പശ്ചിമേഷ്യയും പുതിയ രാഷ്ട്രീയവികാസങ്ങളും; ഒരു വസന്തം ചാരമായ വിധം
അറബ് വസന്താനന്തരം മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. മുമ്പത്തേതിനെക്കാളും അതിസങ്കീര്‍ണമായിരുന്നു, വസന്താനന്തരം പശ്ചിമേഷ്യയിലെ സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികള്‍. ദീര്‍ഘകാലമായി അധികാരപുരികളില്‍ അള്ളിപിടിച്ചുകിടന്നിരുന്ന ഏകാധിപതികളെയൊക്കെ അറബ് ജനത ധീരോദാത്തം എടുത്ത് പുറത്തിടുന്ന കാഴ്ച ആഗോളസമൂഹത്തിലെന്ന പോലെ മുസ്‍ലിം ലോകത്തും പുതിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. കാലങ്ങളായി, അക്രമങ്ങളുടെയും സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയുമൊക്കെ പുകപടലങ്ങളില്‍ ആഗോളസമൂഹത്തിന്റെ കണ്ണില്‍ തന്നെ അവ്യക്തമായിരുന്നു, പ്രദേശത്തിന്റെ രാഷ്ട്രീയം. ദിനംപ്രതിയുള്ള സ്‌ഫോടനസംഭവങ്ങളുടെ നീറുന്ന വാര്‍ത്തകള്‍ക്ക് അതോടെ അറുതിയാകുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു എല്ലാവരും. പ്രത്യേകിച്ചും, പശ്ചിമേഷ്യയിലെ നിത്യദുരിത കേന്ദ്രമായ ഫലസ്ഥീന്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു തീര്‍പ്പുണ്ടാകുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍, വിപ്ലവപ്രതീക്ഷകളുണര്‍ത്തിയ തുനീഷ്യയും ഈജിപ്തും തന്നെ അറബ്‌സാമൂഹിക മാറ്റത്തിന്റെ ശവപ്പറമ്പാകുന്നതാണ് കണ്ടത്. ക്രൈസ്തവ, ജൂത, മുസ്‍ലിം സമൂഹങ്ങള്‍, മതേതര-ജനാധിപത്യകക്ഷികള്‍ തുടങ്ങിയ വ്യത്യസ്ത ആശയധാരക്കാര്‍ക്കിടയില്‍ മൊട്ടിട്ടുവന്നിരുന്ന സൗഹാര്‍ദത്തിന്റെ പുത്തന്‍ പുലരികള്‍ അപ്പാടെ വൈരത്തിന്റെ തീക്കനലാകുന്ന കാഴ്ചകളാണ് ഏറ്റവുമൊടുവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അറബ് സാമൂഹിക വിപ്ലവത്തിന്റെ പരീക്ഷണ വേദിയാകേണ്ട ഒരു ഘട്ടത്തിലൂടെയായിരുന്നു ഏതാനും മാസങ്ങളായി പശ്ചിമേഷ്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഫലസ്ഥീനില്‍ ഇസ്രയേല്‍ നരനായാട്ട് ആരംഭിച്ചിട്ട് മാസങ്ങളായി. അറബ് ഏകാധിപതികള്‍ പതിവുപോലെ ഇസ്രയേലിന്റെ കോപത്തിനിരിയാകാതെ ശ്രമിക്കുന്നു. ഇസ്രായേലുമായി ചേര്‍ന്ന് ഈജിപ്ത് മധ്യസ്ഥകുപ്പായമിട്ട് രംഗത്തെത്തുകയായിരുന്നു. അതേസമയത്തു തന്നെ, ഇറാഖ്, സിറിയന്‍ പ്രദേശങ്ങളില്‍ അടുത്തിടെയായി പ്രത്യക്ഷപ്പെട്ട ഇസ്‍ലാമിക് സ്റ്റേറ്റിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ രൂപങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നുണ്ട്. അവര്‍ക്കു പിന്നിലുള്ള പ്രേരകങ്ങളും നാടകങ്ങളും പുറത്തുവരാനിരിക്കുന്നേയുള്ളൂവെന്നാണ് പശ്ചിമേഷ്യന്‍ വിദഗ്ദരായ റോബര്‍ട്ട് ഫിസ്‌ക്കും യിവോന്‍ റിഡ്‌ലിയുമൊക്കെ പറഞ്ഞത്. പരമ്പരാഗതമായി അറബ് സമൂഹത്തിനു മേല്‍ ചുമത്തപ്പെട്ടിരുന്ന നിഷ്‌ക്രിയത്വത്തിന്റെയും അസഹിഷ്ണുതത്വത്തിന്ററെയും കളങ്കങ്ങള്‍ കഴുകിക്കളഞ്ഞ് വസന്താനന്തരം പശ്ചിമേഷ്യയിലുണ്ടായ സമാധാനപരമായ സാമൂഹിക, രാഷ്ട്രീയാവസ്ഥയില്‍ അത്തരമൊരു അക്രമാസക്തമായ സംഘടിതരൂപം രൂപംകൊള്ളുന്നതു തന്നെ സംശയജനകമാണ്. അതും വളരെ വിചിത്രകരമായി, ഇസ്#ലാമിക ഖിലാഫത്തിന്റെ പേരും അബൂബക്കര്‍ ബഗ്ദാദി എന്നൊരു പേരും തീര്‍ത്തും പൊറുപ്പിക്കപ്പെടാന്‍ കഴിയാത്ത അക്രമ രൂപങ്ങളുമായുള്ള ഒരു വിഭാഗത്തിന്റെ കടന്നുവരവ് കൂടുതല്‍ സംശയമുണര്‍ത്തുകയേ ചെയ്യൂ.
ഈജിപ്തിലെ സ്ഥിതി വിലയിരുത്തുകയാണെങ്കില്‍, നീണ്ടകാലം ഈജിപ്ത് അടക്കിവാണ ഹുസ്‌നി മുബാറക്കിനു ശേഷം നടന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ മുസ്#ലിം ബ്രദര്‍ഹുഡ് സഖ്യം അധികാരമേറി. ഏറെത്താമസിയാതെത്തന്നെ മുര്‍സിയുടെ ജനാധിപത്യ ഭരണകൂടം ഏകാധിപതികളാകാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പട്ടാള അട്ടിമറിയിലൂടെ ജനറല്‍ അബ്ദുല്‍ ഫതഹ് സീസിയുടെ ക്രൂരമായ ഏകാധിപത്യം ഈജിപ്തില്‍ അധികാരം കയ്യേറി. വളരെ ക്രൂരമായി കഴിഞ്ഞ വര്‍ഷം ഒരു ജനവിഭാഗത്തെ ആഗോള സമൂഹത്തിന്റെ കണ്‍മുന്നില്‍ വെച്ച് കൂട്ടക്കുരുതി നടത്തുന്നതും അവിടെ നാം ദര്‍ശിച്ചു. ഏകദേശം അതേയവസ്ഥകള്‍ക്കു തന്നെയാണ് തുനീഷ്യയിലും സംഭവിക്കാനിരിക്കുന്നത്. അവിടെ അന്നഹ്ദാ പാര്‍ട്ടി തങ്ങുടെതായ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് പല പ്രതിപക്ഷ കക്ഷികളും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ഒരുപക്ഷെ, തക്കംകിട്ടിയാല്‍ അവിടെയുമൊരു അട്ടിമറിക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞുകൂടാ. ഏകാധിപത്യത്തെ തൂത്തെറിയാന്‍ വേണ്ടി ഒന്നിച്ച ശക്തി പിന്നീട് ഒന്നിച്ചുപോകുകയോ ഒന്നിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നത് ഒരളവോളം വാസ്തവം തന്നെയാണ്. പലപ്പോഴും ഏകാധിപത്യത്തിന് ബദലായി കൂട്ടുമുന്നണികളുണ്ടാകേണ്ടിടത്ത് മുര്‍സി, നഹ്ദാ സര്‍ക്കാറുകള്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന ആക്ഷേപവും പലയിടത്തു നിന്നും ഉയര്‍ന്നിരുന്നു.
സമകാലിക വിഷയങ്ങളിലേക്ക് വരുമ്പോള്‍, ഇസ്രയേലിന്റെ ഫലസ്ഥീന്‍ കൂട്ടക്കുരുതിക്കെതിരെ ഇതാദ്യമായി ശക്തമായ പ്രതിഷേധങ്ങളും ഇസ്രയേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനവുമായി ലോകനഗരങ്ങളിലൊക്കെ തടിച്ചുകൂടിയിട്ടും അറബ് രാഷ്ട്രത്തലവന്മാര്‍ വളരെ ലാഘവത്തോടെയാണ് സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫലസ്ഥീന്‍ പ്രശ്‌നങ്ങളുടെ സത്വരമായ പരിഹാരം പോയിട്ട് കാലാകാലത്തേക്കും ഫലസ്ഥീന്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ആഗ്രഹമേയില്ലെന്ന് നോം ചോംസ്‌കി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫലസ്ഥീനില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി മനുഷ്യക്കുരുതി നടത്തുന്ന വേളയില്‍ തന്നെ ഇസ്‍ലാമിക ഖിലാഫത്ത് സ്ംസ്ഥാപനവാദക്കാരുടെ മനുഷ്യത്വരഹിതമായ കൃത്യങ്ങള്‍ സിറിയയിലും ഇറാഖിലും അരങ്ങേറുന്നത് ആകസ്മികമായി സംഭവിച്ചതാണെന്നും അതിനോടൊപ്പം പറയാനൊക്കില്ല. പ്രത്യേകിച്ചും ആഗോളസമൂഹവും ഒരുപാട് മാധ്യമങ്ങളും തങ്ങളുടെ പൂര്‍വ നിലപാടുകള്‍ തിരുത്തി ഇസ്രയേലിനെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞ വേളയില്‍ ജെയിംസ് ഫോളിയെന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ തലയറുത്ത കൂരദൃശ്യങ്ങള്‍ മാധ്യമ്ങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതിനു പിന്നില്‍ കേവലം ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുടെ കരംമാത്രമേയുള്ളുവെന്ന് പറ്ഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. ഇസ്രയേലിന്റെ ഫലസ്ഥീന്‍ നടപടികളെ ഒരു ഇസ്ലാമിക ഖിലാഫത്ത് വാദികളും ഇതുവരെ തള്ളിപ്പറയുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നു കൂടി ഇതിനോടു ചേര്‍ത്തുവായിക്കണം. ഏതായാലും, ഒരു വിപ്ലവം കൊണ്ടുതന്ന വസന്തം ആസ്വദിക്കാന്‍ അറബ് ജനതക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കാം.
Leave A Comment