റിലീഫ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം മാറരുത്‌
cgrഅബൂ ഹുറൈറ(റ)വില്‍നിന്നു നിവേദനം: നബി(സ) പറഞ്ഞു: വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം ചെയ്യുന്നവനെപ്പോലെയാണ്. അബൂഹുറൈറ(റ)തുടര്‍ന്നു: നബി(സ) ഇങ്ങനെയും പറഞ്ഞതായി ഞാനോര്‍മിക്കുന്നു: (അയാള്‍) ക്ഷീണമറിയാതെ നിസ്‌കരിക്കുന്നവനെപ്പോലെയും തുടര്‍ച്ചയായി നോമ്പുപിടിക്കുന്നവനെപ്പോലെയുമാകുന്നു. (ബുഖാരി, മുസ്‌ലം) സ്വഭാവ വിശേഷങ്ങളിലും വികാര വിചാരങ്ങളിലുമെല്ലാം മനുഷ്യര്‍ ഒരേതരക്കാരാണെങ്കിലും സാമ്പത്തികമായി സമൂഹം വിവിധ ചേരികളിലാണ് നിലകൊള്ളുന്നത്. കുബേര-കുചേല മധ്യമ സമൂഹങ്ങളെ എവിടെയും കാണുക പ്രയാസമല്ല. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ഇച്ഛിക്കുന്നതെല്ലാം നല്‍കുന്നുവെന്ന പ്രാപഞ്ചിക സത്യത്തിന്റെ തുടര്‍ച്ചകളാണ് ഈ വേര്‍തിരിവുകള്‍. പാരമ്പര്യമായും സ്വന്തം അധ്വാനത്തിന്റെ ഫലമായും മറ്റിതര മാര്‍ഗങ്ങളിലൂടെയും മനുഷ്യന്‍ സമ്പന്നനായിത്തീരുന്നു. അപ്രകാരം തന്നെയാണ് ദാരിദ്ര്യത്തിന്റെയും കിടപ്പ്. എന്നാല്‍ എന്തിനും പിറകില്‍ പ്രവര്‍ത്തിക്കുന്ന സ്രഷ്ടാവിന്റെ അപാരമായ യുക്തി ഇവിടെയും നിഷേധിക്കാന്‍ സാധ്യമല്ല. സമൂഹത്തില്‍ പരസ്പര സൗഹൃദവും സഹകരണ മനോഭാവവും മറ്റും കാണപ്പെടാന്‍ ഇത്തരം വേര്‍തിരിവ് അനിവാര്യമാണ്. ഒരേയൊരു പിതാവിന്റെയും മാതാവിന്റെയും സന്തതികളെന്ന നിലയില്‍ മനുഷ്യര്‍ പരസ്പര സഹോദരങ്ങളാണ്. അതുകൊണ്ടു തന്നെ തന്റെ സഹോദരന്റെ സുഖദുഃഖങ്ങള്‍ തന്റെയും കൂടിയാണെന്ന ബോധം എപ്പോഴും ഓരോ മനുഷ്യനിലുമുണ്ടായിരിക്കണം. സന്തോഷം വരുന്ന സന്ദര്‍ഭത്തില്‍ പരസ്പരം കാണാനും ആഹ്ലാദം പങ്കിടാനും ഒരുങ്ങുന്ന പ്രവണത പക്ഷേ, വിഷമ ഘട്ടങ്ങളിലും ദുര്‍ഘട നിമിഷങ്ങളിലും അധികമാളുകളും കാണാറില്ലെന്നതാണ് വസ്തുത. ഇവിടെയാണ് പ്രവാചകന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. സമൂഹത്തില്‍ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പുറമ്പോക്കുകളില്‍ മാത്രം കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവര്‍ ധാരാളമുണ്ട്. അഗതികളും അനാഥബാല്യങ്ങളും ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവകളും മറ്റനേകം ദുര്‍ബല വിഭാഗങ്ങളും ജീവിതം മുന്നോട്ടു നീക്കാന്‍ പാടുപെടുകയാണ്. അവര്‍ക്ക് ഏക ആശ്രയം അന്യരുടെ കനിവും കാരുണ്യവും മാത്രം. അതുകൊണ്ടുതന്നെ സമൂഹത്തിലെ സമ്പന്നവര്‍ഗം അശരണരായ ദരിദ്ര വര്‍ഗത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ കോപത്തെയും ശിക്ഷയെയും സൂക്ഷിക്കേണ്ടതുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാം വഭാവനം ചെയ്യുന്ന സകാത്ത് കൊണ്ടു ള്ള ഇദംപ്രഥമമായ ലക്ഷ്യവും ജീവകാരുണ്യം തന്നെയാണ്. ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വിന്റെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തില്‍ കളിയാടിയ ഐശ്വര്യവും ഈ വസ്തുത ശരിവെക്കുന്നതാണ്. സകാത്ത് വാങ്ങാന്‍ പോലും ആളില്ലാത്ത ഒരു സാഹചര്യം സമാഗതമാകും വിധം ഇസ്‌ലാമിക സാമ്രാജ്യം അക്കാലത്ത് പുഷ്ടിപ്പെട്ടത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നുവെന്നത് നിഷേധിക്കാവതല്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് സമൂഹത്തെ താക്കീത് ചെയ്ത തിരുദൂതരും ചോദിക്കുന്നവനെ ആട്ടിപ്പറഞ്ഞയക്കരുതെന്ന് സൃഷ്ടികളോട് ആജ്ഞാപിക്കുന്ന അല്ലാഹുവും മനുഷ്യസഹജമായ ഒരു ഉത്കൃഷ്ട പ്രവര്‍ത്തനമായിട്ടാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നത്. ആഇശ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാന്‍ കഴിയുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കില്ലാത്ത പ്രതിഫലം തന്നെ ലഭിക്കുമെന്നാണ്. മഹതിയെ സമീപിച്ച ഒരു സ്ത്രീയെയും രണ്ട് പെണ്‍മക്കളെയും കണ്ട് മനസ്സിലഞ്ഞ ആഇശാ(റ) വീട്ടിലാകെ പരതിയിട്ട് ലഭിച്ച് ഒരു കാരക്ക അവര്‍ക്ക് നല്‍കുകയായിരുന്നു. പക്ഷേ, ആ സ്ത്രീ തന്റെ വിശപ്പ് വകവെക്കാതെ തന്റെ മക്കള്‍ക്ക് ആ കാരക്ക വീതിച്ച് നല്‍കുന്നത് ആശ്ചര്യത്തോടെ വീക്ഷിച്ച ആഇശ(റ) സംഭവം നടന്ന പോലെ തന്നെ റസൂലിന് അവതരിപ്പിച്ചുകൊടുത്തു. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: ഈ പെണ്‍കുട്ടികളാല്‍ ആരെങ്കിലും പരീക്ഷിക്കപ്പെടുകും അവര്‍ക്ക് അവന്‍ നന്മ ചെയ്യുകയും ചെയ്താല്‍ അവര്‍ അവന് നരകത്തെതൊട്ട് ഒരു മറയായി നിലകൊള്ളുന്നതായിരിക്കും. വീട്ടുമുറ്റത്ത് വന്നുനില്‍ക്കുന്ന വികലാംഗരും അധ്വാനശേഷിയില്ലാത്തവരുമായ യാചകരെ തിരിഞ്ഞുനോക്കാത്തവരും നിര്‍ദയം ആട്ടിയോടിക്കുന്നവരും പ്രവാചകന്റെ വചനം ശക്തമായതിന്നെ മുഖവിലക്കെടുക്കേണ്ടതുണ്ട്. പ്രവാചകനു സമീപമെത്തിയ ഒരു യാചകനെ അയാള്‍ക്ക് അധ്വാനിക്കാന്‍ ശേഷിയുണ്ടെന്നു മനസ്സിലാക്കിയ മാത്രയില്‍ വീട്ടിലേക്കയച്ച് തന്റെ കൈവശമുള്ള പുതപ്പ് വില്‍ക്കാനും വിറ്റ് കിട്ടുന്ന കാശ് കൊടുത്ത് മഴുവാങ്ങി വിറക് ശേഖരിച്ച് ഉപജീവനം നയിക്കാനും നിര്‍ദേശിച്ച പ്രവാചകന്‍ അയാള്‍ക്ക് ചെയ്തു കൊടുത്തത് വലിയ സഹായം തന്നെയായിരുന്നു. ദാഹിച്ചവശനായി മരുഭൂമിയിലലയുമ്പോള്‍ വഴിയില്‍ കണ്ട കിണറ്റിലിറങ്ങി ദാഹം ശമിപ്പിച്ച് തിരിച്ചുകയറിയപ്പോള്‍ ദാഹാര്‍ത്തനായി മണ്ണുകപ്പുന്ന നായയെ കണ്ട് മനസ്സിലഞ്ഞ് അതിന് വെള്ളം കോരിക്കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗസ്ഥനാകാന്‍ കഴിഞ്ഞ ബനൂ ഇസ്രാഈലുകാരന്റെ ചരിത്രം ഏവരും പഠിച്ചു മറന്നതാണ്. നാടുനീളെ കാണപ്പെടുന്ന റിലീഫ് വിതരണങ്ങളും മറ്റും പ്രോത്സാഹനാര്‍ഹങ്ങള്‍ തന്നെയാണെങ്കിലും അത്തരം മഹാമനസ്‌കതയും ഔദാര്യവും സാമൂഹിക തലത്തില്‍നിന്നും വൈയക്തിക തലത്തിലെത്തുമ്പോഴേക്ക് ഓരോരുത്തരും പിന്‍വലിയുന്നതാണ് പുതിയ കാലത്തിന്റെ നടപ്പുരീതി. ഈ അവസ്ഥകള്‍ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ധനികന്റെ കുന്നുകൂടിക്കിടക്കുന്ന സമ്പത്തില്‍നിന്നും ദരിദ്രര്‍ക്കുള്ള വിഹിതം നിര്‍ബന്ധമായും അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കുബേര വര്‍ഗം തയാറാകണം. ഒരു യാചകന്റെ സല്‍ക്കാര ദൗത്യം ഏറ്റെടുത്ത് തന്റെയും കുടംബത്തിന്റെയും പശിയടക്കാന്‍ വകയില്ലാത്തതിനാല്‍ വിളക്കുകെടുത്തി ഭക്ഷണം കഴിക്കുന്നതായി നടിച്ചുകൊണ്ടു അതിഥിയെ സന്തോഷിപ്പിച്ച സ്വഹാബി ദമ്പതികളും നോമ്പുതുറക്കാനായി ഒരുക്കിവെച്ച ആഹാരം അതിനോടുള്ള താല്‍പര്യത്തോടുകൂടെ തന്നെ അഗതിക്കും അനാഥക്കും തടവുകാരനും വെച്ചുനീട്ടിയ പ്രവാചക പുത്രി ഫാത്വിമ(റ)യും ഭര്‍ത്താവ് അലി(റ)യും എല്ലാം സമൂഹത്തില്‍ പുനര്‍ജനിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ അല്ലലും അലട്ടലുമില്ലാത്ത ഒരു ഐശ്വര്യപൂര്‍ണമായ ലോകത്തിന്റെ സൃഷ്ടിപ്പിന് വഴിയൊരുങ്ങുകതന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter