കത്തിക്കുത്തും ഗുസ്തിയും: നമ്മുടെ മഹല്ലുകള്‍ ഇങ്ങനെ പോയിട്ടെവിടം വരെ?
mahallമലപ്പുറത്തെ കോട്ടക്കലില്‍ നിന്നാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. കാലങ്ങളായി പ്രദേശത്തെ ഒരു മഹല്ലില്‍ തുടരുന്ന സ്ഥാനത്തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിന് മധ്യസ്ഥശ്രമം നടത്തിയ ആള്‍ക്കെതിരെ കൊലശ്രമം നടന്നുവെന്ന തരത്തിലാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതെന്തോ ആകട്ടെ. അതിലെ യഥാര്‍ഥ പ്രശ്നങ്ങളും പരിസരങ്ങളും അന്വേഷണത്തിന് വിടാം. എന്നാല്‍ ഈ സംഭവം നമുക്ക് മുന്നില്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. അതെകുറിച്ചാണ് ഈ കുറിപ്പ്. മഹല്ലുകളാണ് കേരളത്തിലെ ഇസ്‌ലാമിന്‍റെ ആധാരമെന്നാണ് പൊതുവില്‍ വെയ്പ്. നമ്മുടെ പ്രാസ്ഥാനിക എഴുത്തുകളും പ്രസംഗങ്ങളുമെല്ലാം അത്തരമൊരു രീതിയിലാണ് തുടങ്ങാറ്. അതൊരര്‍ഥത്തില്‍ ശരിയാണു താനും. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് കേരളമുസ്‌ലിംകളുടെ മതപരമായ പുരോഗതിയുടെയും അവബോധത്തിന്‍റെയും പിന്നിലെ പ്രധാനഘടകമായി അക്കാദമിക പഠനങ്ങള്‍വരെ എടുത്തുകാണിക്കുന്നത് ഇവിടത്തെ കെട്ടുറപ്പുള്ള മഹല്ലു സംവിധാനത്തെയാണ്. ഓരോ മഹല്ലിലെയും ഉലമാഉമറാ ബന്ധത്തിലൂന്നിയ ഇസ്‌ലാമിക-മുസ്‌ലിം പരിസരത്തെയാണ്. (വര്‍ഷാവര്‍ഷങ്ങളിലെ മഹല്ലിലെ സാമ്പത്തിക വരവ് ചെലവുകളുടെ കണക്കെഴുത്തിന് അപ്പുറത്തേക്ക് പല മഹല്ലുകളും പ്രവര്‍ത്തിക്കുന്നില്ലെന്നത് മറ്റൊരു സത്യമാണ്.) ഓരോ മഹല്ലും അത് ഭരിക്കുന്ന കമ്മിറ്റിക്ക് കഴീലാണ്. അതിലെ മുഖ്യസ്ഥാനമാണ് പ്രസിഡണ്ടിന്‍റേത്. പലേടങ്ങളിലും ഈ സ്ഥാനം ആജീവാനന്തമായിരിക്കും. അതിലുപരി തറവാടു വഴി അടുത്ത അനന്തിരവന് കൈമാറ്റം ചെയ്യപ്പെടുന്നതും. കഴിഞ്ഞ 90 വര്‍ഷങ്ങളായി കേരളത്തില്‍ രാഷ്ട്രീയമായും മതപരമായും നിരവധി മുസ്‌ലിം സംഘടനകള്‍ നിലവില്‍ വന്നിട്ടും ഇ.കെ സമസ്തക്ക് കീഴില്‍ ഇത്രയുമധികം മദ്റസകളും മഹല്ലുകളും കെട്ടുറപ്പോടെ സുരക്ഷിതമായി തുടരുന്നതിനെ സാമൂഹ്യശാസ്ത്രപരമായി നിരീക്ഷിച്ച് ഡല്‍ഹി കോളജിലെ പ്രഫസറായ എന്‍.പി ആശ്ലി ഈയിടെ ഒരു ലേഖനം എഴുതിയിരുന്നു, ഇന്ത്യാടുഡേയുടെ ഓണപ്പതിപ്പില്‍. ഗ്രാമത്തിലെ ഫ്യൂഡല്‍കുടംബമാണ് ഓരോ മഹല്ലിലെയും മുഖ്യകാര്‍മികത്വം കൈയാളുന്നത് എന്നതാണ് അതിന് പിന്നിലെ പ്രധാനകാരണായി അദ്ദേഹം സൂചിപ്പിക്കുന്നത്. അത് ഏറെക്കുറെ ശരിയാണ് താനും. അതിന് വിപരീതമായി കഴിവും സേവനതാത്പര്യവും കണക്കിലെടുത്ത് മാത്രം കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചില മഹല്ലുകള്‍ ഉണ്ടെന്നതും അത്തരം ആശാവഹമായ മാറ്റങ്ങള്‍ ഇന്ന് പല മഹല്ലിലും വന്നുകൊണ്ടിരിക്കുന്നു എന്നതും ശരിതന്നെ. അത് അറിയാതെയല്ല ഇതെഴുതുന്നത്. മതപരമായ സ്ഥാനമാനങ്ങള്‍ കൈയാളുന്നതിനുള്ള യോഗ്യത കുടുംബമഹിമ എന്നതിലുപരി ദീനിബോധവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും തന്നെയാകണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ഒരു മഹല്ലില്‍ വര്‍ഷങ്ങളായി തങ്ങളുടെ കുടുംബം തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നതിനാല്‍ നേരത്തെ പദ്ധതി ആവിഷ്കരിച്ച് ആയുധങ്ങള്‍ തയ്യാറാക്കി പള്ളിയില്‍ വെച്ച് ജുമുഅക്ക് ശേഷം അക്രമം അഴിച്ചുവിടുന്നതിനെ ഈമാനിന്‍റെ ഏത് കോളത്തിലാണ് നാം ചേര്‍ക്കുക. സ്ഥാനമാനങ്ങള്‍ ഉത്തരവാദിത്ത നിര്‍വഹണത്തിന്‍റെതാണ് ഇസ്‌ലാമില്‍. അത് വെച്ച് സാമ്പത്തികമായോ മറ്റോ എന്തെങ്കിലും നേട്ടമുണ്ടാക്കാനോ സ്വാധീനിക്കാനോ മഹല്ല് കമ്മിറ്റി രാഷ്ട്രീയപാര്‍ട്ടിയുടെ പ്രദേശികഘടകമൊന്നുമല്ലല്ലോ. എന്നിട്ടും അതിന് വേണ്ടി വര്‍ഷങ്ങളോളം കുടുംബങ്ങള്‍ തമ്മില്‍ വൈരാഗ്യം നിലനില്‍ക്കുന്നു. അതിന് വേണ്ടി കത്തിയൂരുന്നു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച മധ്യസ്ഥന്‍ വരെ ആക്രമിക്കപ്പെടുന്നു. സത്യത്തില്‍ എവിടെയാണ് പിഴവ് പറ്റിത്തുടങ്ങിയത്? മഹല്ല് കാരണവര്‍, തീര്‍ത്തും മാനസികമാണ് അതിന്‍റെ വലിപ്പവും വണ്ണവും. ആത്മാര്‍ഥതയുടെ ബേങ്കിലാണ് മഹല്ലുകാരണവര്‍ക്ക് അക്കൌണ്ട് വേണ്ടത്. അതല്ലാതെ ഏത് തെണ്ടിത്തരവും ചെയ്യാനുള്ള ആര്‍ജവമല്ല. സാമ്പത്തികമായ പളപളപ്പും പൊടിപാറ്റുന്ന കാറും മഹല്ലിലെ ദീനികാര്യങ്ങളില്‍ കൈവെക്കാനുള്ള യോഗ്യതയായി പരിഗണിക്കുന്നത് നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. മതബോധം അടിസ്ഥാനമാക്കി മാത്രം വേണം മഹല്ലിലെ ഓരോ സ്ഥാനത്തിനും പറ്റിയ ആളുകളെ തെരഞ്ഞെടുക്കേണ്ടത്. കോട്ടക്കലിലെ സംഭവം ഈ കുറിപ്പെഴുതുന്നതിന് ഒരു നിമിത്തമായി എന്ന് മാത്രം. അപൂര്‍വമായ ഒരു കേസ് തന്നെയാണത്, സമ്മതിക്കുന്നു. അത് വെച്ച് മാത്രം കേരളത്തിലെ ആഘോഷിക്കപ്പെടുന്ന മഹല്ലു സിസ്റ്റത്തിലെ സ്ഥാനങ്ങളെ വിമര്‍ശിക്കാനൊന്നും കുറിപ്പിന് ലക്ഷ്യമില്ല. എന്നാല്‍ തഖവയും ദീനും മാത്രം അടിസ്ഥാനയോഗ്യതയാകേണ്ട മഹല്ലിലെ സ്ഥാനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാര്‍ പോലും കാണിക്കാത്ത പാടവം പുറത്തെടുക്കുന്നത് ചിലേടത്തെങ്കിലും ഇന്ന് നിത്യസംഭവമാണെന്ന് പറയാതെ വയ്യ. അതിന്‍റെ കാരണങ്ങളെ കുറിച്ച് അടിയന്തിരമായി ചിന്തിച്ചേ മതിയാകൂ. കാരണം അടിസ്ഥാന ഘടകത്തിനാണ് കാര്യമായി എന്തോ അഴുക്ക് പുരണ്ടിരിക്കുന്നത്. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന മഹല്ലില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ അല്‍പകാലം മുദരിസായി സേവനം അനുഷ്ഠിച്ചിരുന്ന ഒരു ഉസ്താദിനെ പുതിയ സംഭവവികാസങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി കണ്ടുമുട്ടി. കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ മുദരിസായി ജോലി ഏറ്റയുടനെ മഹല്ലിലെ ചില കുടുംബങ്ങളില്‍ നിന്ന് അമര്‍ശമുണ്ടായ കഥയും വീട്ടില്‍ വന്ന് അവിടെ ജോലിയേറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട സംഭവവുമെല്ലാം അദ്ദേഹം വിവരിച്ചു. ആദ്യജുമുഅക്ക് അവിടെ പോകുന്നതിന് മുമ്പ് തന്നെയാണ് ഉസ്താദിന് ഈ അനുഭവമുണ്ടായത്. അതും അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ്. മലപ്പുറത്തെ തന്നെ മറ്റൊരു മഹല്ല് നോക്കാം. പ്രദേശത്തെ മാപ്പിള സ്കൂളില്‍ നോമ്പുകാലത്ത് യു.പി സ്കൂള്‍ നടത്താന്‍ പി.ടി.എ കമ്മിറ്റി കുതന്ത്രത്തിലൂടെ തീരുമാനിച്ചപ്പോള്‍ അതിനെതിരെ നാട്ടിലെ എല്ലാ മുസ്‌ലിംസംഘടനകളും ചേര്‍ന്ന് ഒപ്പ്ശേഖരണം നടത്തി ഹെഡ്മാഷിന് നല്‍കി. പി.ടി.എ തീരുമാനം എന്ന് പറഞ്ഞ് ഇടങ്കോലിട്ടപ്പോള്‍ നാട്ടുകാര്‍ രാഷ്ട്രീയവഴികള്‍ തേടി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പുതിയ ഓര്‍ഡര്‍വാങ്ങി സ്കൂള്‍ അധികൃതര്‍ക്ക് കൊടുത്തു. രണ്ടുദിവസം സ്കൂള്‍ പ്രവര്‍ത്തിച്ചില്ല. മൂന്നാംദിവസമായപ്പോഴേക്കും സ്കൂള്‍ തുറന്നു. സ്കൂള്‍ അധികൃതര്‍ അതിനകം ഹൈകോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. നാട്ടുകാരുടെ ശ്രമം വെള്ളത്തില്‍, റമദാന്‍ തീരും വരെ സ്കൂള്‍ തുറന്നുപ്രവര്‍ത്തിച്ചു. സ്കൂള്‍നടത്തിപ്പുകാരുടെ കുടുംബമാണ് കാലങ്ങളായി മഹല്ലുപ്രസിഡണ്ടുമാരായി തുടരുന്നതെന്ന് ഇവിടെ ചേര്‍ത്തുവായിക്കണം.  നിലവിലെ സ്കൂളിലെ മാനേജര്‍ ഏറെ വര്‍ഷം മഹല്ലിന്‍റെ സെക്രട്ടറിയായിരുന്ന ആള്‍. അതിലേറെ അത്ഭുതപ്പെടുത്തിയത് രണ്ടാമത് സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വിവരം വിദ്യാര്‍ഥികളെ അറിയിച്ചരീതിയാണ്. റമദാനിലെ ഹിസ്ബുക്ലാസ് നടക്കുന്ന മദ്റസയില്‍ വന്നാണ് നാളെ മുതല്‍ സ്കൂള്‍ രണ്ടാമത് തുറന്നുപ്രവര്ത്തിക്കുന്നുവെന്ന് വിദ്യാര്‍ഥികളെ അധികൃതര്‍ അറിയിച്ചത്. അതിന് സഹകരണം ചെയ്തുകൊടുത്തതാകട്ടെ മദ്റസയിലെ തന്നെ ചില അധ്യാപകരും. റമദാനില്‍ സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ വ്യക്തിപരമായി ചില ലക്ഷ്യങ്ങളുണ്ട് ബന്ധപ്പെട്ടവര്‍ക്ക് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടുമാത്രമണ് നാട്ടുകാര്‍ചേര്‍ന്ന് ആ ശ്രമത്തെ എതിര്‍‍ത്തത്. എന്നാല്‍ അത് വിജയിച്ചില്ലെന്ന് മാത്രമല്ല, ആ ശ്രമം പരാജയപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ഉപയോഗിച്ചത് മഹല്ലിന്‍റെ തന്‍റെ മെഷിനറികള്‍ ആയിരുന്നുവെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. മതബോധമോ മൂല്യമോ ഒന്നുമല്ല ഇവിടെ അടിസ്ഥാനമാകുന്നത്. കീശയുടെ തൂക്കമാണ്. അതുള്ളവന് എവിടെയും എന്തും ചെയ്യാമെന്ന അവസ്ഥ. മഹല്ലുരൂപീകരണ കാലത്ത് പ്രദേശത്ത് നിലനിന്നിരുന്ന പട്ടിണിയും പരിവട്ടവുമെല്ലാം അക്കാലത്തെ കാശുകാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ പൊതുരംഗത്തു മാത്രമല്ല, മതരംഗത്ത് പോലും ഇടങ്കോല്‍ സൃഷ്ടിക്കുന്നവര്‍ കൈകാര്യം ചെയ്യുന്ന പല മഹല്ലുകള്‍ ഇന്നും നമ്മുടെ പരിസരങ്ങളില്‍ നിലവിലുണ്ട്. പലര്ക്കും ഈ സ്ഥാനം അന്യന് മുന്നില് വലുതാകാനുള്ളതാണ്. അത് വെച്ച് മഹല്ലിലെ സാധാരണക്കാരുടെ നിത്യജീവിതം വഴിമുട്ടിക്കുന്നത് ശീലമാക്കിയ പ്രസിഡണ്ടുമാരെ വരെ അറിയാം. നാട്ടിലെ ഏറ്റവും വലിയ ശല്യക്കാരന്‍ തന്നെ ചിലപ്പോള്‍ പ്രസിഡണ്ടായിരിക്കും. പരിസരത്തെ റൌഡികളും ഗുണ്ടകളും അയാളുടെ കീഴിലായിരിക്കും. എന്നാലും അയാള്‍ക്കുണ്ടെന്ന് പറയപ്പെടുന്ന സാമ്പത്തിക ആസ്തിയുടെ കണക്കു പറഞ്ഞ് അയാളെ തന്നെ പ്രസിഡണ്ടായി തുടര്‍ത്തും. എതിരെ ശബ്ദിച്ചാല്‍ അപായപ്പെടുത്തുമോ എന്ന് നാട്ടുകാരിലെ മഹാഭൂരിഭാഗവും ഭയക്കുന്നു. നേരിട്ട് പരിചയമുള്ള ചില ഉദാഹരണങ്ങള്‍ പറഞ്ഞതാണ്. സുഹൃത്തുക്കളോടും ബന്ധപ്പെട്ടവരോടും സംസാരിക്കുമ്പോള്‍ ഇതേ അവസ്ഥ തുടരുന്ന എത്രയോ മഹല്ലുകളുണ്ടെന്ന് മനസ്സിലാകുന്നു. പല മഹല്ലുകളും സത്യത്തില്‍ വിശ്വാസികള്‍ക്ക് ഒരു കുരിശായി മാറുന്നുവെന്ന് സാരം. മഹല്ല് കമ്മിറ്റി പൊതുജീവിതത്തില്‍ പോലും സഹിക്കാനാകാത്ത ഒരു ഭാരവും. പിന്നയല്ലേ മതജീവിതം. ക്രിസ്തീയ ഇടവകയിലെ ഫാദറും അവിടത്തെ രണ്ടുകുടുംബങ്ങളും മതപരമായ തന്നെ  ചില ചടങ്ങുകളുടെ പേരില്‍ തുടരുന്ന വൈരാഗ്യത്തെ അടിസ്ഥാന പ്രമേയമാക്കി മലയാളത്തില്‍ ഈയടുത്ത് ഒരു ചലച്ചിത്രം വന്നിരുന്നു. തീയേറ്ററുകളില്‍ നന്നായി ഓടിയ ഒരുചിത്രം. അത് കണ്ടു വന്ന ഒരു സുഹൃത്ത് പറഞ്ഞ കമന്‍റ് ഇങ്ങനെയായിരുന്നു: ആ സംവിധായകന് മുസ്‌ലിം മഹല്ലുകളുടെയൊക്കെ കഥ അറിയാത്തത് കൊണ്ടാ. അല്ലെങ്കില്‍ ഒരു സിനിമക്ക് വേണ്ട സ്റ്റണ്ടും ഫൈറ്റും തെറിയുമടക്കം എല്ലാവിധ ചേരുവകളും ഇതിനേക്കാളേറെ ലഭിക്കും നമ്മുടെ പല മഹല്ലുകളിലും. സുഹൃത്ത് പറഞ്ഞതില്‍ കാര്യമില്ലേ എന്ന് ഇപ്പോഴും എന്‍റെ മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്നു. -മന്‍ഹര്‍ യു.പി കിളിനക്കോട് - manharup@gmail.com  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter