റമദാനെ വരവേല്‍ക്കാന്‍ 10 നിര്‍ദ്ദേശങ്ങള്‍

വിശ്വാസികള്‍ക്ക്‌ പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. ഹൃദയങ്ങളില്‍ വിശ്വാസ ചൈതന്യം നിറയുന്ന, തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആരാധന കര്‍മ്മങ്ങളില്‍ കൂടുതലായി വ്യാപ്ര്തരാവാനും എല്ലാവരും പരസ്പരം മത്സരിക്കുന്ന സമയം.  ‘റമദാന്‍ ആരംഭിച്ചാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്” (ഇമാം മുസ്‌ലിം) പ്രവാചകന്‍ അരുളിയത് ഈ പുണ്യദിനങ്ങളുടെ ചൈതന്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ഇവയെ വരവേല്‍ക്കാനായി വിശ്വാസി മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാകുന്നു. റജബ് മാസം മുതൽ തന്നെ  "റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ നീ അനുഗ്രഹം ചൊരിയേണമേ നാഥാ, റമദാന്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തരേണമേ’ എന്ന പ്രാര്‍ത്ഥനയാല്‍ വിശ്വാസിയുടെ മനസ്സ്‌ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. കൊറോണ പകർച്ചവ്യാധിയുടെ ഈ ദിനങ്ങളിൽ ആത്മീയ കൂടുതൽ ഉപയോഗപ്പെടുത്താന് കഴിയും.

ഇത്രകൊതിയോടെ നാം കാത്തിരിക്കുന്ന റമദാനെ സ്വീകരിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നാം നടത്തേണ്ടത്? ചില നിര്‍ദ്ദേശങ്ങള്‍.

1. കലര്‍പ്പില്ലാത്ത മനസ്സുമായി റമദാനെ സ്വീകരിക്കുക.

മാനസിക ശുദ്ധി ഏതൊരു പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനമാണല്ലോ. അതിനു പാപങ്ങളില്‍ നിന്ന് മോചനം നേടണം. ആത്മാര്‍ഥമായ തൌബയിലൂടെ പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിവതും ജമാഅത്തായി നിസ്കരിക്കുകയും റവാത്തിബ്‌ സുന്നത്തുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക.

2. കുടുംബ ബന്ധം പുലര്‍ത്തുക.

ഓരോ വെള്ളിയാഴ്ച രാവിലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ ഉയര്ത്തപ്പെടുമ്പോള്‍ കുടുംബ ബന്ധം മുറിച്ചവന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുകയില്ലെന്നു പ്രവാചകാര്‍ അരുളിയത് ഓര്‍ക്കുക. പോയി കാണെണ്ടവരെ പോയിക്കാണുകായും അല്ലാത്തവരുമായി ഫോണിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ബന്ധം പുലര്‍ത്തുകയും ചെയ്യുക. മതാപിതക്കളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. അല്ലെങ്കില്‍ നമ്മുടെ റമദാന്‍ വൃഥാവിലാവും.

3. പിണക്കങ്ങള്‍ അവസാനിപ്പിക്കുക.

കൂട്ടുകാര്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങ നാം ഇടപെടുന്ന ആളുകളുമായി പിണക്കങ്ങള്‍ ഉണ്ടെങ്കില്‍ അതവാസനിപ്പിക്കാന്‍ മുന്‍കൈയെടുക്കുക. ഒരു മുസ്‌ലിം തന്റെ സഹോദരനുമായി മൂന്നു ദിവസത്തിലധികം പിണങ്ങികഴിയരുതെന്നു നബി (സ)യുടെ താക്കീത്‌ നാം മറക്കരുത്. മനസ്സില്‍ ആരോടും പകയോ അസൂയയോയില്ലാത്ത സത്യം മാത്രം പറയുന്നവനാണ് ഏറ്റവും നല്ല മനുഷ്യനെന്ന് തിരുവരുള്‍. അതുകൊണ്ട് അത്തരം പക മനസ്സില്‍ നിന്ന് ഒഴിവാക്കുക.

4. സമയ ക്രമീകരണം.

റമദാന് വേണ്ടി സമയക്രമീകരണം ഇപ്പോഴേ ആരംഭിക്കുക. ചാറ്റ് റൂമുകളിലും ടി.വിക്ക് മുന്നിലും മൊബൈല്‍ ഗെയിമുകളിലും അനാവശ്യമായി സമയം ചെലവാക്കരുത്. നെറ്റ് ഉപയോഗം അനുവദിനീയവും അത്യാവശ്യവുമായ കാര്യങ്ങളില്‍ ഒതുക്കുക, (ഉദാ: ഇസ്‌ലാമിക സൈറ്റുകള്‍) റമദാനുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ / ലേഖനങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുക.  സമയ വിനിയോഗത്തിനു ചാര്‍ട്ട് തയ്യാറാക്കുന്നത് ഉപകരിക്കും.

5. നോമ്പ് ഖദാവീട്ടനുള്ളവര്‍ അത് പെട്ടെന്ന് പൂര്‍ത്തിയാക്കുക.

പ്രത്യേകിച്ചും സ്ത്രീകള്‍. അല്ലാത്തവര്‍ സുന്നത്തായി നോമ്പ് നോല്‍ക്കുക. തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ബറാഅത്ത് രാവുള്‍പ്പെടെ ശഅബാന്‍ 13,14,15 ദിവസങ്ങളിലെ നോമ്പുകളും അനുഷ്ഠിക്കുക. റമദാന്‍ കഴിഞ്ഞാല്‍ നബി(സ) ഏറ്റവും കൂടുതല്‍ നോമ്പ് നോറ്റിരുന്നത് ശഅബാനിലായിരുന്നു. സുന്നത്ത്‌ നോമ്പ് പതിവില്ലാത്തവര്‍ക്കു ശഅ്ബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ് വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം.

6. റമദാന്‍ ഷോപ്പിംഗ്:

 റമദാന്റെ രാവുകളില്‍ ഷോപ്പിംഗ്‌ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും സമയം ചെലവക്കുന്നത് ഒഴിവാക്കാന്‍; സാധ്യമാവുമെങ്കില്‍ ആവശ്യമായ വസ്തുക്കള്‍ നേരത്തെ വാങ്ങിവെക്കുക. അതോടൊപ്പം സാധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മിതത്വം പുലര്‍ത്തുകയും റമാദാന്റെ രാവുകള്‍ ഭക്ഷണ-ഉത്സവ രാവുകളായി മാറാതിരിക്കാന്‍ അനാവശ്യ ഷോപ്പിംഗ്‌ ഒഴിവാക്കുകയും ചെയ്യുക. പലര്‍ക്കും വര്‍ഷത്തിലെ ഏറ്റവും ചെലവ് കൂടിയ മാസമാണ് റമദാന്‍.

7. റമദാന്‍ ബഡ്ജറ്റ്‌:

റമദാന്‍ ബഡ്ജറ്റില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ദാനധര്‍മ്മങ്ങള്‍ക്കാണ്. അനാവശ്യമോ അത്യാവശ്യമോ അല്ലാത്ത ചെലവുകള്‍ വെട്ടിക്കുറച്ചു സദഖകള്‍ക്കായി നല്ലൊരു സംഖ്യ വിലയിരുത്തണം. കുടംബക്കാരിലും ബന്ധുക്കളിലും പെട്ട അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിരമായി റമദാനില്‍ സകാത്ത്‌ നല്‍കുന്നവര്‍ അത് കൃത്യമായി കണക്കാക്കി അര്‍ഹത പ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കണം.

8. ഉംറ:

റമദാനിലെ ഉംറ ഏറെ പുണ്യകരമാണ്. കൊറോണക്കാലത്ത് സാമ്പത്തിക ശേഷിയുള്ളവർക്ക് പോലും ഉംറക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.

സുബഹി നിസ്കാരം ജമാഅത്തായി നിര്‍വഹിക്കുകയും സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ദിക്ര്റില്‍ മുഴുകുകയും ചെയ്തതിനു ശേഷം ദുഹായുടെ രണ്ടു റക്അത്ത് നിസ്കരിക്കുകയും ചെയ്‌താല്‍ അവന്‍ പൂര്‍ണ്ണമായ ഹജ്ജിന്‍റെയും ഉംറയുടെയും പ്രതിഫലമുണ്ടെന്നു ഓര്‍ക്കുക.

9. കുടുംബാംഗങ്ങളെ റമദാനു തയ്യാറാക്കുക.

തന്നോടൊപ്പം കുടുംബത്തിലെ മറ്റംഗങ്ങളെയും റമദാനെ വരവേല്‍ക്കാന്‍ പ്രേരിപ്പിക്കുക. കുടുംബനാഥന്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളുടെ മനസ്സില്‍ റമദാനെക്കുറിച്ച് ആദരവുണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വ്രതാനുഷ്ഠാനത്തിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വീട്ടുജോലികളും റമദാനിലെ ആരാധനാകര്‍മ്മങ്ങളും ചെയ്യുന്നതിന് ഭാര്യമാര്‍ക്ക്‌ സഹായകരമായ രീതിയില്‍ വീട്ടുകാര്യങ്ങള്‍ ചിട്ടപ്പെടുത്തുക. വീട്ടുകാര്‍ക്ക്‌ റമദാന്‍ സംബന്ധിച്ച അറിവ് നേടുന്നതിനു സഹായകമായ പുസ്തകങ്ങള്‍/സിഡികള്‍ തുടങ്ങിയ നല്‍കുകയും വെബ്സൈറ്റുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുക.

10. ഖുര്‍ആന്‍ പാരായണം/പഠനം:

ഖുര്‍ആനും റമദാനും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഇപ്പോഴേ പ്ലാന്‍ തയ്യാറാക്കുക. ഓരോരുത്തരുടെയും സമയലഭ്യതയും സാഹചര്യവുമനുസരിച്ചു പരമാവധി ഖത്മ് തീര്‍ക്കുന്നതിനു ശ്രമിക്കുക. റമദാനില്‍ ഓരോ നിസ്കാരത്തിനു ശേഷവും ഒരു ജുസ്അ ഓതാന്‍ കഴിഞ്ഞാല്‍ അഞ്ചു ഖത്തം തീര്‍ക്കാം. മൂന്നു നിസ്കാരങ്ങള്‍ക്ക് ശേഷം ഓരോ ജുസ്അ ഓതാന്‍ കഴിയുന്നവര്‍ക്ക് മൂന്നെണ്ണം തീര്‍ക്കാം. ഓരോ നിസ്കാരത്തിനു ശേഷം നാല് പേജ് ഖുര്‍ആന്‍ ഒതിയാല്‍ ഒരു ദിവസം ഒരു ജുസ്അ തീര്‍ക്കാന്‍ പറ്റും (5*4 =20).ഇത്രയും ഓതാന്‍ അഞ്ചു മിനിറ്റ് മതിയാവും. അങ്ങനെയെങ്കില്‍ ചുരുങ്ങിയത്‌ ഒരു ഖത്മെങ്കിലും റമദാനില്‍ തീര്‍ക്കാന്‍ പറ്റും.  പാരായണം അറിയാത്തവര്‍ അത് പഠിക്കാന്‍ ശ്രമം നടത്തുക. അത്തരം കോഴ്‌സുകള്‍ നല്‍കുന്ന പല സംഘടനകളും കണ്ടെത്താന്‍ കഴിയും. ഇല്ലെങ്കില്‍ അറിയുന്ന ഏതെങ്കിലും ഉസ്താദിനെ തേടിപ്പിടിക്കുക.  ഖുര്‍ആന്‍ന്റെ അര്‍ത്ഥവും വിശദീകരണവും പഠിക്കാനും സമയം കണ്ടെത്തുക.

നാഥാ! ശഅബാനിലെ ബാക്കിയുള്ള ദിനങ്ങളില്‍  ഞങ്ങള്‍ക്ക്‌ നീ അനുഗ്രഹം ചൊരിയണമേ, റമദാന്‍ ഞങ്ങള്‍ക്ക്‌ നീ എത്തിച്ചു തരണമേ. ആ സമയത്ത് നോമ്പിനും നിസ്കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും തൗഫീഖ് നല്‍കേണമേ’  

Related Posts

Leave A Comment

Voting Poll

Get Newsletter