സ്വന്തം മകന്‍ വീട്ടിലില്ലെങ്കില്‍ ഒരു കോഴിമുട്ട വാങ്ങാന്‍ നിങ്ങളിനി എന്തു ചെയ്യും?
അയല്‍ക്കാര്‍ക്ക് അനന്തരാവകാശം നല്‍കേണ്ടി വരുമോ എന്ന് തോന്നിക്കുന്ന തരത്തിലാണ് അയല്‍പക്ക ബന്ധങ്ങളെ കുറിച്ച് മതം പഠിപ്പിക്കുന്നത്. അയല്‍വാസികള്‍ കൂടെയാണ് നമ്മുടെ ജീവിത രീതികളെ തീരുമാനിക്കുന്നത്. അതിന് ഉപോദ്ബലകമായി കര്‍മശാസ്ത്രത്തില്‍ നിരവധി മസ്അലകള്‍ കാണാം. അതിലേക്ക് പൊകാനൊരുമ്പെടുന്നില്ല. മുറ്റത്ത് വീണ മാമ്പഴം തൊട്ടടുത്ത വീട്ടിലെ ചെറിയകുഞ്ഞ് എടുത്തുകൊണ്ടു പോകുമോ എന്ന് നമ്മുടെ വീട്ടിലെ വല്ലിമ്മക്ക് പോലും പേടി തുടങ്ങിയ കാലമാണിത്. നമ്മുടെതല്ലാത്ത പുളിമരത്തിന് ചുവട്ടില്‍ നമുക്ക് മുന്നില്‍ അയല്‍ക്കാരനെത്തി പൊറുക്കുമോ എന്ന ഭയം കാരണം അവര്‍ക്ക് മുന്നെ എഴുനേറ്റ് രാത്രി വീണ പുളിയെല്ലാം പൊറുക്കിക്കൊണ്ടു പോകാന്‍ നാം തിരക്കുക്കൂട്ടി തുടങ്ങിയിരിക്കുന്നു. പൊതുവെ വെള്ളത്തിന് ക്ഷാമമുള്ള ഇക്കാലം. രണ്ടു വീട്ടുകാരും ചേര്‍ന്ന് കുത്തിയ ഒരു കിണര്‍. അതില്‍ നിന്ന് പോലും, മറ്റെ വീട്ടുകാരന് കൊടുക്കാതെ, മുഴുവന്‍ വെള്ളവും സ്വന്തം അടുക്കളയിലേക്ക് മുക്കിയെടുക്കാന്‍ മത്സരിക്കുന്ന രണ്ടു അയല്‍ക്കാരെ കുറിച്ച് കേട്ടപ്പോഴാണ് ഈ കുറിപ്പെഴുതാനിരുന്നത് തന്നെ. ജീവിതത്തിലെ സുഖസൌകര്യങ്ങള്‍ നമ്മെ അത്രമാത്രം സ്വാര്‍ഥരാക്കിയിരിക്കുന്നു. ഗള്‍ഫും വിദേശപണവും നമ്മുടെ ഓടിട്ടതും പുല്ലുമേഞ്ഞതുമായി വീടുകളില്‍ ഇത്ര കടന്നുവന്നിട്ടില്ലാത്ത കാലത്ത് അയല്‍പക്ക ബന്ധത്തിന് നല്ല ഈടുണ്ടായിരുന്നു, ഉറപ്പുള്ള ആത്മാര്‍ഥതയും. പലപ്പോഴും അയല്‍വാസികളുടെ വീട്ടില്‍ നിന്ന് വിശപ്പടക്കിയിരുന്ന ആ ശീലം ഇല്ലാതെയായത് ഗള്‍ഫ് നമ്മുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കി തുടങ്ങിയപ്പോഴാണ്. അതോടെ അയല്‍വീട്ടില്‍ നിന്ന് ഭക്ഷിക്കുന്നത് നമുക്ക് മോശമായി തോന്നിത്തുടങ്ങി. പിന്നെപ്പിന്നെ അവിടം പോയി വരുന്നതു പോലും നമുക്ക് സഹിക്കാനാകാത്ത ഏര്‍പ്പാടായി മാറി. അയല്‍പക്കം നമുക്ക് പറഞ്ഞതല്ലെന്നും നമ്മള് അവര്‍ക്ക് പറ്റിയവരല്ലെന്നുമുള്ള ബോധം നമ്മില്‍ വേരോടി. നമ്മള്‍ സ്വാശ്രയരായി. മുളകും മല്ലിയും ഉപ്പുമെല്ലാം നമ്മുടെ സ്റ്റോര്‍റൂമില് വേണ്ടുവോളമുണ്ടെന്നായി. അയല്‍ക്കാരനില്‍ നിന്ന് കടം വാങ്ങേണ്ടതില്ലെന്നായി. നാം ഒറ്റക്കായി. അയല്‍ക്കാരും ഒറ്റക്ക് കാര്യം നോക്കണമെന്ന ചിന്തയായി. അല്ലെങ്കിലും അത് അങ്ങനെയാണ്. ദുഖങ്ങളെ മനുഷ്യന് ‍പങ്കുവെക്കാന്‍ ശീലിച്ചിട്ടുള്ളൂ. സന്തോഷങ്ങള്‍, സാധ്യമെങ്കില്‍, തനിച്ച് ആഘോഷിക്കാന്‍ തന്നെയാണ് മനുഷ്യന് തിടുക്കം. വീട്ടില്‍ അത്യാവശ്യമായി ഒരു കോഴിമുട്ട് വേണമെന്നിരിക്കട്ടെ. നമ്മുടെ മകന്‍ വീട്ടിലില്ലെന്നും. അടുത്ത വീട്ടിലുള്ള മോനെ വിളിച്ച് കാശ് കൊടുത്ത് പീടികയിലയക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിയും. സ്വന്തം വീട്ടിലേക്കുള്ള ആവശ്യത്തേക്കാള്‍ അയല്‍ക്കാരന്‍റെ ആവശ്യത്തിന് വേണ്ടി പീടികയിലേക്ക് ഓടിപ്പോയിരുന്ന കാലം ഇനി തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. കളിക്കൂട്ടുകാരന്‍ ബാപ്പയുടെ കൂടെ പാടത്തേക്ക് പോകുമ്പോള്‍ അവരോടൊപ്പം പോയി അവരുടെ പാടത്തെ അടയ്ക്ക പൊറുക്കിയും കപ്പ നനച്ചും സഹായിച്ചിരുന്നത് നമ്മള് ‍ഇത്ര പെട്ടെന്ന് മറന്നുപോയോ. സ്വന്തം ഉമ്മയെക്കാള്‍ ചിലപ്പോള്‍ അയല്‍വീട്ടിലെ ഉമ്മ വാരിത്തന്ന ചോറ് കഴിച്ച ചെറുപ്പം കാണും പലര്‍ക്കും. അക്കാലത്ത് രാവിലെ ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നുവെങ്കില്‍ ഉച്ചക്ക് അവിടെ നിന്നായിരുന്നു. രാത്രി മൂന്നാമതൊരിടത്തു നിന്നും. വീട്ടില്‍ ദാരിദ്ര്യമായിരുന്നപ്പോഴും നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ മനസ്സ് സമ്പന്നമായിരുന്നു. മനസ്സിലെ ആ നിറവാണ് അന്നൊക്കെ നമ്മുടെ വയറ് നിറച്ചത്, ഖല്‍ബും. ഇന്ന് കഥ മാറി. സ്വത്ത് നമുക്ക് കുന്നുകൂടി. വീടിന് വലിപ്പവും. അതനുസരിച്ച് മനുഷ്യന്‍റെ മനസ്സു തമ്മില്‍ അകന്നു. അതൊരു പക്ഷെ ഏറ്റവും പ്രകടമായി കാണുന്നത് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍ പരിശോധിക്കുമ്പോഴാണെന്ന് മാത്രം.  src=അയല്‍‌വീട്ടിലെ വിശേഷം നമ്മുടെ വീട്ടിലേതു കൂടിയായിരുന്നു. അവിടത്തെ മോന്‍റെ സൈക്കിള്‍ നമ്മുടേതും. അവന്‍ സ്കൂളിലേക്ക്  പൂശിയിരുന്ന അത്തറിലും പൌഡറിലും വരെ നമുക്കും അവകാശമുണ്ടായിരുന്നു. ഇന്നതൊക്കെ നടക്കുമോ. അറിയില്ല. അയല്‍വീട്ടിലെ അഥിതി നമ്മുടെ വീട്ടിലേതു കൂടിയായിരുന്നു. നമ്മുടെ വീട്ടുകാരത്തി അഥിതിയുമായി വിശേഷം പറഞ്ഞുതീരുമ്പോഴേക്ക് നാരങ്ങയിട്ട വെള്ളം കലക്കിയിരുന്നത് അയല്‍വീട്ടുകാരത്തിയായിരുന്നു. ഇന്നത് മാറി. അയല്‍വീട്ടില് വന്നിറങ്ങുന്ന അഥിതികളെ നാം വീക്ഷിക്കുന്നത് പോലും സംശയത്തിന്‍റെ കണ്ണുകള് ‍കൊണ്ടാണ്. ഗസ്റ്റ്റൂമിലെ ടി.വി ഓണ്‍ ചെയ്ത് അഥിതിയെ അതിനു മുന്നിലിരുത്താന്‍ നാം പഠിച്ചു കഴിഞ്ഞു. അതിനിടയക്ക് പൈനാപ്പിളിന്‍റെയോ മറ്റോ ‘ടാങ്കുപൊടി’ കലക്കി കുടിവെള്ളമൊരുക്കാനും. അയല്‍വാസികള്‍ തമ്മില്‍ ‘അതിര്‍ത്തിത്തര്‍ക്കം’ അന്ന് കേള്‍ക്കാറുണ്ടായിരുന്നു. കാരണം കൂറ്റന്‍ മതില് കെട്ടി ഭൂമിക്കും മനസ്സിനും അതിരുടുന്ന ഏര്‍പ്പാട് ഇത്ര വ്യാപകമായിരുന്നില്ല. അയല്‍വാസിയുടെ ‘വഴിയടക്കു’ന്ന ഒരു ഏര്‍പ്പാടും അക്കാലത്ത് കേള്‍ക്കാറുണ്ടായിരുന്നു. കാരണം മിക്കവാറും വഴികള്‍ അയല്‍വാസിക്ക് വെറുതെ അനുവദിച്ച് കൊടുത്തിരുന്നവയായിരുന്നു. ഇന്നത്തരം കേസുകള് ‍കുറവായിരിക്കാം. കാരണം എല്ലാം എല്ലാവരും സ്വന്തമായി കാശ് കൊടുത്തു കെട്ടിയിരിക്കുന്നു എന്നത് തന്നെ. അയല്‍പക്കക്കാര്‍ പരസ്പരം സഹകരിക്കുന്നില്ലെന്നതിലുപരി പരസ്പരം ദേശ്യത്തോടെയും അസൂയയോടെയും പെരുമാറാനാണ് പുതിയ കാലത്ത് ശീലിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ചെറുതോണി ഒപ്പം തുഴയേണ്ടവര്‍ നടുക്കടലില്‍ പെട്ടിട്ടും സ്വാശ്രയരാണെന്ന് നടിക്കുന്നു. അതിന് കഴിയാത്തവരുണ്ടെങ്കില്‍ അതവരുടെ കുറ്റമാണെന്ന് ശഠിക്കുന്നു. പലപ്പോഴും ബുദ്ധിമുട്ടില്‍ കിടന്നു നരകിക്കുന്ന അയല്‍ക്കാരന് നേരെ നാം ബന്ധത്തിന്‍റെ വാതില്‍ കൊട്ടിയടക്കുന്നു. ദുരിതത്തിന്‍റെ ദ്വീപില്‍ അവന് സഹായമെത്തിക്കുന്നതിന് പകരം തനിച്ചാക്കി നശിച്ചുപോട്ടെയെന്ന് മനസാ ശപിക്കുന്നു. ഇതിനു അപവാദങ്ങളായ അയല്‍ക്കാര്‍ ഇല്ലന്നെല്ല. നേരിട്ട് തന്നെ പരിചയമുള്ള നിരവധിയുണ്ട്, നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവര്‍. പക്ഷെ അവരിലധികവും ഗള്‍ഫ് കൂടതല്‍ കാണാത്തവരാണെന്നത് ഒരു പച്ചപ്പരമാര്‍ഥമാണ്. രണ്ടു ദിവസം മുമ്പ് ഒരു വടക്കന് ജില്ലയില്‍ അത്തരമൊരു അയല്‍പക്ക ബന്ധം നേരിട്ട് അനുഭവിച്ചതിന്‍റെ സന്തോഷമുണ്ട് മനസ്സ് നിറയെ. ആ സന്തോഷം കൂടെയാണ് ഈ കുറിപ്പെഴുതുന്നതിലേക്ക് വലിച്ചിഴച്ചതെന്ന് പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter