ഫാസിസം: ഒടുവില്‍ ദളിതനും തന്റെ ജന്മത്തെ പഴിച്ചുതുടങ്ങുമ്പോള്‍
സവര്‍ണ ഫാസിസത്തിന്റെ ബുദ്ധിശാലകളില്‍ രൂപമെടുത്ത ജാതീയ വിവേചനവും അസഹിഷ്ണുതാ പ്രകോപനങ്ങളും സാമൂഹ്യതലം വിട്ട് കാംപസുകളെ കടന്നാക്രമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമൂലയുടെ ജീവാര്‍പ്പണം. തന്റെ ആത്മാഹുതി ദലിതു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രത്യാശ പുലര്‍ത്തിയാണ് ആ ഹതഭാഗ്യ വിദ്യാര്‍ഥി മരണത്തെ പുല്‍കിയത്. ഇരുളടഞ്ഞുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ഭരണം നിയന്ത്രിക്കുന്നവരുടെ ബധിരകര്‍ണങ്ങളില്‍ രോഹിതിന്റെ പ്രത്യാശാഭരിതമായ ആത്മാലാപങ്ങള്‍ ചെന്ന് പതിക്കണമെന്നില്ല. രോഹിതിന്റെ മരണം ഒരു സൂചനയാണ് ഇന്ത്യന്‍ പൊതുസമൂഹത്തിന് നല്‍കുന്നത്. സാമൂഹ്യതലങ്ങളില്‍ അഴിഞ്ഞാടുന്ന ഉച്ഛ-നീചത്വങ്ങളും അസ്പൃശ്യതയും വര്‍ണവിവേചനവും സ്വതന്ത്ര ചിന്താഗതിയും ആശയങ്ങളുടെ കെമാറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാംപസുകളിലേക്ക് പറിച്ചുനടാന്‍ ഫാസിസ്റ്റ് ശക്തികള്‍ പണിയെടുത്തുകൊണ്ടിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് രോഹിതുമാരുടെ മരണങ്ങളിലൂടെ വിളംബരം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, അതായത് ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരാരോഹണം നടത്തിയതിന് ശേഷമുള്ള കാലയളവില്‍ കാംപസുകള്‍ സംഘര്‍ഷഭരിതമാകാന്‍ തുടങ്ങിയത് ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്. ഇതിനകം പത്തോളം ദലിത്-മുസ്്‌ലിം വിദ്യാര്‍ഥികള്‍ കാംപസുകളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കാംപസുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സ്വതന്ത്രാഭിപ്രായ പ്രകടനങ്ങളും ജാതീയതക്കും മതവിദ്വേഷങ്ങള്‍ക്കും എതിരെയുള്ള സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളും സമൂഹമധ്യത്തില്‍ ചര്‍ച്ചയാകുമ്പോള്‍ സമൂഹത്തെ ഫാസിസ്റ്റ് വത്ക്കരിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ശ്രമങ്ങളെ അത് വൃഥാ വിലക്കുമെന്നവര്‍ ഭയപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘ്പരിവാര്‍ ശക്തികള്‍ കാംപസുകള്‍ സവര്‍ണ ഫാസിസത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിനെതിരെ ചെറുത്ത് നില്‍ക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള വിദ്യാര്‍ഥികളെ കള്ളക്കേസുകള്‍ ചുമത്തിയും ഭീഷണിപ്പെടുത്തിയും 'ദേശദ്രോഹ' കുറ്റം ചുമത്തിയും ജയിലിലടക്കുകയോ കാംപസുകളില്‍ നിന്നും പുറംതള്ളുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു രോഹിത്. സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുകയായിരുന്ന വിദ്യാര്‍ഥി സ്വതന്ത്ര ചിന്താഗതിയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കാംപസില്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുമായിരുന്നു.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ദലിത് വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് നേരെ എ.ബി.വി.പി സംഘടിതമായി ആക്രമണം തുടങ്ങിയതോടെയാണ് കാംപസ് സംഘര്‍ഷഭരിതമാകാന്‍ തുടങ്ങിയത്. രോഹിതിന്റെ മരണവും ഇത്തരമൊരു സംഭവമായി ബന്ധപ്പെട്ടുള്ളതാണ്. രാജ്യത്തെ സര്‍വകലാശാലകളിലൊക്കെയും അധികാരികള്‍ നടത്തുന്ന സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നേരെയുള്ള വിലങ്ങുതീര്‍ക്കലാണിത്. അതുതന്നെയാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും സംഭവിച്ചത്.
2013 ലെ മുസഫര്‍ നഗര്‍ കലാപത്തിന്റെ ഉള്ളുകള്ളികള്‍ വ്യക്തമാക്കുന്ന 'മുസഫര്‍ നഗര്‍ ബാകിഹേ' എന്ന ഡോക്യുമെന്ററി കാംപസില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) പ്രവര്‍ത്തകരായ രോഹിതും കൂട്ടുകാരും ശ്രമിച്ചപ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടയുകയായിരുന്നു. ഇതോടെയാണ് കാംപസില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുകയും സമരവുമായി രംഗത്ത് വരികയും ചെയ്തു. പ്രതികരണത്തിന്റെ ഭാഗമായി കാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇതിന് മുന്‍കൈയെടുത്ത രോഹിതിനെയും മൂന്ന് കൂട്ടുകാരെയും എ.ബി.വി.പി നേതാവ് സുശീല്‍കുമാര്‍, തന്നെ മര്‍ദിച്ചു എന്നാരോപിച്ച് യൂനിവേഴ്‌സിറ്റിക്ക് വ്യാജപരാതി നല്‍കുകയും രോഹിതുള്‍പ്പെടെയുള്ള 4 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതിന്റെ പിന്നില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പാണുള്ളത്. എ.എസ്.എ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ കുപ്രചാരണങ്ങളാണ് എ.ബി.വി.പി അഴിച്ചുവിട്ടത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്തേത്രയറാവു, സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പറാവു, ബി.ജെ.പി എം.എല്‍.എ സി രാമചന്ദ്രറാവു എന്നിവരും. ഇവര്‍ക്കെതിരേ ഹൈദരാബാദ് പൊലിസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും അതെത്രമാത്രം ഫലവത്താകുമെന്നറിയില്ല. ഇതിന് മുമ്പും കാംപസില്‍ ഒടുങ്ങിയ ദലിത് മുസ്്‌ലിം വിദ്യാര്‍ഥികളുടെ മരണകാരണങ്ങളെക്കുറിച്ച് വെളിച്ചം കാണാതെ പോയ കേസുകളില്‍ ഇതും പെടുകയില്ലെന്നതിന് യാതൊരു ഉറപ്പുമില്ല.
രാജ്യത്തെ പൂര്‍ണമായി ഫാസിസ്റ്റ് വത്ക്കരിക്കുക എന്ന സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായുള്ള ഇത്തരം സംഭവങ്ങള്‍ മേലിലും ആവര്‍ത്തിച്ചു കൂടായ്കയില്ല. രാജ്യത്തെ അക്കാദമിക്ക് സ്ഥാപനങ്ങളെല്ലാം വര്‍ഗീതയുടെയും സവര്‍ണാധിപത്യത്തിന്റെയും നുകത്തിന് കീഴില്‍ വന്നുകഴിഞ്ഞു. ചരിത്രവും സംസ്‌കാരവും ദൃശ്യാവിഷ്‌കാരങ്ങളും പാഠപുസ്തകങ്ങളുമെല്ലാം സവര്‍ണ മുദ്രകളോടെ, ജാതിമേല്‍ക്കോയ്മയുടെ 'മികവ്' വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തുവരും. മന്ത്രിമാരും വൈസ് ചാന്‍സലര്‍മാരും സ്ഥാപന മേധാവികളും സവര്‍ണ ഫാസിസത്തിന്റെ കാവലാളുകളായി മാറിക്കൊണ്ടിരിക്കുന്ന അതിദാരുണമായ ഒരു കാലത്തെയാണ് രോഹിതിന്റെ ആത്മത്യാഗം അടയാളപ്പെടുത്തുന്നത്. 'ചിലയാളുകള്‍ക്ക് ജീവിതമൊരു ശാപമാണ്. ഒരു ദലിതനായി ജനിച്ചതാണ് തന്റെ ദുരന്ത'മെന്ന് കാംപസ് ജീവിതകാലത്ത് ചിന്തയുടെ സ്ഫുരണങ്ങള്‍ വിതറിയ, ഒടുവില്‍ കാംപസില്‍ നിന്നും പുറംതള്ളപ്പെട്ട് പുറം ഷെഡില്‍ കഴിയാന്‍ വിധിക്കപ്പെട്ട പ്രതിഭാസമ്പന്നനായ രോഹിത് ആത്മഹത്യാ കുറിപ്പില്‍ കുറിച്ചുവെച്ചു. രോഹിതിനെക്കൊണ്ട് ഇത്തരമൊരു ആത്മഹത്യാ കുറിപ്പെഴുതിപ്പിക്കുവാന്‍ സവര്‍ണ ഫാസിസത്തിന്റെ ഉടല്‍രൂപങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ദാത്താത്രേയമാരുടെ ഉരുക്ക് മുഷ്ടിക്കുള്ളില്‍ ജീവന്‍ ഒടുക്കേണ്ടിവരുന്ന ഹതഭാഗ്യരായ പിന്നാക്ക ന്യൂനപക്ഷ ദലിതുകളുടെ ആത്മത്യാഗങ്ങള്‍ ഇവിടെ അവസാനിക്കുകയില്ലെന്ന് വേണം കരുതാന്‍.



Leave A Comment