അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചക്കോടി ബാക്കിവെച്ച ചിന്തകള്‍
arabഅറബ് രാജ്യങ്ങളിലെ വിദേശ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്ന പ്രഖ്യാപനത്തോടെ നാലാമത് അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്ക് റിയാദില്‍ സമാപനം. റിയാദ് കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷം വഹിച്ചു. അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും സമഗ്രവുമായ സമാധാന പരിഹാരം കാണണമെന്ന് സമ്മേളനം അംഗീകരിച്ച സമാപന പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്‍സ്വഖ്ര്‍ ആണ് സമാപന പ്രഖ്യാപനം വായിച്ചത്.
 
1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. സിറിയന്‍ സംഘര്‍ഷത്തിന് ഒന്നാമത് ജനീവ സമ്മേളനത്തിലെയും വിയന്ന സമ്മേളനത്തിലെയും തീരുമാനങ്ങള്‍ക്ക് അനുസൃതമായി രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിന് ആശയ വിനിമയം ശക്തമാക്കണം. യു.എന്‍ രക്ഷാ സമിതി തീരുമാനങ്ങള്‍ നടപ്പാക്കി യമന്‍ സംഘര്‍ഷത്തിന് പരിഹാരം കാണണം. യു.എന്‍ മേല്‍നോട്ടത്തില്‍ ലിബിയയില്‍ നടക്കുന്ന രാഷ്ട്രീയ സംവാദത്തിന് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. യു.എന്‍ ചാര്‍ട്ടറിനും നല്ല അയല്‍പക്ക ബന്ധത്തിനും വിരുദ്ധമായി, മേഖലാ രാജ്യങ്ങളില്‍ വിദേശ ഇടപെടലുകള്‍ അംഗീകരിക്കില്ല. മേഖലാ രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിക്കുകയും വിവിധ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കുകയും ചെയ്യണം.
 
യു.എ.ഇ ദ്വീപുകളില്‍ ഇറാന്‍ അധിനിവേശം നടത്തിയ പ്രശ്‌നത്തിന് യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അനുസൃതമായി സമാധാനപരമായ പരിഹാരം കാണണമെന്ന യു.എ.ഇ അപേക്ഷ ഇറാന്‍ അംഗീകരിക്കണം. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും പ്രകോപനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇറാന്‍ വിട്ടുനില്‍ക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
ആണവായുധ വ്യാപന ഭീഷണിയില്‍ നിന്ന് മുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ ശ്രമം ഊര്‍ജിതമാക്കണം. എല്ലാവിധ ഭീകരവാദത്തെയും സമ്മേളനം അപലപിച്ചു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ സംസ്‌കാരവുമായോ വിഭാഗവുമായോ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ല.
 
ഭീകര സംഘടനകളെ നേരിടുന്നതിന് ലിബിയയിലെ നിയമാനുസൃത ഭരണകൂട സ്ഥാപനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. അറബ് രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സാംസ്‌കാരിക, സാമൂഹിക ആശയ വിനിയമം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും സമാപന പ്രഖ്യാപനം ആവശ്യപ്പെട്ടു. മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും സംഘങ്ങളും ഉച്ചകോടിയില്‍ സംബന്ധിച്ചു. അഞ്ചാമത് അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്ക് വെനിസുല ആതിഥ്യമരുളും. പ്രഥമ അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി ബ്രസീലിലും രണ്ടാമത്തെ ഉച്ചകോടി പെറുവിലും മൂന്നാമത്തെ ഉച്ചകോടി ഖത്തറിലുമാണ് നടന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter