ആരാണ് മെഡിറ്റേറിയനിലെ അഭയാര്‍ഥികളെ സംരക്ഷിക്കേണ്ടത്!!!
Italian navy rescue asylum seekersയുദ്ധക്കെടുതികളും പട്ടിണിയും അതിജീവിക്കാനാകാതെ ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പാലായനം ചെയ്യവേ മെഡിറ്റേറിയനില്‍ മുങ്ങിമരിക്കുന്നത് നിത്യ കാഴ്ച്ചയായിരിക്കയാണ്. ഈ ദുരന്തങ്ങളിലെയെല്ലാം മരണനിരക്ക് ഞെട്ടിപ്പിക്കുന്നതുമാണ്. 2014 ല്‍ 2,18,000 അഭയാര്‍ത്ഥികളില്‍ 3,500 പേരാണ് ബോട്ട് മറിഞ്ഞ് മരണപ്പെട്ടതെങ്കില്‍ 2015 ല്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ച 35,000 പേരില്‍ 1600 ലധികം പേരുടെ ജീവന്‍ പൊലിഞ്ഞെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വിഭാഗം ഏജന്‍സി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ പ്രവാഹം തുടങ്ങിയിട്ട്. മറ്റൊരു വന്‍കരയാണെങ്കിലും ഭൂമിശാസ്ത്രപരമായി അടുത്തായതിനാലും പൊതുവേ സംഘട്ടനങ്ങളും അക്രമങ്ങളുമൊന്നും ഇല്ലാത്തതിനാലുമാണ് യൂറോപ്പിനെ  അഭയാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുന്നത്. മത്സ്യബന്ധനത്തിനും മറ്റു ചെറിയ യാത്രകള്‍ക്കും ഉപയോഗിക്കുന്ന യാത്രാ സൗകര്യം കുറഞ്ഞ ബോട്ടുകളിലാണ് അഭയാര്‍ത്ഥികള്‍ ജീവന്‍ കയ്യില്‍ പിടിച്ച് യാത്ര ചെയ്തിരുന്നത്. ചെറിയ അപകടങ്ങളൊക്കെ ഉണ്ടാവാറുണ്ടായിരുന്നെങ്കിലും ഈ ഗണത്തിലെ വലിയൊരപകടം നടക്കുന്നത് 2013 ഒക്‌ടോബറിലാണ്. അന്ന് ഇറ്റലി ലക്ഷ്യം വെച്ച് നീങ്ങിയ 360 അഭയാര്‍ത്ഥികളാണ് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസക്കടുത്ത് മുങ്ങിമരിച്ചത് 2013 ഒക്‌ടോബറിലാണ് ലാംപെഡൂസ തീരസംരക്ഷണസേനയുടെ കണ്‍ മുമ്പിലാണ് ദുരന്തമുണ്ടായതെങ്കിലും അല്‍പം പേരെ മാത്രമാണ് അന്ന് രക്ഷിക്കാനായ്ത്. 2014 സെപറ്റംബറില്‍ സംഭവിച്ചതാണ് പിന്നീടുണ്ടായ ഏറ്റവും വലിയ ദുരന്തം. മാള്‍ട്ടയുടെ തീരത്തിനടുത്ത് ബോട്ട് മുങ്ങി 500 ലധികം പേരാണ് അന്ന് മരണപ്പെട്ടത്. വലിയ ബോട്ടില്‍ നിന്ന് ചെറിയ ബോട്ടുകളിലേക്ക് ആളുകളെ കയറ്റുന്നതിനിടെയാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും ആളുകളെക്കടത്തുന്ന ലോബിയും മെഡിറ്റേറിയനില്‍ സജീവമാണ്. ഇവര്‍ അയാര്‍ത്ഥികളോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. ആളുകളെ ജീവനോടെ കടലിലേക്ക് എറിയുന്നതിനൊന്നും ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലുണ്ടായ മറ്റൊരു ദുരന്തത്തില്‍ 300 പേരും ഏപ്രില്‍ 12 ന് നടന്ന മറ്റൊരു ദുരന്തത്തില്‍ 400 പേരും മരണപ്പെട്ടിരുന്നു. ഏപ്രില്‍ 19 നാണ് ലോകം തന്നെ നടുങ്ങിയ ദുരന്തമുണ്ടായത്. 700 ലധികം അഭയാര്‍ത്ഥികള്‍ കയറിയ ബോട്ട് ലാംപെഡൂസ ദ്വീപില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെ മുങ്ങുകയും 650-ലധികം പേര്‍ മരണപ്പെടാനിടവരികയും ചെയ്തു. ഇതില്‍ വെറും 28 പേരെ മാത്രമേ തീരരക്ഷാസേനക്ക് രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ എന്നറിയുമ്പോള്‍ തന്നെ ദുരന്തത്തിന്റെ വ്യാപ്തി സുതരാം വ്യക്തമാവുന്നുണ്ട്. മധ്യധരണ്യാഴിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണെന്നാണ് സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കുന്നത്. 650-ലധികം പേരുടെ ജീവന്‍ പൊലിഞ്ഞ ഈ ദുരന്തം ലോക മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചു കളഞ്ഞു. എല്ലാം ഇട്ടെറിഞ്ഞ് രക്ഷതേടി പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും ഉദാസീന നയം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന് നേരെ ഈ സംഭവത്തെത്തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ഉദാരനിലപാട് സ്വീകരിക്കാനും അവരുടെ പരാധീനതകള്‍ക്ക് ചെവികൊടുക്കാനും യൂറോപ്യന്‍ യൂണിയന്‍ തയ്യാറാവണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ തന്നെ ആവശ്യപ്പെട്ടത് ലോകജനതയുടെ വികാരം മാനിച്ച് തന്നെയായിരുന്നു. കൂടാതെ മാര്‍പാപ്പയും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായത് അല്‍പമെങ്കിലും പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.  ജീവിതോപാധി തേടി അലയുന്ന നമ്മുടെ തന്നെ സഹോദരന്മാരാണ് അഭയാര്‍ത്ഥികളെന്നും അതിനാല്‍ അവരെ രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ലോകജനതയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അഭയാര്‍ത്ഥികളും ദുരന്തത്തിന്റെ ഉത്തരവാദികളും ലിബിയ, എറിത്രിയ, സിറിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ നിന്നും രക്ഷ തേടി പാലായനം ചെയ്യുന്നവരാണ് ഒരു വിഭാഗം അഭയാര്‍ത്ഥികളെങ്കില്‍ മറ്റൊരു വിഭാഗം സഹാറാ ആഫ്രിക്കയില്‍ നിന്നും പട്ടിണി കാരണം നാട് വിടുന്നവരാണ്. 2011 ല്‍ അറബ് ലോകത്ത് അടിച്ച് വീശിയ മുല്ലപ്പൂ വിപ്ലവമാണ് ഇവിടങ്ങളില്‍ ആഭ്യന്തര കാലുഷ്യങ്ങള്‍ക്ക് വിത്ത് പാകിയത്. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ അമേരിക്കയും സഖ്യകക്ഷിയായ നാറ്റോയും പടപ്പുറപ്പാട് നടത്തുകയും ആറ് മാസം നീണ്ട കനത്ത ബോംബിങ്ങില്‍ ലിബിയയെ ഒരു ശവപ്പറമ്പാക്കി മാറ്റുകയും ചെയ്തു. നാറ്റോയില്‍ അംഗമായി ഈ കൂട്ടക്കുരുതിക്ക് പിന്തുണ നല്‍കിയിരുന്നത് യൂറോപ്യന്‍ യൂണിയനിലെ ഇറ്റലി അടക്കമുള്ള രാജ്യങ്ങള്‍ തന്നെയാണ്. ഭരണകൂടവും വിമത വിഭാഗവും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടതിന്റെ പത്തിരട്ടി ആളുകളാണ് ഈ ആറ് മാസ കാലയളവില്‍ കൊല്ലപ്പെട്ടത്.  ഗദ്ദാഫി കൊല്ലപ്പെടുകയും മുഴുവന്‍ പ്രദേശങ്ങളും ഗദ്ദാഫി അനുകൂല വിഭാഗത്തില്‍ നിന്ന് കീഴടക്കാന്‍ സാധിച്ചിരുന്നുവെങ്കിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ വിദേശ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. ആഭ്യന്തര യുദ്ധത്തില്‍ നിന്ന് ജന്മമെടുത്ത  അല്‍ ഖാഇദ, ഐഎസ്ഐഎസ് തുടങ്ങിയ മതമൗലികവാദികളായ പുതിയ കക്ഷികള്‍ രാജ്യത്തെ കൂടുതല്‍ സംഘര്‍ഷഭരിതവും സമാധാനരഹിതവുമാക്കിത്തീര്‍ത്തതാണ് ഇതിന്ന് കാരണം. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക് പ്രകാരം രാജ്യത്തെ രണ്ട് ദശലക്ഷം പൗരന്മാര്‍ ആഭ്യന്തര യുദ്ധം കാരണം അഭയാര്‍ത്ഥികളായിട്ടുണ്ട്. ഇതാവട്ടെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് വരും. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ച ദുരന്തമാണ് മുല്ലപ്പൂ വിപ്ലവം വരുത്തി വെച്ചത്. 57 ദശലക്ഷം ആളുകളാണ് ഇത്തരുണത്തില്‍ ലോകത്തൊന്നാകെ സ്വരാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്നത്. അഭയാര്‍ത്ഥികളോടുള്ള സമീപനം; യൂറോപ്യന്‍ യൂണിയന്റെ ഉദാസീനത ഉയര്‍ന്ന മരണനിരക്കോട് കൂടെയുള്ള  ഈ കടല്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും വിഷയത്തെ ഗൗരവമായി കാണാന്‍  യൂറോപ്യന്‍ യൂണിയന്‍ മേലാളന്‍മാര്‍ തയ്യാറായിട്ടില്ലെന്നതാണ് ഇതിന്ന് കാരണം. യഥാര്‍ത്ഥത്തില്‍ മെഡിറ്റേറിയന്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സുസജ്ജമായ സംവിധാനം യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ ഇറ്റലി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു.  മെയര്‍ നോസ്ട്രം (Mare Nostrum) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് പ്രതിമാസം 12.5 ദശലക്ഷം ഡോളറായിരുന്നു ചെലവ് വന്നിരുന്നത്. മാസം തോറും ഇത്ര വലിയ തുക മുടക്കാന്‍ അംഗരാജ്യങ്ങള്‍ വിസമ്മതിച്ചതോടെ ഇറ്റലി ഈ പദ്ധതി നിര്‍ത്തിവെക്കുകയാണുണ്ടായത്. ഇന്ന് ട്രിടോണ്‍ (Triton) എന്ന പേരിലറിയപ്പെടുന്ന ചെലവ് കുറഞ്ഞ ചുരുക്കം ചില കപ്പലുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തന ദൗത്യമാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ദുരന്തമുണ്ടായാല്‍ അവിടങ്ങളില്‍ എത്തിപ്പെടാനും രക്ഷാപ്രവര്‍ത്തനം നടത്താനും ഒരുപാട് സമയമാവശ്യമായി വരുന്നുണ്ട്. യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍ പിന്നെ മരണ നിരക്ക് വര്‍ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ ലോകമൊന്നടങ്കം യൂറോപ്പിലെ രോഗി എന്ന് പരിചയപ്പെടുത്തുന്ന തുര്‍ക്കി ഇവ്വിഷയത്തില്‍ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിറിയയുടെ അയല്‍ രാജ്യമായിരുന്നിട്ടും അവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ തങ്ങളുടെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടാണ് തുര്‍ക്കി ശ്രദ്ധേയമായമാവുന്നത്. മുമ്പ് ക്രൈമിയന്‍ മുസ്‌ലിംകളും പ്രതിസന്ധി നേരിട്ടപ്പോള്‍ ഓടിച്ചെന്നത് തുര്‍ക്കിയിലേക്ക് തന്നെയായിരുന്നു. ക്രൈമിയയിലുള്ളതിനേക്കാള്‍ ക്രൈമിയന്‍ മുസ്‌ലിംകള്‍ ഇന്ന് അധിവസിക്കുന്നത് തുര്‍ക്കിയിലാണെന്നത് ഇതിന്റെ നേര്‍ തെളിവാണ്. ദുരന്തങ്ങളെല്ലാം വരുത്തി വെച്ചതിന് ശേഷം അതിനിരയായവര്‍ക്ക് സഹായം നല്‍കാത്ത് യൂറോപ്യന്‍ യൂണിയന്റെ  നയനിലപാടില്‍ ശക്തമായ പ്രതിഷേധവും അതിനാല്‍ തുര്‍ക്കി പ്രകടിപ്പിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ വൈമനസ്യം കാണിക്കുന്നുന്നുവെന്ന് മാത്രമല്ല, അഭയാര്‍ത്ഥികളുടെ വരവ് തടയാന്‍ ലിബിയയില്‍ പുതിയ സൈനിക നീക്കത്തിനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ആദ്യം വ്യോമാക്രമണം മാത്രമാണ് ഉണ്ടാവുക എന്ന് പറഞ്ഞിരുന്നെങ്കിലും കരയാക്രമണത്തിനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. ചുരുക്കത്തില്‍ അഭയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആംനസ്റ്റി ചൂണ്ടിക്കാണിച്ചത് പോലെ മെയര്‍ നോസ്ട്രം (Mare Nostrum))എന്ന രക്ഷാപ്രവര്‍ത്തന ദൗത്യം  പുനസ്ഥാപിക്കുകയാണ് ഇതിനാദ്യമായി അവര്‍ ചെയ്യേണ്ടത്. ഒരു കാലത്ത് സമാധാനത്തില്‍ നോബേല്‍ നേടിയ പാരമ്പര്യമുണ്ട്  യൂറോപ്യന്‍ യൂണിയന്. അതിന്റെ നാലിലൊന്ന് നിലവാരത്തേക്കെങ്കിലും ഉയര്‍ന്നിരുന്നുവെങ്കില്‍ കുറേ കൂടി മനുഷ്യപ്പറ്റുള്ള തീരുമാനം യൂണിയന് എടുക്കാന്‍ കഴിയുമായിരുന്നുവെന്നതില്‍ രണ്ട് പക്ഷമില്ല.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter