റമദാനും മഗ്ഫിറതിന്റെ വഴികളും – 3

ശൈഖ് മഹ്മൂദ്‌ അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി  വെബ് പ്രസിദ്ധീകരിക്കുന്നു. മൂന്നാം  ഭാഗം

നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം . നബി(സഅരുള്ചെ യ്തു:“ആദം സന്തതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇരട്ടി പ്രതിഫലം ലഭിക്കും. ഒരു നന്മക്ക് അതിന്‍റെ പത്തിരിട്ടി മുതല്‍ എഴുന്നൂര്‍ ഇരട്ടി വരെ. അല്ലാഹു പറഞ്ഞു:ʻനോമ്പൊഴികെ. കാരണം അത് എനിക്കുള്ളത് തന്നെ. അതിനു ഞാനാണ് പ്രതിഫലം നല്‍കുക. അവന്‍ വികാരവും ഭക്ഷണവും എനിക്കു വേണ്ടി ഉപേക്ഷിക്കുന്നു. നോമ്പുകാരനു രണ്ടു സന്തോഷമുണ്ട്. ഒരു സന്തോഷം അവന്‍ നോമ്പു തുറക്കുമ്പോള്‍. മറ്റൊരു സന്തോഷം തന്‍റെ റബ്ബിനെ കണ്ടുമുട്ടുമ്പോള്‍. തീര്‍ച്ചയായും നോമ്പുകാരന്‍റെ വായയിലെ ഗന്ധം അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്.” (മുസ്‍ലിം, അഹ്‍മദ്) അല്ലാഹുവിനു സ്വന്തമാണെന്നതിനേക്കാള്‍ വലിയ മറ്റെന്തു ശ്രേഷ്ടത വേണം.

“നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ് തീര്‍ച്ച.ഞാനാണതിനു പ്രതിഫലം നല്‍കുക.” എന്ന അല്ലാഹുവിന്‍റെ വചനം ഒരല്‍പം വിചിന്തനത്തിനു വിധേയമാക്കണം. നോമ്പു അല്ലാഹുവിനാണെങ്കില്‍ നിസ്കാരവും സകാത്തും ഹജ്ജും മറ്റു അമലുകളും ആര്‍ക്കുള്ളതാണ്. അവയും അല്ലാഹുവിനുള്ളതല്ലേ. അത് തീര്‍ച്ചയായും എനിക്കുള്ളതാണ് എന്നതിന്‍റെ സാംഗത്യമെന്താണ്. അതിന്‍റെ വിവക്ഷ: റമദാനിലെ നോമ്പില്‍ റിയാഅ് (ലോകമാന്യം) കടന്നു വരികയില്ലതന്നെ. ഇമാം അഹ്‍മദ്(റ) പറഞ്ഞതു പോലെ. ʻനോമ്പില്‍ പ്രകടനപരത തീരെയില്ല....ʼ എല്ലാ ഇബാദത്തിലും റിയാഅ് വന്നു ചേരാം. സൃഷ്ടികളുടെ തൃപ്തിയോ, പ്രശംസയോ ഉദ്ദേശിച്ചെന്നുവരാം. ശരീരം കൊണ്ടു ചെയ്യുന്ന ഏറ്റവും ഉത്തമ അമലായ നിസ്കാരത്തില്‍ വരെ റിയാഅ് വന്നു ചേരാം. എന്നാല്‍ നോമ്പ് ഇതിനു അപവാദമാകുന്നു. പ്രതിഫലത്തിന്‍റെ വിവിധ രൂപങ്ങള്‍ “ഞാനാണതിനു പ്രതിഫലം കൊടുക്കുന്നത്.” എന്ന അല്ലാഹുവിന്‍റെ വചനം നോമ്പിന്‍റെ പ്രതിഫലം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

കാരണം, നോമ്പ് ക്ഷമയാണ്. അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. “ക്ഷമിക്കുന്നവര്‍ക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ കൊടുത്തു തീര്‍ക്കുന്നതാണ്.” (അസ്സുമര്‍-10) അല്ലാഹുവിന്‍റെ പ്രതിഫലം മൂന്നു തരം (1) സ്വര്‍ഗ്ഗീയ സുഖങ്ങളില്‍ ചിലത് ദുന്‍യാവില്‍ നാം വിളിക്കുന്ന ചില പേരുകളോട് സാമ്യതയുള്ളതാണ്. ഉദാഹരണത്തിന്. പഴങ്ങള്‍, ഈത്തപ്പന, ഉറുമാന്‍ എന്നിവ ദുന്‍യാവിലുള്ളവയാണ്. അതേ സമയം സ്വര്‍ഗത്തിലുമുണ്ട് ഇവ. (അര്‍റഹ്‌മാന്‍ - 68). പക്ഷേ, ദുന്‍യാവിലെ പഴങ്ങളും സ്വര്‍ഗത്തിലെ പഴങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. ഒരു നിലക്കും താരതമ്യം ചെയ്യാവതല്ല. എങ്കിലും അവയുടെ പേരുകളില്‍ സാമ്യതയുള്ളതിനാല്‍ ഖുര്‍ആനില്‍ അങ്ങനെ പരാമര്‍ശമുണ്ടായി. (2) ചിലപ്പോള്‍ സ്വര്‍ഗത്തിലെ സുഖസൌകര്യങ്ങള്‍ മനുഷ്യരുടെ ദൃശ്യശ്രാവ്യങ്ങള്‍ക്കതീതമാണെങ്കിലും അവയെ അവരുടെ ബുദ്ധി ഉപയോഗിച്ച് സങ്കല്‍പ്പിക്കാനാവും. ഉദാഹരണത്തിന് അല്ലാഹു പറഞ്ഞു:

Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും – 4

“മുത്തഖീങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്‍റെ ഉപമ: അതില്‍ പകര്‍ച്ച വരാത്ത ജല നദികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ നദികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ നദികളും ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ നദികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗ വാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ. അത്തരാക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (മുഹമ്മദ്-15)

ദുന്‍യാവില്‍ പാലൊഴുകുന്ന, തേനൊഴുകുന്ന, മദ്യമൊഴുകുന്ന, പകര്‍ച്ചവരാത്ത വെള്ളമൊഴുകുന്ന നദികള്‍ ആരും കണ്ടിട്ടില്ല. പക്ഷേ, മനുഷ്യര്‍ക്ക് ഈ മഹത്തായ ദൃശ്യം അവരുടെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് - അവരുടെ കഴിവുകളുടെ പരിധികളില്‍ നിന്ന് സങ്കല്‍പിക്കാന്‍ സാധ്യമാകും. അവര്‍ക്ക് ഇവയുടെല്ലാം യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാന്‍ കഴിയില്ലെന്നത് സത്യമാണെങ്കിലും. (3) ഇനി പ്രതിഫലം ദൃശ്യശ്രാവ്യങ്ങള്‍ക്കതീതവും മനുഷ്യമനസ്സുകള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിനപ്പുറവുമാണെങ്കില്‍ അല്ലാഹുവും റസൂലും(സ) അത് വിശദീകരിക്കുകയില്ല. കാരണം നമ്മുടെ ബുദ്ധിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് മനസ്സിലാക്കുക പ്രയാസമാണ്. ഉദാഹരണത്തിന് - സ്വര്‍ഗാവകാശികളുടെ സുഖ സൌകര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് അല്ലാഹു പറഞ്ഞു:“അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ട് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.” (അര്‍റഹ്‍മാന്‍ - 54)

അനശ്വരമായ സ്വര്‍ഗത്തില്‍ വളരെ മൃദുലവും സുഖകരവുമായ മെത്തകളില്‍ സ്വര്‍ഗവാസികള്‍ അതിരമിക്കുന്നു. ഈ മെത്തകളുടെ ഉള്‍ഭാഗം വളരെ മൃദുലവും മേത്തരവുമായ തങ്കപ്പെട്ട പട്ടുകളാല്‍ നിര്‍മ്മിതമാണ്. ഇത് തന്നെ ആ മെത്തയുടെ ഔന്നത്യത്തിന്‍റെ പരമകാഷ്ടയെ സൂചിപ്പിക്കുന്നു. കാരണം ഒരു മെത്തയുടെ ഉള്‍ഭാഗം ഈ നിലക്കു വിശേഷപ്പെട്ടതെങ്കില്‍ അതിന്‍റെ ബാഹ്യമായ പ്രൌഡിയും സവിശേഷതയും എത്രമാത്രമായിരിക്കും. ഇബ്നു മസ്ഊദ് (റ) പറഞ്ഞു:“ഇതാണ് അതിന്‍റെ ഉള്‍ഭാഗമെങ്കില്‍ അതിന്‍റെ ബാഹ്യരൂപവും സവിശേഷതയും നിങ്ങള്‍ കണ്ടാലെങ്ങനെയായിരിക്കും.”

ഈ ആയത്തിനെക്കുറിച്ച ചോദിച്ചപ്പോള്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞു:“അവര്‍ക്കു വേണ്ടി മറച്ചുവെച്ച കണ്ണിന്‍റെ കുളിര്‍മ്മകള്‍ ഒരു ശരീരവും അറിയില്ല.” (അസ്സജദ - 17) എന്ന അല്ലാഹുവിന്‍റെ വചനത്തില്‍ പെട്ടതാണിത്” അഥവാ സ്വര്‍ഗീയമെത്തകളുടെ ഉള്‍ഭാഗം ഇത്രമേല്‍ വിശേഷപ്പെട്ടതും ഏറ്റവും ഉന്നത പട്ടുകള്‍കൊണ്ടു നിര്‍മ്മിതമാണെങ്കില്‍ മനുഷ്യ ബുദ്ധിക്കു അതിന്‍റെ പുറം മോടി എങ്ങനെയെന്നു സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ അല്ലാഹു അത് വിശദീകരിച്ചില്ല. ഇതു തന്നെയാണ് നോമ്പുകാരന്‍റെ പ്രതിഫലത്തിന്‍റെ അവസ്ഥയും അത് മനുഷ്യ മനസ്സുകള്‍ക്ക് അപ്രാപ്യവും സങ്കല്‍പ്പങ്ങള്‍ക്കും മീതെ ആയതിനാല്‍ അല്ലാഹു “ഞാന്‍ അതിനു പ്രതിഫലം നല്‍കും” എന്നതില്‍ ചുരുക്കി. അല്ലാഹുവാണ് ഇതിനു പ്രതിഫലം നല്‍കുന്നത് എന്നു മനസ്സിലാക്കിയാല്‍ മതി, ഈ പ്രതിഫലത്തിന്‍റെ വ്യാപ്തിയും വൈശിഷ്ട്യവും എത്രമാത്രമുണ്ടെന്നറിയാന്‍.

വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter