ഐ.എസിനെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല

isisമനുഷ്യനെ സംബന്ധിച്ച സങ്കുചിത വ്യാഖ്യാനം അവതരിപ്പിക്കുകയാണ് തീവ്രവാദം എന്ന പ്രവണതയെന്ന് ഫ്രഞ്ച് ചിന്തകന്‍ ദറീദ. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ പരസ്പര വിനിമയത്തിലൂടെ നിരാകരിക്കുന്നതിനപ്പുറം നാഗരിക സംഭാഷണങ്ങളെ പൂര്‍ണമായും മാറ്റിവെച്ച് മാനവിക വിരുദ്ധവും ചിന്താശൂന്യവുമായ സങ്കുചിത വീക്ഷണമവതരിപ്പിക്കുകയാണ് തീവ്രവാദം ചെയ്യുന്നത്. ലോകചരിത്രഗതിയെ നിര്‍ണായകമായി സ്വാധീനിക്കുകയും മാനവികതയുടെ അനശ്വര പാഠങ്ങള്‍ കൈമാറുകയും ചെയ്ത അതിവിശിഷ്ടമായ ഇസ്‌ലാമാണ് കാലങ്ങളായി തീവ്രവാദത്തിന്റെ ഭാരം പേറുന്നത്. സത്യത്തില്‍ മതപരമായ ബഹുത്വത്തോട് ആദരപൂര്‍വമാണ് ഇസ്‌ലാം സമീപിച്ചിട്ടുള്ളത്. പ്രവാചകന്‍ (സ) നിര്‍മിച്ചെടുത്ത മദീനാസ്റ്റേറ്റ്, മുസ്‌ലിം ലോകം ബഹുസ്വര സമൂഹത്തോട് എങ്ങനെ ഇടപെടണമെന്നതിനുള്ള ഉദാത്ത മാതൃകയായിരുന്നു. ഇവിടത്തെ ഇസ്‌ലാം സവിശേഷമായ മാനവിക മൂല്യങ്ങളെ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുകയും അനസ്യൂതം അവ പ്രസരണം ചെയ്യുകയും ചെയ്തതു വഴി, മുസ്‌ലിമാവുക എന്നു പറഞ്ഞാല്‍ ഉദാത്തമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാവുക എന്ന് അര്‍ഥം കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ കാലത്ത്, ചില മുസ്‌ലിം സംഘങ്ങളുടെ വിവേകരഹിതമായ ഇടപെടലുകള്‍ ഇസ്‌ലാമിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ഇത്തരത്തിലുള്ള പുതിയ ഒരു സൃഷ്ടിയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ. പ്രവാചകന്‍ (സ)യുടെ കാലം മുതല്‍ ഏകദേശം 12,13 നൂറ്റാണ്ടു വരെ വൈജ്ഞാനിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അദ്വിതീയരായിരുന്നു മുസ്‌ലിംകള്‍. ശേഷം മുസ്‌ലിം ലോകത്തിന് സംഭവിച്ച തകര്‍ച്ചയും പടിഞ്ഞാറിന്റെ അവിശ്വസനീയമായ പുരോഗതിയും മുസ്‌ലിംകളെ ചിന്താപരമായി ഏറെ വിമുഖരാക്കിത്തീര്‍ത്തു. അബുല്‍കലാം ആസാദ് മുസ്‌ലിം സമൂഹത്തിന്റെ അപചയത്തെ വിശദീകരിക്കുന്നതിങ്ങനെയാണ്: നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും മാറുന്ന കാലത്തോട് സൃഷ്ടിപരമായി സംവദിക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് മുസ്‌ലിം ഉമ്മ തകര്‍ച്ചയെ അഭിമുഖീകരിച്ചത്. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ ഈയൊരു സങ്കീര്‍ണ പശ്ചാത്തലത്തില്‍ സ്വഛന്ദമായ ഭൂതത്തിലേക്ക് തിരിച്ചുനടക്കുക വഴി, മുഖ്യധാരയിലെത്തിച്ചേരാന്‍ മൂന്ന് മാര്‍ഗങ്ങളാണ് മുസ്‌ലിം സമൂഹം സ്വീകരിച്ചത്. ഒന്നാമതായി, മതനിരപേക്ഷത. പടിഞ്ഞാറിന്റെ പുരോഗമന സിദ്ധാന്തങ്ങളെ അക്ഷരംപ്രതി അനുസരിക്കുകയും മതത്തെ സമ്പൂര്‍ണമായി ജീവിതമാര്‍ഗത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയും ചെയ്യുക എന്ന കണ്‍സപ്റ്റാണ് സെകുലറിസം മുന്നോട്ടു വെച്ചത്. മതനിരപേക്ഷതയുടെ വ്യക്തമായ രൂപമായിരുന്നു ഒട്ടോമന്‍ ഖിലാഫത്തിനെ പിഴുതെറിഞ്ഞ ശേഷം കമാല്‍ അതാതുര്‍ക്ക് തുര്‍ക്കിയില്‍ നടപ്പിലാക്കിയത്. മുസ്‌ലിം സംഘശക്തിയുടെ പ്രതീകമായിരുന്ന ഖിലാഫത്തിനെ, പടിഞ്ഞാറ് നല്‍കിയ നാഷണലിസത്തിനെ കൂട്ടുപിടിച്ച് പൊളിച്ചെറിയുകയും മതനിരാസത്തിലേക്ക് വലിച്ചിടുകയും ചെയ്യുക വഴി മുസ്‌ലിം സമൂഹത്തെ കൂടുതല്‍ അരക്ഷിതമാക്കുകയായിരുന്നു കമാല്‍ അതാതുര്‍ക്ക്. രണ്ടാമത്തെ മാര്‍ഗം പരിഷ്‌കരണവാദത്തിന്റേതായിരുന്നു. ഖുര്‍ആനിനെയും ഹദീസിനെയും വിചിത്രമായ രീതിയില്‍ ആധുനികവല്‍കരിച്ച്, പടിഞ്ഞാറന്‍ സംസ്‌കാരത്തിനൊപ്പം ഇസ്‌ലാമിനെയും അവതരിപ്പിക്കുകയായിരുന്നു പരിഷ്‌കരണ വാദം ചെയ്തത്. ജമാലുദ്ദീന്‍  അഫ്ഗാനിയും റഷീദ് രിദയുമൊക്കെ നേതൃത്വം നല്‍കിയ ഈയൊരു മൂവ്‌മെന്റ് യഥാര്‍ഥത്തില്‍ മതത്തിന്റെ ആത്മാവില്‍ നിന്നുള്ള ഒൡച്ചാട്ടമായിരുന്നു. ആധുനികതയില്‍ ലയിച്ച് ചേരാനുള്ള വ്യഗ്രതയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ നിസ്സങ്കോചം ദൂര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു ഇവര്‍. മതമൗലികവാദമായിരുന്നു മൂന്നാമത്തെ മാര്‍ഗം. ഇസ്‌ലാമിന്റെ തിരിച്ചുവരവ് സാധ്യമാക്കണമെങ്കില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളുടെ സമ്പൂര്‍ണമായ പ്രയോഗവല്‍കരണത്തിന്റെ അനിവാര്യതയിലേക്കാണ് മതമൗലികവാദം വിരല്‍ചൂണ്ടിയത്. മതമൗലികവാദത്തിന്റെ പ്രധാന ആശയം പടിഞ്ഞാറിനോടുള്ള തിരസ്‌കാര മനോഭാവമാണ്. പാശ്ചാത്യമായ എന്തിനേയും ആലോചനയില്ലാതെ തള്ളിക്കളയാനും ഇസ്‌ലാമിക ശരീഅത്തിലുള്ള സമര്‍പണവുമാണ് ഈ വാദം മുന്നോട്ടു വെക്കുന്നത്. മതമൗലികവാദത്തെ രണ്ട് രീതിയിലാണ് മുസ്‌ലിം ലോകം സ്വീകരിച്ചത്. മതത്തെ കക്ഷത്തിലിറുക്കിപ്പിടിച്ച്, കാലത്തോട് ഒരുനിലക്കും സംവദിക്കാതെയുള്ള നിഷ്‌ക്രിയമായ ഒരു വശം. ഇസ്‌ലാമിന്റെ സമഗ്രതയെ സായുധമായി അടിച്ചേല്‍പിക്കുന്ന മറ്റൊരുവശവും. മുസ്‌ലിം സമൂഹത്തെ നിഷ്‌ക്രിയരും ചിന്താശൂന്യരുമാക്കിത്തീര്‍ക്കുകയായിരുന്നു ഒന്നാം വശം ചെയ്തത്. അതിനൊരുദാഹരണം, ബുഖാറയെ ചെമ്പട വളഞ്ഞപ്പോള്‍ എല്ലാവരോടും മസ്ജിദുകളില്‍ കയറി  ഖുര്‍ആന്‍ പാരായണം നടത്താനായിരുന്നു അന്നത്തെ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടത്. 1798ല്‍ നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഈജിപ്ത് ഭരണാധികാരി മുറാദ് നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗവും സമാനമായിരുന്നു. രണ്ടാമത്തെ വശം, ചരിത്രപരമായ ഇസ്‌ലാമിന്റെ മേന്മകളെ തുടച്ചെറിയാനും മുസ്‌ലിം സമൂഹത്തെ ആഗോളതലത്തില്‍ വികാരജീവികളായി ചിത്രീകരിക്കപ്പെടാനുമാണ് ഉപകരിച്ചത്. ഇസ്‌ലാമിന്റെ സമഗ്രതയെ കുറിച്ചുള്ള ചിന്തയും സമകാലികമായി മുസ്‌ലിംകള്‍  അനുഭവിച്ചു കൊണ്ടിരിക്കുന്ന രൂക്ഷമായ അരക്ഷിതാവസ്ഥയെ കുറിച്ചുള്ള അവബോധവും ഒരുപറ്റം ആളുകളെ കൊണ്ടെത്തിച്ചത് തീവ്രവാദത്തിന്റെ അര്‍ഥശൂന്യമായ മേച്ചില്‍പുറങ്ങളിലേക്കായിരുന്നു. ഇസ്‌ലാമിന്റെ ആശയങ്ങളെ ഭീകരതയുമായി ബന്ധപ്പെടുത്തിയവര്‍ ഇസ്‌ലാമെന്ന മന്ത്രത്തെ നശീകരണത്തിന്റെ സങ്കുചിതത്വത്തിലേക്ക് ചുരുട്ടിക്കെട്ടുകയായിരുന്നു.  20ാം നൂറ്റാണ്ടോടെയാണ് സായുധ പോരാട്ടത്തിന്റെ ചിന്തകളുമായി ജിഹാദീ ഗ്രുപ്പുകള്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇത്തരമൊരു ജിഹാദീ ഗ്രൂപ്പാണ് സമീപദിവസങ്ങളില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഐ.എസ് .ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ). ഐ.എസ്.ഐ.എസ് 1990കളില്‍ അഫ്ഗാനിസ്ഥാനില്‍ ജിഹാദി പ്രവര്‍ത്തനമാരംഭിച്ച ജോര്‍ദാന്‍ വംശജന്‍ അബൂമുസ്അബ് അല്‍ സര്‍ഖാവിയാണ് ഈ ഗ്രൂപിന്റെ സ്ഥാപകന്‍ (ഈയൊരു പേരു സ്വീകരിക്കുന്നതിനു മുമ്പാണെങ്കിലും) 9/11ാനന്തരം താലിബാന്‍, അല്‍ഖാഇദ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ അമേരിക്ക പ്രതിപ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച സമയത്താണ് സര്‍ഖാവി ഇറാഖിലെത്തുന്നത്. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് തന്റെ തീവ്രനിലപാടുകളിലൂടെ സര്‍ഖാവി ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 2004ല്‍ അല്‍ഖാഇദയുമായി സഖ്യത്തിലാവുകയും പിന്നീട് സ്വതന്ത്രമായി അല്‍ഖാഇദ ഓഫ് ഇറാഖ് (എ.ക്യു.ഐ) സ്ഥാപിക്കുകയും ചെയ്ത സര്‍ഖാവി 2006 ജൂണില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ആധിപത്യം നേടിയ ഐസിസ് അവിടെ നടപ്പിലാക്കിയത് അതിക്രൂരമായ ഭരണരീതിയായിരുന്നു. തങ്ങളുടെ പ്രവിശ്യ നേരിടുന്ന അപായഭീഷണി തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത നീക്കത്തിലൂടെ ഭരണത്തില്‍ നിന്ന് താഴെയിറക്കുകയായിരുന്നു. 2010ലാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി ഐസിസ് നേതൃസ്ഥാനത്തെത്തുന്നത്. സിറിയയിലെ ആഭ്യന്തര കലഹങ്ങള്‍ ഐസിസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. 2012 ജനുവരിയില്‍ അബൂമുഹമ്മദ് ജോലാനിയുടെ കീഴില്‍ ജബ്ഹത്തുനുസ്‌റ എന്ന പേരില്‍ സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കിറങ്ങിയ സംഘം 2012 അവസാനത്തോടെ ബശ്ശാറുല്‍ അസദിനെതിരെയുള്ള വിമത നീക്കങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ഈയൊരു പശ്ചാത്തലത്തിലാണ് യഥാര്‍ഥത്തില്‍ ഐസിസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ) എന്ന പേര് സ്വീകരിക്കുന്നത്. 2013 ഏപ്രിലില്‍ ജബ്ഹത്തു നുസ്‌റയെ ഐസിസില്‍ ലയിപ്പിക്കാന്‍ തീരുമാനമായെങ്കിലും ജോലാനി ആവശ്യം തള്ളി. 2014 തുടക്കത്തില്‍ സലഫികളുമായി ചേര്‍ന്ന് ജബ്ഹത്തുനുസ്‌റ ഐസിസിനെ സിറിയന്‍ പോരാട്ടഭൂമിയില്‍ നിന്ന് പുറം തള്ളി. 2014 ഫെബ്രുവരിയില്‍ ഐസിസുമായി എല്ലാ ബന്ധങ്ങളും  വിഛേദിച്ചെന്ന് ഐമന്‍ അല്‍സവാഹിരി ഔദ്യോഗികമായി പ്രസ്താവനയിറക്കി. സിറിയയില്‍ നിന്ന് ഇറാഖില്‍ തിരിച്ചെത്തിയ ഐസിസ് ജനുവരിയില്‍ തന്നെ ഫലൂജ കീഴടക്കുകയും സമര്‍റാഇനും മൊസുളിനും നേരെ അതിശക്തമായ ആക്രമണമഴിച്ചുവിടുകയും ചെയ്തു. ജൂലൈ 4 റമളാന്‍ 17ന് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിതമായിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. സുസംഘടിതമായ സൈന്യവും ഇസ്‌ലാമിക ഖിലാഫത്തിന്റെ പുനസ്ഥാപനമെന്ന കൃത്യമായ രാഷ്ട്രീയ വീക്ഷണവുമായാണ് ഐസിസ് രംഗത്തെത്തിയത്. യൂറോപില്‍ നിന്നടക്കം വലിയൊരു സമൂഹത്തെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അണിനിരത്താനും മറ്റു ആസൂത്രിതമായ നീക്കങ്ങള്‍ക്കും ഐസിസിനു സാധിച്ചു. എങ്കിലും, അല്‍ഖാഇദ, താലിബാന്‍ തുടങ്ങിയ ജിഹാദി ഗ്രൂപ്പുകള്‍ ഇസ്‌ലാമിന് ചാര്‍ത്തിക്കൊടുത്ത നെറികെട്ട പരിവേഷത്തെ ദൃഢപ്പെടുത്തുക മാത്രമേ ഐസിസിക്ക് ചെയ്യാനുണ്ടായിരുന്നൊള്ളൂ. സിറിയയിലെ ആഭ്യന്തര സങ്കീര്‍ണതകളും ഇറാഖിലെ വിഭാഗീയ രാഷ്ട്രീയവും കൂടുതല്‍ രൂക്ഷമാകുക വഴി തങ്ങളുടെ വഴിസുരക്ഷിതമാക്കുകയായിരുന്നു ഐസിസ് ചെയ്തത്. നൂരിമാലികിയുടെ ഭരണത്തില്‍ അസംതൃപ്തരായ ഇറാഖിലെ സുന്നികളും, സദ്ദാമിന്റെ ഭരണത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഇസ്സത്ത് ഇബ്രാഹീം അല്‍ദാവൂരി 2008ല്‍ സ്ഥാപിച്ച ജയ്‌ശെ താരീഖെ നഖ്ശബന്ദി പ്രവര്‍ത്തകരും ബഅഥ് പാര്‍ട്ടിയിലെ ഒരു പറ്റം അംഗങ്ങളുമാണ് ഐസിസിന് പിന്നിലെ പ്രബല അണികള്‍. തങ്ങളുടെ ലക്ഷ്യത്തിന്റെ മഹത്വത്തെ ആധുനിക പ്രചരണ സങ്കേതങ്ങളുപയോഗിച്ച് സമര്‍ഥമായി വിളംബരം ചെയ്യുക വഴി മുസ്‌ലിം ലോകത്തെ അസംതൃപ്ത യുവത്വത്തിന്റെ  പിന്തുണയും ഐസിസ് നേടിയെടുത്തിരുന്നു. മതമൗലിക  വാദത്തിന്റെ അടിത്തറയിലൂടെ, ഇരുപതാം നൂറ്റാണ്ടില്‍ രൂപീകരിക്കപ്പെട്ട വ്യത്യസ്തമായ ജിഹാദി ഗ്രൂപ്പുകള്‍ ലോകത്തുണ്ടാക്കിയ ഇസ്‌ലാമിക വിരുദ്ധ തരംഗത്തെ വളരെ ഭംഗിയായി തുടര്‍ത്തിക്കൊണ്ടുവരികയാണ് ഐസിസ് ചെയ്തതെന്നതില്‍ തര്‍ക്കമില്ല. ഖിലാഫത്ത് സ്ഥാപനാര്‍ഥം അവര്‍ ചെയ്തു കൂട്ടിയ കൂട്ടക്കുരുതികള്‍ക്കും ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അറബ് ലോകത്തു തന്നെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സിറിയയില്‍ എട്ട് മാസത്തിനിടെ ഒന്‍പതിനായിരത്തി മുന്നൂറോളം പേരെയാണ് ഐസിസ് കൊല ചെയ്തത്. ഐസിസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടു ശേഖരിക്കുന്നത് കൊള്ള, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ മതവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിമാസം ഇത്തരം മാര്‍ഗങ്ങളിലടെ എട്ട് മില്യണ്‍ ഡോളര്‍ ഇവര്‍ സമ്പാദിക്കുന്നുണ്ട്. 1995ല്‍ നജീബുല്ലയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത താലിബാന്‍ പോരാളികളുടെ പ്രധാനവരുമാന സ്രോതസ്സ് കറുപ്പായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് പ്രകാരം 1999ല്‍ താലിബാന്‍ ഭരണകാലത്ത് അഫ്ഗാനില്‍ 4600 മെട്രിക് ടണ്‍ കറുപ്പ് ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. ഐസിസ് മുന്നോട്ടു വെച്ച ഐഡിയോളജി ഖിലാഫത്തിന്റെ സ്ഥാപനമാണ്. ഇസ്‌ലാമിക കാഴ്ചപ്പാടിലെ ഖിലാഫത്തും ഐസിസിന്റെ പ്രഖ്യാപിത ഖിലാഫത്തും തമ്മില്‍ ഒരു താരതമ്യത്തിന് സാധ്യതയുണ്ട്. പരമാധികാരം അല്ലാഹുവില്‍ നിക്ഷിപ്തമായ, വര്‍ഗാധിപത്യമോ പൗരോഹിത്യവാഴ്ചയോ രാജവാഴ്ചയോ അല്ലാത്ത ജനാധിപത്യമാണ് ഇസ്‌ലാമിക ഖിലാഫത്ത്. സമത്വ സുന്ദരമായ, നീതിയും നന്മയും പുലരുന്ന, വര്‍ണ-ഭാഷ-വേഷാതീതമായ മനോഹരമായ കാഴ്ചപ്പാട്. ഇസ്‌ലാമിക ഖിലാഫത്തില്‍ പ്രജകളുടെ സമ്മതം ബലാല്‍കാരമായി സ്വീകരിക്കുന്നിടത്ത് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. എന്നാല്‍ ഐസിസ് ഖിലാഫത്ത് വെറും മായയാണ്. അനുസരിക്കാത്തവരെ ഗളഛേദം നടത്തുന്ന, ധനസമ്പാദനത്തിന് അവിഹിതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന, സുന്നി ഇതര വിഭാഗങ്ങളെ അതിക്രൂരമായിപീഡിപ്പിക്കുന്ന ഒരു സംഘം ഖിലാഫത്തെന്ന സംജ്ഞക്ക് ഭീകരമായ അര്‍ഥഭംഗങ്ങള്‍ വരുത്തുകയാണ് ചെയ്യുന്നത്. കാരണം ആത്യന്തികമായി സ്വയം മതത്തിലധിഷ്ഠിതമായി ജീവിത-ഭരണ വ്യവസ്ഥ കെട്ടിപ്പടുത്ത മതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ പ്രാഥമിക പ്രതിരോധ മാര്‍ഗം തന്നെ പലായനമായിരുന്നു. മദീനയില്‍ ചെന്ന്, വ്യവസ്ഥാപിതമായ സ്റ്റേറ്റ് രൂപപ്പെടുത്തിയെടുത്തതിന് ശേഷം, അനിവാര്യമായ ഒന്നു രണ്ട് യുദ്ധങ്ങള്‍ കഴിഞ്ഞ് 10 വര്‍ഷത്തെ സുദീര്‍ഘമായ സമാധാന ഉടമ്പടി ഒപ്പുവെക്കുകയായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. അലി (റ)നു ശേഷം ബനൂ ഉമയ്യും ബനൂ ഹാശിമും തമ്മില്‍ അധികാരവടംവലി രൂക്ഷമായ സമയത്ത്, ഹസന്‍ (റ)ന്റെ സമാധാനപരമായ സ്വയം പിന്‍വാങ്ങലാണ് ഇസ്‌ലാമിന്റെ മുന്നേറ്റത്തെ വീണ്ടും ചലനാത്മകമാക്കിയത്. ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്റെ അഭിശപ്തമായ കാലഘട്ടത്തില്‍ സൗഹാര്‍ദത്തിന്റെ അനുപമമായ മാതൃക സൃഷ്ടിച്ചിരുന്നു ഇസ്‌ലാം. ഹംഗറിയിലെയും ട്രാന്‍സില്‍വാനിയയിലെയും കാല്‍വിനിസ്റ്റുകളും യൂനിറ്റേറിയന്മാരും ഹാബ്ബര്‍ഗ് രാജവംശത്തെക്കാള്‍ തൂര്‍ക്കികള്‍ക്ക് വഴങ്ങാനാണ് കൂടുതലിഷ്ടപ്പെട്ടിരുന്നത്. ഓട്ടോമന്‍ സാമ്രാജ്യം രൂപീകരിച്ച ഇസ്‌ലാമിക ഖിലാഫത്തിന്റെ രംഗപ്രവേശം തികച്ചും ഭിന്നമായ/ സഹിഷ്ണുതനിഷ്ഠമായ ഒരു സാമ്രാജ്യത്തെയാണവതരിപ്പിച്ചത്. ഇതര മതസ്ഥരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച പാരമ്പര്യം ഐസിസിലൂടെയും സമാനസംഘങ്ങളിലൂടെയും ഉടഞ്ഞൊടുങ്ങുന്നതാണ് നാം കാണുന്നത്. മുസ്‌ലിം സാമൂഹികാവസ്ഥകളെയും രാഷ്ട്രീയ യഥാര്‍ഥ്യങ്ങളെയും വിശ്വാസവുമായി ബന്ധിപ്പിച്ച്, ഏകശിലാത്മകമായ വിശ്വാസം സൃഷ്ടിച്ചെടുക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. ഇറാഖില്‍ തന്നെ മുസ്‌ലിം വിഭാഗീയത പെരുപ്പിച്ചെടുക്കുന്നിടത്താണ് ഐസിസിന്റെ വിജയവും പരാജയവും നിര്‍ണിതമാവുന്നത്. മുസ്‌ലിം സംഘശക്തിയെ നെടുകെ പിളര്‍ത്തുന്ന, മാനവിക യാഥാര്‍ഥ്യങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാത്തവര്‍ ഖിലാഫത്ത് അവകാശപ്പെടുന്നിടത്താണ് മതകീയമായ ചില സങ്കേതിക പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നാണ് അല്‍ ഉഖുവ്വത്തു ഫില്‍ ഇസ്‌ലാമും (മുസ്‌ലിം സാഹോദര്യം) അല്‍ ഉഖുവ്വതു ഫില്‍ ഖല്‍ഖും (സമസൃഷ്ടി സാഹോദര്യം) പക്ഷേ ജിഹാദിഗ്രൂപ്പുകള്‍ ആശങ്കക്കിടമില്ലാത്ത വിധം ഈ ആശയത്തെ ചവറ്റുകുട്ടയിലെറിഞ്ഞു കഴിഞ്ഞു. തീവ്രവാദത്തിന്റെ ബുദ്ധിശൂന്യമായ ഇടപെടലുകള്‍  പലയിടത്തും മുസ്‌ലിം സമൂഹത്തെ ഏറെ ദോഷകരമായി ബാധിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം 'വാര്‍ ഓണ്‍ ടെറര്‍' കൂടുതല്‍ ശക്തിപ്പെടുത്തിയതും ഫലസ്തീന്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന് വഴിയൊരുക്കിയതും അല്‍ഖാഇദയുടെയും ഹമാസിന്റെയും ഇടപെടലുകളായിരുന്നു. ധാര്‍മികതയില്‍ വിശ്വസിക്കാത്ത, ഇസ്രയേലിനോട് തന്ത്രപരമായി ഇടപടെുന്നതിനു പകരം പ്രകോപനം സൃഷ്ടിക്കാനുള്ള ഹമാസിന്റെ നീക്കങ്ങളാണ് അതിശക്തമായി തിരിച്ചടിയില്‍ കലാശിച്ചത്. നുൂറ്റാണ്ടുകള്‍ക്കിപ്പുറവും തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളോ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ അനിവാര്യതയോ ഇനിയും ബോധ്യപ്പെടാത്ത അല്‍പജ്ഞാനികളില്‍ നിന്നാണ് വിനാശകരമായ തീവ്രവാദവും മറ്റു ചിന്താധാരകളും ഉടലെടുക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും സന്നദ്ധ സേവകരെയും പണ്ഡിതന്മാരെയും കൊലപ്പെടുത്തുകയും സാമൂഹ്യസേവന സ്ഥാപനങ്ങളെ ബോംബിട്ടു തകര്‍ക്കുകയും ചെയ്യുന്ന ഒരു 'ഖിലാഫത്തി'ന്റെ സാധുത എത്രത്തോളമുണ്ട്? നിരപരാധികളുടെ ദീനമായ വിലാപങ്ങള്‍ക്ക്  മറുപടി നല്‍കാന്‍ പോലും സാധിക്കാത്തവര്‍ എങ്ങനെ ഒരു ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കും? യുദ്ധഘട്ടങ്ങളിലെ പ്രവാചകന്റെ സാരോപദേശങ്ങള്‍ വിനിമയം ചെയ്യുന്നത് മാനവികതയുടെ നിതാന്തമായ പാഠങ്ങളെയാണ്. മതത്തെ സങ്കുചിതമാക്കുകയും അപരനോടുള്ള സംഭാഷണത്തിനുള്ള മുഴുവന്‍ വാതിലുകളും കൊട്ടിയടക്കുകയും ചെയ്യുന്നിടത്ത് ഉല്‍ഭവിക്കുക വരണ്ട ഇസ്‌ലാമായിരിക്കും. ഇസ്‌ലാമിന്റെ ചൈതന്യത്തെ ഊതിക്കെടുത്തുകയും വരണ്ട ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടു പോവുന്നത് പ്രവാചകന്‍ (സ)യും അനുചരന്മാരും തിരികൊളുത്തിയ മഹത്തായ മാനവ ദര്‍ശനമാണ്. തീവ്രവാദത്തിന്റെ മനോവ്യാപാരത്തിനപ്പുറം അനുയായികള്‍ക്ക് നല്‍കാവുന്ന യാതൊരു സന്ദേശവുമില്ല. കാലത്തെ അതിജീവിക്കുന്ന മാനുഷിക മൂല്യങ്ങള്‍ കൊണ്ട് സമൃദ്ധവും ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ ഉല്‍ഗതിക്ക് ആധാരവുമായ ഒരാശയ സംഹിതയെ നിഷേധാത്മകമായ പരുവത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലെ അസത്യ കല്‍പനയെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദീര്‍ഘകാലത്തെ ആസൂത്രിതവും പ്രായോഗികവുമായ പദ്ധതികളിലൂടെ മാത്രം ലക്ഷ്യം കാണുന്ന ഉഥാനമോഹങ്ങള്‍ക്ക് ഒരു വെടിയുണ്ട കൊണ്ട് സാക്ഷാല്‍കരിക്കാനാവുമെന്ന മൗഢ്യധാരയാണ് തീവ്രവാദത്തിന്റെ ജീവവായു. ഈയൊരു പശ്ചാത്തലത്തില്‍,  സുശിക്ഷിതമായ ഇസ്‌ലാമിക സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയുമോയെന്ന ആശങ്ക പ്രകടമാണ്. ആശയഭിന്നതകള്‍ പ്രവാചക കാലശേഷം മുസ്‌ലിം സാമൂഹിക ഗാത്രത്തെ അതിശക്തമായി ആവേശിച്ചു തുടങ്ങിയിട്ടുണ്ട്. ശീഈ-സുന്നീ വിഭജനങ്ങള്‍ പ്രവാചകന്റെ മരണാനന്തരം തന്നെ ഉടലെടുത്തു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സഹയാത്രികനായി ഈ ഭിന്നതകള്‍ ഉണ്ടായിരുന്നു. പലപ്പോഴും പുരോഗമന പ്രവര്‍ത്തനങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ അവ തലയുയര്‍ത്തി. ഇസ്‌ലാമിന്റെ അഭിശപ്ത കാലമായി എണ്ണപ്പെടുന്നത് ഇത്തരം ദിനങ്ങളാണ്. എന്നാല്‍ ആശയ വൈജാത്യത്തെ, അതിസമര്‍ഥമായി ഉയര്‍ന്ന ചിന്തകള്‍ കൊണ്ട് മറികടന്ന സമയത്തെ മുസ്‌ലിം സംസ്‌കാരത്തിന്റെ സുവര്‍ണ നാളുകളായി വിലയിരുത്തപ്പെടുന്നു. പുതിയ കാലത്ത് മുസ്‌ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നം ഭീകരവാദവും തീവ്രവാദവും സൃഷ്ടിച്ചെടുത്ത പ്രതിഛായയെ തകര്‍ത്തു കളയാന്‍ ഉതകുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങുന്നതില്‍ സമൂഹം സ്വീകരിക്കുന്ന ഉദാസീന നിലപാടാണ്. മുസ്‌ലിം വിരുദ്ധ ശക്തികളുടെ അജണ്ട നിര്‍വഹണത്തെ ഇത് ഏറെ അനായാസമാക്കിത്തീര്‍ക്കുന്നു. വര്‍ഗീയ ആശയ ഭിന്നതകള്‍ സൃഷ്ടിക്കുന്ന ആശാനുകത്വത്തെ സാഹചര്യാനുസൃതമായി  പരിഹരിച്ചും അവഗണിച്ചും ഭാവി നിറവാര്‍ന്നതാക്കാനുള്ള കഠിയത്‌നങ്ങളിലേക്ക് നാം തിരിച്ചു നടക്കേണ്ട സമയമായിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter