പള്ളികള്‍ തുറന്നു.. 15 പേരെ കിട്ടാനുണ്ടോ..
ഒരു ഇമാമിന്റെ സന്ദേശമാണ് സാമൂഹ്യമാധ്യമത്തില്‍ ഇന്ന് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. മഅ്മൂമീങ്ങളെ ആവശ്യമുണ്ട് എന്ന തലക്കെട്ടോടെയാണ് സന്ദേശം.
പതിനഞ്ചുപേരിലധികമാവരുത് എന്ന നിബന്ധനയോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയിട്ടുണ്ടെങ്കിലും നിസ്കരിക്കാന്‍ ആളുകള്‍ വരുന്നില്ലെന്നും പള്ളിയില്‍ ജമാഅത് നടത്തണമെങ്കില്‍ ഇമാം മാത്രം പോരെന്നും കൂടെ മഅ്മൂം ആയി ആരെങ്കിലുമൊക്കെ വേണമെന്നുമാണ് സന്ദേശത്തിന്റെ ചുരുക്കം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടന്നിരുന്ന പള്ളികള്‍, വിശ്വാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന്, പരിമിതമായ ആളുകള്‍ക്ക് മാത്രമാണെങ്കിലും, തുറക്കാനുള്ള അനുവാദം ലഭിച്ചിരിക്കുകയാണ്.
പള്ളി തുറക്കുന്നത് വരെ അതിനായി ഉറക്കെ ശബ്ദിച്ചവര്‍ ധാരാളമായിരുന്നു. അവസാനം പതിനഞ്ച് പേര്‍ക്ക് മാത്രം അനുവാദം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം വന്നപ്പോള്‍ അത് പോരെന്ന് പറയാനും ആളുകള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ അടുത്ത അവകാശങ്ങള്‍ക്കായി ശബ്ദിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് മനസ്സിലാവുന്നത്. പള്ളിയിലേക്ക് വേറെ ആളുകളെ നോക്കേണ്ട ഗതിയാണ് പലയിടത്തും.
ആദ്യഘട്ടമെന്നോണം നിയന്ത്രണങ്ങളേര്‍പ്പെടുത്തി പള്ളികള്‍ തുറന്നിരുന്നപ്പോഴും പതുക്കെപ്പതുക്കെ ഇതേ പ്രശ്നം കടന്നുവന്നിരുന്നു. ആദ്യ ആഴ്ചകളിലൊക്കെ ജുമുഅക്ക് നാല്‍പത് പേരില്‍ പരിമിതമാക്കാന്‍ വേണ്ടി ടോക്കണ്‍ സിസ്റ്റവും ഓണ്‍ലൈന്‍ ബുകിംഗുമെല്ലാം ചില മഹല്ലുകള്‍ തുടങ്ങിയിരുന്നുവെങ്കിലും, അധികം വൈകാതെ പലയിടങ്ങളിലും നാല്‍പത് പേര്‍ തികയാത്ത അവസ്ഥ വന്നിരുന്നതായി പല ഇമാമുമാരും പറഞ്ഞിരുന്നു.
ജുമുഅയുടെ സമയത്ത് അങ്ങാടികളിലും പാതോയരത്തും കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നതും പലയിടത്തും പതിവായി മാറിയിരുന്നു. ചെയ്യാതിരിക്കുന്നത് പതിവായതോടെ നമ്മുടെ മനസ്സ് അതിന് പാകപ്പെട്ടു എന്നതല്ലേ സത്യം. അഥവാ, ആരാധനകള്‍ നമുക്ക് കേവലം ആചാരങ്ങളും പതിവുകളുമായിരുന്നു എന്നര്‍ത്ഥം. അത് കൊണ്ടാണല്ലോ, മൂന്നോ നാലോ ആഴ്ച അത് ചെയ്യാതിരിക്കുമ്പോഴേക്ക്, അതിനോടുള്ള ബഹുമാനവും ഭക്തിയും നമ്മുടെ മനസ്സില്‍നിന്ന് പോയി മറയുന്നത്.
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഇങ്ങനെ തോന്നിപ്പോവുന്നു, സ്കൂളുകള്‍ പൂട്ടിത്തുറക്കുമ്പോള്‍ ബാക് ടു സ്കൂള്‍ കാമ്പയിന്‍ പോലെ, ഒരു ബക് ടു മസ്ജിദ് കാമ്പയിന്‍ നടത്തേണ്ടിവരുമോ എന്ന്. നാഥാ, ഈ സമുദായത്തിന് നീ മാത്രമാണ് തുണ, ഞങ്ങളോട് പൊറുക്കണേ.
Leave A Comment