റമദാന്‍ പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വസന്ത മാസം

അബൂ ഹുറൈറ (റ)വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ വായിക്കാം. നബി (സ) അരുള്‍ ചെയ്തു. "റമദാനില്‍ മറ്റു സമുദായങ്ങള്‍ക്ക് ലഭിക്കാത്ത അഞ്ചുസവിശേഷതകള്‍ എന്‍റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു. നോമ്പ് അനുഷ്ടിക്കുന്നവന്‍റെ വായിലെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പരിമളപൂരിതമാണ്. നോമ്പ് മുറിക്കുന്നത് വരെ മാലാഖമാര്‍ അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും.

പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിതരാകും; അവര്‍ എത്തിപ്പെട്ടിരുന്ന മേഖലകളിലേക്കൊന്നും ഇപ്പോള്‍ അവര്‍ക്കെത്തിപ്പെടുക സാദ്ധ്യമല്ല. (റമദാനിലെ) ഓരോ ദിനവും അല്ലാഹു സ്വര്‍ഗ്ഗം അലങ്കരിച്ചു വെക്കുന്നു; അവന്‍ പറയും: എന്‍റെ സദ്‌വൃത്തരായ അടിയാറുകള്‍ തങ്ങളുടെ ഭാണ്ഡങ്ങളില്‍ നിന്ന് മുക്തരായി നിന്നെ പ്രാപിച്ചേക്കാം. അവസാന രാവില്‍ അവര്‍ക്ക് മുഴുവന്‍ പൊറുത്തു കൊടുക്കുന്നതുമാണ്‌. സ്വഹാബികള്‍ ചോദിച്ചു:

അത് ഖദ്റിന്റെ രാവാണോ, തിരുദൂതരെ? റസൂല്‍ (സ) പറഞ്ഞു: അല്ല, കര്‍മങ്ങളില്‍ വ്യാപൃതരായവര്‍ അവരുടെ വേല അവസാനിപ്പിക്കുമ്പോള്‍ ആണല്ലോ അവരുടെ വേതനം കൈപ്പറ്റുന്നത്. അനുഗ്രഹങ്ങളുടെ ആയിരം വസന്തങ്ങളുമായി വിശുദ്ധിയുടെ റമദാന്‍ നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ആയുസിന്റെ ഏടുകളില്‍ നിന്നടര്ന്നു പോയ കരിപുരണ്ട ഇന്നലെകളെയോര്‍ത്ത് ആധി പൂണ്ട വിശ്വാസികള്‍ക്ക്‌ വീണ്ടെടുപ്പിന്റെയും വിളവെടുപ്പിന്റെയും സൌഭാഗ്യ സുവിശേഷങ്ങളുമായി വീണ്ടും വ്രത കാലം വന്നണയുകയായി.

ജീവിത യാത്രയുടെ വേഗ പ്രയാണത്തിനിടയില്‍ മെയ്യും മനസ്സും അല്ലാഹുവിലേക്ക് തിരിച്ചു വെക്കാന്‍ പലപ്പോഴും സമയം ലഭിക്കാതെ പോകുന്ന, സമയം കണ്ടെത്താന്‍ ശ്രമിക്കാത്ത ഹതഭാഗ്യരാണ് നമ്മില്‍ പലരും. കാരുണ്യത്തിന്റെ സാഗരങ്ങള്‍ തന്നെയും മനുഷ്യന് വേണ്ടി സംവിധാനിച്ച പടച്ച തമ്പുരാന്‍ തന്റെ ഇഷ്ട ദാസരെ ജീവിതത്തിന്റെ പൊരുളിലേക്ക് തിരികെ മാടി വിളിക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണാ രാപ്പകലുകള്‍.

വിശ്വാസത്തിന്റെ തിരി നാളങ്ങളായി നില കൊള്ളുന്ന അനുഷ്ടാനങ്ങള്‍ക്കിടയില്‍ മറകളേതുമില്ലാതെ അല്ലാഹുവിലേക്ക് നേരിട്ട് തുറന്നു വെച്ച സ്നേഹ കവാടമാണ് റമളാന്‍. സ്വര്‍ഗ്ഗ വാതിലുകള്‍ സര്‍വവും തുറന്നു വെക്കുകയും , നരക കവാടങ്ങള്‍ സര്‍വവുംഅടച്ചിടുകയുംചെയ്യുന്ന സൗഭാഗ്യങ്ങളുടെ പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന മഹത്തായ മാസം. സര്‍വ്വ സുപരിചിതമായ ഒരു ഹദീസില്‍ നബി(സ) ഇങ്ങനെ പറയുന്നു.

"വിശ്വാസത്തോടെയും പ്രതിഫല കാംക്ഷയോടെയും റമദാനില്‍ നോമ്പ് അനുഷ്ടിക്കുന്നവരുടെ മുന്‍ചൊന്ന പാപങ്ങള്‍ മുഴുവനും പൊറുക്കപ്പെടുന്നതാണ്". അല്ലാഹുവിലുള്ള വിശ്വാസവും നോമ്പ് നിര്‍ബന്ധിതാനുഷ്ടാനമാക്കിയതില്‍ പൂര്‍ണ്ണ മനസ്സോടെയുള്ള തൃപ്തിയും പ്രതിഫലം സുനിശ്ചിതമാണെന്ന ദൃഡ വിശ്വാസവും ഒത്തു ചേര്‍ന്നാല്‍ പാപ മോചനത്തിനു ഇതു നിസ്സംശയം നിമിത്തമാവുന്നു.

കരുണാവാരിധിയായ അല്ലാഹുവിന്റെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ സാകല്യമാണുറമദാന്‍. തിന്മകളോടുള്ള സഹവാസം മനുഷ്യ വര്‍ഗ്ഗത്തിന്റെ സഹച പ്രകൃതം തന്നെ. ദൈവചിന്തയില്‍ നിന്നകറ്റി നിര്‍ത്താന്‍ നൂറു കൂട്ടം വ്യാപാരങ്ങളും വിനോദോപകരണങ്ങളും കൂടുകെട്ടുകളുമായി മനുഷ്യ സമൂഹം തിമര്‍ത്താടുകയാണ്.നോമ്പിന്റെ അര്‍ത്ഥവും യുക്തിയും അനുഗ്രഹവും ഉള്‍ക്കൊണ്ട്‌ വ്രതമാചരിക്കാന്‍ സര്‍വസജ്ജനാകുന്ന വിശ്വാസിയുടെ മനം കുളിര്‍ക്കുന്നത് പടച്ചവന്‍ വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങളുടെ വ്യാപ്തി അറിയുമ്പോള്‍ ആണ്.

പാപ മോചനവും കാരുണ്യ വര്‍ഷവും നരകമുക്തിയും റമദാനിന്റെ രാപ്പകലുകളെ ചൈതന്യ പൂര്‍ണ്ണമാക്കാന്‍ പോന്ന വിശുദ്ധ വരദാനങ്ങളത്രേ. ഭൗതികതയുടെ ബന്ധനങ്ങളില്‍ നിന്ന് പരമാവധി മനസ്സുകളെ കടഞ്ഞെടുത്ത് , അന്നപാനീയങ്ങള്‍ വെടിഞ്ഞ് അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെക്കാന്‍ പ്രതിജ്ഞ പുതുക്കുന്ന നാം നമ്മുടെ കണ്ണുകളെയും കാതുകളെയും നാവിനെയും തുടങ്ങി നമ്മെ സേവിക്കുന്ന മുഴുവന്‍ അവയവങ്ങളെയും വ്രതാചരണതിലേക്കു കൂടെ കൂട്ടുക. ശരീരം പട്ടിണിക്കിടുകയും അവയവങ്ങളെ പഴയ ദുശ്ശീലങ്ങള്‍ക്ക് വിടുകയും ചെയ്യുന്നവന്റെ നോമ്പ് അല്ലാഹുവിനു വേണ്ട തന്നെ. കറ പുരണ്ട മനസ്സുകളെ സ്ഫുടം ചെയ്തെടുക്കാന്‍ റമദാനിന്റെ രാപ്പകലുകളെ യഥാവിധം പ്രയോജനപ്പെടുത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter