറ്റുമെന്നുറപ്പാണ്. ഇത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും.

ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ത്തി സഊദി അറേബ്യയും യു.എ.ഇ, ബഹ്റൈന്‍, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഖത്തറുമായി ബന്ധംവിച്ഛേദിച്ചതിനു ശേഷം തുര്‍ക്കിയും ഖത്തറും ഇറാനും ഉള്‍പ്പെടുന്ന പുതിയൊരും സഖ്യം രൂപപ്പെട്ടുവരുന്നുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter