ഈ പ്രതിസന്ധി കാലത്തും നല്ല മനസ്സുകള്‍ കൂടിക്കൂടി വരികയാണ്
കഴിഞ്ഞ 2-3 ദിവസത്തിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന, ചില നല്ല പദ്ധതികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം വല്ലാതെ അല്‍ഭുതപ്പെടുത്തി. കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനം തിരുവനന്തപുരത്ത് തുടങ്ങുന്ന സഹസ്ഥാപനത്തിന്റെ ഗ്രൌണ്ട് ലവല്‍ സെറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ പോസ്റ്റ്. 800 രൂപ വീതം ചെലവ് വരുന്ന 2000 ലോഡ് മണ്ണ് ആവശ്യമുണ്ടെന്നും അതിലേക്ക് സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കുക എന്നുമായിരുന്നു സന്ദേശം. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ആ പദ്ധതിയിലേക്കാവശ്യമായ മുഴുവന്‍ തുകയും സമാഹരിക്കപ്പെട്ടു കഴിഞ്ഞുവെന്നും ഇനി അതിലേക്ക് ആരും ഓഫര്‍ ചെയ്യേണ്ടതില്ലെന്നും പറഞ്ഞുള്ള സന്ദേശവും കാണാനായി.
ആസാമിലെ ദഅ്‍വാ പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെയൊരു കേന്ദ്രം വേണമെന്ന ആവശ്യത്തിലേക്ക് നടന്നതായിരുന്നു മറ്റൊന്ന്. അതും കേവല മണിക്കൂറുകള്‍ക്കകം തന്നെ പൂര്‍ത്തിയായതായി വിവരം വന്നു. അതും ഒരാളെ പോലും നേരില്‍ കാണാതെ, കേവലം വാട്സാപ്പ് സന്ദേശങ്ങളിലൂടെ.
കോവിഡ് ബാധ തുടങ്ങിയ സമയം മുതലേ പലരും സംസാരത്തിനിടെ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം വളരെ ആശങ്കയോടെ എടുത്തു പറയാറുണ്ടായിരുന്നത് നമ്മുടെ ദീനീ സ്ഥാപനങ്ങളുടെ കാര്യങ്ങളായിരുന്നു. പ്രതിമാസം വലിയ സംഖ്യ ചെലവ് വരുന്ന വിജ്ഞാനസംരംഭങ്ങളെല്ലാം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ അത്തരം ആശങ്കകളെല്ലാം അസ്ഥാനത്താണെന്നാണ് ഇത്തരം നല്ല നല്ല മുന്നേറ്റങ്ങള്‍ കാണിക്കുന്നത്.
അതിലുപരി വാട്സപ്പിലൂടെ വരുന്ന ഇത്തരം കേവല സന്ദേശങ്ങളിലൂടെ തന്നെ ആവശ്യമായ സംഖ്യ സ്വരൂപിക്കാനാവുമ്പോള്‍, അത് പൂര്‍ണ്ണ സംതൃപ്തിയോടെ നല്‍കപ്പെടുന്നതാണെന്ന് ഉറപ്പിച്ച് പറയാനുമാവും. കാരണം, ഇത്തരം സന്ദേശങ്ങളെ വളരെ ലളിതമായി അവഗണിക്കാവുന്നതേയുള്ളൂ, അഥവാ, നേരില്‍ വന്ന് സംഭാവന ചോദിക്കുമ്പോഴുണ്ടാവുന്ന പോലെ, എങ്ങനെ മടക്കി അയക്കുമെന്ന ചിന്ത ഉണ്ടാവേണ്ട കാര്യമേ ഇല്ല എന്നര്‍ത്ഥം. അത് കൊണ്ട് തന്നെ, അങ്ങനെ വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച് അവയുമായി സഹകരിക്കുന്നവര്‍ പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെയും ആ പദ്ധതിയുടെ ലക്ഷ്യത്തിലും ഫലപ്രാപ്തിയിലും തികഞ്ഞ വിശ്വാസവും ബോധ്യവുമുള്ളത് കൊണ്ട് മാത്രമാണ് അവര്‍ സഹായിക്കാന്‍ തയ്യാറാകുന്നത് എന്ന് നിസ്സംശയം പറയാം.
ചുരുക്കത്തില്‍, കോവിഡ് സമൂഹത്തിന്റെ സുമനസ്സുകളെ ക്ഷീണിപ്പിക്കുകയല്ല, മറിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുകയും ആത്മാര്‍ത്ഥ നിര്‍ഭരവും ആക്കുകയാണ് എന്നര്‍ത്ഥം. അല്ലാഹുവിന്റെ പരീക്ഷണങ്ങളെ ഇത്തരത്തില്‍ നേരിടുന്നവരുണ്ടാവുന്ന കാലത്തോളം, ഈ സമുദായത്തിന്റെ പ്രയാണം മുന്നോട്ട് തന്നെയാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ സുമനസ്സുകാര്‍ക്കെല്ലാം നാഥന്‍ പൂര്‍ണ്ണപ്രതിഫലം നല്‍കുമാറാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment