മാസം കണ്ടേ കൂയ്....മാസം കണ്ടേ കൂൂൂൂയ്.....ഒരു ഗ്രാമത്തിലേക്ക് റമദാനും പെരുന്നാളും കടന്നുവരുന്നത്...

മാസം കണ്ടേ.. കൂയ്....

മാസം കണ്ടേ... കൂയ്...

ഇടവഴികളിലൂടെ ഇങ്ങനെ കൂകിവിളിച്ചുപോവുന്നവരാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് റമദാനും പെരുന്നാളും കൊണ്ടുവന്നിരുന്നത്. പുണ്യദിനങ്ങളുടെയും ആഘോഷത്തിന്റെയും വരവറിയിച്ചിരുന്ന ഈ പുരാതനശബ്ദം ഇന്നും പഴമക്കാരായ എന്റെ നാട്ടുകാര്‍ ഓര്‍ത്തുവെക്കുന്നു. പഴമക്കാരില്‍നിന്ന് കേട്ട് പതിഞ്ഞ ഇത് പുതുതലമുറക്കാരായ ചില കുട്ടികള്‍ ഇപ്പോഴും ഇടക്കിടെ പ്രയോഗിക്കാറുമുണ്ട്.

ശഅ്ബാനില്‍ മദ്‌റസകളില്‍ പരീക്ഷ തുടങ്ങുന്നതോടെ കുട്ടികളില്‍ റമദാനെക്കറിച്ചുള്ള ചിന്തകള്‍ തുടങ്ങും. പരീക്ഷ കഴിഞ്ഞ് മദ്‌റസ അടക്കുന്ന ദിവസം ക്ലാസ് ഉസ്താദ് പ്രത്യേകമായും സദര്‍ഉസ്താദ് പൊതുവായും സാരോപദേശങ്ങള്‍ നല്കുന്നതോടെ, കുട്ടികളുടെ മനസ്സുകളെല്ലാം റമദാനിലെത്തിക്കഴിഞ്ഞിട്ടുണ്ടാവും. റമദാനിലെ മുഴുവന്‍ ദിവസവും നോമ്പെടുക്കണമെന്ന പ്രതിജ്ഞയോടെയാകും അന്നേ ദിവസം ഓരോരുത്തരും മദ്‌റസയുടെ പടിയിറങ്ങുന്നത്.

സൈദാലി മൊല്ലാക്കയുടെ ശബ്ദം മാറ്റിനിര്‍ത്തി എന്റെ നാട്ടുകാര്‍ക്ക് നോമ്പോ പെരുന്നാളോ ഓര്‍ത്തെടുക്കാനാവില്ല. ശഅ്ബാനിലെയും റമദാനിലെയും ഇരുപത്തൊമ്പതിന്റെ വൈകുന്നേരങ്ങളില്‍, തിരൂരങ്ങാടി ഖാദിയുടെ തീരുമാനമറിയാനായി അങ്ങോട്ട് പോകുന്നത് സൈദാലി മൊല്ലാക്കയായിരുന്നു. മൊല്ലാക്കയുടെ പോക്കും വരവും നാട്ടുകാര്‍ക്ക് ഒരാഘോഷാമായിരുന്നു.. അതിലേറെ മൊല്ലാക്കാക്കും. തന്റെ വരവിനും വാക്കിനുമായി കാതോര്‍ത്തിരിക്കുന്ന ഒരു ഗ്രാമം... തന്റെ വാക്ക് മാത്രം പിടിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന ജനങ്ങള്‍.. അതെ, മാസം കണ്ടിട്ടുണ്ട് എന്ന് പറയുമ്പോഴേക്കും കേട്ടുനില്‍ക്കുന്നവരുടെ കണ്ഠങ്ങളില്‍നിന്ന് ഉതിര്‍ന്ന് കൈമാറി കൈമാറി ഒരു ഗ്രാമം മുഴുവനും നിറഹൃദയത്തോടെ ഏറ്റുവാങ്ങുന്ന തക്ബീര്‍ ധ്വനികള്‍.... ഇതെല്ലാം കാണുമ്പോള്‍ ആര്‍ക്കാണ് അല്പമെങ്കിലും അഭിമാനം തോന്നാതിരിക്കുക. ചുരുക്കത്തില്‍, തന്റെ ജോലിയില്‍ ആകാവുന്നതിലുമപ്പുറം സംതൃപ്തനായിരുന്നു സൈദാലി മൊല്ലാക്ക..

എല്ലാം വെട്ടിപ്പിടിച്ചിട്ടും അസംതൃപ്തി മാത്രം ബാക്കിയാവുന്ന പുതുതലമുറക്ക് ആ സൈദാലി മൊല്ലാക്കയുടേതിന്റെ പത്തിലൊരംശമെങ്കിലും സുമനസ്സുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട്. മാസം കണ്ടോ ഇല്ലേ എന്ന് ആ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാനാവും. അടക്കാനാവാത്ത സന്തോഷവും അതിലേറെ, തിരൂരങ്ങാടി വരെയുള്ള തന്റെ യാത്ര സഫലമായ ചാരിതാര്‍ത്ഥ്യവും ആ കുറിയ മനുഷ്യന്റെ തെളിഞ്ഞ മുഖത്ത് കളിയാടുന്നത് അദ്ദേഹത്തിന് പോലും അടക്കാവുമായിരുന്നില്ല.

തന്റെ നാവില്‍നിന്ന് ഫ്‌ളാഷ്‌ന്യൂസായി വല്ലതും കിട്ടാനായി മുഖത്തേക്ക് തന്നെ നോക്കി തന്റെ കൂടെ പള്ളി വരെ അനുഗമിക്കുന്ന കുട്ടികളെ മുഴുവന്‍ നിരാശരാക്കി, അദ്ദേഹം നേരെപോവുന്നത്, പള്ളിക്കകത്ത് തന്റെ വരവും കാത്തിരിക്കുന്ന, കമ്മിറ്റി ഭാരവാഹികളുടെയും ഖതീബിന്റെയും അടുത്തേക്കാവും.  ഒരു വിജൂഗീഷിയുടെ ഭാവമാകും അപ്പോള്‍ മൊല്ലാക്കയുടെ മുഖത്ത്.. തന്റെ പ്രയത്‌നങ്ങള്‍ സഫലമായതിന്റെ സന്തോഷം... അതിലുപരി, ഒരു ഗ്രാമത്തിന്റെ ആരാധനാകര്‍മ്മങ്ങളുടെ തുടക്കവും ഒടുക്കവും നിയന്ത്രിക്കാന്‍ നിയോഗം ലഭിച്ചതിന്റെ നിറഞ്ഞ സംതൃപ്തി...

കമ്മിറ്റിഭാരവാഹികളോട് വിവരം പറഞ്ഞ്, സമ്മതം വാങ്ങി മൈക് ഓണാക്കുന്നതോടെ എല്ലാവരുടെയും ശ്രദ്ധ ആ ശബ്ദത്തിലേക്ക് തിരിയുന്നു. ബഹളമയമായ അങ്ങാടിപോലും ഒരു വേള ആ ശബ്ദശ്രവണത്തിനായി നിശബ്ദമാവും. വാങ്ക് വിളിക്കുമ്പോള്‍ പോലും അത്രയും നിശബ്ദത ഉണ്ടാവാറില്ലെന്ന് പലരും കാര്യത്തിലും കളിയിലുമായി ഓര്‍ക്കാറുണ്ട്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം കുറവായിരുന്ന അക്കാലത്ത്, പള്ളിയിലെ മൈകിലൂടെ സൈദാലി മൊല്ലാക്ക വിളിച്ച് പറയുന്നതായിരുന്നു നാട്ടുകാര്‍ക്ക് അവസാനവാക്ക്. പള്ളിയോട് അടുത്ത്‌നില്‍ക്കുന്ന വീട്ടുകാരും അങ്ങാടിയിലുള്ളവരും മാത്രമേ പലപ്പോഴും ആ ശബ്ദം കേള്‍ക്കാറുണ്ടായിരുന്നുള്ളൂ.. ബാക്കിയുള്ളവരെല്ലാം ശേഷം വിവരമറിഞ്ഞിരുന്നത്, മാസം കണ്ടേ...കൂയ്.. എന്ന് കൂകി വിളിക്കുന്ന മുതിര്‍ന്നവരിലൂടെയും കുട്ടികളിലൂടെയുമാണ്. ഈ ശബ്ദം പരക്കുന്നതോടെ റമദാനിന്റെ ആരവത്തിലേക്കുണരുകയായി ഞങ്ങളുടെ ഗ്രാമം. അതോടെ നാട്ടിലെ നിത്യകാഴ്ചകള്‍ പുതുമക്ക് വഴിമാറുന്നു. പതിവുരീതികളിലും ദൈനംദിന ചിട്ടകളിലും പോലും റമദാന്‍സ്വാധീനം പ്രകടമാവുന്നു.

അത്താഴം ഒരുക്കാനായി അടുക്കളയില്‍ പടപ്പുറപ്പാട് നടത്തുന്ന സ്ത്രീകള്‍... അതിനാവശ്യമായ സാധനസാമഗ്രികള്‍ക്കായി അങ്ങാടികളിലേക്ക് പോവുന്ന പുരുഷന്മാര്‍... അതിരാവിലെ ഇറച്ചിക്കായി പീടികക്ക് മുമ്പില്‍ തിക്കിത്തിരക്കി നില്ക്കുന്ന കുട്ടികള്‍.. നോമ്പ് തുറക്കുന്ന സമയത്തേക്ക് തയ്യാറാക്കുന്ന പത്തിരിയോടൊപ്പം ഇറച്ചിയില്ലെങ്കില്‍ നോമ്പുതുറ തന്നെ അപൂര്‍ണ്ണമായ പോലെയാണ് വീട്ടിലെ ഉമ്മമാര്‍ക്ക്. അത്തരം ദിവസങ്ങളില്‍ ആരെങ്കിലും അവിചാരിതമായി നോമ്പുതുറക്കാന്‍ എത്തിപ്പെട്ടാല്‍, വിരുന്നുകാരനോട് ഇന്ന് ഇറച്ചി കിട്ടിയിട്ടില്ല എന്ന് ക്ഷമാപണം നടത്തുന്നത്, അന്നത്തെ ആതിഥേയ മര്യാദയുടെ ഭാഗമാണെന്ന് പോലും ഞങ്ങള്‍ക്ക് തോന്നിയിരുന്നു. തണ്ണിമത്തനുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്ന കച്ചവടക്കാര്‍ റമദാനിന്റെ പ്രത്യേകതയാണ്.. 

വിശുദ്ധ റമദാനിന്റെ പവിത്രതയും പ്രത്യേകതയും മനസ്സിലാക്കി ദാനധര്‍മ്മങ്ങള്‍ നല്കാനായി കാത്തിരിക്കുന്ന ധനിക വീടുകള്‍... അവരെ കാണാനെത്തുന്ന സ്വീകര്‍ത്താക്കള്‍... നാട്ടിലെ സ്ത്രീകള്‍ പരസ്പരം കാണുന്നതും കുശലാന്വേഷണങ്ങള്‍ കൈമാറുന്നതും പലപ്പോഴും ഈ കൂടിക്കാഴ്ചകളിലൂടെയാണ്. ഒരു വര്‍ഷത്തിനകം കുടുംബത്തിലും വീട്ടിലുമായി ഉണ്ടായ മാറ്റങ്ങളും വിശേഷങ്ങളും കൈമാറപ്പെടുന്നത് ഈ പോക്കുവരവിലൂടെയാണ്. നാടിനെയും നാട്ടുകാരെയും പരസ്പരം അറിയുന്നതിലും ബന്ധത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്നതിലും ഈ ആഗമനനിര്‍ഗ്ഗമനങ്ങള്‍ക്കുള്ള പങ്ക് വിവരണാതീതമാണ്. കൈയ്യില്‍ പാനീസ് വിളക്കുമായി തറാവീഹ് നിസ്‌കാരത്തിനായി പള്ളിയിലേക്ക് നീങ്ങുന്ന വൃദ്ധരും കുട്ടികളും വേറിട്ട കാഴ്ചയാണ്... നിസ്‌കാരം കഴിഞ്ഞെത്തിയാല്‍ കുട്ടികള്‍ക്ക് അടുത്ത ദിവസത്തെ നോമ്പിനായി നിയ്യത്ത് വെച്ചുകൊടുക്കുന്ന ഉപ്പമാരും വല്യുപ്പമാരും...നിയ്യത് വെക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഉല്‍സാഹം കാണിക്കുന്ന കൊച്ചുകുട്ടികള്‍... അതിലെല്ലാമുപരി റമദാന്‍ ആദ്യവാരം തുടങ്ങി അവസാനം വരെ നീണ്ടുനില്‍ക്കുന്ന വഅള് പരമ്പരകള്‍... കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലോ സ്‌കൂള്‍ മൈതാനങ്ങളിലോ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ഇസ്‌ലാമിക കഥാപ്രസംഗങ്ങള്‍..

എല്ലാത്തിന്റെയും പരിസമാപ്തിയെന്നോണം ഇരുപത്തേഴാം രാവിന് അരങ്ങേറുന്ന ദുആ സമ്മേളനം.. എളിമയും ഭയഭക്തിയും മുഖത്ത് പ്രകാശിച്ച് നില്‍ക്കുന്ന പണ്ഡിതര്‍ വേദിയില്‍ നിരന്നിരിക്കുന്നത് കാണുമ്പോള്‍, ആകാശത്ത് നിന്നിറങ്ങിവന്ന മാലാഖമാരാണെന്നേ തോന്നൂ. ദുആയുടെയും ദിക്‌റിന്റെയും പ്രാധാന്യവും മഹത്വവും വിവരിച്ചുള്ള സവിസ്തരപ്രഭാഷണം കഴിഞ്ഞ് ദിക്‌റ് ദുആകളിലേക്ക് കടക്കുമ്പോള്‍, സദസ്സ് ഒന്നടങ്കം ആത്മീയതയുടെ അവാച്യമായ അനുഭവ തലങ്ങളിലേക്ക് അറിയാതെ തെന്നിനീങ്ങുന്നു... ഒലിക്കുന്ന കണ്ണീരുകളില്‍ ചാലിച്ച് ഗദ്ഗദകണ്ഠങ്ങളില്‍നിന്ന് ഉതിര്‍ന്ന് വീഴുന്ന പ്രാര്‍ത്ഥനകള്‍.. അവ സ്വീകരിക്കാനായി പ്രപഞ്ചനാഥനോട് ആമീന്‍ പറയുന്ന ചുണ്ടുകള്‍.. എല്ലാം കഴിഞ്ഞ് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ, തലയില്‍നിന്ന് എന്തോ വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസത്തോടെ, അതിലുപരി അടങ്ങാത്ത മാനസികോല്ലാസത്തോടെയാവും ശേഷം എല്ലാവരും വീടുകളിലേക്ക് നീങ്ങുന്നത്. 

റമദാനിന്റെ സത്തയും ചൈതന്യവും ആവാഹിച്ചതുപോലൊരു നിര്‍വൃതിയാകും എല്ലാവര്‍ക്കും. ഇരുപത്തേഴിന്റെ പകല്‍, എന്ത് കൊണ്ടും പാവങ്ങള്‍ക്ക് ആഘോഷമാണ്. ദാനധര്‍മ്മങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത് അന്നാണ്. നേരം വെളുക്കുന്നതോടെ, ധര്‍മ്മിഷ്ഠരെത്തേടി വീടുകള്‍ തോറും കയറിയിറങ്ങുന്നത് ഇന്നും ഞങ്ങളുടെ നാട്ടിലെ കാഴ്ചയാണ്. അതിന്റെ ധാര്‍മ്മികതയും അനൗചിത്യവും പലരും പലവിധത്തിലും ചര്‍ച്ചാവിധേയമാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഇരുപത്തേഴ് കഴിയുന്നതോടെ, പെരുന്നാളിന്റെ ഒരുക്കത്തിലേക്ക് തെന്നിമാറുകയാണ് പതിവ്. പെരുന്നാളിനുള്ള പുത്തന്‍ പുടവകള്‍.. പെരുന്നാളാഘോഷത്തിനാവശ്യമായ സാധനസാമഗ്രികള്‍.. എല്ലാം തയ്യാറാക്കുന്നത് ഈ ദിവസങ്ങളിലാണ്.. പെരുന്നാളിന്റെ ആരവങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന കാത്തിരിപ്പിന് വിരാമമിടുന്നതും സൈദാലിമൊല്ലക്കയുടെ ശബ്ദം തന്നെ.. അതോടെ തക്ബീര്‍ ധ്വനികളുടെ അണമുറിയാത്ത പ്രവാഹമാണ്.. ജുമുഅത്ത് പള്ളിമുതല്‍ ഓരോ മൂലകളിലെയും നിസ്‌കാരപ്പള്ളികളില്‍നിന്നുവരെ മൈകുകളിലൂടെ തക്ബീര്‍ ധ്വനികള്‍ പ്രവഹിച്ചുകൊണ്ടേയിരിക്കും.. 

 ഭൂഗോളവും അതിലെ സര്‍വ്വസ്വവും ആഗോളീകരിക്കപ്പെട്ട് എല്ലാം വിരല്‍തുമ്പിലെത്തുമ്പോഴും, ആചാരങ്ങളുടെയും ആഘോഷത്തിന്റെയും അന്തസ്സത്ത നാമറിയാതെ എവിടെയോ വീണുപോയിരിക്കുന്നുവെന്ന്, പഴങ്കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമാണ് നാം തിരിച്ചറിയുന്നത്. ആ നല്ല ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍, ഇന്നും മനസ്സിലെവിടെയോ ഒരു മധുരം പൊടിയുന്ന പോലെ....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter