അബൂ ത്വല്‍ഹ അല്‍ അന്‍സാരി (റ)-2

wall paper to abu thalha 2ഹിജ്‌റക്കു മുമ്പു തന്നെ മദീനയില്‍ ഇസ്‍ലാം മത വിശ്വാസികളുണ്ടായിരുന്നു. മിസ്അബ് ബിന്‍ ഉമൈര്‍(റ) പ്രവര്‍ത്തനങ്ങള്‍ വഴി മുസ്‍ലിമായവരായിരുന്നു അവര്‍. നബി(സ്വ)ക്കും ഇവര്‍ക്കുമിടയില്‍ നടന്ന ഉടമ്പടിയായിരുന്നു അഖബാ ഉടമ്പടി. ഇതില്‍ സംബന്ധിച്ച മദീന നിവാസികളായ എഴുപതോളം പേരില്‍ അബൂ ത്വല്‍ഹ(റ)യും ഉമ്മു സുലൈം(റ) ഉണ്ടായിരുന്നു. രാത്രിയുടെ യാമങ്ങളിലാണ് ഇവര്‍ പ്രവാചക (സ്വ)രെ കണ്ടുമുട്ടിയത്. മക്കയിലെ ഒരു മലഞ്ചെരുവിലാണ് ഈ ഉടമ്പടി നടന്നത്. മദീനയിലെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പന്ത്രണ്ട് പേരെ നബി(സ്വ) നിയോഗിച്ചു. അതിലൊരാളായിരുന്നു അബൂ ത്വല്‍ഹ(റ). നബി(സ്വ) സംബന്ധിച്ച എല്ലാ പോരാട്ടങ്ങളിലും അബൂ ത്വല്‍ഹ(റ)യും സംബന്ധിച്ചു. അവയില്‍ താരശോഭ പോലെ ശോഭിച്ചുനില്‍ക്കുന്നത് ഉഹ്ദ് യുദ്ധത്തിലെ പ്രകടനമാണ്.

നബി (സ) യോട് അദമ്യമായ അനുരാഗമാണ് അബൂത്വല്‍ഹക്കുണ്ടായിരുന്നത്. തന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു പുണ്യ നബി (സ്വ). തന്റെ രക്തത്തിലും മജ്ജയിലും ആ വികാരം ഓടി നടന്നു. ആ തിരുമുഖത്തേക്ക് നോക്കി അയാളുടെ വിശപ്പടങ്ങിയില്ല. അവിടുത്തെ സംസാരശുദ്ധി കേട്ട് അയാളുടെ ദാഹം ശമിച്ചില്ല. അവിടുത്തെ സദസ്സില്‍ ആളൊഴിഞ്ഞാല്‍ തിരുമുമ്പില്‍ മുട്ടുകുത്തിയിരുന്ന് അബൂത്വല്‍ഹ (റ) പറയും '' നഫ്‌സീ ലി നഫ്‌സികല്‍ ഫിദാ, വജ്ഹീ ലി വജ്ഹികല്‍ ഫിദാ'' ( എന്റെ ശരീരം താങ്കള്‍ക്ക് സമര്‍പ്പിതമാണ്, എന്റെ മുഖം അങ്ങയുടെ മുഖത്തിന് സംരക്ഷണ കവചമാണ്.)

***                     ***

ഉഹ്ദ് യുദ്ധമാണ് രംഗം. മുസ്ലിംകള്‍ പിന്തിരിഞ്ഞോടി. നബി (സ്വ) ക്ക് സംരക്ഷണം നല്‍കിയിരുന്നവര്‍ ഓടിമറഞ്ഞിരിക്കുന്നു. നാല് ഭാഗത്തു നിന്നുമായി ശത്രുക്കള്‍ നബി (സ്വ) യെ വളഞ്ഞു. നബി (സ്വ) യുടെ മുന്‍പല്ല് പൊട്ടി. നെറ്റിത്തടം കീറി. അധരങ്ങള്‍ക്ക് മുറിവ് പറ്റി. അവിടുത്തെ തിരു വദനങ്ങളില്‍ നിന്നും ഉതിര്‍ന്നു വീണ രക്തത്തുള്ളികള്‍ ഉഹ്ദിന്റെ രണഭൂമിയില്‍ കലര്‍ന്നു. എല്ലാം ആ ശത്രുക്കളുടെ ഹീന കൃത്യങ്ങളായിരുന്നു.

ആയിടക്കാണ് മുഹമ്മദ് വധിക്കപ്പെട്ടു എന്ന കള്ളവാര്‍ത്ത ശത്രുക്കള്‍ പ്രചരിപ്പിച്ചത്. ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മുസ്‍ലിംകളെ സംബന്ധിച്ചുടത്തോളം അതൊരു കനത്ത പ്രഹരമായിരുന്നു. അതോടെ അവരുടെ ശക്തി ശോഷിച്ചു. മുസ്‍ലിം സൈന്യം പിന്തിരിഞ്ഞോടി. നബി (സ്വ) യെ സംരക്ഷിക്കാന്‍ കൂടെയുണ്ടായത് പത്തില്‍ താഴെ സ്വഹാബികള്‍ മാത്രം. അവരില്‍ മുന്‍ നിരക്കാരനായി അബൂത്വല്‍ഹയുണ്ട്.

അബൂത്വല്‍ഹ(റ) യുടെ മനോവീര്യം തകര്‍ന്നില്ല. പുണ്യ നബി (സ്വ)ക്ക് സംരക്ഷണ കവചങ്ങളായി സ്വഹാബികള്‍ നിലയുറപ്പിച്ചു. അബൂത്വല്‍ഹ (റ) ഒരു വന്‍മതിലായി, അല്ല ഉഗ്രന്‍ പര്‍വ്വതമായി നബി (സ്വ) യുടെ ചാരത്ത് നിലയുറപ്പിച്ചു. നബി (സ്വ) യുടെ നേര്‍ക്ക് വരുന്ന അസ്ത്രങ്ങള്‍ക്കു നേരെ ഒരു കവചമായി അബൂത്വല്‍ഹ (റ) പോരാടി. അബൂത്വല്‍ഹയുടെ പിന്നിലാണ്  നബി (സ്വ) സ്ഥാനമുറപ്പിച്ചുരുന്നത്.

അബൂത്വല്‍ഹ(റ) തന്റെ ആവനാഴിയിലെ അമ്പും വില്ലും സജ്ജമാക്കി. ഉന്നം പിഴക്കാത്ത, തന്നെ ചതിച്ചിട്ടില്ലാത്ത ഈ ആയുധങ്ങളുമായി അബൂത്വല്‍ഹ(റ) തന്റെ ജോലി തുടങ്ങി. ശത്രുസേനക്ക് എയ്തുവിട്ട ഓരോ അസ്ത്രവും അവര്‍ നബി (സ്വ) യോടടുക്കുന്നത് തടഞ്ഞു. അങ്ങനെ ഓരോരുത്തരായി നബി (സ്വ) യെ വകവരുത്താനുള്ള ശ്രമത്തില്‍ നിന്നും പിന്‍വാങ്ങി.

അബൂത്വല്‍ഹ(റ) യുടെ അസ്ത്രവിന്യാസം നബി (സ്വ) യെ അത്ഭുതപ്പെടുത്തി. ആ പ്രകടനം വീക്ഷിക്കാന്‍  നബി (സ്വ) അബൂത്വല്‍ഹ(റ)ക്ക് പിന്നിലൂടെ എത്തിനോക്കിയതാണ്. ഉടനെ അബൂത്വല്‍ഹ(റ) യുടെ പ്രവാചകാനുരാഗം അണപൊട്ടി. അബൂത്വല്‍ഹ(റ) പ്രവാചകരോടായി പറഞ്ഞു'' നബിയേ, അങ്ങ് എന്റെ മാതാവും പിതാവുമാണ് ആ ശത്രുസേനയെ നിങ്ങള്‍ എത്തിനോക്കരുതേ, അവര്‍ താങ്കള്‍ക്ക് അപകടം വരുത്തും നബിയേ, അങ്ങയുടെ കണ്ഠങ്ങള്‍ക്ക് പകരം എന്റെ കണ്ഠങ്ങള്‍ ഞാനവര്‍ക്ക് സമര്‍പ്പിക്കാം, അങ്ങയുടെ മാറിടത്തിന് പകരം ഞാന്‍ എന്റെ മാറിടം അവര്‍ക്ക് നല്‍കാം, പ്രവാചകരേ, എന്റെ ജീവന്‍ അങ്ങേക്കായി വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്''.

യുദ്ധത്തിനിടയില്‍ മുസ്‍ലിം സേനയിലെ പലരും നബി(സ്വ) യുടെ സമീപത്തു നിന്ന് ഓടിമറയുന്നത് നബി(സ്വ) യുടെ ദൃഷ്ടിയില്‍പെട്ടു. അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയുമായാണ് അവര്‍ ഓടിമറയുന്നത്. നബി (സ്വ) അവരെ തിരിച്ച്‌വിളിച്ചുകൊണ്ട് പറഞ്ഞു ''അസ്ത്രങ്ങളുമായി ഓടിപ്പോകാതെ അവ അബൂത്വല്‍ഹ(റ) ക്ക് നല്‍കൂ.'' എല്ലാ ശക്തിയും സജ്ജീകരണങ്ങളും സംഭരിച്ച് അബൂത്വല്‍ഹ(റ) നബി(സ്വ) യുടെ സംരക്ഷണ ദൗത്യം ഭംഗിയായി നിറവേറ്റി. ആ പോരാട്ടത്തിനിടയില്‍ മൂന്ന് വില്ലുകള്‍ പൊട്ടിപ്പോയി. ശത്രുസേനയിലെ പലരും അബൂത്വല്‍ഹ(റ) യുടെ അമ്പെയ്ത്തില്‍ മൃതിയടഞ്ഞു. യുദ്ധം അവസാനിക്കും വരെ നബി (സ്വ) ക്ക് സംരക്ഷണം നല്‍കിയ അബൂത്വല്‍ഹ(റ) സന്ദിഗ്ധ ഘട്ടങ്ങളിലെ രക്ഷകനും ജേതാവുമായിരുന്നു.

**                      **

അബൂത്വല്‍ഹ(റ)      ഉദാരശീലനായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമ്പത്ത് വിനിയോഗിക്കാന്‍ വിഷമഘട്ടവും ഐശ്വര്യകാലവും അബൂത്വല്‍ഹ(റ) ക്ക് ഒരുപോലെയായിരുന്നു. അബൂത്വല്‍ഹ(റ) യുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ എസ്റ്റേറ്റ് മദീനയിലുണ്ടായിരുന്നു.  ഈന്തപ്പഴവും മുന്തിരിയും സമൃദ്ധമായി ലഭിച്ചിരുന്ന ഈ തോട്ടം മദീനയിലെ നല്ല ഫലംകായ്ക്കുന്ന, ശുദ്ധജലം നിര്‍ഝരിക്കുന്ന, വലിയ വടവൃക്ഷങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഏക തോട്ടമാണ്.

ഒരു ദിവസം അബൂത്വല്‍ഹ(റ) തന്റെ തോട്ടത്തിലെത്തി. നിഴല്‍ വിരിച്ച മരച്ചില്ലകള്‍ക്ക് താഴെ അബൂത്വല്‍ഹ(റ) നിസ്‌ക്കരിക്കുകയാണ്. ഒരു കിളി മരച്ചില്ലകളിലൊന്നിലിരുന്ന് പാട്ടുപാടാന്‍ തുടങ്ങി. കിളിയുടെ രാഗം പോലെ സുന്ദരമാണതിന്റെ മേനിയും. പച്ചപുതച്ച ചിറകുകള്‍. ചെഞ്ചോര നിറത്തിലുള്ള കൊക്കുകള്‍. വര്‍ണ്ണഛായം പൂശിയ പാദങ്ങള്‍. മനസ്സിനെ മയക്കുന്ന ആ കിളിയുടെ രാഗം അബൂത്വല്‍ഹ(റ) യുടെ ബോധത്തെ തൊട്ടുണര്‍ത്തി.  രാഗം മൂളി നൃത്തം ചവിട്ടി ആ കിളി ഓരോ ചില്ലകളിലും തന്റെ സാന്നിധ്യമറിയിച്ച് പാറിനടക്കുകയാണ്. അബൂത്വല്‍ഹ(റ) ചിന്താവിശിഷ്ടനായി.  ആ ചിന്തയില്‍ മുഴുകി കിളിയോടൊപ്പം ഒരുപാടു നേരം നീന്തിത്തുടിച്ചു.

പെട്ടെന്നാണ് ബോധം തെളിഞ്ഞത്. എത്ര റക്അത്ത് നിസ്‌കരിച്ചു എന്ന് അബൂത്വല്‍ഹ(റ) ക്ക് ഓര്‍മ വരുന്നില്ല. നിസ്‌കാരം കഴിഞ്ഞ് നേരെ നബി(സ്വ) യുടെ സന്നിധിയിലേക്ക് നീങ്ങി. തന്നെ അശ്രദ്ധയിലാക്കിയ തന്റെ പൂന്തോപ്പിനെ കുറിച്ച്, കാറ്റിന്റെ ഗതിക്കനുസരിച്ച് തല്ലിക്കളിക്കുന്ന വൃക്ഷങ്ങളെ കുറിച്ച്,  നിസ്‌കാരത്തില്‍ നിന്ന് ശ്രദ്ധമാറ്റിയ ആ വാനമ്പാടി കിളിയെ കുറിച്ച്, എല്ലാം അദ്ദേഹം നബി(സ്വ) ക്ക് വിവരിച്ചു കൊടുത്തു.

അബൂത്വല്‍ഹ(റ) പറഞ്ഞു'' പ്രവാചകരേ, അങ്ങയെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദഖയാക്കുന്നു. അല്ലാഹുവും അവന്റെ തിരുദൂതരും ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ അങ്ങത് വിനിയോഗിച്ചാലും.''  അങ്ങനെ, തന്റെ ഇഷ്ട സമ്പത്തായിരുന്ന ആ ഉദ്യാനം സത്യമതത്തിന്റെ സമ്പത്തായി മാറി. ഉദാരതയുടെ മകുടോദാഹരണമായി അബൂത്വല്‍ഹ(റ) ശോഭിച്ചുനിന്നു.

**              **              **

അബൂത്വല്‍ഹ(റ)യുടെ ജീവിതവും അന്ത്യവും ഒരുപോലെയായിരുന്നു. മരണം വരെ നോമ്പനുഷ്ടിച്ചു, സത്യമതത്തിന് വേണ്ടി ധീരപോരാളിയായി നിലകൊണ്ടു. വഫാത്താവുമ്പോള്‍ അബൂത്വല്‍ഹ(റ) നോമ്പുകാരനായിരുന്ന പോലെ തന്നെ യുദ്ധസേനയിലെ യോദ്ധാവുമായിരുന്നു. നബി (സ്വ) യുടെ വഫാത്തിന് ശേഷം അബൂത്വല്‍ഹ(റ) മുപ്പത് വര്‍ഷക്കാലം തുടരെ നോമ്പുകാരനായിരുന്നു. വ്രതം നിഷിദ്ധമായ ആഘോഷദിനങ്ങളൊഴിച്ച് എല്ലാ ദിവസവും അദ്ദേഹം വ്രതമനുഷ്ടിച്ചു.

അബൂത്വല്‍ഹ(റ) ജീവിതത്തിന്റെ സായാഹ്നത്തിലാണ്. വാര്‍ദ്ധക്യത്തിന്റെ നരബാധയേറ്റ മുടിയിഴകളാണെങ്കിലും ചുക്കിച്ചുളിഞ്ഞ ആ ഗാത്രത്തിലെ തൊലിപ്പുറങ്ങള്‍ക്ക് പോരാട്ടവീര്യം ചോര്‍ന്നിരുന്നില്ല. ശരീരം ക്ഷീണച്ചാലും അബൂത്വല്‍ഹ(റ) യുടെ ആത്മാവിനും ഹൃദയത്തിനും മധുരപ്പതിനേഴിന്റെ ശക്തിയുണ്ടായിരുന്നു. സത്യമതത്തിന്റെ ഉന്നതിക്ക് മുന്നില്‍ വാര്‍ദ്ധക്യം അബൂത്വല്‍ഹ(റ) തടസ്സമായിരുന്നില്ല. ഇസ്‍ലാം പ്രബോധനത്തിനായി അദ്ദേഹം അമാന്തം കാണിച്ചില്ല. പഴയ ഊര്‍ജ്വസ്വലത നഷ്ടപ്പെടാതെ അവര്‍ അല്ലാഹുവിന്റെ ദീനിനെ ശക്തിപ്പെടുത്തി.

അബൂത്വല്‍ഹ(റ) യുടെ ജീവിതത്തിലെ ഇത്തരമൊരു പോരാട്ടത്തിന്റെ വീരസാഹസികതയ്ക്ക് സാക്ഷ്യം വഹിച്ച യുദ്ധമായിരുന്നു ഉസ്മാന്‍ (റ) ന്റെ കാലത്ത് സംഭവിച്ച സമുദ്രയുദ്ധം.  മുസ്ലിം സൈന്യം യുദ്ധസന്നാഹങ്ങളൊരുക്കി. അബൂത്വല്‍ഹ(റ) യും  യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. അപ്പാഴാണ് സ്‌നേഹവത്സരരായ മക്കള്‍ വന്ന് പിതാവിനോട് പറയുന്നത് '' പിതാവേ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങളിപ്പോള്‍ പടുവൃദ്ധനായിരിക്കുന്നു. അങ്ങ് നബി (സ്വ) യുടെയും അബൂബക്ര്‍(റ) ഉമര്‍(റ) എന്നിവരുടെ കൂടെ യുദ്ധത്തില്‍ സംബന്ധിച്ചുട്ടുണ്ട്, ഇനി നിങ്ങള്‍ വിശ്രമിച്ചാലും, നിങ്ങള്‍ക്ക് പകരം ഞങ്ങള്‍ യുദ്ധം ചെയ്യാം.''

അബൂത്വല്‍ഹ(റ) യുടെ ഈമാനികാവേഷം ഉയര്‍ന്നു പൊങ്ങി '' ഇല്ല, അല്ലാഹുവിന്റെ കല്‍പന തിരസ്‌കരിക്കാന്‍ എനിക്ക് സാധിക്കില്ല, യുവാക്കളെന്നോ വൃദ്ധരെന്നോ പ്രായ വിത്യാസമില്ലാതെ എല്ലാവരോടും യുദ്ധത്തിന് പുറപ്പെടാനാണ് അല്ലാഹുവിന്റെ കല്‍പന.'' എന്തുതന്നെയാണെങ്കിലും അബൂത്വല്‍ഹ(റ) യുദ്ധത്തിന് പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.

ആഴക്കടലിലെ തിരമാലകളെ വകഞ്ഞുമാറ്റി മുസ്‍ലിം സേനയുടെ കപ്പല്‍ കുതിക്കുകയാണ്. സംഘത്തില്‍ അബൂത്വല്‍ഹ(റ) യുമുണ്ട്. കപ്പല്‍ കരകാണാദൂരം പിന്നിട്ട് കടലിന്റെ മധ്യത്തിലെത്തി. അപ്പോഴാണ് അബൂത്വല്‍ഹ(റ) ക്ക് അസ്വസ്ഥത പിടിപെട്ടത്. അബൂത്വല്‍ഹ(റ) രോഗബാധിതനായി. വൈകാതെ ആ കപ്പലില്‍ വെച്ച് തന്നെ ഈ ലോകത്തോട് വിടപറഞ്ഞു.

അബൂത്വല്‍ഹ(റ) യുടെ പാവനമായ മൃതദേഹം മറവ് ചെയ്യാന്‍ സഹയാത്രികര്‍ ഒരു തുണ്ട് ഭൂമി അന്വേഷിക്കുകയാണ്. അകലെയെങ്ങാനും വല്ല ദ്വീപും കാണുന്നുണ്ടോ എന്നവര്‍ നോക്കി. അബൂത്വല്‍ഹ(റ) വഫാത്തായിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് അവര്‍ ആ ദ്വീപ് കണ്ടെത്തിയത്. ആ മൃതദേഹത്തിലേക്ക് നോക്കിയാല്‍ ഉറങ്ങുകയാണോ എന്ന് മാത്രമേ തോന്നുകയുള്ളൂ. രൂപഭാവങ്ങള്‍ക്കോ ശരീരത്തിനോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

കടല്‍ മധ്യത്തില്‍ കാണപ്പെട്ട ഏതോ ഒരു ദ്വീപില്‍, നാട്ടുകാരുടെയും വീട്ടുകാരുടെയും സാന്നിധ്യമില്ലാതെ ഖബറിനടിയില്‍ ഏകാന്തനാണ് അബൂത്വല്‍ഹ (റ). ആളും പരിവാരവും ഇല്ലാത്തത് അബൂത്വല്‍ഹ (റ)ക്ക് പ്രശ്‌നമല്ല. കാരണം അല്ലാഹുവുണ്ട് കൂടെ, അവന്റെ സമീപസ്ഥനാണ് അബൂത്വല്‍ഹ (റ).

അബൂ ത്വല്‍ഹ - ഒന്നാം ഭാഗം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter