നോമ്പ് തുറക്കാന്‍ മാത്രമല്ല, നോമ്പെടുക്കാന്‍ കൂടിയാണ് ക്ഷണിക്കേണ്ടത്
ഭക്ഷണത്തിന്ന് മാത്രമല്ല നോമ്പിനും അതിന്റേതായ രുചിയുണ്ടെന്ന് മനസ്സിലാക്കുന്നിടത്താണ് ഓരോ മുസ്‌ലിമിന്റെയും റമദാന്‍ അര്‍ഥവത്താകുന്നത്. മുന്നില്‍ വിളമ്പുന്ന ഭക്ഷണങ്ങളില്‍ നിരന്ന വൈവിധ്യങ്ങള്‍ക്കപ്പുറം ഭക്ഷണവും ഇതര സുഖസൗകര്യങ്ങളും വെടിഞ്ഞ് നാഥന്റെ തൃപ്തി കാത്തിരിക്കുന്നതിന്റെ ആവേശവും വിശ്വാസിക്ക് കരുത്തേകുന്നു. ലോകത്തെ ഓരോ നോമ്പുകാരനും മറ്റൊരു നോമ്പുകാരന് പലതും കൈമാറുന്ന എക്‌സ്‌ചെയ്ഞ്ച് നാളുകളാണ് റമദാന്‍. അവര്‍ പങ്ക് വെക്കുന്ന അറിവുകളിലും ഓര്‍മപ്പെടുത്തലുകളിലും രുചി കണ്ടെത്തുന്നു ഓരോ വിശ്വാസിയും. അയല്‍പക്കത്തുണ്ടാക്കിയ ഭക്ഷണത്തില്‍ നിന്ന് ഇങ്ങോട്ട് കിട്ടുന്ന പങ്കില്‍ മാത്രം ബന്ധങ്ങളുടെ രുചിക്കൂട്ട് കാണുന്ന മലയാളി എന്നേ പരിചയപ്പെടേണ്ട ഒരു കൂട്ടം ആളുകളുണ്ട് ലോകത്ത് പലയിടത്തും. നോമ്പ്തുറവിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍ വിളമ്പാന്‍ സഹോദരമതസ്ഥരെ വിളിച്ച് വെറും നോമ്പുകാണികളാക്കുന്നതില്‍ നിന്ന് കുറച്ച് മാറിചിന്തിച്ച് നോമ്പുതുറക്കൊപ്പം നോമ്പിലേക്ക് കൂടി ഇതര മതസ്ഥരെ ക്ഷണിക്കുന്നതിലൂടെ റമദാന്റെ ആത്മീയ സുഖം കൂടി വിളമ്പുകയാണ് കാനഡയിലെ മെമോറിയല്‍ യൂണിവേഴ്‌സിറ്റി മുസ്‌ലിം വിദ്യാര്‍ഥികള്‍. അത്താഴത്തിന്റെ പുണ്യവും വിശപ്പിന്റെ പകലും സഹനതയുടെ സംസ്‌കാരവും ഒപ്പം നോമ്പുതുറയുടെ ആകാംക്ഷയും വൈവിധ്യവും ചേര്‍ത്ത് രുചിച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എല്ലാവര്‍ക്കുമായി ഒരു നോമ്പൊരുക്കുമ്പോള്‍, ആ സൗഹൃദത്തില്‍ ഉടലെടുക്കുന്നത് ഒരു പെരുന്നാള്‍ തന്നെയാണ്.
നോമ്പുകാലത്ത് മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുന്നതിലല്ല മറിച്ച് മറ്റുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കുന്നതാണ് റമദാനിന്റെ പുണ്യം കാണേണ്ടത്. സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഒപ്പം നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതര്‍ക്കും ഒരേ ദിവസം പണം സ്വരൂപിച്ചാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നോമ്പിന് ഇങ്ങനെയും ഒരു മാനമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുന്നത്. ഭക്ഷണം മുന്നിലുണ്ടായിട്ടും അത് ഭക്ഷിക്കാനുള്ള കഴിവുണ്ടായിട്ടും അതില്‍ നിന്നു വിട്ടു നില്‍ക്കുന്നതാണ് നോമ്പിന്റെ അന്തസത്ത എന്നിരിക്കെ ഭക്ഷണം സ്വപ്‌നം കാണാന്‍ പോലും ആവാതെ ജീവിതം മുഴുക്കെ നോമ്പാക്കി മാറ്റേണ്ടി വന്നവര്‍ക്ക് ഒരു താങ്ങാകാന്‍ മാറിയ ഇവരില്‍ നമുക്ക് കണ്ടെത്താനാവുന്നത് ഒട്ടേറെ മാനുഷികമൂല്യങ്ങളാണ്.
ഉദയാസ്തമയത്തിനിടയില്‍ ഭക്ഷണം, വെള്ളം, പുകവലി, ലൈംഗീകത തുടങ്ങി സര്‍വ ഭൗതിക സുഖങ്ങളെയും വെടിഞ്ഞ് നാഥനിലേക്ക് സര്‍വ്വതും ഭരമേല്‍പ്പിക്കുന്ന പുണ്യദിനങ്ങളുടെ മാസത്തെയാണല്ലോ നാം റമദാന്‍ എന്ന് വിളിക്കുന്നത്. ചില കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നൊഴിവാക്കുന്നതിലൂടെ മാത്രം ഒരു യഥാര്‍ഥ മുസ്‌ലിമിന്റെ നോമ്പ് പരിപൂര്‍ണ്ണമാകുന്നില്ല. കുറേയേറെ ആചാരാനുഷ്ഠാനങ്ങളും ആരാധനാ കര്‍മങ്ങള്‍ക്കുമൊപ്പം തന്നെപ്പോലെ ഭക്ഷിക്കാനും ഉടുക്കാനും ഇല്ലാത്തവന് അത് എത്തിച്ച് കൊടുക്കാന്‍ കൂടി ശ്രമിക്കുന്നതിലൂടെ മാത്രമാണ് ഒരു യഥാര്‍ഥ മുസ്‌ലിമിന്റെ നോമ്പ് പരിപൂര്‍ണമാകുന്നന്നത്. ഈയൊരു തിരിച്ചറിവായിരിക്കണം മെമോറിയല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഇത്തരമൊരു ഉദ്യമത്തിലേക്ക് നയിച്ചത്. പതിനെട്ട് മണിക്കൂര്‍ നീണ്ട പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും ത്യജിക്കേണ്ട ശ്രമകരമായ കര്‍മത്തിനെ മെമോറിയല്‍ വിദ്യാര്‍ഥികള്‍ അഡ്ജസ്റ്റ് ചെയ്യുന്നത് നിസ്‌കാരങ്ങള്‍ക്ക് പൊതുവേദികളൊരുക്കിയും ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിച്ചുമൊക്കെയാണ് എന്നത് ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഘടന നടത്തുന്ന പ്രതീക്ഷയില്‍ കവിഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നതിലപ്പുറം ഇവ പുതിയ മുസ്‌ലിം ലോകത്തിന്റെ മുഖമായിട്ടാണ് വായിക്കപ്പെടേണ്ടത്.
ഒരു പകലിനെ ഭക്ഷണത്തില്‍ നിന്ന് സംരക്ഷിച്ചതിന്ന് ശേഷം സന്ധ്യയോടെ ആക്രമിക്കുന്നതിലല്ല തലോടുന്നതിലാണ് യഥാര്‍ഥ നോമ്പ് അന്വര്‍ഥമാകുന്നത്. നോമ്പിനോട് പകവീട്ടുന്ന തരത്തിലുള്ള ഭക്ഷണക്രമീകരണത്തെയും ഒരു പരിധി വരെ അകറ്റേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. വിശപ്പ് വയറുമായി മാത്രം ബന്ധപ്പെടുന്നതാണെന്നും എന്നാല്‍ നോമ്പ് തന്റെ മുഴുജീവിതത്തെയുമാണ് സംബന്ധിക്കുന്നതെന്നും കൂടി ഈ യുവാക്കള്‍ തിരിച്ചറിയുകയാണ് ഇവിടെ ചെയ്യുന്നത്. എനിക്ക് വിശക്കുന്നു എന്ന് അലറുന്നതിലല്ല ഞാന്‍ വിശപ്പിനെ തിരിച്ചറിയുന്നു എന്നതിലാണ് നോമ്പിന്റെ അസ്തിത്വം. വിശപ്പു തിരിച്ചറിയുന്നതോടു കൂടെ സര്‍വ്വ നാഥന്റെ അനുഗ്രഹങ്ങള്‍ തിരിച്ചറിയുന്നു. അതിലൂടെ ഇഹലോകജീവിതത്തിന്റെ നശ്വരത മനസ്സിലാക്കുകയും അതില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ട വിവിധ ഉത്തരവാദിത്തങ്ങളിലേക്ക് വിശ്വാസി എത്തിച്ചേരുകയും ചെയ്യുന്നു. അതോടെ പരസ്പര വിദ്വേഷവും പകയും വര്‍ഗീയ ചിന്തകളും രംഗം വിടുന്നു. ലോകം ഒരൊറ്റ വീടും ഓരോ മനുഷ്യരും തന്റെ അനിയന്മാരും ജ്യേഷ്ഠന്മാരുമാകുന്നു. യഥാര്‍ഥ നോമ്പിലൂടെ മാത്രമേ ഇത്തരം ലക്ഷ്യപ്രാപ്തി സാധിക്കൂ എന്നിരിക്കെ അവ തിരിച്ചറിഞ്ഞവരാണ് നമ്മെ കണ്ണുതുറപ്പിക്കേണ്ടത്. ആ മാതൃകകള്‍ സ്വന്തത്തിലേക്ക് മാത്രം നോക്കി അന്വേഷിച്ചു നടന്നതു കൊണ്ടാണ് ഇതു വരെ പലര്‍ക്കും ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ കഴിയാതെ പോയതും. ഈ മാനസികൌന്നത്യത്തിലേക്ക് എത്തിച്ചേരാന്‍ നമ്മുടെ ഇട്ടാവട്ടങ്ങളില്‍ ഒരുപാട് സൂര്യനുകള്‍ ഇനിയും ഉദിച്ചസ്തമിക്കാനുണ്ട് എന്നതല്ലേ സത്യം. മാതൃകകള്‍ സ്വീകരിക്കുന്നതിലാണ് ജീവിതത്തിന്റെ വഴിത്തിരിവുകള്‍ രൂപപ്പെടുന്നത്. അതു കൊണ്ടാണ് ഇസ്‌ലാമില്‍ ത്വരീഖത്തിന്റെ സ്ഥാനം ഇത്രത്തോളം മുഴച്ചുനില്‍ക്കുന്നതും. മോറല്‍ യൂണിവേഴ്‌സിറ്റികള്‍ മാതൃകകളാകട്ടെ, സഹോദര മതസ്ഥരെ അകറ്റാനല്ല അടുപ്പിക്കാനാകട്ടെ ഓരോ നോമ്പുവസന്തങ്ങളും...
Leave A Comment