സാബിത് ബിന്‍ ഖൈസ് അല്‍ അന്‍സ്വാരി (റ)-1
*** ***
ഇന്ന്, യസ്‍രിബ് ലോകചരിത്രത്തിലെ അതുല്യവും ശ്രദ്ധേയവുമായ ഒരു സംഭവത്തിന് സാക്ഷിയാവുകയാണ്. മക്കയിലെ പതിമൂന്ന് വര്‍ഷം നീണ്ട ഇസ്‍ലാമികാദര്‍ശം മുറുകെപിടിച്ചുള്ള ജീവിതത്തില്‍ നിന്നും തങ്ങളുടെ സ്വശരീരങ്ങളെപ്പോലെ നബി (സ്വ) യെ കാണുന്ന മദീനാ നിവാസികളുടെ സ്വന്തം മണ്ണിലേക്ക് നബി (സ്വ) യും സന്തത സഹചാരി അബൂബകറും (റ) ഇന്ന് കാലുകുത്തുകയാണ്. മദീനാ നിവാസികള്‍ ആഘോഷത്തിമര്‍പ്പിലാണ്. മണല്‍ക്കൂനകള്‍ക്കപ്പുറം രണ്ട് പേര്‍ പ്രത്യക്ഷപ്പെട്ടു. മദീനക്കാര്‍ ആഹ്ലാദിത്തിന്റെ കൊടുമുടിയിലെത്തി. അത് തന്നെയാണ് മുഹമ്മദ് നബി(സ്വ). സാബിത്(റ) സന്തോഷാതിരേകത്തിന്റെ മൂര്‍ത്തീഭാവം പൂണ്ടു. അദ്ധേഹവും തന്റെ കൂടെയുള്ള യോദ്ധാക്കളും വരുന്ന ഒരു സംഘം നബി(സ്വ) യെയും അബൂ ബക്ര്‍ (റ) നെയും മദീനയിലേക്ക് ഊഷ്മളമായി വരവേറ്റു. കുട്ടികള്‍ പാട്ടുപാടി, ദഫ് മുട്ടി. അവിടെ വെച്ച് സാബിത്(റ) സാഹിത്യ സമ്പുഷ്ടമായ ഒരു പ്രസംഗം നിര്‍വ്വഹിച്ചു. ഹംദും സ്വലാത്തും ചൊല്ലി അദ്ധേഹം പ്രഭാഷണം തുടങ്ങി. പ്രഭാഷണത്തിന് വിരാമമിട്ടുകൊണ്ട് അദ്ധേഹം പറഞ്ഞു: '' അല്ലാഹുവിന്റെ പ്രവാചകരേ, സ്വശരീങ്ങള്‍ക്കും ഭാര്യസന്താനങ്ങള്‍ക്കും ഞങ്ങള്‍ എപ്രകാരം സംരക്ഷണം നല്‍കുന്നുവോ തഥൈവ താങ്കള്‍ക്ക് ഞങ്ങള്‍ സര്‍വ്വവിധ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. തത്ഫലമായി ഞങ്ങള്‍ക്ക് എന്താണ് പ്രതിഫലമുള്ളത്?'' '' സ്വര്‍ഗം''- നബി (സ്വ) മറുപടി പറഞ്ഞു. ആ സ്വരം അവരുടെ കര്‍ണ്ണങ്ങളില്‍ തട്ടി ആലിംഗനം ചെയ്തു. ആ വദനങ്ങള്‍ ഓരോന്നിലും ആനന്ദശോഭ പ്രസ്ഫുരിച്ചു. അവര്‍ പറഞ്ഞു: '' പ്രവാചകരേ, ഞങ്ങള്‍ സന്തുഷ്ടരും സംതൃപ്തരുമായിരിക്കുന്നു. പ്രവാചക സന്നിധിയിലെ ആസ്ഥാനകവിയായ ഹസ്സാനുബ്‌നു സാബിതി(റ) നെപ്പോലെ സാബിതി ബ്‌നു ഖൈസ്(റ) അവിടുത്തെ ഔദ്യോഗിക കവിയായി നിയോഗിക്കപ്പട്ടു. റസൂല്‍ (സ്വ)യുടെ സന്നിധിയില്‍ ഒരുപാട് അറബ് നിവേദക സംഘങ്ങള്‍ പ്രാഭാഷകരായും കവികളായും റസൂലി(സ്വ) നോട് ഏറ്റുമുട്ടാനും ആത്മാഭിമാനം കൊള്ളാനും വരാറുണ്ടായിരുന്നു. ഈ അവസരങ്ങളിലെല്ലാം പ്രഭാഷകരെ നേരിടാന്‍ സാബിതി(റ)നെയും കവികള്‍ക്ക് മറുപടി കവിത പാടാന്‍ ഹസ്സാനുബ്‌നു സാബിതി(റ) നെയും നബി(സ്വ) നിയമിച്ചിരുന്നു. *** *** ദൃഢവിശ്വാസവും ദൈവഭക്തിയും കൈമുതലാക്കിയ സ്വഹാബി വര്യനായിരുന്നു സാബിത് ബ്‌നു ഖൈസ്(റ). അല്ലാഹുവിന്റെ കോപം വരുത്തുന്ന സര്‍വ്വതിന്മകളെയും അദ്ദേഹം ഭയപ്പാടോടെ നോക്കിക്കണ്ടു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഭയചകിതനായി പേടിച്ചുവിറച്ചു നില്‍ക്കുന്ന സാബിത് ബ്‌നു ഖൈസി(റ) ന്റെ മുഖം നബി(സ്വ) യുടെ ശ്രദ്ധയില്‍ പെട്ടത്. നബി (സ്വ) ചോദിച്ചു: '' എന്തുപറ്റി അബൂ മുഹമ്മദ്?'' (സാബിതി(റ) ന്റെ അപരനാമമാണ് അബൂമുഹമ്മദ്). സാബിത്: '' പ്രവാചകരേ, പിഴച്ചവനായിപ്പോയോ എന്ന ഭയം കൊണ്ടാണ്''. നബി (സ്വ): '' അതെന്താ അങ്ങനെ പറയുന്നത്?'' സാബിത്: '' പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പ്രശംസിക്കപ്പെടുന്നത് ഇഷ്ടപ്പെടരുതെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഞാന്‍ അത്തരക്കാരനാണ് താനും. മാത്രമല്ല, അഹംഭാവത്തെ അല്ലാഹു നിരോധിച്ചിരിക്കുന്നു. ഞാന്‍ അഹംഭാവത്തെ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ്''. റസൂല്‍ (സ്വ) അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു. നബി(സ്വ) പറഞ്ഞു: '' സാബിതേ, സ്തുത്യര്‍ഹമായ ജീവിതം നയിച്ച്, രക്തസാക്ഷിയായി മരണം വരിച്ച് സ്വര്‍ഗം പുല്‍കാന്‍ നിനക്ക് ആഗ്രഹമില്ലേ?'' ഇതു കേട്ട സാബിതി(റ) ന്റെ മുഖം പ്രകാശപൂരിതമായി. സാബിത്(റ) പറഞ്ഞു: ''അതെ പ്രവാചകരേ, അവയെല്ലാം എനിക്ക് വേണം''. നബി (സ്വ) പറഞ്ഞു: '' നിശ്ചയം, അതിനെല്ലാം നീ അര്‍ഹതപ്പെട്ടവന്‍ തന്നെയാണ്.''*** ***
വിശുദ്ധ ഖുര്‍ആനുലെ ഓരോ ആയത്ത് അവതീര്‍ണ്ണമാവുമ്പോഴും സ്വഹാബികളുടെ ഈമാന്‍ വര്‍ദ്ധിക്കുമായിരുന്നെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്. ഇസ്‍ലാമികാധ്യാപനങ്ങള്‍ ജീവിതത്തോട് ചേര്‍ത്ത് വെച്ച അവര്‍ ഒരു ഉത്തമ സംസ്‌കാരത്തിന്റെ വക്താക്കളായിത്തീര്‍ന്നു. സൂറത്തു ഹുജുറാത്തിലെ രണ്ടാം ആയത്ത് ഏറെ സ്വാധീനിച്ചത് സാബിത് ബിന്‍ ഖൈസി (റ) നെയായിരുന്നു. ആ സൂക്തം ഇങ്ങനെയാണ്: “സത്യവിശ്വാസികളെ, പ്രവാചകരുടെ ശബ്ദത്തേക്കാള്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ചിലരോട് ഉച്ചത്തില്‍ സംസാരിക്കുന്നത് പോലെ പ്രവാചകരോട് ഉച്ചത്തില്‍ സംസാരിക്കുകയുമരുത്. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായേക്കുമെന്നതുകൊണ്ടാണ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്.” ഈ സൂക്തത്തിന്റെ സാരം മനസ്സിലാക്കിയ സാബിത്(റ) തന്നെ സംബന്ധിച്ചാണ് അല്ലാഹു ഇത് ഇറക്കിയതെന്ന് വിചാരപ്പെട്ടു. പിന്നീട് സാബിത്(റ) നബി (സ്വ) യുടെ സദസ്സിലേക്ക് വരുന്നത് അവസാനിപ്പിച്ചു. പ്രവാചകരോടുള്ള സ്‌നേഹവും മാനസിക ബന്ധവും ഉള്ളിലൊതുക്കികൊണ്ട് സ്വഗൃഹത്തില്‍ തന്നെ കഴിഞ്ഞു കൂടി. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. സാബിതി(റ) നെ കാണാതായതോടെ നബി(സ്വ) അന്വേഷിച്ചു: '' സാബിതിനെ കാണാനില്ലല്ലോ, അവനെ കുറിച്ച് ആരാണ് അന്വേഷിക്കുക.'' ''ഞാന്‍ അന്വേഷിക്കാം.'' ഒരു അന്‍സ്വാരി സ്വഹാബി എണീറ്റു നിന്നുകൊണ്ട് ആ ദൗത്യം ഏറ്റെടുത്തു. അയാള്‍ സാബിതി(റ) നെ അന്വേഷിച്ചിറങ്ങി. വീട്ടിലെത്തി. തലകുനിച്ച് ദു:ഖിതനായിരിക്കുന്ന സാബിതി(റ) നെയാണ് അയാള്‍ അവിടെ കണ്ടത്. അന്‍സ്വാരി സ്വഹാബി ചോദിച്ചു: '' അബൂ മുഹമ്മദ്, എന്തുപറ്റി താങ്കള്‍ക്ക്? '' സാബിത്(റ): '' നാശം.'' അന്‍സ്വാരി: '' എന്ത്? '' സാബിത്(റ): ''ഞാന്‍ ഉച്ചത്തില്‍ സംസാരിക്കുന്ന വ്യക്തിയാണെന്ന് താങ്കള്‍ക്കറിയാമല്ലോ? മിക്ക സമയവും എന്റെ ശബ്ദം പ്രവാചകരുടെ ശബ്ദത്തേക്കാള്‍ ഉയരുന്നുണ്ട്. എന്നെ സംബന്ധിച്ചാണ് ആ സൂക്തം അവതീര്‍ണ്ണമായത്. അതുകൊണ്ട് എന്റെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. ഞാന് ഇപ്പോള്‍ നരഗാവകാശിയാണ്.'' അന്‍സ്വാരി സ്വഹാബി പ്രവാചക സന്നിധിയില്‍ തിരിച്ചെത്തി. അവിടെ കണ്ടതും കേട്ടതും പ്രവാചകര്‍ക്ക് പറഞ്ഞുകൊടുത്തു. എല്ലാം ശ്രവിച്ചതിന് ശേഷം നബി (സ്വ) പറഞ്ഞു: ''സാബിത് നരഗാവകാശിയല്ല, സ്വര്‍ഗാവകാശിയാണെന്ന് അവനോടു പറയൂ.'' ഈ പ്രഖ്യാപനം സാബിതി(റ) നെ സന്തുഷ്ടനാക്കി. ആ ശുഭവാര്‍ത്തയുടെ ഗുണങ്ങള്‍ ജീവിതാന്ത്യം വരെ സാബിത് (റ) അനുഭവിച്ചു. സാബിത് ബിന്‍ ഖൈസ് അല്‍ അന്‍സാരി (റ) - രണ്ടാം ഭാഗം
Leave A Comment