മതം കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല

killയൂറോപ്യന്‍ അധിനിവേശത്തില്‍ നിന്നു മോചനം നേടി രൂപപ്പെട്ട ആധുനിക ദേശ രാഷ്ട്രങ്ങളായ സിറിയയെയും ഇറാഖിനെയും തരിപ്പണമാക്കി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പോരാളികള്‍ മധ്യേഷ്യയിലൂടെ കലി തുള്ളി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നാം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു വിശ്വസിക്കുക പ്രയാസമാണ്. ആലംബമറ്റ അഭയാര്‍ഥിക്കൂട്ടത്തിന്റെയും പ്രാകൃതമായ നരമേധത്തിന്റെയും ഐസിസ് ചിത്രം, റോമാ സാമ്രാജ്യം തകര്‍ത്തു മുന്നേറിയ കിരാത വര്‍ഗക്കാരെയും ചൈനയെയും അനോത്തോളിയയെയും  റഷ്യയെയും കിഴക്കന്‍ യൂറോപ്പിനെയും ഉന്മൂലനം ചെയ്തു പടയോട്ടം നടത്തിയ ചെങ്കിസ്ഖാന്റെ മംഗോളിയന്‍ സൈന്യത്തെയുമാണ് ഓര്‍മിപ്പിക്കുന്നത്.  മധ്യേഷ്യന്‍ നഗരങ്ങള്‍ക്കു മേല്‍ നടന്നു കൊണ്ടിരിക്കുന്ന ബോംബു വര്‍ഷവും ഇത് മറ്റൊരു വിയറ്റ്‌നാമായി തീരുമെന്ന മ്ലാനത മൂടിയ പ്രവചനങ്ങളും മറ്റൊരു ആധുനിക യുദ്ധത്തിന്റെ ദൃശ്യങ്ങളാണ് ഉണര്‍ത്തുന്നത്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് ഐസിസ് പോരാളികള്‍ നടത്തുന്ന ക്രൂരതകള്‍ മതത്തിനും ഹിംസക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച് നിലനില്‍ക്കുന്ന ആധുനിക ഉല്‍കണ്ഠ ഒരിക്കല്‍ കൂടി ശക്തിപ്പെടുത്താന്‍ അവസരമൊരുക്കിയിരിക്കുകയാണ്. നവ നാസ്തികവാദത്തിന്റെ ശക്തനായ വക്താവായ സാം ഹാരിസിന്റെ 'ഭൂരിപക്ഷം മുസ്‌ലിംകളും മതവിശ്വാസാവേശം മൂലം വെളിവു നഷ്ടപ്പെട്ടവരാണ്' എന്ന വാക്കുകളെ ശരിവെക്കുന്നതാണ് ഐസിസ് ക്രൂരതകള്‍. ദ ഗോഡ് ഡെല്യൂഷന്‍ എന്ന പുസ്തകത്തില്‍ 'വിവേക ശാലികളും മര്യാദക്കാരുമായ വ്യക്തികളെ ദയാരഹിതമായ കാടത്തത്തിനു പ്രേരിപ്പിക്കുന്നത് മതവിശ്വാസം മാത്രമാണ്' എന്നെഴുതിയ റിച്ചാര്‍ഡ് ഡ്വാകിന്‍സിനോടും മിക്കവരും യോജിക്കും. ഈ രണ്ടു പേരുടെയും പ്രസ്താവനകള്‍ അതിരു കടന്നതാണെന്നു വിലയിരുത്തുന്നവര്‍ പോലും മതമെന്ന പരികല്‍പനയില്‍ ഉള്ളടങ്ങിയ ഹിംസാത്മകതയെ തല കുലുക്കി സമ്മതിക്കും.  അങ്ങനെ ഏത് സംഘര്‍ഷത്തെയും മൗലികവല്‍ക്കരിച്ച, ദൈവം കൂടെയുണ്ടെന്നു കരുതുന്ന മതയോദ്ധാക്കള്‍ വിട്ടുവീഴ്ചകളെ ദുര്‍ബലപ്പെടുത്തി നരകീയതയുടെ വഴിയില്‍ പ്രവേശിക്കുന്നു. ഐസിസിന്റെ ഹിംസകള്‍ക്കു ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്നു ബരാക് ഒബാമയും ഡേവിഡ് കാമറൂണും അടക്കമുള്ളവര്‍ വ്യക്തമാക്കിയെങ്കിലും ഭൂരിപക്ഷം പേരും വിയോജിക്കും. തിക്തമായ അനുഭവങ്ങളില്‍ നിന്നു പടിഞ്ഞാറു പഠിച്ചിട്ടുള്ളത്, മതം തുറന്നു വിടുന്ന ഭ്രാന്തുകളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയത്തെയും മതത്തെയും വേര്‍തിരിക്കുന്ന ലിബറല്‍ സ്റ്റേറ്റുകള്‍ രൂപീകരിക്കണമെന്നാണ്. രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരിക്കല്‍ കൂടി അസഹിഷ്ണുതയുടെ വികാരങ്ങളെ നുഴഞ്ഞു കയറാന്‍ അനുവദിക്കരുതെന്നും അവര്‍ക്കുറപ്പുണ്ട്. പക്ഷേ, മുസ്‌ലിംകള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് യുക്തിപൂര്‍ണമായ പരിഹാരം തേടി ഈ വഴി വരാത്തത് എന്തുകൊണ്ടാണ്? പിന്നെയും ദൈവിക ഭരണത്തിന്റെ ദുഷിച്ച ആശയങ്ങളുടെ ദുര്‍വാശിയില്‍ അവര്‍ പിടിച്ചു തൂങ്ങുന്നത് എന്തിനാണ്? ചുരുക്കത്തില്‍, അവര്‍ക്ക് ആധുനിക ലോകക്രമത്തിലേക്കു പ്രവേശിക്കാന്‍ കഴിയാത്തത് എന്താണ്?  തീര്‍ച്ചയായും, ഇതിനുള്ള ഉത്തരങ്ങള്‍ അവരുടെ പൗരാണികവും യാഥാസ്ഥികവുമായ മതത്തിലുണ്ടാകും. പക്ഷേ, എല്ലാ മാനുഷിക മുറകളില്‍ നിന്നും, പ്രത്യേകിച്ചു രാഷട്രീയത്തില്‍ നിന്നു മുക്തമായ, സ്വകാര്യമായ ഒരു മതസങ്കല്‍പം എങ്ങനെയാണ് പടിഞ്ഞാറുകാര്‍ വികസിപ്പിച്ചെടുത്തതെന്നു സ്വയം ചോദിക്കേണ്ടതുണ്ട്. യുദ്ധതന്ത്രങ്ങളും ഹിംസാത്മകതയും എല്ലാ കാലത്തും രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷതയായിരുന്നു. എന്നിട്ടും നാം വിശ്വസിക്കുന്നത് ചര്‍ച്ചിനെ രാഷ്ട്രത്തില്‍ നിന്നു വേര്‍പെടുത്തിയതാണ്  സമാധാനം സ്ഥാപിക്കുന്നതിനുള്ള നിര്‍ണായകമായ മുന്നുപാധിയായത് എന്നാണ്. സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വികാസത്തോടൊപ്പം അനിവാര്യമായും ജൈവികമായും രൂപപ്പെട്ടതാണ് മതനിരപേക്ഷത എന്നും നാം വിചാരിക്കുന്നു. സത്യത്തില്‍, ചരിത്രപരമായ ചില ചുറ്റുപാടുകളില്‍ രൂപപ്പെട്ടു വന്നതാണ് അത്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സംസ്‌കാരങ്ങളില്‍ അത് ഒരേ രീതിയില്‍ ഉല്‍ഭവിച്ചു എന്നാണ് നമ്മുടെ വികലമായ ധാരണ. മതേതര രാഷ്ട്രങ്ങള്‍ ഇപ്പോള്‍ നമുക്ക് അങ്ങേയറ്റം സാധാരണവും സ്വാഭാവികവുമായ സത്യങ്ങളാണ്. ആ ആശയം എന്തുമാത്രം നവീനമാണെന്ന ചോദ്യമോ, ആധുനികതക്കു മുമ്പ്  മതേതര സ്ഥാപനങ്ങളും രാഷ്ട്രങ്ങളും ഉണ്ടായിരുന്നില്ല എന്ന ചിന്തയോ നമുക്കില്ല. വാസ്തവത്തില്‍, പതിനെട്ടാം നൂറ്റാണ്ടിനു മുമ്പ് യൂറോപ്യന്‍ കത്തോലിക്കക്കാര്‍ക്ക് മതേതരത്വത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റുമായിരുന്നില്ല. അത് തിരിച്ചറിയണമെങ്കില്‍ മതത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട് നാം വികസിപ്പിക്കേണ്ടതുണ്ട്. റിലീജ്യന്‍ എന്നു പടിഞ്ഞാറുകാര്‍ വിവര്‍ത്തനം ചെയ്യുന്ന പദങ്ങള്‍ കുറെക്കൂടി വിശാലമായ, സന്ദിഗ്ധമായ ആശയ ലോകത്തെയാണ് മറ്റിടങ്ങളില്‍ സൂചിപ്പിക്കുന്നത്. അറബിയിലെ ദീന്‍ എന്ന പദം ജീവിതത്തിന്റെ സമ്പൂര്‍ണ പാത എന്ന അര്‍ഥത്തിലുള്ളതാണ്. ഭക്തിയോടൊപ്പം സാമൂഹ്യ സ്ഥാപനങ്ങള്‍, നിയമം, രാഷ്ട്രമീമാംസ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് സംസ്‌കൃതത്തിലെ ധര്‍മം എന്ന വാക്ക്. ഹീബ്രു ബൈബിള്‍ മതത്തെക്കുറിച്ച് ഒരു കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നില്ല. ഒരൊറ്റ വാക്യത്തിലോ സൂത്രവാക്യത്തിലോ മതത്തെ നിര്‍വചിക്കാന്‍ തല്‍മൂദ് വ്യാഖ്യാതാക്കള്‍ക്കു സാധ്യമല്ല; കാരണം, മനുഷ്യന്റെ ജീവിതം മുഴുവന്‍  പരിശുദ്ധിയുടെ മണ്ഡലത്തിലേക്കെത്തിക്കുകയാണ് അതിന്റെ ലക്ഷ്യം. 'ഇംഗ്ലീഷിലെ റിലീജ്യന്‍ എന്ന പദത്തിനു സമാനമായ പദം ഗ്രീക്കിലോ ലാറ്റിനിലോ ഇല്ലെന്നു' ഓക്‌സ്‌ഫോര്‍ഡ് ക്ലാസിക്കല്‍ നിഘണ്ടു പറയുന്നു. മതത്തെക്കുറിച്ചുള്ള പാശ്ചാത്യവും ആധുനികവുമായ ധാരണകളെ തൃപ്തിപ്പെടുത്തുന്നത് പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതം മാത്രമാണ്. അത് മതത്തെക്കുറിച്ചുള്ള പടിഞ്ഞാറന്‍ പരികല്‍പന പോലെ ആധുനിക കാലത്ത് രൂപപ്പെട്ടതാണ്. പാരമ്പര്യ ആത്മീയത ജനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തികളില്‍ നിന്നു തടഞ്ഞിരുന്നില്ല. ആരാധനാലയങ്ങളില്‍ ചടഞ്ഞു കൂടി അനുഷ്ഠാനങ്ങളില്‍ മുഴുകുകയും ദരിദ്രരെയും നിസ്വരരെയും അവഗണിക്കുകയും ചെയ്യുന്നവരെ പരുഷമായ ഭാഷയില്‍ അധിക്ഷേപിക്കുന്നുണ്ട് ഇസ്രയേല്‍ പ്രവാചകന്മാര്‍. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും' എന്ന യേശുവിന്റെ വാക്യം മതത്തെ രാഷ്ട്രീയത്തില്‍ നിന്നു മുക്തമാക്കാനുള്ള ആഹ്വാനമായിരുന്നില്ല. മറിച്ച് ഒന്നാം നൂറ്റാണ്ടില്‍ ഫലസ്തീനിലുണ്ടായ റോമാ വിരുദ്ധ കലാപങ്ങളെല്ലാം 'ഇസ്രയേലും അവിടുത്തെ ഉല്‍പന്നങ്ങളും ദൈവത്തിന് അവകാശപ്പെട്ടതാണ്' എന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അതില്‍ അല്‍പം സീസര്‍ക്ക് കൊടുക്കുക എന്ന അര്‍ഥത്തിലാണ് യേശു ഇപ്രകാരം കല്‍പിച്ചത്. ദേവാലയ മുറ്റത്തെ പണമിടപാടുകാരുടെ മേശകള്‍ തട്ടി മറിച്ചിടുമ്പോള്‍ കൂടുതല്‍ ആത്മീയബദ്ധമായ മതത്തിനു വേണ്ടിയല്ല യേശു നില കൊള്ളുന്നത്. അഞ്ഞൂറ് വര്‍ഷത്തോളം ദേവാലയങ്ങള്‍ രാഷ്ട്രീയാധികാരത്തിന്റെ ഉപകരണവും റോമിനുള്ള കപ്പം പിരിക്കാനുള്ള ഇടവുമായിരുന്നു. സ്വകാര്യ സ്വത്ത് കുന്ന് കൂട്ടുകല്ല, നീതിയുക്തവും സമഭാവനയുള്ളതും ശുദ്ധവുമായ സമൂഹസൃഷ്ടിക്കു വേണ്ടി സമ്പത്ത് ചെലവഴിക്കുകയാണ് വേണ്ടത് എന്നാണ് ഖുര്‍ആന്റെ നിശിതമായ നിലപാട്. 'രാഷ്ട്രീയത്തിനു മതവുമായി ഒരു ബന്ധവുമില്ല എന്നു പറയുന്നവര്‍ക്ക് മതത്തെക്കുറിച്ച് ഒന്നും അറിയില്ല' എന്നാണ് ഗാന്ധി പറയുന്നത്.

മതതീവ്രവാദം എന്ന ശുദ്ധഅസംബന്ധം മറ്റെല്ലാ പ്രവര്‍ത്തികളില്‍ നിന്നും വിഛേദിച്ചു നിര്‍ത്തിയ ക്രിയാരൂപമായിരുന്നില്ല ആധുനിക കാലത്തിനു മുമ്പ് മതം. മറിച്ച്, രാഷ്ട്രതന്ത്രം, യുദ്ധമുറ, രാഷ്ട്രനിര്‍മാണം, ധനതത്ത്വശാസ്ത്രം എന്നിങ്ങനെ എല്ലാ മാനുഷിക നടപടികളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. 'മതം ആരംഭിക്കുന്നിടത്ത് രാഷ്ട്രീയം അവസാനിക്കുന്നു' എന്ന് പതിനെട്ടാം നൂറ്റാണ്ടിനു മുമ്പ് പറയുക അസാധ്യമായിരുന്നു. കുരിശുയുദ്ധങ്ങള്‍ മതപ്രചോദിതമായിരുന്നു എന്നതിനോടൊപ്പം രാഷ്ട്രീയ താല്‍പര്യങ്ങളും ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ യൂറോപ്പിനെ നിയന്ത്രിക്കുന്ന ചര്‍ച്ചിന്റെ പരമാധികാരം കിഴക്കോട്ട് വ്യാപിപ്പിക്കാനും പോപ്പിന്റെ കുത്തകയുറപ്പിക്കാനും മുസ്‌ലിംകളെ അക്രമിക്കാന്‍ പ്രഭുക്കളെ സ്വതന്ത്രരാക്കുകയായിരുന്നു പോപ്പ് അര്‍ബന്‍ രണ്ടാമന്‍. സ്‌പെയിനില്‍ നടന്ന മതദ്രോഹവിചാരണ, ഓട്ടോമന്‍ സുല്‍ത്താന്റെ ആക്രമണം ഭയക്കുന്ന സമയത്ത് നിര്‍ണായകമായ സിവില്‍ യുദ്ധം കഴിഞ്ഞതിനു ശേഷം ആഭ്യന്തര കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു.   അതു പോലെ തന്നെ യൂറോപ്പിലെ മതയുദ്ധങ്ങളും മുപ്പതു വര്‍ഷ യുദ്ധവും പ്രൊട്ടസ്റ്റന്റുകളുടെയും കത്തോലിക്കരുടെയും ഇടയില്‍ വിഭാഗീയ തര്‍ക്കങ്ങള്‍ മൂലം മൂര്‍ഛിച്ചവയായിരുന്നു. അവര്‍ക്കിടയിലെ വഴക്കുകള്‍ പിന്നീട് ദേശ രാഷ്ട്രങ്ങളുടെ പിറവിയില്‍ കലാശിക്കുകയായിരുന്നു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ യൂറോപ്പിലുണ്ടായ യുദ്ധങ്ങളാണ് യഥാര്‍ഥത്തില്‍ 'മതത്തിന്റെ ഹിംസാത്മകത'  എന്ന മിത്ത് സൃഷ്ടിച്ചത്. പ്രൊട്ടസ്റ്റന്റുകളുടെയും കത്തോലിക്കരുടെയും ഇടയില്‍ നവോഥാനത്തിന്റെ ഭാഗമായുണ്ടായ മതവികാരങ്ങള്‍ കൊടുമ്പിരി കൊണ്ടുണ്ടായ അറുകൊല മൂലം മധ്യ യൂറോപ്പിലെ 35 ശതമാനം ജനങ്ങളും നശിച്ചു എന്നാണ് പറയുന്നത്. ഈ യുദ്ധങ്ങളില്‍ പങ്കെടുത്തവര്‍ അവയെ മതത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടങ്ങളായാണ് കണ്ടിരുന്നത് എന്നത് സത്യമാണ്. അതേ സമയം രാഷ്ട്രനിര്‍മിതിയിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷം കൂടിയായിരുന്നു അത് ; ജര്‍മനിയുടെയും യൂറോപ്പിലെ ഇതര ഭാഗങ്ങളുടെയും രാജാക്കന്മാരും ഓട്ടോമന്‍ മാതൃകയില്‍ ഒരു യൂറോപ്യന്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പുറപ്പെട്ട വിശുദ്ധ റോമന്‍ ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമനെതിരെ നടത്തിയ യുദ്ധങ്ങളായിരുന്നു അവ. അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത മാത്രമായിരുന്നു യുദ്ധങ്ങള്‍ക്കു കാരണമെങ്കില്‍ പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും ഒരേ നിരയില്‍ അണി നിരക്കുമായിരുന്നില്ല. ഈ രണ്ടു വിഭാഗവും ഒരു മുന്നണിയില്‍ നിന്നു യുദ്ധം ചെയ്യുന്നുണ്ട്. പ്രൊട്ടസ്റ്റന്റ് പിന്തുണയുള്ള കത്തോലിക്കരായ ഹാബ്‌സ്ബര്‍ഗുകളോട് കാത്തലിക് ഫ്രാന്‍സ് നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഫ്രാന്‍സിലെ മതയുദ്ധങ്ങളി(1562-98)ലും മുപ്പതുവര്‍ഷ യുദ്ധത്തിലും പങ്കെടുത്ത പോരാളികളെ കൃത്യമായി കത്തോലിക്കരെന്നും പ്രൊട്ടസ്റ്റന്റുകളെന്നും വേര്‍തിരിക്കുക ശ്രമകരമായിരുന്നു. ഈ യുദ്ധങ്ങളൊന്നും പൂര്‍ണമായി മതപരമോ രാഷ്ട്രീയ പ്രേരിതമോ ആയിരുന്നില്ലെന്നു ചുരുക്കം. മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താവുന്ന രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും അതിനകത്ത് ഉണ്ടായിരുന്നില്ല. സാമൂഹ്യ താല്‍്പര്യങ്ങളെയും മതതാല്‍പര്യങ്ങളെയും തമ്മില്‍ വിഭജിക്കുന്ന ഉചിതമായ ഒരു രീതിശാസ്ത്രം അപ്പോഴും രൂപപ്പെട്ടു വന്നിരുന്നില്ല. ആത്മീയം, ലൗകികം എന്നിങ്ങനെയുള്ള വിഭാജക രേഖകളില്ലാതെ വിവിധ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കു വേണ്ടിയുള്ള  പോരാട്ടത്തിലായിരുന്നു അവര്‍. പതിനെട്ടാം നൂറ്റാണ്ടോടു കൂടിയാണ് ഈ വിഭജനം പൂര്‍ണാര്‍ഥത്തില്‍ ഒരു സാമൂഹിക യാഥാര്‍ഥ്യമായി ഉയിര്‍ക്കൊണ്ടത്. മുപ്പതുവര്‍ഷ യുദ്ധത്തിന്റെ ഒടുക്കത്തോടെ യൂറോപ്പ് സാമ്രാജ്യ വികസനാര്‍ഥമുള്ള അപകടരമായ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അപ്പോഴേക്കും പരമാധികാരം പ്രഖ്യാപിച്ച, സ്വന്തം സൈന്യങ്ങളുള്ള, രാജാക്കന്മാര്‍ ഭരിക്കുന്ന കൊച്ചു രാജ്യങ്ങളായി യൂറോപ്പ് വിഭജിക്കപ്പെട്ടു. അധികാരവും വിഭവങ്ങളും സഭാധിപത്യത്തില്‍ രാഷ്ട്ര ഭരണകൂടങ്ങളിലേക്കു പുനര്‍വിന്യസിക്കുന്നതു വഴി രൂപപ്പെട്ട പുതിയ അധികാര സമവാക്യങ്ങള്‍ അപ്പോഴേക്കും ചര്‍ച്ചിനെ അപ്രസക്തമാക്കിക്കഴിഞ്ഞിരുന്നു. സെകുലറൈസേഷന്‍ എന്ന പദം ആദ്യമായി പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഉപയോഗിക്കുമ്പോള്‍ ചര്‍ച്ചിന്റെ കൈവശമുള്ള ചരക്കുകള്‍ ലൗകിക താല്‍പര്യങ്ങളില്‍ രൂപപ്പെട്ട ഭരണകൂടങ്ങള്‍ക്കു കൈമാറുക എന്നതായിരുന്ന അതിന്റെ അര്‍ഥം. അത് തീര്‍ത്തും പുതിയ ഒരു പരീക്ഷണമായിരുന്നു. പടിഞ്ഞാറ് അങ്ങേയറ്റം സ്വാഭാവികമായ ഒരു നിയമം കണ്ടുപിടിക്കുകയായിരുന്നില്ല എന്നതിലുപരി സെകുലറൈസേഷന്‍ മുന്‍ മാതൃകകളില്ലാത്ത, പൂര്‍വനിശ്ചിതമല്ലാത്ത ഒരു വികാസമായിരുന്നു. ചര്‍ച്ചിനെ പടിക്കു പുറത്തു നിര്‍ത്തുക എന്ന പുതിയ അധികാര ഘടനയെ പ്രതിഫലിപ്പിച്ചത് കൊണ്ട് അത് യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും വേരോട്ടം നേടുകയായിരുന്നു. ഈ മാറിയ സാഹചര്യത്തില്‍ മതത്തെ പുതിയ രീതിയില്‍ മനസ്സിലാക്കേണ്ടിയിരുന്നു. ചര്‍ച്ചും രാഷട്രവും വേര്‍തിരിയണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ച മാര്‍ട്ടിന്‍ ലൂതറാണ് ഇതിനൊരു വഴിയും മുന്നോട്ട് വെച്ചത്. കൂട്ടായ ജീവിതത്തിലൂടെ ജനങ്ങള്‍ ദിവ്യാനുഭൂതി അനുഭവിച്ചറിഞ്ഞ മധ്യ കാലത്ത് കാത്തലിക് ക്രിസ്തുമതം ഒരു സാമൂഹിക വിശ്വാസമായിരുന്നു. എന്നാല്‍, ലൂതര്‍, ക്രിസ്തുമത വിശ്വാസി സമൂഹത്തിന്റെ മധ്യസ്ഥം ഇല്ലാതെ, ബൈബിളില്‍ ഭരമേല്‍പ്പിച്ച് ദൈവത്തിനു മുന്നില്‍ ഒറ്റക്കു നില്‍ക്കുന്നവനായിരുന്നു. ഒരു വന്യ മൃഗത്തെ ചങ്ങലയും കയറും ഉപയോഗിച്ച് കീഴടക്കുന്നത് പോലെ ക്രൂരന്മാരായ പ്രജകളെ നിയന്ത്രിക്കുകയാണ് രാഷ്ട്രത്തിന്റെ ധര്‍മമെന്നു ലൂതര്‍ നിരീക്ഷിച്ചു. പരമാധികാരവും സ്വാതന്ത്ര്യവും ഉള്ള രാഷ്ട്രം അതിന്റെ മറുവശമായ പരമാധികാരവും സ്വാതന്ത്ര്യവുമുള്ള പൗരനെയും പ്രതിഫലിപ്പിച്ചു. രാഷ്ട്രത്തിന്റെ ന്യായാധികാരത്തിനു ഇടമില്ലാത്ത, അങ്ങേയറ്റം ആത്മനിഷ്ഠവും സ്വകാര്യവുമായ താല്‍്പര്യം എന്ന ആശയമായിരുന്നു ആധുനിക മതനിരപേക്ഷാ തത്ത്വത്തിന്റെ അടിത്തറ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter