കഫന്‍പുട കയ്യില്‍ കരുതിയ ഹജ്ജുകാലം

അന്നെനിക്ക് വയസ് ഇരുപത്തിയൊമ്പത്. 1966 ആണ് വര്‍ഷം. കൂട്ടുകാരായ നാട്ടിലെ ചില പൗരപ്രമുഖരൊക്കെയുണ്ട്. കൂട്ടത്തിലധികവും പ്രായം ചെന്നവരാണ്. അന്ന് ഹജ്ജിന് പുറപ്പെടുന്നവരൊക്കെ വളരെ കുറവാണ്. ഇന്നത്തെപ്പോലെ വ്യാപകമായ രീതിയിലുള്ള ഹജ്ജ് പുറപ്പാടുകളും പരിപാടികളുമൊന്നും അന്നില്ല. ജീവിതത്തിലെ എല്ലാം കഴിഞ്ഞ് അവസാനത്തേതാണ് ഹജ്ജ് എന്നായിരുന്നു നാട്ടിലെ ബോധം. അത് തന്നെ പണക്കാര്‍ക്കും മതുലാളിമാര്‍ക്കും മാത്രം. സാധാരണക്കാരന് ഹജ്ജ് അന്ന് സ്വപ്നം മാത്രമായിരുന്നു. മൂന്നു നാലു മഹല്ലുകളില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പുറപ്പെടുക. കുട്ടികളുടെ കല്യാണം, അവരുടെ വീട് നിര്‍മാണം അതുപോലെയുള്ള കാര്യങ്ങളൊക്കെ കഴിച്ച ശേഷമാണ് ഹജ്ജ്. അതിനാല്‍ അധിക പേരും ഹജ്ജിന് പോകുമ്പോഴേക്ക് വയസ്സായിരിക്കും. ഞങ്ങളുടെ കൂട്ടത്തില്‍ എന്റെ സഹപ്രായക്കാരായ ഒന്നു രണ്ടു പേരുണ്ടായിരുന്നു. റമളാന്‍ ഇരുപത്തിയഞ്ചിനാണ് ഞങ്ങള്‍ കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെട്ടത്. കല്‍ക്കരി വണ്ടിയാണ് അന്ന് ബോംബയിലേക്കുള്ളത്.

മൂന്നു രാത്രിയും രണ്ടു പകലും വേണം അവിടെയെത്താന്‍. അവിടെയെത്തുമ്പോഴേക്ക് കരിപുരണ്ട് എല്ലാവരും കറുത്ത് പോകും. കരിപുരളാതിരിക്കാന്‍ ചിലര്‍ കുപ്പായം അഴിച്ചു വെച്ചു. കരിയില്‍ കുളിച്ച മനുഷ്യരായി ബോംബെയിലിറങ്ങുന്ന രംഗം വലിയ കൗതുകമാണ്. ചെറിയ പെരുന്നാളിന്റെ തലേന്ന് രാത്രിയാണ് ഞങ്ങള്‍ അവിടെ എത്തിയത്.

ഹജ്ജിന് പോകുന്നവര്‍ക്കൊക്കെ സാധനങ്ങള്‍ കൊണ്ടുപോകാനായി ഒരു പെട്ടിയുണ്ടാകും. ഉറപ്പുള്ള ഒരു ഇരുമ്പുപെട്ടി. അതില്‍ നമുക്കാവശ്യമായ എല്ലാമുണ്ടാകും. വസ്ത്രവും ഭക്ഷണവും മറ്റു അത്യാവശ്യ വസ്തുക്കളുമൊക്കെ. അരി, അവില്‍, പൊടികള്‍, കറിപൊടികള്‍, ഉണക്കമീന്‍ തുടങ്ങിയ സാധാനങ്ങളൊക്കെ കൊണ്ടുപോകും. പെട്ടി കെട്ടല്‍ പ്രത്യേകമായ ഒരു കഴിവാണ്. അതിനു മാഹീരീങ്ങളായ ആളുകളുണ്ടായിരുന്നു. കയറുകൊണ്ടുള്ള ഉറച്ച കെട്ട്; വല്ലാത്തൊരു കെട്ടാണത്. തീവണ്ടിയില്‍ നിന്നും കപ്പലില്‍ നിന്നും നമ്മുടെ പെട്ടികള്‍ പലതവണ വലിച്ചെറിയുമ്പോള്‍ ഒന്നും സംഭവിക്കില്ല. അക്കാലത്ത് ഹജ്ജിന് പോകുന്നവരുടെ വീടുകള്‍ അന്വേഷിച്ച് കെട്ടുകാര്‍ വരാറുണ്ടായിരുന്നു. ഹാജിക്കുള്ള ഈ പെട്ടികെട്ടല്‍ പാവപ്പെട്ടവന്റെ ഹജ്ജായിവരെ അന്നുകരുതാറുണ്ടായിരുന്നു.

ബോംബെയില്‍ ഹാജിമാര്‍ക്കുള്ള വലിയ മുസാഫര്‍ഖാനകളുണ്ട്. അവിടെയാണ് താമസം. ഹാജിമാര്‍ക്കുള്ള ഈ വിശ്രമ കേന്ദ്രങ്ങള്‍ ഏതോ ഒരു സ്ത്രീ പണിതതാണെന്ന് ചിലര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് എനിക്കധികമറിയില്ല. ഹജ്ജിനുള്ള കടലാസുകള്‍ നേരയാക്കുന്നതും പണം മാറ്റുന്നതുമൊക്കെ ഇവിടെ വെച്ചാണ്. അധിക പേര്‍ക്കും പണം തികയാറില്ല. ഇല്ലാത്തവര്‍ പരസ്പരം നല്‍കി സഹായിക്കും. 2,300 രൂപയാണ് അന്ന് നല്‍കേണ്ടത്. അവിടെ പെരുന്നാള്‍ കഴിഞ്ഞ് പത്തു ദിവസം താമസിച്ച് ശവ്വാല്‍ 12നാണ് കപ്പല്‍ വന്നത്.

കപ്പലില്‍ കയറി ഒരു ദിവസം മുഴുവന്‍ അവിടെ തന്നെ നിന്നു. പിറ്റേന്നാണ് യാത്ര ആരംഭിച്ചത്. സഊദി അറേബ്യയുടേതാണ് കപ്പല്‍. അത്ര വലിയ കപ്പലൊന്നുമല്ല. മുന്നൂറോളം പേരാണ് അന്ന് അതിലെ യാത്രക്കാര്‍. കണക്ക് കൃത്യമൊന്നുമല്ല. ഹജ്ജ് സീസണില്‍ യാത്രാകപ്പലായും അല്ലാത്ത സമയങ്ങളില്‍ ചരക്ക് കപ്പലായും ഉപയോഗിച്ചിരുന്നതാണ്. പിന്നീടെപ്പോഴോ ആ കപ്പല്‍ മുങ്ങിപ്പോയിട്ടുണ്ട്. വിവരമൊന്നും ഇന്നുവരെ ലഭിച്ചിട്ടില്ല. അതു ഞാന്‍ പിന്നെയറിഞ്ഞതാണ്. എട്ടു ദിവസമാണ് കപ്പല്‍ യാത്ര. ഭക്ഷണമൊക്കെ ഓരോരുത്തരും പാകം ചെയ്യുന്നതാണ്. സാധനങ്ങളൊക്കെ ഞങ്ങള്‍ കൊണ്ടു പോയിട്ടുണ്ടല്ലോ? അന്ന് ഞങ്ങളുടെ കൂടെ മേലാറ്റൂരില്‍ നിന്നും വന്ന ഉണ്ണീന്‍ക്കയുണ്ടായിരുന്നു. വലിയ പൗരപ്രമുഖനാണദ്ദേഹം. അദ്ദേഹം മാനിനെ വേട്ടയാടി മാംസം ഉണക്കി ചാക്കിലാക്കി കൊണ്ടുവന്നിരുന്നു. എന്റെ അടുത്ത കട്ടിലുകാരനായ ഉണ്ണീന്‍ക്ക ഉണക്ക മാംസം ഞങ്ങള്‍ക്കും നല്‍കാറുണ്ടായിരുന്നു.
കപ്പലിലേത് വല്ലാത്തൊരു യാത്രയാണ്. എല്ലാവരും കരക്കെത്തുമെന്ന് ഉറപ്പൊന്നുമില്ല. ചിലരൊക്കെ വഴിക്ക് വെച്ച് മരിച്ചു പോകും.

ഞങ്ങളുടെ കൂടെയുണ്ടായരുന്ന രണ്ടു പേര്‍ അന്ന് മരണപ്പെട്ടിട്ടുണ്ട്. ദീപുകാരായിരുന്നു അവര്‍. കടലില്‍ താഴ്ത്തിയാണല്ലോ മറമാടലൊക്കെ. മയ്യിത്ത് കരക്കെത്തിക്കാന്‍ വഴിയൊന്നുമുണ്ടാവില്ല. പിന്നെ എല്ലാവരും കഫന്‍പുട കൂടെ കരുതും. അതു കൊണ്ടുവരാത്തവര്‍ ആരുമുണ്ടാവില്ല. ഇന്നതൊക്കെ പോയി. ഇപ്പോള്‍ ഫാഷനിലല്ലേ ഹജ്ജിന് പോകുന്നത്.? എന്നാലും ചില പഴമക്കാര്‍ ഇപ്പോവും കഫന്‍പുട കരുതാറുണ്ട്.     അന്ന് ഇഹ്‌റാം കെട്ടലും കപ്പലില്‍ വെച്ചു തന്നെയാണ്. കപ്പലില്‍ നിസ്‌കരിക്കാനായി പ്രത്യേക സൗകര്യമുണ്ട്. ജമാഅത്തായാണ് നിസ്‌കാരം. അതു കഴിഞ്ഞാല്‍ ഹജ്ജ് ക്ലാസാണ്. ക്ലാസ് എന്നൊന്നും ആരും പറയാറില്ല. ഉര്‍ദുവിലായിരിക്കും ക്ലാസ്. അതെടുക്കുന്നവര്‍ ഉര്‍ദുക്കാരാണ്. അവര്‍ മുസാഫര്‍ഖാനയില്‍ വെച്ചു തന്നെ അതിനു തുടക്കം കുറിച്ചിട്ടുണ്ടാകും. മലയാളികള്‍ക്ക് വേണ്ടി ഞാനായിരുന്നു ക്ലാസെടുത്തിരുന്നത്. മലയാളവും ഉര്‍ദുവുമറിയുന്ന ഒരാള്‍ അന്നത് മാറ്റി ഉര്‍ദു മാത്രമറിയുന്നവര്‍ക്ക് പറഞ്ഞുകൊടിത്തിരുന്നു.

ഹജ്ജ് കപ്പലില്‍ വെച്ച് അതിനു മുമ്പും പല മലയാളികളും ക്ലാസെടുത്തിരുന്നു. അവരുടെയൊക്കെ വിഷയം ആദര്‍ശമായിരുന്നു. എന്നാല്‍ കപ്പലില്‍ ഹജ്ജ് ക്ലാസ് തുടങ്ങിയത് ഞാനാണ്. നാട്ടില്‍ വന്ന ശേഷവും ഞാനതു തുടര്‍ന്നിരുന്നു. ഹജ്ജിന് പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക പഠന ക്ലാസുകള്‍. ഹാജിമാരുടെ നാട്ടില്‍ ചെന്നിട്ടാണ് ക്ലാസ്. പിന്നീടത് വ്യാപിച്ചു. ഇപ്പോള്‍ എല്ലായിടത്തും ഹജ്ജ് ക്ലാസല്ലേ. അന്ന് ഇമാം നവവിയുടെ ഈളാഹ് വെച്ചായിരുന്നു ക്ലാസ്. ചിലപ്പോള്‍ മഹല്ലിയും ഖല്‍യൂബിയുമൊക്കെ ഉപയോഗിക്കും.

അന്ന് മക്കയില്‍ ഒത്താശക്കാരായി ആരുമില്ല. മക്കക്കാര്‍ അല്‍പം പരുത്ത സ്വഭാവക്കാരാണ്. അന്നും ഇന്നും അങ്ങനെ തന്നെയാണ്. നബിയെ നാടു കടത്തിയവരല്ലേ അവര്‍. അവരുടെ സ്വഭാവത്തിലും നാട്ടിലുമൊക്കെ അതിന്റെ അടയാളമുണ്ട്. സലാം പറഞ്ഞാല്‍ അവര്‍ മടക്കികൊണ്ട് ഒരു പോക്കാണ്. എന്നാല്‍ മദീനക്കാര്‍ അത്തരക്കാരല്ല. നബി തങ്ങള്‍ക്ക് അഭയം നല്‍കിയവരല്ലേ അവര്‍. അവര്‍ക്ക് നമ്മെ വലിയ ബഹുമാനമാണ്. സലാം പറഞ്ഞാല്‍ മുസ്വാഫഹത്ത് ചെയ്തു നമ്മെ സ്വീകരിക്കും. അവരുടെ നാട്ടിലും മണ്ണിലുമൊക്കെ ആ സ്‌നേഹത്തിന്റെ അടയാളങ്ങള്‍ കാണുകയും ചെയ്യും. അറബി വേഷം എനിക്കു വലിയ കൗതുകമായി തോന്നിയിരുന്നു. നീണ്ട വസ്ത്രമല്ലേ അവരുടേത്. അവരുടെ നാടും വേഷവുമൊക്കെ കാണാന്‍ ഞാന്‍ പുറത്തിറങ്ങി നടക്കാറുണ്ടായിരുന്നു.

മദീന പള്ളിയില്‍ വെച്ച് അന്ന് ദര്‍സും വയളും നടക്കാറുണ്ടായിരുന്നു. ഓരോ തൂണു കേന്ദ്രീകരിച്ചായിരുന്നു ദര്‍സുകള്‍. മുദര്‍രിസ്സും കുട്ടികളുമൊക്കെയുണ്ട്. ഞാന്‍ ഹറമിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു മലയാളിയുടെ വയള് ശ്രദ്ധിച്ചത്. അദ്ദേഹം മലയാളിത്തിലാണ് പ്രസംഗിക്കുന്നത്. ഞാനത് കുറച്ചു നേരം ശ്രവിച്ചു. അദ്ദേഹം റൗളയുടെ ഭാഗത്തേക്ക് ചൂണ്ടി ”അവിടെ ഒന്നുമില്ല, ഒരു കാര്യവുമില്ല” എന്ന് പ്രസംഗിക്കുന്നു.  എന്താ നിങ്ങള്‍ പറഞ്ഞത് റൗളയില്‍ ഒന്നുമില്ലെന്നോ? സംഭവം ജനശ്രദ്ധയാകര്‍ഷിച്ചു. ആളുകള്‍ ഒരുമിച്ചു കൂടി ഒച്ചയും ബഹളവുമായി. അദ്ദേഹം പോലീസുകാരെ വിളിച്ചു. എന്നെ അവര്‍ക്കേല്‍പ്പിച്ചു. കോടതിയിലെത്തിയപ്പോഴാണ് മനസ്സിലായത് എന്നെ അദ്ദേഹം അറസ്റ്റ് ചെയ്യിപ്പിച്ചതാണെന്നും ഞാനിപ്പോള്‍ കോടതി മുറിയിലാണെന്നും. ഞാന്‍ അദ്ദേഹത്തെ ‘ഇന്‍കാര്‍’ ചെയ്തു എന്നതാണ് കേസ്. അബ്ദുസ്സമദ് എന്ന പേരുള്ള അദ്ദേഹം മദീന സര്‍വ്വകലാശാലയില്‍ മുദര്‍രിസാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. കോടതിയില്‍ വെച്ച് ജഡ്ജി എന്നോട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു. ഞാന്‍ പറഞ്ഞു: ”അദ്ദേഹത്തെ ഞാന്‍ ‘ഇന്‍കാര്‍’ ചെയ്തിട്ടില്ല. റൗളയുടെ നേരെ ചൂണ്ടി അവിടെ ഒരു കാര്യവുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപെട്ടതാണ്.” ഇതോടെ കോടതി മുറിയില്‍ വിധി സങ്കീര്‍ണമായി. ജനങ്ങളെല്ലാം വിഷയമറിഞ്ഞു. ജഡ്ജി അദ്ദേഹത്തോട് കാര്യങ്ങള്‍ തിരക്കി. അദ്ദേഹം പറഞ്ഞു: ”അതെ ഞാന്‍ പറഞ്ഞത്  സത്യമാണ്. അന മുജ്തഹിദുന്‍.” അപ്പോള്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ പത്രം ഹാജരാക്കപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ മുദര്‍രിസായി ചാര്‍ജ്ജെടുത്തപ്പോള്‍ അദ്ദേഹം ചെയ്ത സത്യവാചകങ്ങളാണത്.

”അന ശാഫിഇയ്യുന്‍, അന മുഖല്ലിദുന്‍” എന്ന് അതില്‍ എഴുതിയിട്ടുണ്ട്. ഇതുകേട്ടയുടനെ ഞാന്‍ ചോദിച്ചു: ”ശാഫിഇയ്യും മുഖല്ലിദുമായ ഇദ്ദേഹം എങ്ങനെയാണ് റൗളയെ നിഷേധിക്കുക. ശാഫീഈ മദ്ഹബ് പ്രകാരം അങ്ങനെ പറയാന്‍ പാടില്ലല്ലോ.” അവസാനം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കോടതി എനിക്കു അനുകൂലമായി വിധി പറഞ്ഞു. പരസ്യമായി ക്ഷമാപണം നടത്താന്‍ കോടതി അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിലെ പ്രസിദ്ധനായ ഒരു മുജാഹിദ് നേതാവിന്റെ മകനായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് അവിടെയുള്ള ഹുകൂമത്ത് ഹറമിലെ ഫത്‌വാ കമ്മിറ്റി മെമ്പറായി എന്നെ തെരഞ്ഞെടുത്തിരുന്നു.

അന്നൊക്കെ ഹറമിനടുത്ത പള്ളിയില്‍ ജമാഅത്തിനു ശേഷം കൂട്ടുപ്രാര്‍ത്ഥനയുണ്ടാകുമായിരുന്നു. ഹറമിലതില്ല, അവിടെ തവാഫല്ലെ പ്രധാനപ്പെട്ടത്? ഇമാമുകള്‍ നേരെ തിരിഞ്ഞു മഅ്മൂമുകള്‍ക്കഭിമുഖമായാണ് പ്രാര്‍ത്ഥന. അവിടെ ചില  സ്ഥലങ്ങളിലൊക്കെ മൗലിദ് നടന്നിരുന്നു. നീണ്ട മൗലിദ് സദസ്സുകള്‍. അതു കഴിഞ്ഞു വലിയ സദ്യകളും.  രണ്ടായിരം പേരാണ് അന്നതില്‍ പങ്കെടുത്തിരുന്നത്. പിന്നെ സന്തോഷത്തോടെ ഞങ്ങള്‍ തിരിച്ചുവന്നു. മുഹര്‍റം ആറിനാണ് തിരിച്ചെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter