മ്യാന്‍മര്‍ തെരഞ്ഞെടുപ്പ്: റോഹിങ്ക്യകളുടെ പ്രതീക്ഷകള്‍ പൂവണിയുമോ?
മ്യാന്‍മര്‍ സര്‍ക്കാര്‍ ബംഗാളികളെന്ന് വിളിക്കുന്ന ( ബര്‍മീസ് ഇന്ത്യന്‍സ്) മുസ്‌ലിം ഗോത്രവിഭാഗങ്ങള്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഏഴു ദശകം നീണ്ട പട്ടാളഭരണത്തില്‍ കൊടിയ പീഡനമാണ് മ്യാന്‍മറിലെ മുസ്്‌ലിംകള്‍ അനുഭവിച്ചത്. ലോകത്തെ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനതയെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയ റോഹിന്‍ഗ്യകളുടെ ജീവിതം നേരിട്ടുകണ്ട വിദേശമാധ്യമ പ്രവര്‍ത്തകര്‍ പോലും ഈ ദൈന്യത വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും അപ്പുറമാണെന്ന് പറയുന്നു. അതുകൊണ്ടു തന്നെ റോഹിന്‍ഗ്യകളെ ബാധിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. ആങ് സാന്‍ സൂക്കിയുടെ പാര്‍ട്ടിക്ക് മ്യാന്‍മറില്‍ സുസ്ഥിരവും സമാധാനപരവുമായ ഭരണം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ബുദ്ധതീവ്രവാദികള്‍ തിരികൊളുത്തുകയും മ്യാന്‍മര്‍ സര്‍ക്കാര്‍ ആളിക്കത്തിക്കുകയും ചെയ്ത മുസ്്‌ലിം വംശഹത്യക്കിരയായ റോഹിന്‍ഗ്യകള്‍ക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് അതിജീവനത്തിന്റെ അവസാന പ്രതീക്ഷയുമാണ്. ഇതാണ് കുട്ടികള്‍ പോലും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്. പട്ടാളഭരണകാലത്ത് 2003 ല്‍ സൂക്കിയുടെ വാഹനവ്യൂഹത്തിനു നേരെ സൈന്യം നടത്തിയ സ്‌ഫോടനത്തില്‍ ഇടതു കൈ നഷ്ടപ്പെട്ട വിന്‍മയ എന്ന പെണ്‍കുട്ടിയും സൂക്കിയുടെ എന്‍.എല്‍.ഡി പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ പോലും തയാറാണെന്ന് പറഞ്ഞ് പ്രചാരണത്തിനു മുന്നിലുണ്ട്. ഇരുണ്ട ജീവിതത്തിലേക്ക് വെളിച്ചം വീശുമെന്ന് ഏവരും കരുതുന്ന സൂക്കിയുടെ പാര്‍ട്ടിയും ഇവരെ കൈയൊഴിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പട്ടാളം അട്ടിമറിച്ച സമാധാനം 1948 ല്‍ സ്വതന്ത്രമായതിനു ശേഷം മുസ്്‌ലിംകളും ബുദ്ധരുമടങ്ങുന്ന ജനങ്ങള്‍ സൗഹാര്‍ദപരമായി ജീവിച്ച നാടാണ് പഴയ ബര്‍മയും ഇന്നത്തെ മ്യാന്‍മറും. 1962ലെ പട്ടാള അട്ടിമറി വരെ ഈ സമാധാനം തുടര്‍ന്നു. പിന്നീട് പട്ടാള ഭരണകാലത്ത് ഭൂരിപക്ഷ വിഭാഗമായ ബുദ്ധര്‍ ഗോത്രവിഭാഗമായ മുസ്്‌ലിംകളെ അടിച്ചമര്‍ത്തി തുടങ്ങി. പട്ടാളത്തിന്റെ സഹായത്തോടെ ഇതു അതിരു കവിഞ്ഞതോടെ മത്സ്യത്തൊഴിലാളികളും കച്ചവടക്കാരുമായ മുസ്‌ലിം ഗോത്രവിഭാഗങ്ങള്‍ തെരുവിലിറങ്ങുകയും അവര്‍ക്കിടയില്‍ സായുധ ഗ്രൂപ്പ് ഉയര്‍ന്നുവരികയും ചെയ്തു. കചിന്‍, ഷാന്‍, കരേന്‍ തുടങ്ങിയ മുസ്്‌ലിം ഗോത്രവിഭാഗങ്ങള്‍ പട്ടാളത്തിന്റെ കിരാതഭരണത്തില്‍ പൊറുതി മുട്ടിയാണ് തെരുവിലിറങ്ങിയത്. രാജ്യത്ത് 15 ഗോത്രങ്ങളെ വംശീയ തീവ്രവാദി സംഘടനകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതില്‍ എട്ടുപേര്‍ ഇപ്പോള്‍ സര്‍ക്കാരുമായി കരാറിലെത്തിയിട്ടുണ്ട്. മുസ്്‌ലിം വിരുദ്ധവികാരം ഉയര്‍ത്തി വിരാദുവെന്ന ബുദ്ധതീവ്രവാദി തിരികൊളുത്തിയ വംശഹത്യക്ക് 2012 ല്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതോടെ ലോകത്തെ ഏറ്റവും ദുരിതം പേറുന്നവരെന്ന വിശേഷണം റോഹിന്‍ഗ്യകള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടു. കരയില്‍ ജീവിക്കാന്‍ കഴിയാത്ത ഇവര്‍ ഒടുവില്‍ രക്ഷതേടി ബോട്ടില്‍ അയല്‍രാജ്യങ്ങളിലേക്ക് പോയെങ്കിലും ആരും അവരെ അടുപ്പിച്ചില്ല. കുത്തി നിറച്ച ബോട്ടില്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യധരണ്യാഴിയിലുമായി റോഹിന്‍ഗ്യകള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചു വീണു. തായ്‌ലാന്‍ഡിന്റെ കാടുകളിലും ചേക്കേറിയ ഇവര്‍ കൂട്ടക്കൊലക്കിരയായി കുഴിച്ചുമൂടപ്പെട്ടു. രാജ്യത്ത് ശേഷിക്കുന്ന റോഹിന്‍ഗ്യകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിലൂടെ നല്ലനാള്‍ വരുമെന്ന് സ്വപ്നം കാണുന്നത്. റോഹിന്‍ഗ്യകള്‍ ആര്? ജന്മം കൊണ്ട് ബര്‍മക്കാരാണ് റോഹിന്‍ഗ്യകള്‍. കുടിയേറ്റക്കാരെന്ന വിശേഷണത്തില്‍ ഇവര്‍ക്ക് രാജ്യത്തുണ്ടായിരുന്ന പൗരാവകാശം നിഷേധിക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വരെ വോട്ടു ചെയ്തിരുന്ന ഇവര്‍ക്ക് ഇത്തവണ മത്സരിക്കാനോ വോട്ടു ചെയ്യാനോ അവകാശമില്ല. കടുത്ത ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും മ്യാന്‍മറിനെതിരേ ലോകരാജ്യങ്ങളുടെ വലിയ പ്രതിഷേധങ്ങളൊന്നും എവിടെയും കണ്ടില്ല. മ്യാന്‍മര്‍ സ്വതന്ത്രമാകുന്നതിനു മുമ്പ് ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങളില്‍ നിന്നു കച്ചവടത്തിനെത്തിയവരാണ് റോഹിന്‍ഗ്യകളുടെ പൂര്‍വികര്‍. ഇതാണ് ഇവരെ ജന്മംകൊണ്ട് മ്യാന്‍മറുകാരായിട്ടും കുടിയേറ്റക്കാരെന്ന് സര്‍ക്കാര്‍ മുദ്രകുത്താന്‍ ചൂണ്ടിക്കാട്ടുന്ന ന്യായം. റാഖിനെയിലാണ് റോഹിന്‍ഗ്യകള്‍ കൂടുതലും താമസിക്കുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ വളര്‍ച്ചക്കു വലിയ സംഭാവന ചെയ്തവരാണ് ഇന്ന് ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നതെന്ന് സാരം. ബുദ്ധമതത്തിന്റെ വളര്‍ച്ചയും അവര്‍ക്കിടയില്‍ തീവ്രവാദം വളര്‍ന്നുവന്നതും മതാനുയായികള്‍ അധികാരസ്ഥാനത്തെത്തിയതും ഒടുവില്‍ വഴിതെളിയിച്ചത് റോഹിന്‍ഗ്യന്‍ വംശഹത്യയിലേക്കാണ്. 2005 മുതല്‍ വ്യാപക ആക്രമണത്തിനിരയാകുകയും 2012 ല്‍ പട്ടാളഭരണകൂടത്തിന്റെ ഒത്താശയോടെ മുസ്്‌ലിം വംശഹത്യ ഉച്ചിയിലെത്തുകയും ചെയ്തു. പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ചെയ്തു. ബുദ്ധ തീവ്രവാദികളും സര്‍ക്കാര്‍ സേനയും നിരാലംബരായ ഒരുജനതയെ കൊന്നൊടുക്കിയതിന്റെ ഭീതി റാഖൈനയില്‍ ശേഷിക്കുന്നവരുടെ മനസില്‍ നിന്ന് മാറിയിട്ടില്ല. ലോകം കണ്ടു ഇവരുടെ കണ്ണീര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുന്ന ഗോത്രവിഭാഗത്തെ വേട്ടയാടുന്നത് ഒടുവില്‍ ലോകം തിരിച്ചറിഞ്ഞത് പതിവുപോലെ വൈകിയാണ്. ഐക്യരാഷ്ട്രസഭയാണ് റോഹിന്‍ഗ്യകള്‍ക്ക് വേണ്ടി പ്രമേയം പാസാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ജനതയാണ് റോഹിന്‍ഗ്യകളെന്ന് എടുത്തു പറയുന്ന പ്രമേയം മ്യാന്‍മറില്‍ പൗരത്വമില്ലാതെ കഴിയുന്ന 13 ലക്ഷം റോഹിന്‍ഗ്യകള്‍ക്ക് പൂര്‍ണ പൗരത്വവും തുല്യതയും നല്‍കണമെന്ന് മ്യാന്‍മര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെറ്റിദ്ധാരണ പരത്തുന്ന വംശീയ വിരുദ്ധ പ്രചാരണത്തിനു തടയിടുകയും അനാവശ്യസ്വത്വ ബോധത്തെ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനധികൃതമായി കുടിയേറിയവരെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ സ്വതന്ത്ര സഞ്ചാരത്തിനും പ്രത്യുത്പാദനത്തിനും വരെ ഇവര്‍ക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ അന്തസിനു കളങ്കം ചാര്‍ത്തുന്നതാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മ്യാന്‍മര്‍ പ്രതിനിധി ടീം ക്യാവ് വെളിപ്പെടുത്തിയത് നീതി നിഷേധത്തിന്റെ ഭരണകൂട ഭീകരതയാണെന്നാണ്. റോഹിന്‍ഗ്യ എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും അന്താരാഷ്ട്രപ്രതിനിധികള്‍ക്ക് മ്യാന്‍മറില്‍ അവകാശമില്ല. ബുദ്ധമത നാമധാരികളാലും പൊലിസിന്റെ അതിരുവിട്ട ആക്രമണോത്സുകതയാലും ഒരു വര്‍ഷത്തിനുള്ളില്‍ 1,40,000 റോഹിന്‍ഗ്യ ഭവനങ്ങള്‍ നശിപ്പിച്ചെന്നും 460 റോഹിന്‍ഗ്യകളെ വധിച്ചെന്നും സ്വകാര്യ മനുഷ്യാവകാശ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഹിന്‍ഗ്യന്‍ വംശഹത്യ നടന്നതിന്റെ തെളിവുകള്‍ ഈയിടെ അല്‍ജസീറ പുറത്തുവിടുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ മ്യാന്‍മറില്‍ നടന്നത് ക്രൂരമായ വംശഹത്യയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ കണ്ടെത്തുകയും അതിന്റെ തെളിവുകള്‍ വിദേശമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് മ്യാന്‍മര്‍ ഇലക്ഷന്‍ കഴിഞ്ഞത്. 2012ലെ വംശഹത്യയില്‍ രക്ഷപ്പെട്ട 3.5 ലക്ഷം പേര്‍ തായ്്‌ലാന്റിലെ അഭയാര്‍ഥി ക്യാംപുകളിലും കാടുകളിലും അഭയം തേടി. രാജ്യത്തെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിലൂടെ പ്രതീക്ഷയുടെ കിരണം കാത്തുകഴിയുന്നത്. കാല്‍ നൂറ്റാണ്ടിനിടെയുള്ള ആദ്യത്തെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാകും ഇതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2012 ല്‍ ലക്ഷത്തിലേറെ റോഹിന്‍ഗ്യകള്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തിയതോടെ അവര്‍ക്ക് പൗരന്മാരെന്ന അവകാശം ഇല്ലാതാകുകയായിരുന്നു. 5.2 കോടി വരുന്ന മ്യാന്‍മര്‍ ജനതയില്‍ 40 ശതമാനവും കരേന്‍ ഉള്‍പ്പെടെയുള്ള ഗോത്രവിഭാഗങ്ങളാണ്. ഏഴു ഗോത്രവിഭാഗങ്ങള്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടതിനാല്‍ അവര്‍ക്ക് വോട്ടവകാശമുണ്ട്. 90 പാര്‍ട്ടികള്‍ 1,142 സീറ്റുകളിലേക്ക് 6000 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ന്യൂനപക്ഷത്തിന് ആങ്‌സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) യില്‍ മാത്രമാണ് പ്രതീക്ഷ. എന്‍.എല്‍.ഡി പരാജയപ്പെട്ടാല്‍ സൈന്യം നേതൃത്വം നല്‍കുന്ന യുനൈറ്റഡ് സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (യു.എസ്.ഡി.പി) യാണ് അധികാരത്തില്‍ വരിക. എന്‍.എല്‍.ഡിയെ മുസ്‌ലിം പാര്‍ട്ടി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പാര്‍ട്ടി ജയിച്ചാലും ദീര്‍ഘകാലം വീട്ടുതടങ്കലിലായ സൂകിക്ക് പ്രസിഡന്റാകുന്നതിന് വിലക്കുണ്ട്. 2012 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 45ല്‍ 43 സീറ്റുകള്‍ നേടി പാര്‍ട്ടി ജയിച്ചത് അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 30 ദശലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. യു.എസ്.ഡി.പി അധികാരത്തില്‍ വന്നാല്‍ യാചകരെപ്പോലെയാകും ജനങ്ങള്‍ കഴിയേണ്ടിവരികയെന്ന് റോഹിന്‍ഗ്യകള്‍ പറയുന്നു. 89 ശതമാനം ബുദ്ധമതക്കാരുള്ള മ്യാന്‍മറില്‍ സൈ്വര്യമായി ജീവിക്കാന്‍ സൂക്കി അധികാരത്തില്‍ വരണമെന്നാണ് റോഹിന്‍ഗ്യകള്‍ കരുതുന്നത്.
Leave A Comment