ബന്ധങ്ങളും ബാധ്യതകളും

നിന്നെ വേര്‍പിരിയാത്ത നിന്റെ രക്ഷിതാവും യജമാനനും സ്രഷ്ടാവുമായ അല്ലാഹുവാണ് നിന്റെ കൂട്ടുകാരന്‍. നീ കൂടിപാര്‍ക്കുന്നിടത്തും നിന്റെ യാത്ര, ഉണര്‍വ്വ്, ഉറക്കം, ജീവിതം, മരണം അങ്ങനെ അഖില മേഖലകളിലും നീയുമായി വേര്‍പിരിയാത്തൊരു വൈകാരിക ബന്ധമുണ്ടവന്. അവനെ സ്മരിക്കുന്നിടത്തൊക്കെ അവനുണ്ടാകും. അല്ലാഹു തന്നെ പറഞ്ഞു: ''എന്നെ സ്മരിക്കുന്നവന്റെ സഹചാരി ഞാന്‍ തന്നെയാണ്''

കര്‍ത്തവ്യ നിര്‍വ്വഹണത്തിലെ വീഴ്ചയില്‍ മനസ്സ് വേദനിക്കുമ്പോള്‍ ഏകനായ അല്ലാഹു മാത്രമായിരിക്കും നിന്റെ ചങ്ങാതി. അവനായിരിക്കും നിന്റെ ഏക ആശ്രയവും. പടച്ചവന്‍ പറഞ്ഞു. ''എനിക്ക് വേണ്ടി മനോവേദന അനുഭവിച്ചവന് കൂടെയാണ് ഞാന്‍''
നീ നിന്റെ 'ഇലാഹിനെ' സത്യമായും സമ്പൂര്‍ണമായും അറിഞ്ഞിട്ടുണ്ടെങ്കില്‍ അവനെ മാത്രമാണ് നീ കൂട്ടുകാരനാക്കേണ്ടത്. ജനങ്ങളെയല്ല, എല്ലാ സമയത്തും ഇത് ചെയ്യാന്‍ സാധ്യവുമാണ്. എന്നാല്‍ നിന്റെ രാവും പകലുമെല്ലാം അല്ലാഹുവിനോടൊപ്പവും അവനുമായുള്ള രഹസ്യ സംഭാഷണത്തിന്റെ സന്തോഷദായക നിമിഷങ്ങളിലുമായിരിക്കും. അതിനാല്‍ അല്ലാഹുവിനോടുള്ള കൂട്ടുബന്ധത്തിന്റെ നിയമങ്ങള്‍ പിന്തുടരുകയും പഠിക്കുകയും വേണം. ദൈവവുമായുള്ള ബന്ധത്തിന്റെ വഴികള്‍ ഇവയാണ്. ചുറ്റുപാടുകളെ അവഗണിക്കുക അവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, ശരീരാവയവങ്ങള്‍ക്ക് വിശ്രമം നല്‍കി പൂര്‍ണ നിശബ്ദതയില്‍ ജീവിക്കുക, അല്ലാഹുവിന്റെ കല്‍പനകളെ കര്‍മ്മതലത്തില്‍ കൊണ്ടുവരാനും വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജ്ജിക്കാനും ഉത്സാഹം കാണിക്കുക, അവന്റെ വിധിക്കെതിരെ പരാതി പറയരുത്, അല്ലാഹുവിനെ നിരന്തരം സ്മരിക്കുക, അവന്റെ പ്രതാപത്തെ പ്രതിഫലിപ്പിക്കുക, തെറ്റും ശരിയും  വേര്‍ത്തിരിച്ചറിയുക, ജനങ്ങളില്‍ നിന്ന് സ്വതന്ത്രനാവുക, ലജ്ജാബോധമുള്ളവനായിരിക്കുക, ഉപജീവന വരുമാനാധികള്‍ അല്ലാഹുവില്‍ നിന്നാണെന്ന് ബോധ്യം വരുത്തുക, ഒരു മനുഷ്യനെ മാത്രം പ്രത്യേകം അനുഗ്രഹം നല്‍കി തെരഞ്ഞെടുക്കല്‍ അവന്റെ ഔദാര്യമാണെന്ന് വിശ്വസിക്കുക. നിന്നെ ഒരിക്കലും വേര്‍പിരിയാത്ത കൂട്ടുകാരനുമായുള്ള ബന്ധത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളായതിനാല്‍ ഇവ ജീവിതത്തിലുടനീളം പ്രകടമാക്കേണ്ടതുണ്ട്.


സൃഷ്ടികളോടുള്ള ബന്ധം

ഒരു പഠിതാവ് ജ്ഞാനിക്കുള്ള മര്യാദകള്‍ അറിഞ്ഞിരിക്കണം.

തത്ത്വത്തില്‍ പതിനേഴ് നിയമങ്ങളുണ്ട്. 1) ക്ഷമ 2)നൈരന്തര്യ സഹനശീലം 3) ഇരിക്കുമ്പോള്‍ മഹിതമായ സ്വഭാവ ശീലനും വിനയാന്വിതനുമായിരിക്കുക 4)വല്ലവരുടെയും ചെലവില്‍ ഊറ്റം കൊള്ളാതിരിക്കുകയും മറ്റുള്ളവരുടെ തരംതാഴ്ത്തലിനു വിധേയനാവാതിരിക്കുകയും ചെയ്യുക 5) യോഗങ്ങളില്‍ സദാ വിനയം പ്രകടിപ്പിക്കുക 6) പരിഹാസമോ, തമാശയോ പറയരുത് 7) സഹപാഠികളോട് ദയാവായ്പ് പ്രകടിപ്പിക്കുക 8)അഹങ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ധൃതിയില്‍ നടക്കരുത് 9)അക്ഷമനാവാതെ വിവേക പൂര്‍വ്വം മറ്റുള്ളവരുടെ തെറ്റുകള്‍ ശരിയാക്കുക 10) തന്റെ അജ്ഞത മൂലം മറ്റുള്ളവന്റെ പശ്ചാത്താപത്തെ നിന്ദിക്കരുത് 11) സംശയങ്ങള്‍ ഉന്നയിക്കുന്നവരിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊടുക്കുക അതോടൊപ്പം അവരെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക 12) അന്യരുടെ വാദങ്ങള്‍ അംഗീകരിച്ച് കൊടുക്കുക 13) തെറ്റില്‍ നിന്ന് തിരിഞ്ഞ് സത്യത്തിന് കീഴടങ്ങുക 14) ഉപദ്രവകരമാകുന്ന വിജ്ഞാനത്തെ വിലക്കുക, 15) ദൈവപ്രീതിയല്ലാതെ മറ്റുവല്ലവതും ഉദ്ദേശിച്ച് അറിവ് തേടുന്നവനെ അതില്‍ നിന്ന് തടയുക 16) വൈയക്തിക ബാധ്യത പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് സാമൂഹിക ബാധ്യത സ്വായത്തമാക്കുന്നതിനെ വിദ്യാര്‍ത്ഥികളില്‍ നിന്നും വിലക്കുക 17) ഭയഭക്തിയും സൂക്ഷ്മതയും ജീവിതത്തിലുടനീളം പുലര്‍ത്തി സ്വയം നന്നാവുക. ഇവയിലൂടെ അവന്‍ അനുകരണീയനും മാതൃകായോഗ്യനുമാവുന്നു.


ഗുരുനാഥനോടുള്ള ബന്ധം

നീ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള സഹവാസം നീ മനസിലാക്കുക, ആദ്യമായി അഭിവാദ്യമര്‍പ്പിക്കുക. അവരുടെ സാന്നിധ്യത്തില്‍ തീരെ സംസാരിക്കരുത്. ഗുരുനാഥന്‍ ചോദിക്കാതെ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പറയരുത്. അധ്യാപകന്റെ അനുവാദമില്ലാതെ ഒരു ചോദ്യവും ചോദിക്കരുത്. 'അതുമിതും ചോദിച്ച് അധ്യാപകനെ ശല്ല്യപ്പെടുത്തുകയോ നിങ്ങള്‍ എന്താണ് പറഞ്ഞത് എന്നൊക്കെ ചോദിച്ച് അദ്ദേഹത്തിന് ഉപദ്രവമുണ്ടാക്കുകയോ ചെയ്യരുത്. അധ്യാപകനേക്കാള്‍ അറിവുള്ളവനാണ് താനെന്ന് വരുത്താന്‍ വേണ്ടി അവരുടെ അഭിപ്രായങ്ങള്‍ക്കെതിരെ വാദിക്കാതിരിക്കുക, ഒരു അവസരത്തിലും ഗുരുനാഥന്റെ കൂട്ടുകാര്‍ക്കെതിരെ പോലും വാദിക്കരുത്, ഗുരുവിന് മുമ്പില്‍ 'അവിടെയുമിവിടെയും' നോക്കാതെ മതാരാധനയില്‍ വ്യാപൃതനായവനെപോലെ മര്യാദയോടെ, ശാന്തനായി ഇരിക്കണം. ഗുരുനാഥന്‍ ക്ഷീണിതനാണെങ്കില്‍ അധികം ഒന്നും പറയരുത്. ഗുരുനാഥന്‍ നില്‍ക്കുമ്പോള്‍ ആദര സൂചകമായി ശിഷ്യന്‍മാരും എഴുന്നേല്‍ക്കണം. തെരുവിലൂടെ നടക്കുമ്പോള്‍, വിശ്രമഗേഹത്തിലെത്തുന്നത് വരെ ചോദ്യങ്ങള്‍ ചോദിച്ചു വല്ലതും പറഞ്ഞും അധ്യാപകനെ അനുഗമിക്കരുത്. പ്രത്യക്ഷത്തില്‍ വെറുപ്പ് വരുത്തുന്ന വല്ല പ്രവര്‍ത്തനവും പരിഗണിച്ച് അധ്യാപകനെ കുറിച്ച് മോശം സങ്കല്‍പിക്കരുത്. നിശ്ചയം വിദ്യാര്‍ത്ഥിയുടെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയുന്നത് അധ്യാപകനാണ്. ഇനി വെറുപ്പ് വരുത്തുന്ന വല്ല പ്രവര്‍ത്തനവും അധ്യാപകനില്‍ കണ്ടാല്‍ നിര്‍ബന്ധമായും പ്രവാചകന്‍ മൂസാ(അ) തന്റെ ഗുരു ഖിളറി(അ)ന്റെ പ്രവര്‍ത്തി കണ്ട് പറഞ്ഞ പരാതിയും. പ്രത്യുത്തരവും നീ സ്മരിക്കണം. മൂസാ(അ) പറഞ്ഞു: ബോട്ടില്‍ ദ്വാരമുണ്ടാക്കി ജനങ്ങളെ മുക്കികൊല്ലാനാണോ നിങ്ങളുദ്ദേശിക്കുന്നത്? സത്യത്തില്‍ നിങ്ങള്‍ ചെയ്തത് അതിവിചിത്രം തന്നെ! യഥാര്‍ത്ഥതത്തില്‍ മൂസാ(അ)ക്കാണ് ഇവിടെ തെറ്റ് പറ്റിയത്. ഖിള്ര്‍ നബി ചെയ്ത കാര്യത്തിന്റെ പ്രത്യേക്ഷ സ്വഭാവത്തില്‍ മാത്രം വിശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്.


മാതാപിതാക്കളോടുള്ള ബന്ധം

നിങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എങ്ങനെ അവരുമായി പെരുമാറണമെന്ന് നിങ്ങള്‍ പഠിക്കുക. മാതാപിതാക്കളോടുള്ള പെരുമാറ്റ ചട്ടങ്ങള്‍ ഇവയാണ്: എന്താണ് മാതാപിതാക്കള്‍ പറയുന്നതെന്ന് ശ്രദ്ധികക്കുക. അവര്‍ നില്‍ക്കുമ്പോള്‍ ബഹുമാനസൂചകമായി എഴുന്നേല്‍ക്കുക, അവരുടെ ആജ്ഞകള്‍ അനുസരിക്കുക, അവര്‍ക്ക് മുമ്പില്‍ നടക്കരുത്, മാതാപിതാക്കളുടെ ശബ്ദത്തേക്കാള്‍ ശബ്ദം ഉയര്‍ത്തരുത്, അവരുടെ വിളിക്ക് ഉത്തരം നല്‍കുക, അവരെ സന്തോഷിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുക, അവരോട് വിനീതമായി വാത്സല്യം കാണിക്കുക, അവര്‍ക്ക് വേണ്ടി ചെയ്ത ഉപകാരങ്ങളോ അവരുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തിയതോ എടുത്ത് പറയരുത്, അവരോട് നെറ്റിചുളിക്കരുത്, മുഖം ചുളിക്കരുത്, മാതാപിതാക്കളുടെ അനുവാദം കൂടാതെ യാത്ര ചെയ്യരുത്.


അപരിചിതരോടുള്ള ബന്ധം

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ കൂടാതെ ജനങ്ങള്‍ മൂന്ന് വിഭാഗമുണ്ട്. അവര്‍ ഒന്നുങ്കില്‍ നിന്റെ കൂട്ടുകാരായിരിക്കും. അല്ലെങ്കില്‍ പരിചയക്കാരോ അപരിചിതരോ ആയിരിക്കും. പരിചയമില്ലാത്തവരുമായി ചേരുമ്പോള്‍ അവരുമായുള്ള ബന്ധത്തിന്റെ ചട്ടങ്ങള്‍ പഠിക്കുകയും പാലിക്കുകയും ചെയ്യുക. അവരുമായി ഹൃദയഗ്രാഹിയായ സംഭാഷണം ഒഴിവാക്കുക. അപരിചിതര്‍ പരത്തുന്ന അഭ്യൂഹങ്ങളം കിംവദന്തികളും ഗൗനിക്കാതിരിക്കുക, അവര്‍ പതിവാക്കുന്ന അശ്ലീല വാക്കുകളില്‍ അപരിചിതത്വം നടിക്കുക, അവരെ കൂടെ കൂടെ കണ്ട് മുട്ടുന്നതും അവരുടെ ആവശ്യം ആവര്‍ത്തിക്കുന്നതും സൂക്ഷിക്കുക, വൈകാരികവും പൈശാചികവുമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, ഉപദേശം സ്വീകരിക്കുമെന്ന ബോധത്തില്‍ അവരെ ഗുണദോഷിക്കുക.


സുഹൃത്തുക്കളോടുള്ള ബന്ധം

സുഹൃത്തുക്കളോടും സഹോദരങ്ങളോടും നിനക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആദ്യം തന്നെ നീ സുഹൃബന്ധത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ട്. സുഹൃബന്ധത്തിനും സാഹോദര്യ ബന്ധത്തിനും അനുയോജ്യമായവരോട് മാത്രം കൂട്ടുകൂടുക. മുഹമ്മദ് നബി(സ) പറഞ്ഞു: 'ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനീയനാകുന്ന് അവന്റെ കൂട്ടുകാരന്റെ മതത്തിന്റെ പേരിലാണ്. നീ തെരഞ്ഞെടുത്ത സുഹൃത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. മത-മതേതര പിന്തുടര്‍ച്ചകളിലും അറിവാര്‍ജ്ജനത്തിലും പങ്കാളിയാകുന്ന ഒരു കൂട്ടുകാരനെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അഞ്ച് ഗുണങ്ങള്‍ നീ അവനില്‍ നിരീക്ഷിക്കുക. ആദ്യത്തെ യോഗ്യത ബുദ്ധിവൈഭവമാകുന്നു. വിഡ്ഢിയോട് സുഹൃബന്ധം സ്ഥാപിക്കുന്നതില്‍ ഒരു നന്മയുമില്ല. ഏകാന്തതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മോചനം നല്‍കുന്ന വ്യക്തിയോട് സുഹൃബന്ധം സ്ഥാപിക്കുക. യഥാര്‍ത്ഥത്തില്‍ അവന്‍ നിന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നിന്നെ ഉപദ്രവിക്കില്ല.

ബുദ്ധിമാനായ ഒരു ശത്രുവിനെ വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത്. അലി(റ) പറഞ്ഞു: അജ്ഞനോട് സുഹൃബന്ധം സ്ഥാപിക്കരുത് അവനെ നീ സൂക്ഷിക്കുക വിവരമില്ലാത്തവന്‍ പലപ്പോഴും നാശം കൊണ്ടുവരും സഹനശീലനെ സുഹൃത്താക്കുക ഒരുവന്‍ മറ്റൊരുവനോട് സദൃശ്യനാണ് അവര്‍ ഒരുമിച്ച് നടക്കുമ്പോള്‍ ഒരു ചെരിപ്പ് മറ്റൊന്നിനോട് സമമാണ് അവ ഇരുകാലുകിലും ധരിക്കുമ്പോള്‍ ഒരു വസ്തുത മറ്റൊരു വസ്തുവിനോട് മാതൃകയായിട്ടുണ്ട്, സഹധര്‍മ്മ്യമായിട്ടുണ്ട് ഒരാത്മാവ് മറ്റൊരാത്മാവിനെ പ്രതിഫലിപ്പിക്കുന്നു. സുഹൃത്ത് സല്‍സ്വഭാവമുള്ളവനായിരിക്കണം. വല്ല കാര്യവും ആഗ്രഹിക്കുമ്പോള്‍ ആശ്ചര്യഭരിതനാകുന്നവനോടും ദേഷ്യം വരുമ്പോള്‍ അനിയന്ത്രിതനാകുന്നവനോടും ചങ്ങാത്തും കൂടരുത്. അ

ല്‍ഖമ(റ) തന്റെ മരണ സമയത്ത് മകനോട് നല്‍കിയ വസ്വിയ്യത്തില്‍ സല്‍സ്വഭാവത്തിന്റെ സകല ഭാവങ്ങളും സമ്മേളിച്ചിരിക്കുന്നു. തന്റെ വസ്വിയ്യത്തില്‍ അദ്ദേഹം പറയുന്നു. പ്രിയ പുത്രാ, ഒരു വ്യക്തിയെ സുഹൃത്താക്കാന്‍ നീ ഉദ്ദേശിക്കുമ്പോള്‍, നിന്റെ ഉദ്ദ്യോഗത്തില്‍ അവനെ നിയമിക്കുമ്പോള്‍, നിന്നെ സംരക്ഷിക്കുന്നവനെയും സന്തോഷിപ്പിക്കുന്നവനെയും നീ സുഹൃത്താക്കുക. നിനക്ക് ഭക്ഷണ സാധനങ്ങള്‍ മതിയാകാതെ വരുമ്പോള്‍ നിന്റെ ആവശ്യം അവന്‍ തീര്‍ത്ത് കൊള്ളും. സഹായഹസ്തം നീട്ടുന്നതനുസരിച്ച് തിരിച്ചും സഹായിക്കുന്നവനെ കൂട്ടുകാരനാക്കുക. മൊത്തത്തില്‍ സന്ദര്‍ഭോജിതമായി സഹായ സന്നദ്ധ പുലര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. നിന്നില്‍ പ്രകടമാകുന്ന നന്മയെ നന്മയായും തിന്മെയെ തിന്മയായും അവന്‍ കാണുന്നു. സംസാരത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവനെയാകണം നീ സുഹൃത്താക്കേണ്ടത്. നീ വല്ലതും ആഗ്രഹിച്ച് അതുനേടാന്‍ ശ്രമിക്കുമ്പോള്‍ നിന്നെ കണ്ടറിഞ്ഞ് സഹായിക്കുന്നവനെ നീ കൂട്ടുകാരനാക്കുക. ഏതെങ്കിലും വിഷയ സംബന്ധിയായി നിങ്ങള്‍ തമ്മില്‍ വിവാദമുണ്ടായാല്‍ ഒരു വഴി പറഞ്ഞ് തരുന്നവനാണ് നിന്റെ കൂട്ടുകാരന്‍.

അലി(റ) പാടി: നിന്റെ യഥാര്‍ത്ഥ കൂട്ടുകാരന്‍ എപ്പോഴും കൂടെയുണ്ടാകും അവന്‍ എന്തും സഹിക്കും നിന്നെ സഹായിക്കാന്‍ കാലവിപത്തുകള്‍ നിന്നെ നശിപ്പിക്കുമ്പോള്‍ അവന്റെ ഘടികാരം തകര്‍ക്കുന്നു നിന്നെ രക്ഷിക്കാന്‍ മൂന്നാമത്തെ ധാര്‍മ്മികഗുണം സൂക്ഷ്മതയാണ്. കപടവിശ്വാസിയോട് നീ ചങ്ങാത്തം കൂടരുത്. അവന്‍ നിന്നെ വന്‍ദോഷങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും. അതുകൊണ്ട് ഏകനായ അല്ലാഹുവിനെ നീ ഭയപ്പെടുക. വിധി വൈപരിന്ത്യവും സാഹചര്യവും നിന്നോടുള്ള അവന്റെ പെരുമാറ്റത്തിന് മാറ്റമുണ്ടാക്കിയേക്കും. സകല അതിര്‍ വരമ്പുകളും അതിര്‍ലംഘിക്കുകയും വികാരവിചാരങ്ങളെ പിന്തുടരുകയും എന്നെ വിസ്മരിക്കുകയും ചെയ്യുന്നവനെയും നീ അനുസരിക്കരത്'' ദൃഷ്ടനോടുള്ള ബന്ധം നീ സുക്ഷിക്കുക. കാരണം കാപട്യവും കുറ്റവുമായുള്ള നിരന്തരസമ്പര്‍ക്കവും നിന്റെ മനസാന്തരങ്ങളില്‍ പാപത്തോടുള്ള അനിഷ്ടം ഇല്ലാതാക്കുകയും തിന്മകളഖിലവും വെളിച്ചമാണെന്നുമുള്ള ഒരു തോന്നല്‍ നിന്നില്‍ സൃഷ്ടിക്കുകയും ചെയ്യും.

ഒരു ഖാളി സ്വര്‍ണമോതിരം ധരിക്കുന്നതോ, പട്ട് വസ്ത്രം ധരിക്കുന്നതോ ജനങ്ങള്‍ കണ്ടാല്‍ അവര്‍ അതിശക്തമായി പ്രതികരിക്കും. അധികാരികള്‍ തന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നത് വളരെ അപൂര്‍വ്വമാണെന്നത് കൊണ്ട് തന്നെ. ഏഷണി ഒരു മഹാമാരി എന്നറിഞ്ഞിട്ടും ജനങ്ങള്‍ അതിനെ എതിര്‍ക്കുന്നില്ല. ജനകീയമായി എന്നത് തന്നെ കാരണം.

നാലാമത്തെ വിശേഷത അഹങ്കാരത്തിന്റെ അഭാവമാണ്. പൊങ്ങച്ചക്കാരനോട് നീ ചങ്ങാത്തം കൂടുരുത്. അഹങ്കാരിയോടുള്ള ബന്ധം മാരക വിഷമാണ്. സ്വത്വത്തെ കുറിച്ച് ഒരവബോധവുമില്ലാതെ മറ്റൊന്നിന്റെ സ്വാധീനത്തിലേക്ക് ചായുന്ന ഒരാളുടെ സ്വഭാവമാണ് പൊതുവെ മനുഷ്യപ്രകൃതി. അഹങ്കാരിയുമായുള്ള കൂട്ടുകെട്ട് നിന്റെ അഹംഭാവത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. എന്നാല്‍ ഒരു സൂഫിയുമായുള്ള ബന്ധം നിന്റെ ആത്മീയത വര്‍ധിപ്പിക്കും.

അഞ്ചാമത്തെ വിശേഷണം സത്യസന്ധതയാണ്. നുണയനോട് സുഹൃബന്ധം സ്ഥാപിക്കരുത്. അവന്‍ മരീചികയെപ്പോലെയാണ്. അടുത്തുള്ളതിനെ അകലെയായും അകലെയുള്ളതിനെ അടുത്തായും അവന്‍ നിന്നക്ക് പ്രതിഫലിപ്പിക്കുന്നു. ഒരുപക്ഷേ ഈ പഞ്ച ഗുണങ്ങളും പള്ളിദര്‍സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന ബുദ്ധിയും ധര്‍മ്മനിഷ്ഠയുമുള്ള വിദ്യാര്‍ത്ഥികളില്‍ മാത്രമായിരിക്കും സമ്മേളിക്കുന്നത്. രണ്ട് കാര്യങ്ങള്‍; ഒന്ന് നിര്‍ബന്ധമായും നീ ചെയ്യണം. ഒന്നുങ്കില്‍ ഏകാന്തതയും ഒറ്റപ്പെടലും നീ സ്വീകരിക്കണം. അത് നിനക്ക് സുരക്ഷിതമാണങ്കില്‍ . അതുമല്ലെങ്കില്‍ ഒരു സമൂഹത്തില്‍ സാമൂഹ്യമായി ജീവിക്കണം. എന്നിരുന്നാലും സുഹൃത്തുക്കളുമായുള്ള ബന്ധം അവരുടെ സനാതന മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും. ഒരിക്കല്‍ റസൂല്‍(സ) ഒരു കുറ്റിക്കാട്ടില്‍ കടന്നു. എന്നിട്ട് രണ്ട് കമ്പുകള്‍ പെറുക്കിയെടുത്തു. ഒന്നു നേരായതും മറ്റൊന്ന് വളഞ്ഞതുമായിരുന്നു. നേരായത് പ്രവാചകന്‍ അടുത്തുള്ള അനുചരന്  നല്‍കി. വക്രതയുള്ളത് പ്രവാചകന്‍ സൂക്ഷിച്ചു. ഇത് കണ്ട ആ സ്വഹാബി ചോദിച്ചു. നേരായ കൊള്ളിക്ക് എന്നേക്കാള്‍ അര്‍ഹത അങ്ങേക്കല്ലേ. പ്രവാചകന്‍(സ) മറുപടി നല്‍കി: ആരെങ്കിലും മറ്റൊരാളെ സുഹൃത്താക്കിയെങ്കിലും(അത് കുറച്ചു സമയത്തേക്കാണെങ്കിലും) സുഹൃബന്ധത്തിലെ അല്ലാഹുവിനോടുള്ള ബാധ്യതകള്‍, അവഗണിച്ചോ അതോ നിറവേറ്റിയോ എന്ന് നാളെ അവന്റെ കോടതിയില്‍ വിചാരണ ചെയ്യും'' നബി(സ) പലപ്പോഴും പറയാറുണ്ട്: പരസ്പരം ചങ്ങാത്തം കൂടിയ രണ്ട് വ്യക്തികളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം തന്റെചങ്ങാതിയോട് കൂടുതല്‍ ദയാവായ്പുള്ളവനാണ്''


സുഹൃത്ബന്ധത്തിന്റെ      കടമകള്‍

1) സ്വന്തം ആവശ്യങ്ങള്‍ സമ്പൂര്‍ണമായി നിറവേറിയില്ലെങ്കില്‍ പോലും തന്റെ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കണം. ഈ പരോപകാരശീലം സാധ്യമായില്ലെങ്കില്‍ തന്റെ ധനത്തില്‍ മിച്ചമുള്ളത് കൊണ്ട് സന്ദര്‍ഭോചിതമായി അവന് സഹായം നല്‍കണം. സുഹൃത്ത് ആവശ്യപ്പെടാതെ തന്നെ അവന്റെ ആവശ്യങ്ങളറിഞ്ഞ് സ്വമനസ്സാലെ സഹായിക്കുക. 2) സ്‌നേഹിതന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുക. തെറ്റുകുറ്റങ്ങള്‍ പൊറുക്കുക. 3) അപരര്‍ അവനെ കുറ്റം പറയുന്നത് അവനോട് പറയാതിരിക്കുക. കാരണം അതുവഴി അവന് അസന്തുഷ്ടിയുണ്ടാകും. അവനെ മറ്റുളളവര്‍ സ്തുതി പറയുന്നത് മാത്രം പറയുക അതവന് സന്തോഷമുണ്ടാക്കും. 4) അവന്‍ സംസാരിക്കുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിക്കുക. 5) സ്‌നേഹിതന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന പേര്‍ വിളിക്കുക. തനിക്കറിയാവുന്ന അവന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അവനെ പുകഴ്ത്തുക. അവന്‍ ചെയ്ത നല്ല കര്‍മ്മങ്ങള്‍ അവന്റെ സാന്നിധ്യത്തില്‍ വെച്ച് തന്നെ പ്രശംസിക്കുക. 6) സ്‌നേഹിതന്റെ അസാന്നിധ്യത്തില്‍ മറ്റുള്ളവര്‍ അവന്റെ സല്‍പേര് അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ സ്വന്തത്തെ പ്രതിരോധിക്കുന്നത് പോലെ സുഹൃത്തിനെ പ്രതിരോധിക്കുക. 7) ദയാപൂര്‍വ്വം ഉപദേശം നല്‍കണം. ഉപദേശം ആവശ്യമാകുമ്പോഴൊക്കെ നന്മകൊണ്ട് കല്‍പിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യുക. 8) സുഹൃത്തിന്റെ പോരായ്മകള്‍ ന്യൂനതകള്‍ക്കും മാപ്പ് നല്‍കുക. കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. 9) അവന്റെ ജീവിത കാലത്തും ശേഷകാലത്തും സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക. 10) കൂട്ടുകാരന്റെ മരണശേഷം അവന്റെ സഹധര്‍മ്മിണിയെയും ബന്ധുമിത്രാദികളെയും പരിഗണിക്കുക, അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുക. 11) പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടെ ഒഴിവാക്കി അവന്റെ മനസ്സിന് വിശ്രമം നല്‍കുക. 12) അവന്റെ സന്തോഷ വേളകളില്‍ സന്തോഷം പ്രകടിപ്പിക്കുക. അവനിക്ക് പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങളില്‍ സന്താപം പ്രകടിപ്പിക്കുക. 13) സ്‌നേഹിതനോട് എല്ലായ്‌പ്പോഴും ഒരു നല്ല മനോഭാവം മനസ്സില്‍ സൂക്ഷിക്കുക. അപ്പോഴാണ് ഒരാള്‍ അകവും പുറവും സത്യസന്ധത പുലര്‍ത്തുന്നത്. 14) സുഹൃത്തിനെ സമീപിക്കുമ്പോള്‍ ആദ്യമായി അഭിവാദനമര്‍പ്പിക്കുക. അവനുവേണ്ടി പ്രത്യേക മുറി തയ്യാറാക്കി കൊടുക്കുക. അവനെ സ്വീകരിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന് സ്വീകരിക്കുക. അവന്‍ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കണ്‍മറയുന്നത് വരെ നോക്കി നില്‍ക്കുക. അവന്‍ സംസാരിച്ച് പൂര്‍ത്തിയാകുന്നത് വരെ നിശബ്ദനായിരിക്കുക. സംസാരിക്കുന്നതിനിടയില്‍ ഇടക്ക് കയറി പറയാതരിക്കുക. ചുരുക്കത്തില്‍  അവന്‍ നിന്നോടെങ്ങനെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നത് അതുപോലെ അവനോട് പെരുമാറുക. തനിക്ക് അനുഗ്രഹമാകുന്നത് തന്റെ സുഹൃത്തിന് കൈവരുന്നത് ഇഷ്ടപ്പെടാത്തവ കാപട്യമാണ്(നിഫാഖ്)


പരിചിതരോടുള്ള ബന്ധം പരിചിതരെ നീ സൂക്ഷിക്കണം. അവരില്‍ ഏറ്റവും അടുപ്പമുള്ളവര്‍ ആരാണെന്ന് നിന്നക്ക് വ്യക്തമായി അറിയാത്തത് കൊണ്ട് തിന്മമാത്രം സ്വീകരിക്കുക. യതാര്‍ത്ഥത്തില്‍ നിന്റെ സുഹൃത്തുക്കള്‍ പരസഹായം ചെയ്യും. നിന്നെ സമ്പൂര്‍ണമായി അറിയുന്നവര്‍ നിന്നെ ഉപദ്രവിക്കാത്തവരുമായിരിക്കും. എന്നാല്‍ ബാഹ്യമായി മാത്രം സൗഹൃദം പ്രകടിപ്പിക്കുന്ന പരിചിതര്‍ അനാശാസ്യങ്ങള്‍ മാത്രമേ സമ്മാനിക്കൂ. സാധ്യമാകുന്ന വിധത്തില്‍ അവരുമായി അകലം പാലിക്കുക. പള്ളികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്ങാടികളിലെയും കവലകളിലെയും പരിചതരുമായി നീ ബന്ധം സ്ഥാപിക്കുമ്പോള്‍ ഒരാളെയും നീ അപഹസിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുത്. ഒരു പക്ഷേ അവന്‍ നിന്നെക്കാള്‍ നല്ലവനായിരിക്കും. ഭൗതിക സാഹചര്യം കണക്കിലെടുത്ത് അവരെ ശ്രേഷ്ഠരായി പരിഗണിക്കരുത്. അല്ലാഹുവിന്റെ യടുക്കല്‍ ഇഹലോകത്തിനും അതിലുള്ളതിനും ഒരു സ്ഥാനവുമില്ല. ഐഹികേച്ഛയുള്ള ഒരു മനുഷ്യനെ നീ ഉത്കൃഷ്ടനായി കണക്കാക്കിയാല്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്ന് നീ അകലും ഭൗതിക നേട്ടങ്ങള്‍ സമ്പാദിക്കുന്നതിന് മതത്തെ ഉപയോഗിക്കുന്നതിനെതിരെ നീ സ്വയം സംരക്ഷിതനാകണം. അവരുടെ കണ്ണില്‍തരം താണവനും അവരുടെ പദവി കരസ്ഥമാക്കാന്‍ കഴിയാത്ത ഹതഭാഗ്യവനുമായിരിക്കും നീ. നിന്റെ പരിചയക്കാര്‍ നിന്റെ ശത്രുക്കളാണങ്കില്‍ നീ അവരോട് ശത്രുതയോടെ അഭിമുഖീകരിക്കരത്. നിന്നോടവര്‍ പ്രതികാരം ചെയ്യുമ്പോള്‍ നിനക്ക് സഹിക്കാന്‍ കഴിയില്ല.നീ അക്ഷമകനാകും. നിന്റെ മതകീയ പ്രകൃതി നിനക്ക് പ്രതികൂലമായി പ്രകടമാകും. അവര്‍ നിന്റെ സാനിധ്യത്തില്‍ നിന്നെ ആദരിക്കുകയും അനുമോദിക്കുകയും നിന്നോടവര്‍ സ്‌നേഹബന്ധം പ്രകടിപ്പിക്കു ചെയ്താല്‍ പോലും നീ അവരെ വിശ്വസിക്കരുത്. അവരുടെ പെരുമാറ്റത്തില്‍ ഒരു ശതമാനം പോലും സ്‌നേഹമുണ്ടായിരിക്കില്ല. പിന്നീട് ആപത്തില്‍ ചെന്ന് ചാടിയതിന് ശേഷമായിരിക്കും നിനക്ക് യാഥാര്‍ത്ഥ്യം ബോധ്യമാവുക. അതുകൊണ്ട് അവരെ സൂക്ഷിക്കണം. നിന്റെ അഭാവത്തില്‍ അവര്‍ നിന്നെ കുറ്റം പറഞ്ഞാല്‍ നീ പരിഭ്രാന്തനാവുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. പണത്തിനോടുള്ള നിന്റെ ആര്‍ത്തി പൂര്‍ണമായും ഉപേക്ഷിക്കണം. പരിചിതരില്‍ നിന്നുളള സഹായവും സ്വാധീനവും ലഭ്യമാകണമെന്നുള്ള ആഗ്രഹവും നീ ഒഴിവാക്കുക. അഹങ്കാരി ഭാവിയില്‍ എല്ലാം നഷ്ടപ്പെട്ടവനും വര്‍ത്തമാനത്തില്‍ നിന്ദിക്കപ്പെട്ടവുമാകും. നിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നീ അവരോട് ആവശ്യപ്പെടുകയും അവര്‍ മുഖേന നിനക്കത് കരഗതമാകുകയും ചെയ്താല്‍ അല്ലാഹുവിനോട് നീ കടപ്പെട്ടവനാകും. അവന് നീ നന്ദി ചെയ്യണം. സ്‌നേഹിതന്റെ ചെറിയ തെറ്റുകള്‍ക്ക് അവനെ കുറ്റപ്പെടുത്തരുത്. അവനെ പരാതി പറയാനും പാടില്ല. നേര്‍ വിപരീതമാണെങ്കില്‍ നിങ്ങള്‍ക്കിടയിള്‍ ശത്രുത വര്‍ധിക്കും. ജനങ്ങള്‍ക്ക് വിട്ട് വീഴ്ച ചെയ്തുകൊടുക്കുന്ന നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനമായ ഒരു മുഅ്മിനായിരിക്കണം. നീ എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന തെറ്റിദ്ധരിക്കുന്ന ഒരു കപട വിശ്വാസി(ഫാസിഖ്)യാകരുത്. എന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റിത്തരാന്‍ അവന് കഴിയാത്തത് ഞാനറിയാത്ത വല്ല കാരണങ്ങള്‍ കൊണ്ടുമായിരിക്കാമെന്ന് കരുതി ആശ്വസിക്കണം. സ്വീകരിക്കില്ലെന്ന് ഉറപ്പുള്ള ഒരു വ്യക്തിയോട് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം ആരായരത്. അങ്ങനെയല്ലങ്കില്‍ അവന്‍ നിന്നെ ശ്രദ്ധിക്കാതരിക്കുകയും അവഗണിക്കുകയും ചെയ്യും. അവന് ഒരു തെറ്റ് പറ്റുകയും അതൊരു പാപത്തിലേക്ക് നയിക്കുകയും ചെയ്താല്‍ മയത്തോടെ അവന് സത്യം പറഞ്ഞ് മനസ്സിലാക്കണം. എന്റെ യുവാവേ! പ്രാരംഭ നിര്‍ദേശങ്ങളിലടങ്ങിയ പ്രതിവിധി നിനക്ക് പര്യാപ്തമാണ്. അതുകൊണ്ട് നീ സ്വയം സംരക്ഷിതനാവുക. ഒരു മനുഷ്യന് സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള പെരുമാറ്റങ്ങളാണ് ഇവിടെ വിവരിച്ചത്. ഇവിടെ പരാമര്‍ശിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്നു നിന്റെ മനസ്സ് അതിനോട് പെരുത്തപ്പെടുകുയം അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ വിശ്വാസം കൊണ്ട് അല്ലാഹു ആത്മാവിനെ പ്രകാശിപ്പിക്കുകയും ഹൃദയവിശാലത നല്‍കുകയും ചെയ്ത വിശ്വാസിയെ പോലെയായിരിക്കും(മുഅ്മിന്‍) നീ. ഇത്തരത്തിലുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ക്കൊരു പരിധിയും പരിമിതിയുമുണ്ടെന്ന് നീ മനസിലാക്കണം. അതിനപ്പുറമാണ് അതിന്റെ ആന്തരിക രഹസ്യങ്ങളും ആഴവും പരപ്പും. നിന്റെ ആത്മാവ് ഈ നിര്‍ദേശങ്ങളെ സ്വീകരിക്കാതെ അവയെ മാറ്റി നിര്‍ത്തുകയുംനിന്നോടത് ഇപ്രകാരം പറയുകയും ചെയ്യുന്നു. പണ്ഡിതരുമായുള്ള സംഗമത്തില്‍ ഈ അറിവുകള്‍ നിനക്ക് ഉപകരിക്കുമോ? നിന്റെ സമയ്രായക്കാരുടെയും മറ്റു മനുഷ്യരുടെയും മുന്നില്‍ എപ്പോഴാണ് നീ എത്തുക? സമ്പത്തിലേക്കും മറ്റു ജീവിതമാര്‍ഗത്തിലേക്കും നിന്നെ കൊണ്ടെത്തിക്കുന്ന ഭരണാധിപന്‍മാരുടെയും രാജക്കന്‍മാരുടെയും സദസ്സുകളില്‍ നിന്റെ പദവി ഇതുകൊണ്ടെങ്ങനെ സമുന്നതമാകും?  ഈ ചോദ്യങ്ങള്‍ നിന്റെ ആത്മാവ് നിന്നോട് ചോദിച്ചാല്‍ നിന്നെ പിശാച് വഴിപിഴപ്പിക്കുന്നെവന്ന് നീ മനസിലാക്കണം. തദ്വാര നിന്റെ മടക്കസ്ഥലവും നീ മറക്കാന്‍ നിമിത്തമാകുന്നു. അപ്പോള്‍ നീ മനസ്സിലാക്കണം. നിന്റെ രാജ്യവും പ്രദേശവും ഗ്രാമവും അങ്ങാടിയുമൊന്നും സുരക്ഷിതമല്ലെന്ന് അതുവഴി അല്ലാഹുവിനെ കാണുന്നതിലുള്ള ശാശ്വത സന്തോഷവും ശാശ്വത ഭവനവും നിനക്ക് നഷ്ടമാകുന്നു. അവലംബം: ഇമാം ഗസ്സാലി: ദ ഡെലിവെറന്‍സ് ഫ്രം എറര്‍, വിവ. സിഎഛ്. മുനീര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter