കളി വെറും കളിയല്ല, അതിലും കാര്യമുണ്ട്
വൈകുന്നേരം സ്കൂള് വിട്ട് വീട്ടിലെത്തിയ ജമാല് ബാഗും പുസ്തകങ്ങളുമെല്ലാം റൂമില് വെച്ച് ഭക്ഷണവും കഴിച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഉടനെ വന്നു ഉമ്മയുടെ ചോദ്യം, എവിടേക്കാ പോകുന്നത്?. ഞാന് അല്പം കളിച്ച് വരാം, കൂട്ടുകാരൊക്കെ എന്നെ കാത്ത് നില്ക്കുന്നുണ്ട്. കളി എന്ന് കേട്ടതും ഉമ്മാക്ക് കലിയിളകി. നിനക്ക് കളി കളി എന്ന ചിന്തയല്ലാതെ വേറൊന്നുമില്ലല്ലോ. ഏത് സമയത്തും കളി മാത്രം. ഇപ്പോ എവിടെയും പോവണ്ട. കുട്ടിയെ പിടിക്കാന് വേറെ ആരുമില്ല ഇവിടെ. അത് കഴിഞ്ഞ് വേറെയും ചില പണികളുണ്ട് ഇവിടെ ചെയ്യാന്. അല്പം കളിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ജമാലിന്റെ മുഖം അതോടെ മേഘാവൃതമായി.
കുട്ടികളുടെ കാര്യത്തില് ശ്രദ്ധിക്കുന്നത് പലപ്പോഴും അമിതമോ അനവസരത്തിലോ ആവുന്ന ഒരു ചിത്രമാണ് നാം മേലെ കണ്ടത്. ഇത് പലപ്പോഴും നമ്മുടെ വീടുകളിലും സംഭവിക്കുന്നുണ്ടാവും. കുട്ടികള് സദാസമയവും ഗൗരവപൂര്ണ്ണമായ കാര്യങ്ങളില് ഇടപഴകണമെന്നും കളിക്കാനോ രസിക്കാനോ പോവരുതെന്നും ശഠിക്കുന്ന ചില രക്ഷിതാക്കളെങ്കിലും ഇന്നുമുണ്ട്.
എന്നാല്, കളിയെന്ന് കേള്ക്കുമ്പോഴേക്ക് കലി ഇളകേണ്ട കാര്യമില്ലെന്ന് മാത്രമല്ല, കളികളില് ഇടപെടാതെ മാറി നില്ക്കുന്ന കുട്ടികളെ നാം ഏറെ ആശങ്കയോടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. കുട്ടികളുടെ പ്രായം കളിക്കാനുള്ളതാണ്. കളികളില്ലാതെ കഴിഞ്ഞുപോകുന്ന കുട്ടിക്കാലം വരണ്ടതും ഉണങ്ങിയതുമാവും. കിളിച്ചുണ്ടന് മാവിന് ചോട്ടില് കളിവീട് വെച്ചതും ചിരട്ട കൊണ്ട് പുട്ട് ചുട്ടുകൂട്ടിയതും ഓര്ക്കാന് ആഗ്രഹിക്കാത്തവര് ആരാണുള്ളത്.
കുട്ടികളുടെ വളര്ച്ചക്കും യഥോചിതമായ പുരോഗതിക്കും കളി കൂടിയേ തീരൂ. പഠിക്കേണ്ട സമയത്ത് പഠിക്കുക, ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക, കളിക്കേണ്ട സമയത്ത് കളിക്കുക എന്നതായിരിക്കണം നമ്മുടെ പോളിസി. ഓരോ സമയത്ത് നടക്കേണ്ടതും ആ സമയത്ത് നടക്കുന്നില്ലെങ്കില്, അതിന് ആവശ്യമായ ഇടപെടലുകള് നമ്മുടെ ഭാഗത്ത്നിന്ന് ഉണ്ടാവണം. കളിക്കാന് പോവാതെയിരിക്കുന്ന കുട്ടികളെ കളിപ്പിക്കാനായി വേണ്ടിവന്നാല് നാമും അവരോടൊപ്പം ഇറങ്ങേണ്ടിവരും.
വൈകുന്നേരം വരെ പഠനവും ചിന്തയുമായി ക്ലാസ് മുറികളില് ചെലവഴിക്കുന്ന വിദ്യാര്ത്ഥി, വീട്ടിലെത്തിയ ശേഷവും പുസ്തകങ്ങളും പഠനവുമായി മാത്രം തുടര്ന്നാല്, തീര്ച്ചയായും ആ കുട്ടിക്ക് പഠനം വിരസമാവുകയും പഠിക്കുന്ന കാര്യങ്ങള് വേണ്ടവിധം മനസ്സില് കയറാതെ പോവുകയും ചെയ്യും. അതേ സമയം, അല്പസമയം നന്നായി കളിച്ച്, ശേഷം കുളിച്ച് വൃത്തിയായി വീണ്ടും പഠനത്തിലേക്ക് തിരിയുന്നുവെങ്കില്, ഏറെ സംതൃപ്തിയോടെയും ഉന്മേഷത്തോടെയുമായിരിക്കും അവന് ആ പ്രക്രിയയില് ഏര്പ്പെടുന്നത്.
പ്രവാചകര്(സ) കുട്ടികളോടൊപ്പം കളിച്ചിരുന്നത് ഹദീസുകളില് കാണാം. ഹസന്(റ), ഹുസൈന്(റ) എന്നിവര് പ്രവാചകരുടെ മുതുകത്തിരുന്ന് ഒരിക്കല് ആന കളിക്കുകയായിരുന്നു. ആ രംഗം കണ്ട് കൊണ്ടാണ് അബൂബക്ര്(റ) അങ്ങോട്ട് കയറിവന്നത്. തമാശയായി അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു, നല്ല വാഹനമാണല്ലോ നിങ്ങള്ക്ക് കയറാന് ലഭിച്ചിരിക്കുന്നത്. അത് കേട്ട പ്രവാചകര്(സ)യുടെ, കളിയും കാര്യവുമടങ്ങിയ മറുപടിയും ഉടനെ വന്നു, വാഹനപ്പുറത്തിരിക്കുന്നവരും നല്ലവര് യാത്രികര് തന്നെയാണല്ലോ. കുട്ടികളോടൊത്തുള്ള കളിചിരികള്ക്കും അതിന് കുടുംബജീവിതത്തിലും കുട്ടികളുടെ വളര്ച്ചയിലുമുണ്ടാക്കുന്ന സ്വാധീനത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന ചിന്തക്കാണ് ഇത് വക നല്കുന്നത്.
ഇന്ന് കളികളും കായികാഭ്യാസങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടത്തപ്പെടുന്നുണ്ട്. ഇതിനായി പ്രത്യേക അധ്യാപകരെയും പരിശീലകരെയും വരെ സ്ഥാപനങ്ങള് നിയമിക്കുന്നുമുണ്ട്. കളികളും പഠനം തന്നെയാണെന്ന തിരിച്ചറിവാണ് ഇതിലേക്ക് എത്തിച്ചത്. ചുരുക്കത്തില്, കളി വെറും കളിയല്ലെന്നും അത് എല്ലാ കാര്യങ്ങള്ക്കും കുട്ടികളെ പ്രാപ്തനാക്കുന്ന ഏറ്റവും വലിയ കാര്യമാണെന്നും നമ്മുടെ പല രക്ഷിതാക്കളും അധ്യാപകരും ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.



Leave A Comment