ഖുർആനും ശാസ്ത്രവും: സംവാദത്തിന്റെ തുടർചലനങ്ങളും  ശാസ്ത്രീയ വ്യാഖ്യാനങ്ങളുടെ സാധുതയും

കേരളത്തിലെ മത-സാംസ്കാരിക മണ്ഡലം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുകയും മതം, മനുഷ്യൻ, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾക്ക് തീ കൊളുത്തുകയും ചെയ്ത എം എം  അക്ബർ - ഇ എ  ജബ്ബാർ സംവാദം ഒരു ഭൂകമ്പത്തെ പോലെ ഒട്ടേറെ തുടർചലനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണല്ലോ.

ആക്രമണത്തിൽ പ്രതിരോധത്തിലേക്ക് ‘യുക്തിവാദി’കളെയും ഇസ്‍ലാം വിമർശകരെയും തള്ളിയിട്ട ഈ സംവാദത്തെ തുടർന്ന്  ഖുർആനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്നതിന്റെ യുക്തിയും യുക്തി രാഹിത്യവും ചർച്ചയാക്കികൊണ്ടുവരാനാണ് ഇസ്‍ലാം വിരുദ്ധപക്ഷവും മറുഭാഗത്ത് മതത്തിലെ തന്നെ ഒരു ന്യൂനപക്ഷവും ഇപ്പോൾ  ശ്രമിക്കുന്നത്. പ്രാമാണിക ഖുർആന്‍ വ്യാഖാന ഗ്രന്ഥങ്ങളിൽ കാണാത്ത പുതിയ അർഥ തലങ്ങൾ ഖുർആൻ സൂക്തങ്ങൾക്ക് നൽകാമോ എന്നതാണ് ആ ചർച്ചയുടെ കാതൽ.

ഖുർആൻ സംശയലേശ്യമന്യേ ദൈവിക വചനങ്ങളാണ് (അൽ-സജദ 1-2). ദൈവഭക്തർക്ക് മാർഗദർശനമാണ് (അൽ -ബഖറ 2), അതിൽ വൈരുദ്ധ്യങ്ങളില്ല (അൽ നിസാ: 82) ഇത് പോലെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ ആർക്കും കഴിയില്ല (അൽ-ബഖറ 24) മാറ്റി തിരുത്തലുകൾക്ക് വിധേയമാക്കപ്പെടാതെ സംരക്ഷിക്കപ്പെടും (അൽ-ഹിജ്ർ 9) തുടങ്ങിയവയൊക്കെ ഖുർആന്റെ തന്നെ അവകാശവാദങ്ങളാണ്; വിശ്വാസികൾക്ക് അത് ബോധ്യമുള്ളതുമാണ്.

പ്രവാചകന്മാരെ സമൂഹത്തിലേക്ക് നിയോഗിച്ച ദൈവം ആ പ്രവാചകത്വത്തിന്റെ തെളിവായി അവർക്കെല്ലാം വ്യത്യസ്ത അമാനുഷിക തെളിവുകൾ (മുഅജിസത്ത്) നല്കിയിട്ടുണ്ട്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്ക് ദൈവം നല്കിയ അമാനുഷിക പ്രമാണമാണ് ഖുർആൻ. ലോകവസാനം വരെ അത് അമാനുഷികമായി നിലനിൽക്കുമ്പോൾ മാത്രമേ ഓരോ കാലഘട്ടത്തിലെയും ജനങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടുകയും അതിലൂടെ ഈ വിശ്വാസ ആദർശം അംഗീകരിക്കാൻ കഴിയുകയുമുള്ളൂ. അത്കൊണ്ട് തന്നെ ഖുർആൻ അതിന്റെ അവകാശവാദമാനുസരിച്ച് തന്നെ എക്കാലത്തെയും സമൂഹത്തിന് പ്രവാചകത്വത്തിന്റെയും ദിവ്യ വെളിപാടിന്റെയും തെളിവായി നിലനിൽക്കേണ്ടതുണ്ട്.

ഇമാം തിർമിദി റിപ്പോര്ട്ട് ചെയ്യുന്ന  അലി (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഖുർആനെക്കുറിച്ച് പറയുന്നത്  (...പണ്ഡിതന്മാർക്ക് അത് മതിവരില്ല, ഉപയോഗാധിക്യത്തിൽ അതിനു പഴക്കം സംഭവിക്കുന്നില്ല, അതിന്റെ അത്ഭുതങ്ങൾ കാലഹരണപ്പെടുന്നുമില്ല…) അതായത് കാലത്തോട് സംവദിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥമായി അത് നിലനിൽക്കുകയും അതിന്റെ ദിവ്യത്വം ബോധ്യപ്പെടുത്തുന്ന പുതിയ അറിവുകൾ അതിൽ നിന്ന് മനസ്സിലാക്കപ്പെടുകയും ചെയ്യും. ഖുർആന്റെ ഈ ദിവ്യമായ അമാനുഷികത (ഇഅ്ജാസ്) അതിന്റെ ഭാഷയിലും ചരിത്രത്തിലും പ്രവചനങ്ങളിലും സാഹിത്യത്തിലും പ്രയോഗങ്ങളിലും മാത്രമല്ല, അതിൽ വിവരിച്ചിട്ടുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളിലും കാണാം.

6200 ലധികം സൂക്തങ്ങളുള്ള ഖുർആന്റെ 750-ലധികം സൂക്തങ്ങൾ പ്രാപഞ്ചിക പ്രതിഭാസങ്ങളും ശാസ്ത്രീയ അറിവുകളുമായി ബന്ധപ്പെട്ടതാണ്.  അതിനർത്ഥം ഖുർആൻ ശാസ്ത്ര ഗ്രന്ഥമെന്നല്ല; ഖുർആൻ ഭാഷയോ സാഹിത്യമോ ചരിത്രമോ  പഠിപ്പിക്കാൻ വന്ന ഗ്രന്ഥമല്ലാത്തത് പോലെ ശാസ്ത്ര ഗ്രന്ഥവുമല്ല. എന്നാൽ അതിൽ ഭാഷയും സാഹിത്യവും ചരിത്രവുള്ളത് പോലെ ശാസ്ത്രവുമുണ്ട്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞൽ ചരിത്ര വിരുദ്ധമോ പൂർണ്ണാർഥത്തിൽ തെളിയിക്കപ്പെട്ട പ്രാപഞ്ചിക ശാസ്ത്രീയ സത്യങ്ങൾക്ക് വിരുദ്ധമായതോ ആയ പരമാർശങ്ങൾ അതിലുണ്ടാവില്ലെന്നതു ഖുർആന്റെ തന്റെ സാക്ഷ്യമാണ്; വെല്ലുവിളിയാണ്, അതിന്റെ കാലഹരണപ്പെടാത്ത ദിവ്യത്വത്തിന്റെ തെളിവുമാണ്.

‘ഖുർആൻ (അല്ലെങ്കിൽ ഇസ്‍ലാം/പ്രവാചകൻ) സത്യമാണെന്ന് ബോധ്യപ്പെടുന്നതിന് ചക്രവാളങ്ങളിലും അവരിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുമെന്നു’(ഫുസ്സിലത്ത് 53) ഖുർആൻ തന്നെ പറയുന്നു. അങ്ങനെ വരുമ്പോൾ ഖുർആനിക സൂക്തങ്ങൾക്ക് മുൻഗാമികൾ പറഞ്ഞതല്ലാത്ത എന്നാൽ ഖുർആൻ പഠനത്തിനു ആദ്യകാല ഇസ്‍ലാമിക പണ്ഡിതർ രൂപപ്പെടുത്തിയ ഖുർആനിക ശാസ്ത്ര (ഉസൂൽ അൽ-ഖുർആൻ) ത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള പുതിയ ആശയവും വ്യാഖാനവും ഉണ്ടാവുന്നത് ഖുർആന്റെ താല്‍പര്യം കൂടിയാണ്.

ഒരു ഉദാഹരണം പറഞ്ഞു ഇത് അവസാനിപ്പിക്കാം. തേനീച്ചകൾക്ക് ദൈവിക ബോധനം നല്കിയതിനെക്കുറിച്ച്  പറയുന്ന സൂക്തങ്ങൾ ശ്രദ്ധേയമായ ഒരു ഖുർആനിക വായനക്ക് നമ്മെ പ്രേരിപ്പിക്കുന്നു. 

മലകളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (വീട് മുതലായ) വസ്തുക്കളിലും നീ കൂടുകള്‍ ഉണ്ടാക്കുക എന്നു താങ്കളുടെ രക്ഷിതാവ് തേനീച്ചക്ക് ബോധനം നല്‍കി” (അല്‍- നഹ്ല്‍ 68)

 

ഇവിടെ ഖുര്‍ആന്‍ തേനീച്ചക്ക് ഉപയോഗിച്ചത് നഹ്ല്‍ എന്ന പദമാണ്. ഈ പദം അറബി ഭാഷയില്‍ പുല്ലിംഗമായും സ്ത്രീലിംഗമായും ഉപയോഗിക്കപ്പെടാറുണ്ട്. ജീവികളുടെ പേരുകള്‍ ബഹുവചനാര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ അതിനെ സ്ത്രീലിംഗമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ആ വാക്കിനെ മാത്രം പരിഗണിക്കുമ്പോള്‍ പുല്ലിംഗമായി പരിഗണിക്കുന്നു. ഒരു തേനീച്ച എന്ന അര്‍ത്ഥത്തില്‍ ഇതിന്റെ ഏക വചനം നഹ് ലത്ത് എന്നാണു ഉപയോഗിക്കുന്നത്. ആണ്‍ തേനീച്ചക്കും പെണ്‍തേനീച്ചക്കും ഉപയോഗിക്കന്ന ഈ വാക്ക് ഭാഷാപരമായി സ്ത്രീലിംഗമാണ്.

ഈ സൂക്തത്തിലും തുടർന്നുള്ള സൂക്തങ്ങളിലും തേനീച്ചയോട് നല്‍കുന്ന ബോധനത്തിന്റെ ക്രിയാ രൂപം  ഏകവചന രൂപത്തിലുള്ള സ്ത്രീലിംഗമാണ് (اتخذي، كلي، اسلكي). അതായത് ഒരു സ്ത്രീയോട് സംസാരിക്കാന്‍ ഉപയോഗിക്കുന്ന ക്രിയാ രൂപമാണ് അല്ലാഹു ഇവിടെ ഉപയോഗിച്ചത്. നഹ്ല്‍ എന്ന പദം ഒരു പദമെന്ന നിലയില്‍ പുല്ലിംഗമാണെങ്കിലും തേനീച്ചകള്‍ അല്ലെങ്കില്‍ തേനീച്ച സമൂഹം എന്ന നിലയില്‍ അർഥം ഉപയോഗിക്കുമ്പോൾ സ്ത്രീലിംഗമായതിനാലാണ് ഈ ക്രിയാരൂപം ഉപയോഗിച്ചതെന്നു പഴയകാല മിക്ക ഖുര്‍ആൻ  വ്യാഖ്യാതാക്കളും (ഉദാ: ബൈദാവി) വ്യക്തമാക്കിയത്. ഹിജാസി ശൈലിയിൽ ‘നഹ്ല്’ എന്ന പദം സ്ത്രീലിംഗമായി ഉപയോഗിക്കുന്നുവെന്നാണ് ഇമാം ഖുർത്തുബി വിശദീകരിച്ചത്. 

എന്നാല്‍ തേനീച്ചകളെ സംബന്ധിച്ച വിശദമായ പഠനങ്ങളിലൂടെ ഈ ജീവി സമൂഹത്തിന്റെ അത്ഭുതകരവും സങ്കീര്‍ണ്ണവുമായസാമൂഹ്യ വ്യവസ്ഥ മനുഷ്യന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു റാണിയുടെ ചുറ്റും കൂട്ടുകൂടുന്ന തേനീച്ചകളില്‍ വീട് നിര്‍മാണവും തേന്‍ ശേഖരണവും ഉള്‍പ്പെടെയുള്ള തൊഴില്‍  ചെയ്യുന്നത് ജോലിക്കാരികള്‍ എന്നറിയപ്പെടുന്ന (workers) പെണ്‍തേനീച്ചകളാണ്. മടിയന്മാരായ ആണ്‍ തേനീച്ചകള്‍ റാണിയുമായി ഇണചേരുക മാത്രമാണ് ചെയ്യുന്നതെന്നത് ഇത് സംബന്ധിച്ച് അറിയുന്നവർക്കെല്ലാം ഇന്ന് സുപരിചിതമായ കാര്യമാണ്. ഇത്തരമൊരു സത്യം ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ജീവശാസ്ത്രം കണ്ടെത്തുന്നത്. 

ഇത് മനസ്സിലാക്കിയ ഒരാള്‍ നേരത്തെ പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തിലെ തേനീച്ചകളോടുള്ള ദൈവിക ബോധനത്തിലുപയോഗിച്ച സ്ത്രീലിംഗ ക്രിയാ രൂപത്തിന്റെ അര്‍ഥം ഭാഷാപരമായ പ്രയോഗത്തിനപ്പുറം ഈ ശാസ്ത്ര സത്യത്തിനു അടിവരയിടുന്നുവെന്നു മനസ്സിലക്കുന്നിടത്ത് ആ ഖുര്‍ആനിക സൂക്തത്തിന് കൂടുതൽ കൃത്യവും ശാസ്ത്രീയവുമായ പുതിയ ഒരു വ്യാഖാനം മനസ്സിലാക്കുകയുംഅവന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കുകയുമാണ്ചെയ്യുന്നത്. ക്രിയാ രൂപമായി പുല്ലിംഗമോ സ്ത്രീലിംഗമോ ഉപയോഗിക്കാമായിരുന്ന ഒരിടത്ത് സ്ത്രീലിംഗം തന്നെ ഉപയോഗിച്ചതിന്റെ സാംഗത്യം തേടുമ്പോഴാണ് ഇത്തരമൊരു അറിവിലേക്ക് എത്തുന്നത്.

ആണ്‍– പെണ്‍ വ്യത്യാസമില്ലാതെ തേനീച്ച സമൂഹത്തോടാണ് ബോധനമെങ്കിൽ പുല്ലിംഗ ബഹുവചന രൂപമാണ് കൂടുതൽ യോജിക്കുക. തേനീച്ചകളെ പോലുള്ള മറ്റൊരു ജീവി സമൂഹമായ  ഉറുമ്പുകളുമായി ബന്ധപ്പെട്ട ഒരു സംഭാഷണത്തിൽ ഖുർആൻ തന്നെ ഉപയോഗിച്ചത് പുല്ലിംഗ ബഹുവചനമാണ്. (അൽ - നംല് 18 –ادخلوا مساكنكم) അതിൽ നിന്നു വ്യത്യസ്തമായി തേനീച്ചയോട് സ്ത്രീലിംഗംപ്രയോഗിച്ചത് ഖുർആൻ ആഴത്തിൽ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവർക്കു ഒരു പഠന വിഷയം തന്നെയാണ്. 

മറ്റൊരാള്‍ക്ക് ഇത് കേവലം ഭാഷ പ്രയോഗമെന്നോ യാദൃച്ഛികമെന്നോ വിലയിരുത്താമെങ്കിലും ഖുര്‍ആനിനെ ആദ്യാവസാനം മനസ്സിലാക്കുന്ന ഒരാള്‍ക്ക് അത് അങ്ങനെയല്ലെന്നു ബോധ്യപ്പെടാന്‍ വലിയ പ്രയാസമുണ്ടാവില്ല.

ഖുർആനിലെ ശാസ്ത്രീയമെന്ന് വിളിക്കപ്പെടാവുന്ന സൂക്തങ്ങളെല്ലാം ഇത്തരത്തിൽ സൂക്ഷ്മമായി  വായിക്കപ്പെടാവുന്നയാണ്. എന്നാൽ അതു തന്നെ മറ്റൊരു അര്‍ത്ഥത്തില്‍  മനസ്സിലാക്കാനും സാധിക്കും. കടലിലെ ഇരുട്ടിനെയും തിരമാലകളെയും കുറിച്ച സൂക്തത്തെ ഒരാൾക്ക് കാല്പനിക ഉപമയായി വായിക്കാന്‍ കഴിയുമെങ്കിൽ മറ്റൊരാൾക്ക് ആ പ്രയോഗങ്ങളിലെ  ശാസ്ത്രീയമായ കൃത്യത കണ്ടെത്താൻ കഴിയും. അതു തന്നെയാണ് നൂറ്റാണ്ടുകളായിട്ടും വറ്റാത്ത ഖുര്‍ആന്റെ സൌന്ദര്യവും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter