ഒരു വിശുദ്ധയാത്രയുടെ ഓര്‍മ്മ.....!!
മദീനയിലേക്കെത്തിക്കാതെ നീ എന്നെ മരിപ്പിക്കല്ലെ അല്ലാഹ് എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ത്തു പോയി. നാട്ടില്‍ നബിദിനാഘോഷ ദിനങ്ങള്‍ക്ക് വേണ്ടി പതാകയില്‍ പച്ച ഖുബ്ബ വരക്കുമ്പോള്‍ എന്റെ മനം നിറയെ മദീന ആയിരുന്നു...ദഫ്മുട്ടി നു വേണ്ടി 'പവിത്രമാം റസൂലിന്റെ ..തിരു റൗള കാണുവാന്‍....' എന്ന ഗാനം വളരെ ആത്മാര്‍ത്ഥതയോടെ, ഒരു പ്രാര്‍ത്ഥന പോലെയാണ് ഞാന്‍ ആലപിച്ചിരുന്നത്..സര്‍വ്വ ശക്തന്‍ ഈ വിനീതന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു..(ഞാന്‍ പലരോടും ഈ ഗാനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്) അവസാനം പവിത്രമായ വിശുദ്ധമായ തിരുസന്നിധിയിലെത്തുന്നു...അല്ലാഹുവേ, നിന്നെ സ്തുതിക്കാന്‍ എനിക്ക് വാക്കുകളില്ല.... ആറാം നമ്പര്‍ഗേറ്റിലൂടെ മദീന മുനവ്വറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഹൃദയം കോരിതരിച്ചുപോയി. ആയിരങ്ങള്‍ അരികിലുണ്ടെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണെന്നൊരു തോന്നല്‍... പച്ചകുബ്ബ കണ്ണില്‍പതിഞ്ഞപ്പോള്‍ കണ്ണും മനസ്സും ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിക്കാത്തൊരു നധ്യത അനുഭവിച്ചു....ഈ എളിയവന്റെ കൈകള്‍ കൊണ്ട് കൊടിയില്‍ തീര്‍ത്തിരുന്ന ആ പച്ച ഖുബ്ബ കണ്‍ നിറയെ കണ്ടു...അല്ലാഹുവിന്റെ വഹിയുമായി ജിബ്‌രീല്‍ (അ) വന്നബാബു ജിബ്‌രീല്‍ എന്ന വാതിലിലൂടെ ഹബീബിന്‍റെ അരികിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ആ ചാരത്തെത്താന്‍, ഒന്നു സലാം ചൊല്ലാന്‍ എത്രകാലമായി ഞാന്‍ കൊതിക്കുകയായിരുന്നു... ഭൂമിയിലെ മഹാസൗഭാഗ്യം മനസ്സിലാവാഹിച്ചുകൊണ്ട് യാത്രയാകുന്നത് മക്കയുടെ പരിശുദ്ധിയിലേക്കാണ്...ഉച്ചയോടെ പുറപ്പെട്ട യാത്ര വെളുപ്പിന് മീഖാത്തിലെത്തുന്നു, അവിടെ നിന്നാണ് ഇഹ്‌റാം വസ്ത്രമണിഞ്ഞത്.... രണ്ട് വെള്ളവസ്ത്രമണിഞ്ഞ് ലബ്ബയ്ക്ക ചൊല്ലുമ്പോള്‍ കരച്ചില്‍വന്നുപോയി.ലോകത്തിലെ ഭാഗ്യവാന്മാരെല്ലാം അണിഞ്ഞ അതേ വേഷം ഞാനുമണിയുകയാണ്...എന്നാല്‍ മക്കയിലേക്ക് കടക്കുന്നതിനു മുമ്പുള്ള ചെക്ക് പോസ്റ്റുകളില്‍ ഞങ്ങളെ തടഞ്ഞു.. ഹജ്ജിന്‍റെ തിരക്കുകള്‍ ആരംഭിച്ചതിനാല്‍ ഉംറ നിര്‍വഹിക്കാന്‍ സാധ്യമല്ല എന്നായിരുന്നു അവര്‍ പറയുന്നത്..എല്ലാവരും വിഷമത്തിലായി....ഞങ്ങള്‍ കേണപേക്ഷിച്ചു ..പക്ഷെ അവര്‍ കടത്തി വിട്ടില്ല. അവസാനം ഞങ്ങളുടെ ബസ് ഡ്രൈവര്‍..വണ്ടി തിരിച്ചു വിട്ടു..ഏതെല്ലാമോ മലയിടുക്കുകളിലൂടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ആ ബസ് ആടിയുലഞ്ഞു പോയി...ഇതിനിടയില്‍ ഞാന്‍ എന്റെ പ്രിയ ഉസ്താത് ആയ മുജീബ്‌റഹ്‌മാന്‍ ദാരിമിയെ വിളിച്ചു..അദ്ദേഹം നാട്ടില്‍ നിന്നും എല്ലാ വര്‍ഷയും ഹജ്ജ് ഗ്രൂപ്പിന്റെ അമീറായി എത്തിച്ചേരാരുണ്ട്. ഒപ്പം എന്റെ ഉമ്മയുടെ സഹോദരനും ഭാര്യയും മക്കയില്‍ ഹജ്ജ് കര്‍മ്മത്തിന് വേണ്ടി എത്തിയിരുന്നു അവരെയും ഞാന്‍ വിളിച്ചു പറഞ്ഞു...ഉസ്താദ് ഹറമില്‍ ചെന്ന് ദുആ ചെയ്തു..എല്ലാം ശരിയാകും എന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു...അങ്ങനെ ഞങ്ങള്‍ അവസാനത്തെ ചെക്ക് പോസ്റ്റിലേക്ക് എത്തിച്ചേര്‍ന്നു..
അവിടെ നിന്നും കടത്തി വിട്ടാല്‍ പിന്നെ രക്ഷപ്പെട്ടു..പല ഊടു വഴികളിലൂടെയും ആണ് അവിടെ വരെ എത്തിയത്..അപ്പോഴേക്കും നേരം വെളുത്തിരുന്നു..ആ ചെക്ക് പോസ്റ്റില്‍ നിന്നും ഞങ്ങളെ പറഞ്ഞയച്ചു..പിന്നീട് അതിനു സമീപത്ത് കണ്ട പെട്രോള്‍ പമ്പില്‍ ബസ് പാര്‍ക്ക് ചെയ്തു..അമീര്‍ ഓടി നടക്കുകയാണ്..അര മണിക്കൂറിനു ശേഷം മറ്റൊരു ബസ് വന്നു ഞങ്ങളെ അതിലേക്കു മാറ്റി ..ഒരാള്‍ അമ്പതു റിയാല്‍ വീതം നല്‍കണം എന്നും മക്കയിലേക്ക് എത്തിച്ചു തരാം എന്നും പറഞ്ഞു..മക്കയിലേക്ക് എത്തുമെങ്കില്‍ അമ്പതല്ല നൂറു തരാം എന്നായി ഞങ്ങള്‍.... ആ ചെക്ക് പോസ്റ്റിന്റെ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ആ ബസ് ചെക്ക് പോസ്റ്റു കടന്നു പോയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ക്ക് സംശയം ഉണ്ടാകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം..അവസാനം പതിനൊന്നു മണിയോടെ മക്കയിലെത്തുന്നു...പിന്നെ ഈ ലോകമോ ലോകത്തിന്റെ നൂറുനൂറു കാര്യങ്ങളോ ഒന്നും മനസ്സിലില്ല....അല്ലാഹുവും ആഖിറവും മാത്രം ഉള്ളില്‍ നിറയുന്നു...ഹറമിന് സമീപത്ത് തന്നെയുള്ള റൂമില്‍ ബാഗ് വെച്ച് ഒരോട്ടമായിരുന്നു ആ പുണ്യ ഭവനത്തിലേക്ക്.. അല്ലാഹുവിന്റെ തിരുഭവനത്തിലാണ് ഞാനിപ്പോഴുള്ളത്, പശ്ചാത്തപിച്ചുമടങ്ങുന്നവനെയും പിന്നെയും പിന്നെയും ചോദിക്കുന്നവനേയുമാണെനിക്കിഷ്ടമെന്നു പറഞ്ഞ നാഥനോട് അവന്‍ ഏറ്റവും പവിത്രത കല്‍പ്പിച്ച ദിക്കില്‍ നിന്ന് ഞാന്‍ കേഴുകയാണ്, എത്രയോ നേരം കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചിട്ടും മടുപ്പുവരാതെ, സുജൂദിലങ്ങനെ കിടന്നിട്ടും മതിവരാതെ...യാ, അല്ലാഹ് എന്തൊരു സൗഭാഗ്യമാണിത്...ഇത് അനുഭവിക്കാന്‍ സാധിക്കാതെ പോകുന്നവന്‍ എത്ര ദൌര്‍ഭാഗ്യവാനാണ്.. യാത്രയിലുടനീളം കഅബയുടെ പെരുമയെക്കുറിച്ച് പറഞ്ഞുതന്ന അമീറിന്റെ വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും എത്രയോ അപ്പുറമാണിത്...വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ഒന്നുമല്ല...മക്കയും മദീനയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തീരാ നഷ്ടം തന്നെയാണ്... പറഞ്ഞുമുഴുപ്പിക്കാനാവാതെ, എഴുതിപൊലിപ്പിക്കാനാവാതെ ഞാന്‍ പിന്മാറുന്നു, സത്യം പറഞ്ഞറിയിക്കാനുള്ളതല്ല, ഇത് സ്വയം അനുഭവിച്ച് തീര്‍ക്കാനുള്ളതാണ്... ആ പ്രാര്‍ത്ഥന ഇപ്പോഴും ബാക്കിയുണ്ട് അല്ലാഹ്, ഇത് മക്കയിലേക്കും മദീനയിലേക്കുമുള്ള എന്റെ അവസാന യാത്രയാക്കല്ലേ അല്ലാഹ്..എന്ന്..സര്‍വ്വ ശക്തന്‍ ആ പ്രാര്‍ത്ഥന സ്വീകരിക്കുന്നു..അല്‍ഹംദുലില്ലാഹ് രണ്ടാമതും മക്കയിലെക്കും മദീനയിലെക്കും പോയി..ഇനിയും ഇന്ഷാഅല്ലഹ് ..ആ പുണ്യ ഭവനങ്ങളില്‍ എത്തിച്ചേരും...നാഥന്‍ കനിയട്ടെ...ആമീന്‍...
Leave A Comment