ഇഖ്റഅ് 19- ബുദ്ധിയെന്ന ഗ്രന്ഥത്താളുകള്‍ക്ക് പരിധികളില്ല
_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
നബിയേ,) പറയുക: നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തവനാണ് അല്ലാഹു. നിങ്ങള്‍ അല്‍പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ (സൂറതുല്‍ മുല്‍ക് 23)
ഭൂമിയിലെ കോടാനുകോടി ജീവികളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത്, ബുദ്ധിയും വിവേചന ശക്തിയുമാണെന്ന് പറയാം. ആദിമ മനുഷ്യനില്‍നിന്ന് ഇന്ന് കാണുന്ന ആധുനിക മനുഷ്യനിലേക്കെത്തി നില്ക്കുന്ന, ഭൌതിക പുരോഗതിയുടെ നിലക്കാത്ത പ്രയാണങ്ങളെല്ലാം സാധ്യമാക്കിയത് ഈ വിശേഷമായ ഘടകമാണ്. ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനും വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടെ മനുഷ്യനോട് ആവശ്യപ്പെടുന്നതും അത് കൊണ്ട് തന്നെ.
നിര്‍മ്മിത ബുദ്ധി അതിധ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും മനുഷ്യബുദ്ധി അല്‍ഭുതമായി തന്നെ ശേഷിക്കുകയാണ്. പരിധികളോ പരിമിതികളോ ഇല്ലാത്ത, ഉപയോഗിക്കും തോറും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന, സംഭരണ ശേഷി അളക്കാനാവാത്ത മനുഷ്യബുദ്ധി ശാസ്ത്രജ്ഞര്‍ക്കെല്ലാം അല്‍ഭുതമാണ്.
നല്കപ്പെട്ട വിവരങ്ങള്‍ക്കനുസരിച്ച് മാത്രം അപഗ്രഥനം നടത്തി, കാര്യങ്ങള്‍ കണ്ടെത്തുക മാത്രമാണ് നിര്‍മ്മിത ബുദ്ധി. നല്കപ്പെടുന്ന വിവരങ്ങളിലുള്ള തെറ്റുകള്‍ കണ്ടെത്താനോ അവ തെറ്റാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കാന്‍ പോലുമോ അവക്കാവുന്നില്ല. എന്നാല്‍ മനുഷ്യബുദ്ധി നല്ലതും ചീത്തയും തിരിച്ചറിയാവുന്ന വിധമാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. എത്ര തെറ്റായ വിവരങ്ങള്‍ നല്കപ്പെട്ടാലും അവയെയെല്ലാം ചോദ്യം ചെയ്യാനും ചികഞ്ഞന്വേഷിച്ച് ശരിയായത് കണ്ടെത്താനുമുള്ള പ്രാപ്തിയോടെയാണ് അത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
Read More: റമളാൻ ഡ്രൈവ്-നവൈതു 19
ഏത് സമയത്തും ആ ബുദ്ധിയിലേക്ക് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനാവുന്ന വിധം, പഞ്ചേന്ദ്രിയങ്ങളും അവയോട് ഘടിപ്പിക്കപ്പെട്ട് തന്നെ സംവിധാനിച്ചിരിക്കുന്നു. ശരീരത്തിന്റെ അങ്ങേ അറ്റത്ത് ലഭിക്കുന്ന ചെറിയൊരു സ്പര്‍ശനവിവരം പോലും ഞൊടിയിട നേരം കൊണ്ട് തലച്ചോറിലെത്തിച്ച്, ഏറ്റവും യുക്തമായ തീരുമാനം കൈ കൊണ്ട്, തിരിച്ച് ആവശ്യമായ നിര്‍ദ്ദേങ്ങള്‍ നല്കപ്പെടുന്ന ഇത്രയും ശാസ്ത്രീയവും വേഗതയാര്‍ന്നതുമായ ഏത് സംവിധാനമാണ് നമുക്ക് കാണാനാവുക. തിരക്ക് പിടിച്ച റോഡിലൂടെ വാഹനമോടിക്കുകയോ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന മനുഷ്യന്റെ ബുദ്ധി, നിമിഷങ്ങള്‍ക്കകം ഇത്തരം ആയിരക്കണക്കിന് വിവരകൈമാറ്റങ്ങളും മനനഗണനങ്ങളും നടത്തുന്നുവെന്നാണ് പറയപ്പെടുന്നത്.
മനുഷ്യബുദ്ധിയെന്ന ഈ ഗ്രന്ഥത്തിന്റെ വിസ്മയാവഹമായ താളുകള്‍ ഓരോന്നായി മറിച്ചുപോവുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോവും, നാഥാ, എല്ലാം എത്ര കൃത്യമായാണ് നീ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്. നീയെത്ര പരിശുദ്ധന്‍..
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment