കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്  സമസ്തയുടെ അമരത്തേക്ക്
 width=സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും. 1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. പ്രാഥമികവിദ്യാഭ്യാസം ആനക്കരയില്‍ തന്നെയായിരുന്നു. സ്കൂളില്‍ അഞ്ചാം തരം വരെ പഠിച്ചു. പിന്നീട് കിതാബോതാന്‍ ആനക്കര പള്ളിദര്‍സില്‍ ചേര്‍ന്നു. അല്‍ഫിയയും ഫത്ഹുല്‍ മുഈനുമെല്ലാം ഓതുന്നത് സ്വന്തം ജ്യേഷ്ഠനും സമസ്തയുടെ റീജനല് മുഫത്തിശുമായിരുന്ന സി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ്. പേങ്ങാട്ടിരി പളളിയിലെ ആ ദര്‍സില്‍ രണ്ടുവര്‍ഷമാണ് കിതാബോതിയത്. കാട്ടിപ്പരുത്തിയിലെ ദര്‍സില്‍ വെച്ചാണ് മിശ്കാത്ത്, ശറഹുത്തഹ്ദീബ്, മുഖ്തസ്വര്‍, മഹല്ലി തുടങ്ങിയ കിതാബുകള്‍ ഓതുന്നത്. കടുപ്പുറം മുഹമ്മദ് മുസ്ലിയാരായിരുന്നു അവിടെ ഉസ്താദ്. ഉസ്താദിന് രോഗം വരികയും ദര്‍സ് തുടരുക അസാധ്യമാകുകയും ചെയതപ്പോള്‍ മുതഅല്ലിമുകള്‍ പല ദര്‍സുകളിലേക്കും മാറിപ്പോയി. ഏതെങ്കിലും ഉയര്‍ന്ന ദര്‍സില്‍ ചേരണമെന്ന് ഉദ്ദേശിച്ചിരിക്കുമ്പേഴാണ് കണ്ണിയത്ത് ഉസ്താദ് പൊന്നാനി പള്ളിയില്‍ ദര്‍സ് തുടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. പറ്റുമെങ്കില്‍ അവിടെ തന്നെ ചേരണമെന്ന് ഉദ്ദേശിച്ച് ഒരു ദിവസം അതിരാവിലെ പുറപ്പെട്ടു. ബസ്സിനു കൊടുക്കാന്‍ പോലും കൈയില്‍ പെസ ഇല്ലാതിരുന്നിതിനാല് നടന്നാണു പൊന്നാനി വരെ പോയത്. പള്ളിയിലെത്തിയപ്പോള്‍ അകത്ത് കണ്ണിയത്ത് ഉസ്താദ് ജംഇന്റെ സബ്ഖു നടത്തുകയാണ്. നടന്നും ഇരുന്നും ഇടയ്ക്കു കിടന്നുമെല്ലാമുള്ള സബ്ഖ്. മുതഅല്ലിമുകളിലധികവും 50 കഴിഞ്ഞ താടിയും മുടിയും നരച്ചവര്‍. അവിടെ തന്നെ ദര്‍സിലുള്ള ചെറിയ വിദ്യാര്‍ഥികള്‍ക്ക് അല്ഫിയയും ഫത്ഹുല്‍ മുഈനുമെല്ലാം ഓതിക്കൊടുത്തിരുന്നത് ഇവരായിരുന്നു. പള്ളിയിലെ തടിച്ച തൂണിന്റെ പിന്നില്‍ ആരും കാണാതെ ഇരുന്നു. ദര്‍സ് തീര്ന്ന് എല്ലാരും എണീറ്റുപോയപ്പോള്‍ പോയി സലാം ചൊല്ലി. വന്ന ആവശ്യം ബോധിപ്പിച്ചു. ബുദ്ധി പരിശോധിക്കാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അറിയുന്നപോലെ മറുപടി നല്‍കി. ദര്‍സില്‍ പ്രവേശനം ലഭിച്ചു. ജംഉല്‍ ജവാമിഅ്, മഹല്ലി, ഖുത്വുബി തുടങ്ങിയ കിതാബുകളാണ് കണ്ണിയത്ത് ഉസ്താദില്‍ നിന്ന് ഓതിയത്. അവിടെതന്നെയുണ്ടായിരുന്ന ഖാലിദ് മുസ്ല്യാരില്‍ നിന്ന് തന്നെ ബൈദാവി, ബുഖാരി തുടങ്ങിയ കിതാബുകളും ഓതി. കണ്ണിയത്തുസ്താദിന്റെ ദര്‍സിലെ വിദ്യാര്‍ഥികള്‍ക്ക് മഹല്ലില്‍ ഭക്ഷണമുണ്ടായിരുന്നില്ല. ഒഴിവുസമയങ്ങളില്‍ വീടുകളില്‍ പോയി പെണ്‍കുട്ടികള്‍ക്കും മറ്റും ക്ലാസെടുത്തായിരുന്നു അവരെല്ലാം ഭക്ഷണമാര്‍ഗം കണ്ടെത്തിയിരുന്നത്. കോയക്കുട്ടി ഉസ്താദ് ദര്‍സില്‍ ചേരുമ്പോള്‍ ആ വഴി പോലും മുന്നിലുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ഒരു രൂപയുപയോഗിച്ചാണ് ഏറെ കാലം കഴിഞ്ഞു കൂടിയത്. ഇടയ്ക്ക മഹല്ലിലെ വീടുകളില്‍ നിന്ന് മൌലിദുകള്‍ക്ക് ക്ഷണം വരുമ്പോള്‍‍‍ ഭക്ഷണമില്ലാത്ത ഉസ്താദിനെയായിരുന്നു കണ്ണിയത്തുസ്താദ് പറഞ്ഞയിച്ചിരുന്നത്. മൌലിദ് കഴിഞ്ഞാല്‍ വയറ് നിറയെ കഞ്ഞി കുടിക്കാം. അത്ര തന്നെ. കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം. പക്ഷേ അവിടെ ഉസ്താദിന്റെ വീട്ടില്‍ നിന്ന് ഓതുന്നതിലെ ബുദ്ധിമുട്ട് ആലോചിച്ച് ആ ക്ഷണം ശിഷ്യന്‍ വേണ്ടെന്ന് വെച്ചു. പിന്നീട് കെ.പി മുഹമ്മദ് മുസ്ല്യാരുടെ ദര്‍സില്‍ കുണ്ടൂരില്‍ ഓതി. റഷീദിയ്യ അടക്കമുള്ള പല കിതാബുകളും അഞ്ചു മാസം കൊണ്ട് ഓതിത്തീര്‍ത്തു. റമദാന്‍ കഴിഞ്ഞ് പിന്നെ കുഴിപ്പുറത്ത് ഓ.കെ ഉസ്താദിന്റെ ദര്‍സില് ചേരാന്‍ തീരുമാനിച്ചു. വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരി പഠത്തിന് പോകാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വെല്ലൂരില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ കുഴിപ്പുറത്തെ ദര്‍സില്‍ ചേര്‍ന്ന് അവിടത്തെ സെലക്ഷന്‍ പരീക്ഷക്ക് ഇ‍രിക്കാന്‍ ആവശ്യമായ കിതാബ് ഓതുന്ന പതിവുണ്ടായിരുന്നു അക്കാലത്ത്. അടുത്ത റമദാനടുത്തു. വെല്ലരിലേക്ക് പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് ഒതുക്കുങ്ങലിലേക്ക് ഒരു പ്രാപ്തനായ മുദര്‍രിസിനെ ആവശ്യപ്പെട്ട് ആള് വരുന്നത്. ഓ.കെ ഉസ്താദ് കോയക്കുട്ടി ഉസ്താദിനെ വിളിച്ചു. ബാഖിയാത്തിലേക്ക് പോകാന്‍ മാത്രം പ്രായം ആയിട്ടില്ലെന്നും അതു കൊണ്ട് രണ്ടുവര്‍ഷം ഒതുക്കുങ്ങിലില്‍ പോയി ദര്‍സ് നടത്താനും പറഞ്ഞു. അന്നു ഉസ്താദിനു 18 വയസ്സ് മാത്രം. അവിടെ ചെന്ന് മിമ്പറില്‍ കയറുന്നത് വരെ ഭയം ഉണ്ടായിരുന്നുവെന്ന് ഉസ്താദ്. എല്ലാം ഭംഗിയായി കഴിഞ്ഞു. സൂറത്തുല്‍ ജുമഅയും സൂറത്തുല്‍ മുനാഫിഖൂനയും ഓതിക്കൊണ്ടാണ് ജുമഅ നിസ്കരിച്ചത്. ഉസ്താദിന്റെ ഖുതുബയും നിസ്കാരവും എല്ലാവര്‍ക്കും തൃപ്തിപ്പെട്ടു. അങ്ങിനെ അടുത്ത വെള്ളിയാഴ്ച മുതല്‍ ഒതുക്കുങ്ങല്‍ പള്ളിയിലെ ജോലി ഏറ്റെടുത്തു. ആ റമദാനില്‍ തറാവീഹിനും മറ്റുനിസ്ക്കാരങ്ങള്‍ക്കും ഇമാമത്ത് നിന്നു. ളുഹ്ര്‍ മുതല്‍ അസര്‍ വരെ എന്നു വഅദ് പറഞ്ഞു. ചെറിയ പെരുന്നാളിന് നിസ്ക്കാരവും ഖുതുബയും കഴിഞ്ഞ് ഒരു വഅദും പറഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍‍ നാട്ടുകാര്‍ പിരിവ് എടുത്ത് സ്വരൂപിച്ച അന്‍പതുരൂപ കിട്ടി അത് വീട്ടില്‍ കൊണ്ട് കൊടുത്തു. വീട്ടുകാര്‍ക്ക് വലിയ സന്തോഷമായി. അന്ന് ഒതുക്കുങ്ങല്‍ പള്ളിയില്‍ ഖത്തീബും മുദരിസുമായി ജോലി ചെയ്തതിന്ന് മാസം പതിനഞ്ച് രൂപയായിരുന്നു ശമ്പളം. അങ്ങിനെ രണ്ട്വര്‍ഷക്കാലം ഒതുക്കുങ്ങല്‍ മുദരിസായ ശേഷം പലരുടെയും സഹായത്തോട് കൂടി വെല്ലൂരില്‍ പോയി. ആ വര്‍ഷം വെല്ലൂരിലെ സെലക്ഷന്‍ പരീക്ഷ വളരെ പ്രയാസമായിരുന്നു.ശൈഖ് ഹസന്‍ ഹസ്രത്താണ് പരീക്ഷ നടത്തിയത്. അതിന്റെ മുമ്പത്തെ കൊല്ലം ശൈഖ് ഹസന്‍ ഹസ്രത്ത് പരീക്ഷ നടത്തി മുതവ്വല്‍ ക്ളാസില്‍ പ്രവേശനം കിട്ടിയ ഒരാള്‍ കൊല്ലപ്പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. അതാണ് സെലക്ഷന്‍ പരീക്ഷ കടുപ്പമാക്കിയത്. മുതവ്വല്‍ ക്ളാസില്‍ ചേരാന്‍ വന്ന മുപ്പത് ആളുകളില്‍ നാലു പേര്‍ക്കു മാത്രമാണ് പ്രവേശം കിട്ടയത്. ഒരാള്‍ ഉസ്താദായിരുന്നു. ബാക്കിയുള്ളവര്‍ക്കെല്ലാം താഴെ ക്ലാസില്‍ ചേരേണ്ടിവന്നു. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍. വെല്ലൂരിലെ രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1956ല്‍ ബാഖവി ബിരുദം നേടി നാട്ടില്‍ വന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത്  അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം. കെ.കെ.ഹസ്രത്ത്, ടി,കെ.എം, ബാവമുസ്ല്യാര്‍‍, എം.എം.ബശീര്‍മുസ്ല്യാര്‍, സി.എച്ച്.ഹൈദ്രോസ് മുസ്ല്യാര്‍, കെ.കെ.അബ്ദുല്ല മുസ്ല്യാര്‍ കരിവാരക്കുണ്ട്, ഇ.കെ.ഹസന്‍ മുസ്ല്യാര്‍ തുടങ്ങിയവരാണ് പ്രധാന ശരീക്കുമാര്‍. സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്,  മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു. കാവുമ്പുറം കുഞ്ഞു ഹൈദര്‍ മുസ്ലിയാരുടെ മകള്‍ ഫാതിമയാണ് ഭാര്യ. അഞ്ചു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter