ഇഖ്റഅ് 04. പ്രതീക്ഷകളാണ് വിശ്വാസിയുടെ കൈമുതല്‍
പ്രവാചകരുടെ ഹിജ്റയുടെ സന്ദര്‍ഭം. നിഴല്‍ പോലെ കൂടെ നില്ക്കുന്ന ഉറ്റ സുഹൃത്ത് അബൂബക്റ്(റ)വും പ്രവാചകരും ശത്രുക്കളുടെ കണ്ണില്‍ പെടാതെ പാത്തും പതുങ്ങിയും മദീനയിലേക്ക് പോവുകയാണ്. സാധാരണ പോകുന്ന വഴിയില്‍നിന്ന് മാറിയാണ് അവരുടെ യാത്ര. മുഹമ്മദിനെ പിടികൂടുന്നവര്‍ക്ക് വലിയ പാരിതോഷികങ്ങളെല്ലാം മക്കയിലെ ഖുറൈശികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പലരും അത് നേടാനായി പലയിടങ്ങളിലും അവരെ അന്വേഷിച്ച് നടക്കുന്നുമുണ്ട്.
മക്കയിലെ മറ്റൊരു ഗോത്രമായ കിനാന ഗോത്രത്തിലെ പ്രമുഖനാണ് സുറാഖതുബ്നുമാലിക്. ഖുറൈശികളുടെ പാരിതോഷികത്തില്‍ ആകൃഷ്ടനായ അദ്ദേഹവും പ്രവാചകനെ പിടികൂടിക്കൊടുക്കാനായി പുറത്തിറങ്ങി. കുതിരപ്പുറത്ത് കയറി സാധ്യതയുള്ള വഴികളിലൂടെ അദ്ദേഹം അന്വേഷണം തുടര്‍ന്നു. അവസാനം, അതാ രണ്ട് പേരെയും കൊണ്ട് നീങ്ങുന്ന രണ്ട് ഒട്ടകങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. അത് അവര്‍ തന്നെയാവും എന്ന വിശ്വാസത്തില്‍ ആ ദിശയിലേക്ക് കുതിരയെ പായിച്ചു.
സുറാഖ അടുത്തെത്തിയത് കണ്ട അബൂബക്റ്(റ) പ്രവാചകരോട് പറഞ്ഞു, അവര്‍ നമ്മെ കണ്ടല്ലോ, ഇനി എന്ത് ചെയ്യും. പ്രവാചകര്‍ പറഞ്ഞു, സങ്കടപ്പെടേണ്ട, അല്ലാഹു നമ്മുടെ കൂടെയുണ്ട്.
സുറാഖ അടുത്തെത്തിയതും അദ്ദേഹത്തിന്റെ കുതിരകളുടെ കാലുകള്‍ മണ്ണില്‍ ആഴ്ന്നു പോയി. കുതിരയെ രക്ഷപ്പെടുത്താന്‍ ആവുന്നതെല്ലാം ശ്രമിച്ചെങ്കിലും രക്ഷയില്ലെന്ന് മനസ്സിലാക്കിയ സുറാഖ പ്രവാചകരോട് സഹായം തേടി. ശേഷം ആരും ഈ വഴി വരാതിരിക്കാന്‍ താന്‍ ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്കി. ഉടനെ പ്രവാചകര്‍ പ്രാര്‍ത്ഥിക്കുകയും അദ്ദേഹം പ്രവാചകരുടെ സമീപമെത്തുകയും ചെയ്തു. ശേഷം പ്രവാചകര്‍ അദ്ദേഹത്തോട് പറഞ്ഞു, സുറാഖാ, കിസ്റാ രാജാവിന്റെ കൈകളിലെ അധികാരവളകള്‍ നിന്റെ കൈകളില്‍ ധരിപ്പിക്കപ്പെട്ടാല്‍ എങ്ങനെയുണ്ടാവും. ആ വാക്കുകളില്‍ വിശ്വാസം തോന്നിയ സുറാഖ പറഞ്ഞ പോലെ ചെയ്ത് തിരിച്ച് നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ടാം ഖലീഫ ഉമര്‍(റ) ഭരണം നടത്തുന്ന കാലത്ത് ഇസ്‍ലാമിക സൈന്യത്തിന്റെ മുന്നേറ്റത്തില്‍ പേര്‍ഷ്യ കീഴടങ്ങുകയും കിസ്റയുടെ അധികാര ചിഹ്നങ്ങളെല്ലാം മദീനയിലെത്തുകയും ചെയ്തു. ഉടന്‍ ഖലീഫ സുറാഖയെ വിളിച്ച് അദ്ദേഹത്തിന്റെ കരങ്ങളില്‍ ആ വളകള്‍ അണിയിച്ച് കൊടുത്തു.
ശത്രുക്കളുടെ പീഢനം സഹിക്ക വയ്യാതെ, രാത്രിയുടെ മറവില്‍ വീട് വിട്ട് അഭയാര്‍ത്ഥിയായി മറ്റൊരു നാട്ടിലേക്ക് പോകുന്ന വേളയില്‍ പോലും, പ്രവാചകരുടെ ആ വാക്കുകളില്‍ തെളിഞ്ഞ ശുഭപ്രതീക്ഷയുടെ കിരണങ്ങള്‍ ഏറെ പ്രോജ്ജ്വലമാണ്. അന്നത്തെ ലോകശക്തിയായ കിസ്റാരാജാവ് പോലും തന്റെ സന്ദേശത്തിന് അധികാരപരിധിയില്‍ വരുമെന്ന, ചരിത്രത്തില്‍ തുല്യതയില്ലാത്ത ശുഭപ്രതീക്ഷയാണ് അത്.
ഇഖ്റഅ് 03.അനീതികളോട് അരുതെന്ന് പറയാം
എത്ര വലിയ പ്രതിസന്ധികളിലും ശുഭപ്രതീക്ഷയോടെ നീങ്ങേണ്ടവനാണ് വിശ്വാസി. പ്രയാസങ്ങള്‍ക്ക് പിറകെ സന്തോഷകരമായ നിമിഷങ്ങള്‍ കടന്നുവരാനുണ്ടെന്ന പ്രതീക്ഷയാണ് അവനെ മുന്നോട്ട് നയിക്കേണ്ടത്. ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്ന് പലരും ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍, വിശ്വാസിയെ തടഞ്ഞുനിര്‍ത്തുന്നത് ഈ ശുഭപ്രതീക്ഷയാണ്.
ഭൗതിക ജീവിതത്തില്‍ മാത്രമല്ല, ചെയ്ത കര്‍മ്മങ്ങള്‍ എത്ര അല്പമാണെങ്കിലും പറ്റിപ്പോയ തെറ്റുകള്‍ എത്ര വലുതാണെങ്കിലും അല്ലാഹുവിന്റെ കരകാണാകടാക്ഷങ്ങളില്‍ പ്രതീക്ഷ വെക്കാനാണ് ഖുര്‍ആന്‍ വിശ്വാസിയെ പഠിപ്പിക്കുന്നത്. പരമകാരുണികനായ പടച്ച തമ്പുരാന്‍ എല്ലാം പൊറുത്ത് തരുമെന്നും നന്മക്ക് ഒന്നിന് പത്തായി പ്രതിഫലം തരുമെന്നുമുള്ള പ്രതീക്ഷയാണ് നാം വെച്ച് പുലര്‍ത്തേണ്ടത്.
ശുഭപ്രതീക്ഷയോടെ പ്രതിസന്ധികളെ നേരിടാനും പൂര്‍വ്വോപരി ശക്തിയോടെ ജീവിതത്തെ അഭിമുഖീകരിക്കാനും കരുത്താര്‍ജ്ജിക്കാന്‍ കൂടിയായിരിക്കട്ടെ ഈ റമദാന്‍.



Leave A Comment