ഹാജിയുടെ സാഹസിക യാത്ര
എഴുപത്തിനാലു വയസ്സ് പ്രായം, കുറിയ മനുഷ്യന്‍, ശരീരത്തിലെ മുഴുവന്‍ രോമങ്ങളും പ്രായത്തിന്റെ നര ബാധിച്ചിട്ടുണ്ട്. കണ്ണുകള്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മേനി ചുക്കിച്ചുളിഞ്ഞതും. ഈ മനുഷ്യനെ കാണാന്‍ നിങ്ങള്‍ ചെന്നാല്‍ എവിടെയാണ് തിരയുക? പാലക്കാട് ജില്ലയിലെ പള്ളിപ്പുറം പാലത്തറയിലെ വീട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും അത്തന്നെ ചെയ്തു. സലാം ചൊല്ലി ഉമ്മറത്തേക്ക് കടന്നു. ഭാര്യയും അയല്‍ക്കാരിയും അവിടെ ഇരിക്കുന്നുണ്ട്. ഉമ്മറത്ത് കുട്ടികളൊന്നുമില്ല. ഉണ്ടെങ്കില്‍ ആ മനുഷ്യന്‍ അവിടെയുണ്ടാവണം. അകത്തെ വാതിലുകള്‍ക്കിടയിലൂടെ നോക്കി. അവിടെയും കുട്ടികളില്‍ ആരെയും കാണുന്നില്ല. പിന്നെ നിവൃത്തിയില്ലാതെ ഭാര്യയോടു തന്നെ ചോദിച്ചു. ‘ഹാജിയാര്‍ കാക്ക എവിടെ?’ ‘കുറച്ച് മുമ്പെ കൈക്കോട്ടും മടാളും എടുത്ത് പറമ്പിലേക്ക് പോയിരുന്നു.’
അവിടെ ഇരുന്നു. മുന്‍വാതില്‍ തുറന്ന് ഹാജിയാരിക്ക അകത്തെത്തി. നാട്ടുകാര്‍ കുവൈത്ത് ഹാജിയെന്നാണ് വിളിക്കുന്നത്. ചക്കായില്‍ മുഹമ്മദ് എന്നാണ് പേര്. സലാം പറഞ്ഞു. ദിവസവും നാനൂറ്- അഞ്ഞൂറ് രൂപക്ക് കൂലിവേല ചെയ്യുന്നവര്‍ ഇത്രയും അധ്വാനിക്കാറില്ല. ദേഹത്ത് വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ട്. ബനിയനില്‍ ചേറ് പുരണ്ടിരിക്കുന്നു. കൈയിലും കാലിലും പറമ്പിലെ ചെളി, കട്ടിലില്‍ തിരഞ്ഞ മനുഷ്യന്‍ വരുന്നത് തന്റെ പറമ്പിലെ പണികള്‍ക്കിടയില്‍ നിന്ന്.
പരിചയം പുതുക്കി, വന്ന വിവരം പറഞ്ഞു. ഹാജിയാര്‍ ഉറക്കെ ചിരിച്ചു. സാധാരണ അങ്ങനെയാണ് ചിരിക്കാറ്. ചിരിച്ച് കഴിയുമ്പോള്‍ എല്ലാം ഉരുകിയൊലിക്കണമെന്ന് ഹാജിയാര്‍ക്ക് നിര്‍ബന്ധമാണ്. ‘നിങ്ങളുടെ ചെറുപ്പത്തിലെ അനുഭവങ്ങള്‍ പറയണം, നാടിന്റെയും’ ‘എന്റേത് ഞാന്‍ പറയാം, നാടിന്റെ കാര്യത്തിലൊന്നും എനിക്കറിയില്ല, ആരുടെ കാര്യത്തിലും ഇടപെടാറില്ല. ഉറച്ച നിലപാട്’ ഹാജിയാര്‍ സംസാരിച്ചു തുടങ്ങി. ഒരു തലമുറയുടെ വഴികളിലേക്ക് പാറമടകള്‍ക്കുള്ളിലേക്ക്. മക്കയിലേക്ക് നടന്ന്തീര്‍ത്ത വഴിയാടയങ്ങളെ കുറിച്ച്.
ഒന്‍പതാം വയസ്സില്‍ ഹിജ്‌റ
ഹാജിയാര്‍ പിച്ചവെച്ചിട്ടില്ല. ജനിച്ചുവീണത് തന്നെ നടക്കാന്‍ വേണ്ടിയാണ്. ദാരിദ്ര്യത്തിന്റെ നിറവില്‍ നിന്ന് ആറാം വയസ്സില്‍ ഉമ്മ ആദ്യം പിരിഞ്ഞുപോയി. ഒന്‍പതാം വയസ്സില്‍ ഉപ്പയും മരിച്ചതോടെ അകലേക്ക് നോക്കി ഹാജിയാര്‍ നടക്കാന്‍ തുടങ്ങി. കൃത്യം ഒമ്പതാം വയസ്സില്‍ ബോംബേക്ക് വണ്ടി കയറി. അന്നു വണ്ടി കയറുന്നവരൊക്കെ എത്തിപ്പെടാറുള്ളത് ബോംബെയിലാണ്. ജീവിതം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേരില്‍ കാണാന്‍ കഴിയുമെന്നതാണ് ബോംബെയുടെ വിശ്വാസം.
ഒമ്പതു വയസ്സുകാരന്‍ ഒരു മലയാളിയെ ചെന്നുകണ്ടു. ‘യത്തീമാണ്; എന്നെ യതീംഖാനയില്‍ ചേര്‍ക്കണം.’ അയാള്‍ പറഞ്ഞു: ‘എന്തിനാണ് നീ അവിടെ പോകുന്നത്? ഞാനും എന്റെ ഭാര്യയും വിഷയങ്ങള്‍ പഠിപ്പിച്ചു തരാം.’ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഹാജിയാര്‍ പറയുന്നു: ‘ഞാനും തറ പറ എന്നു പഠിപ്പിക്കും. എല്ലാ പണിയും ചെയ്യണം’. ആരോടും പറയാതെ അവിടെ നിന്ന് പോന്നു. പിന്നെ ജീവിതം തെരുവുകള്‍ക്കെഴുതിക്കൊടുത്തു. ബോംബെ അന്ന് മാലിന്യമാണ്. ജാതീയത, വര്‍ഗീയത, അശ്ലീലത. എല്ലാത്തിന്റെയും നടുവില്‍ ജീവിക്കാന്‍ പഠിച്ചു. ഹോട്ടലിലാണ് ജോലി. പാചകക്കാരന്‍, സപ്ലൈ എല്ലാ വേഷങ്ങളും അണിഞ്ഞു.
ദര്‍ഗ ടു ദര്‍ഗ
അജ്മീറിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. സിയാറത്ത് ഹാജിയാര്‍ക്ക് ഏറ്റവും പ്രിയമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ ഒരാളുമായി പരിചയപ്പെട്ടു. അയാള്‍ മാര്‍വാഡയിലേക്കാണ് ടിക്കെറ്റെടുത്തിരുന്നത്. ഹാജിയാരുടെ നിര്‍ബന്ധത്താല്‍ അയാളും അജ്മീറിലേക്ക് വരാന്‍ തുടങ്ങി. ഹാജിയാര്‍ തന്നെ ടിക്കെറ്റെടുത്തു. അജ്മീറിലെത്തി. സിയാറത്ത് കഴിഞ്ഞു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അയാള്‍ പാകിസ്ഥാനിലേക്ക് പോവാന്‍ ഒരുങ്ങി. ഹാജിയാരാണ് ടിക്കറ്റെടുത്ത് കൊടുത്തത്. ഞാനും നിന്റെ കൂടെയുണ്ട്. രണ്ട്‌പേരും യാത്രതുടങ്ങി. ട്രെയ്‌നിലാണ് യാത്ര. പാകിസ്ഥാനില്‍ എത്തി. ഒരു മലയാളി ജമാഅത്ത് സംഘം ഒന്നര രൂപ കൊടുത്തു. കൂടെയുള്ളവന് പൈസ കൊടുത്തില്ല; മലയാളികള്‍ക്കേ ലഭിക്കൂ. അയാള്‍ അവിടെനിന്ന് പിരിഞ്ഞു. കിട്ടിയ പൈസ കൊണ്ട് വസ്ത്രങ്ങള്‍ അലക്കി ഹാജിയാര്‍ അവിടെ നിന്നു.
അന്ന് നോമ്പ് ഒന്നാണ്. അപരിചിതരായ രണ്ട് പേര് അവിടെ ഇരിക്കുന്നുണ്ട്. അവര്‍ ഹാജിയാരോട് ചോദിച്ചു. രണ്ട് പേരും മലയാളികളാണ്. ‘നിങ്ങളുടെ കൈയിലെ സഞ്ചി തരുമോ? ഞങ്ങള്‍ ഹജ്ജിന് പോവുകയാണ്.’ ഹാജിയാര്‍ക്ക് ആകാംക്ഷയായി. ഞാനില്ലെങ്കില്‍ സഞ്ചിയെങ്കിലും അവിടെ എത്തട്ടെ എന്ന വിശ്വാസത്തില്‍ അത് അവര്‍ക്ക് കൊടുത്തു. അവരില്‍ ഒരാള്‍ തങ്ങളാണ്. മറ്റൊരാള്‍ ദീനില്‍ വന്ന ‘തന്തയും’. പേരൊന്നും ഓര്‍മയിലില്ല. തന്ത ഹിന്ദുവായിരുന്നപ്പോള്‍ മൂന്നു പെണ്ണും ദീനില്‍ വന്ന ശേഷം രണ്ട് പെണ്ണും കെട്ടിയിട്ടുണ്ട്. അവര്‍ പിരിഞ്ഞുപോയി.
ഹാജിയാര്‍ നടക്കാന്‍ തുടങ്ങി. ഒരു ചോല ഒഴുകി പോകുന്നു. വസ്ത്രങ്ങള്‍ അലക്കി. കുളി കഴിഞ്ഞപ്പോഴേക്ക് അവ ഉണങ്ങി. അപ്പോള്‍ ഒരു ബസ് വരുന്നു. രണ്ടും കല്‍പിച്ച് അതില്‍ കയറി. രണ്ടണ കൊടുത്തു. ചുടുവെള്ളവും തണുത്ത വെള്ളവും ഒരേ ദ്വാരത്തിലൂടെ വരുന്ന ഒരു ദര്‍ഗ കാണാനാണ് മുന്നോട്ടു പോകുന്നത്. ബസില്‍ നിന്ന് മറ്റൊരു ദര്‍ഗ കണ്ടിരുന്നു. ബസില്‍ നിന്നിറങ്ങി അവിടേക്ക് തിരിഞ്ഞു നടന്നു. അവിചാരിതമായാണ് തങ്ങളും തന്തയും അവിടെ ഇരിക്കുന്നത് കണ്ടത്.
‘നീ ഞങ്ങളോട് കൂടെ പോരണോ?’
‘അതെ’- ഹാജിയാര്‍ മറുപടി പറഞ്ഞു.
‘രണ്ടില്‍ കൂടെ ഒന്ന് മൂന്നാണ് നല്ലത്’- ഞങ്ങള്‍ പറഞ്ഞു. ആകെ നാലണയാണ് കൈയിലുള്ളത്. അതിന് ഭക്ഷണ സാധനങ്ങള്‍ വാങ്ങി. അന്ന് രാത്രി ശാന്തമായി ഉറങ്ങി.
ഹജ്ജ് നടത്തം തുടങ്ങുന്നു
നേരം കൂടുതലൊന്നും വെളുത്തിട്ടില്ല. മൂവര്‍ സംഘം യാത്ര തുടങ്ങുകയാണ്. ഒരു വാലു മുറിയന്‍ നായ അവരോടൊപ്പം ചേര്‍ന്നു. ആവര്‍ത്തിച്ചാട്ടിയിട്ടും നായ പിന്തിരിയുന്നില്ല. ചരിത്രത്തിലെ അസ്ഹാബുല്‍ കഹ്ഫിന്റെ ആവര്‍ത്തനം. നായ കാരണം ഭക്ഷണം മുടങ്ങി. ഒരു വീട്ടുകാര്‍ പറഞ്ഞു, നായയുമായല്ലേ നടക്കുന്നത്? ഒരു തുള്ളി വെള്ളം തരില്ല! മൂന്നു ദിവസം കഴിഞ്ഞു. ഒരു ഇടയനെ കണ്ടു. നായയെ അയാള്‍ക്ക് കൊടുത്തു. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച നായയില്‍ നിന്ന് ഇവര്‍ ഒളിച്ചിരുന്നു. കരഞ്ഞ് കരഞ്ഞ് നായ ഇടയനൊപ്പം പോയി.
ദസ്‌വേല എന്ന ദര്‍ഗയിലെത്തി. അവിടെ ഉറൂസ് നടക്കുകയാണ്. ഭാഗ്യം, കൈയിലൊരു മോതിരമുണ്ടായിരുന്നു. വഴിയിലൊരാള്‍ അത് വില്‍ക്കുമോ എന്ന് ചോദിച്ചിരുന്നു. അയാളെ വീണ്ടും ഉറൂസില്‍ വെച്ചു കണ്ടു. പൈസക്ക് വേണ്ടി അയാള്‍ക്ക് വിറ്റു. ഒന്‍പതു രൂപ കിട്ടി. അത് തങ്ങളെ ഏല്‍പിച്ചു.
അവിടെ നിന്ന് യാത്ര തുടങ്ങി. തങ്ങള്‍ മുന്നില്‍, നടുവില്‍ തന്ത, പിന്നില്‍ ഹാജിയാര്‍. അങ്ങനെയാണാ ക്രമം. വഴി കാണാതായി. തങ്ങള്‍ക്ക് ദേഷ്യം വന്നു. വഴിതെറ്റുമ്പോള്‍ ‘ഞാന്‍ മുന്നില്‍ നടക്കില്ല’ എന്ന് പറഞ്ഞ് തങ്ങളും പിറകിലേക്ക് മാറി. ഹാജിയാരാണ് നടുവില്‍. ജമാഅത്തിന് വെള്ളക്കുപ്പിയില്‍ നിറച്ച് വെച്ച ചോറാണ് ആകെ കൈയിലുള്ളത്. ദൂരെ മല കാണുന്നു. ഹാജിയാര്‍ ഒരുപാട് കഷ്ടപ്പെട്ടു. തങ്ങള്‍ പറയുന്നതൊക്കെ കേള്‍ക്കുന്നു. അവരുടെ ഭക്ഷണമാണ് കഴിക്കുന്നത്. ആ മല കയറി നോക്കാന്‍ പറഞ്ഞു. വഴിയില്ലെന്ന് കണ്ടപ്പോള്‍ തങ്ങള്‍ തിരിച്ചുപോയി. എവിടേക്കാണെന്ന് അറിയില്ല. മല കയറി. ഭക്ഷണം കഴിച്ചു. വെള്ളമില്ല. തന്ത അവിടെ കിടന്നു. ഹാജിയാര്‍ ഒറ്റക്ക് മുന്നോട്ടുപോയി. ഒരു വെള്ളച്ചാല്‍ കണ്ടു. അവിടെ നിന്ന് വെള്ളം കോരിയെടുത്തു. മണ്ണ് ഊറിയപ്പോള്‍ അത് കുടിച്ചു. കുറച്ച് മണ്ണ് വെള്ളം കോരി തന്തക്ക് കൊണ്ടുവന്നു കൊടുത്തു. ഇരുപത്- ഇരുപത്തഞ്ചിനിടക്കായിരുന്നു അന്നത്തെ പ്രായം.
നനഞ്ഞ മണ്ണില്‍ നിന്ന് വെള്ളം ഊറ്റുന്ന വിധം
വീണ്ടും യാത്രയാണ്. മൂന്ന് ദിവസം കഴിഞ്ഞു. ഒരു തുള്ളി വെള്ളം കിട്ടിയില്ല. ഒരു ബലൂചിയെ കണ്ടുമുട്ടി. അയാള്‍ ഹജ്ജിന് പോവുകയാണ്. അയാള്‍ സംഘത്തില്‍ ചേര്‍ന്നു. ബലൂചി വളരെ വേഗത്തിലാണ് നടക്കുന്നത്. വീട് കണ്ടാലൊന്നും നില്‍ക്കുന്നില്ല. രാത്രിയില്‍ താമസിക്കാനുള്ള സ്ഥലവും കിട്ടാതായി. തന്ത ആകെ ക്ഷീണിച്ചു. ഹാജിയാര്‍ എല്ലാവരുടെയും മാറാപ്പ് ചുമന്നു. ബലൂചി തന്തയുടെ കൈപിടിച്ചു നടന്നു. തൊണ്ട ഒട്ടിപ്പിടിച്ച് തന്ത വീണു. ഹാജിയാര്‍ മുന്നോട്ടു നടന്നു. ബലൂചി പച്ചപ്പുല്ല് കണ്ടപ്പോള്‍ അവിടെ നിന്ന് ഹാജിയാര്‍ മണ്ണുമാന്താന്‍ തുടങ്ങി. ബലൂചി കാത്ത് നിന്നില്ല. സമയം മഗ്‌രിബായിട്ടുണ്ട്. പുല്ലിനടിയിലെ മണ്ണിന് നനവുണ്ട്. മണ്ണ് പിഴിഞ്ഞു. വെള്ളം ഊറുന്നില്ല. പച്ചപ്പുല്ല് കടിച്ചുതിന്നു. മഗ്‌രിബ് കഴിഞ്ഞിട്ടുണ്ട്. ‘വെള്ളമുണ്ടേയ്’ എന്ന ഒരു ശബ്ദം. ദാഹിക്കുന്നവന്‍ ജീവനില്ലെങ്കിലും അവിടെയെത്തുമെന്നാണ് ഹാജിയാരുടെ അനുഭവം. അവിടെയെത്തിയപ്പോള്‍ ബലൂചിയുണ്ട് അവിടെ. ഒരുപാട് വെള്ളം കുടിച്ചു. ഹാജിയാര്‍ ബോധം കെട്ടുവീണു. ബലൂചി വെള്ളം തളിച്ചപ്പോള്‍ ബോധം വന്നു. കുറച്ച് വെള്ളം കരുതി.
ഒറ്റപ്പത്തിരി കൊണ്ടൊരു പെരുന്നാള്‍
കന്നുകാലികള്‍ നടന്ന അടയാളമുണ്ട്. മല കയറണം. പകുതി കയറിയപ്പോള്‍ ഒരു പശുക്കുട്ടിയുമായി ഒരാള്‍ വരുന്നു. അയാള്‍ പത്തിരി തന്നു. അന്ന് പെരുന്നാളായിരുന്നു. പത്തിരി കെണ്ട് പെരുന്നാളാഘോഷിച്ചു. അവര്‍ പറഞ്ഞു. ‘മലയിറങ്ങിയാല്‍ അങ്ങാടിയുണ്ട്.’ നടത്തത്തിന് വേഗത കൂടി. അവിടെയെത്തി. പള്ളിയില്‍ കടന്നപ്പോള്‍ ഭക്ഷണം കിട്ടി.
മൂന്നാം ദിവസം അവിടെ നിന്നിറങ്ങാന്‍ കടയിലെത്തിയപ്പോള്‍ തന്തയതാ ഒട്ടകത്തിന്റെ പുറത്ത് വരുന്നു. തന്ത ഇറങ്ങി. മൂവര്‍ സംഘം വീണ്ടും യാത്രയായി. ബലൂചിയുടെ നടത്തത്തോട് ഹാജിയാര്‍ക്കും തന്തക്കും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ബലൂചിയോട് തെറ്റിപ്പിരിഞ്ഞ് തന്തയും ഹാജിയാരും മാത്രമായി. തന്ത എല്ലാം ചോദിച്ചുവാങ്ങും. ഒരു നദിയോട് ചേര്‍ന്ന് തണല്‍ കിട്ടുന്ന സ്ഥലത്തെത്തി. അവിടെ പാറക്കിടയില്‍ ഇരുന്നു. തന്ത മീന്‍കാരില്‍ നിന്ന് ഭക്ഷണം വാങ്ങിവന്നു. അപ്പോഴാണ് കഴുതപ്പുറത്ത് ഹജ്ജ് കഴിഞ്ഞ് ഒരു സംഘം വരുന്നത്. തന്തയുടെ നിസ്‌കാരം കണ്ടപ്പോള്‍ അവര്‍ കലിമ ചൊല്ലാന്‍ പറഞ്ഞു. തന്തക്ക് അതും അറിയില്ല. ഇയാളെന്ത് ജീവിതമാണ് ജീവിച്ചതെന്ന് ഹാജിയാര്‍ മനസ്സില്‍ കരുതി. പള്ളിയില്‍ കയറി ഇമാമിനോട് വേദനകള്‍ പറഞ്ഞു. നായയെ വിജന സ്ഥലത്ത് ഒഴിവാക്കിയതിന്റെ ശാപമാണെന്ന് പറഞ്ഞു. തന്തയെ വെറുപ്പായി. വഴി കാണാന്‍വയ്യ. പക്ഷേ, മനസ്സില്‍ കഅ്ബ കാണുന്നുമുണ്ട്.
ഹുദാ ബസ്ത് രക്ഷക്കെത്തുന്നു
സൂചി പോലോത്ത മലയാണ്. നടക്കാന്‍ കഴിയുന്നില്ല. ‘ഞാന്‍ ഇവിടെ കിടന്ന് മരിക്കുകയാണ്.’ ഹാജിയാര്‍ അവിടെ കിടന്നു. തന്ത കരഞ്ഞു പറഞ്ഞു: ‘എന്നെ ഒഴിവാക്കരുത്.’ വീണ്ടും യാത്ര തുടര്‍ന്നു വഴികണ്ടു. അങ്ങനെ ബലൂചിസ്താനിലെ ഖുദാ ബസ്ത് എന്ന നേതാവിന്റെ നാട്ടിലെത്തി. അയാള്‍ക്ക് സ്വന്തം ലാഞ്ചി (മരക്കപ്പല്‍) ഉണ്ട്. അയാള്‍ മക്കത്ത് പോവുന്നുണ്ടെന്ന വിവരം കിട്ടി. അവര്‍ അറിയിക്കാതെ പോയി. ഹാജിയാര്‍ പിന്തുടരാന്‍ തന്നെ തീരുമാനിച്ചു. ഒരു മീന്‍കാരന്‍ പറഞ്ഞു: ‘നേതാവിന്റെ കപ്പല്‍ ഇപ്പോള്‍ പുറപ്പെടും.’ ഹാജിയാരും തന്തയും അവിടെയെത്തി. അവിടെ നേതാവും പോലീസുകാരുമുണ്ട്. അവരെ ലാഞ്ചിയില്‍ കയറ്റി. മക്കത്ത് എത്താന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ള സ്ഥലത്ത് ഇറക്കിവിട്ടു.
അവിടെ ജനതാമസമുണ്ട്. മത്സ്യബന്ധനക്കാര്‍ ഒന്നും കൊടുത്തില്ല. വൃത്തികെട്ട സ്വഭാവക്കാര്‍. ഒരു ലാഞ്ചിക്കാരന്‍ പള്ളിയില്‍ വന്നു. അയാള്‍ക്ക് ദയ തോന്നി. ഹാജിയാരെയും തന്തയെയും ലാഞ്ചിയില്‍ കയറ്റി ദുബായ് വിട്ടു. അയാള്‍ പോയി. തന്തക്കും എനിക്കും ഹോട്ടലില്‍ ജോലികിട്ടി. ഹാജിയാര്‍ക്ക് സഹായിയായി പാക്കുകാരനായ ചെട്ടിയാരുമുണ്ട്.
ഹാജിയാര്‍ക്ക് കുവൈത്തില്‍ പോവണമെന്നാഗ്രഹം. അപ്പോഴാണ് ഖത്തറ, ഖത്തറ എന്ന് ഒരു ലാഞ്ചി പോവുന്നുണ്ട്. ചെട്ടിയാരുമൊത്ത് അതില്‍ കയറി. പോലീസ് വന്ന് പേരും അഡ്രസ്സും എഴുതിയെടുത്തു. ഖത്തറിലെത്തിയപ്പോള്‍ ‘നാഗുത്’ (കപ്പിത്താന്‍)യോട് ഇറങ്ങാന്‍ സമ്മതം ചോദിച്ചു. അങ്ങനെ ചോദിക്കരുതായിരുന്നെന്ന് ഹാജിയാര്‍ കുമ്പസരിക്കുന്നു. അയാള്‍ സമ്മതിച്ചില്ല. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ തിരിച്ച് ദുബൈയില്‍ തന്നെ ഇറക്കിവിട്ടു. ദുബൈയില്‍ സമൂസ കച്ചവടം തുടങ്ങി. പാക്കുകാരനായ ചെട്ട്യാര്‍ നടന്നു വില്‍ക്കും. നല്ല പണം കിട്ടി. അതിനിടയില്‍ പാകിസ്ഥാന്‍കാരായ ഒരു സംഘം വന്നു. അതില്‍ ഒരു കോഴിക്കോട്ടുകാരനുമുണ്ട്. അവര്‍ ഹാജിയാരെ ജാമ്യത്തിലെടുത്തു.
മുന്‍പരിചയം കാരണം ലാഞ്ചിയിലെ വിറകിനടിയിലായിരുന്നു ഒളിച്ചിരുന്നത്. കുവൈത്തിലെത്തി പോലീസ് വന്നപ്പോള്‍ നഗൂതി വന്നു അമ്പതു രൂപ കൈക്കൂലി ചോദിച്ചു. കൊടുത്തില്ല. നാഗൂത്ത് പോലീസിനെ വിളിപ്പിച്ചു. തക്കം നോക്കി ഹാജിയാര്‍ മുങ്ങി. ഒരു ഹോട്ടലില്‍ ജോലിക്ക് കയറി. മൂന്നുപേരെയും പോലീസ് പിടികൂടി. തിരിച്ച് ലാഞ്ചിയിലെത്തിച്ചു. ഇതിനിടയില്‍ ഇവരെ ചൊല്ലി ജോലിക്കാരും നാഗൂതയും ആഭ്യന്തരസംഘര്‍ഷത്തിലായി. അങ്ങനെ ബഹ്‌റൈനില്‍ ഇറക്കിവിടാന്‍ തീരുമാനമായി. ബഹ്‌റൈനടുത്തെത്തിയപ്പോള്‍ മീന്‍കാരുടെ ബോട്ടില്‍ ഇറക്കിവിട്ടു. അന്ന് രാത്രി മീന്‍കാരോട് കൂടെയാണ് താമസിച്ചത്. ഇവര്‍ ഹാജിയാരെയും സംഘത്തെയും കുവൈത്തില്‍ എത്തിച്ചു. ഇത് പറയുമ്പോള്‍ ഹാജിയാര്‍ വികാരഭരിതനാണ്. ജീവിതം മരുഭൂമികള്‍ക്ക് കൊടുത്ത മനുഷ്യന്‍. വിശുദ്ധ ഭൂമിയിലെത്തി ത്വവാഫ് ചെയ്തു. മദീനയിലെത്തി പുണ്യനബിയുടെ റൗള സിയാറത്ത് ചെയ്തു. ഹൃദയം നിറഞ്ഞു.
ഇരുമ്പുകമ്പികള്‍ക്കിടയില്‍ കിടന്ന് കുവൈത്തിലേക്ക്തിരിച്ചു പോകണം. മദീനയില്‍ ചെരിപ്പുകുത്തി വഴി പറഞ്ഞു തന്നു. റിയാദില്‍ പോയി കുവൈത്തില്‍ പോവാം. റിയാദിലെത്തി. ഹാജിയാര്‍ ഒറ്റക്കാണ്. കൈയില്‍ മൂന്ന് പവനുണ്ട്. പവന്‍ ഭക്ഷിക്കാന്‍ കഴിയില്ലേലും കൈയില്‍ കരുതിയ വെള്ളം ഉണര്‍ന്നപ്പോള്‍ തട്ടിപ്പോയി. എങ്ങനെയോ ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ചു.
വീണ്ടും നടത്തം. ഒരു പോലീസ് വാഹനം മുന്നില്‍ വന്നുനില്‍ക്കുന്നു. അവര്‍ അതില്‍ കയറ്റി പള്ളിക്ക് സമീപം ഇറക്കിവിട്ടു. വീണ്ടും അവരുടെ മുന്നിലാണ് ചെന്നുപെട്ടത്. അവര്‍ ഭക്ഷണം കൊടുത്തു. ഇരുമ്പുവണ്ടിയില്‍ കുവൈത്തിലെത്താമെന്ന് പറഞ്ഞു. വൈകുന്നേരം ഇരുമ്പുലോറിയില്‍ മരവിച്ചുകിടന്നു. കുവൈത്തിലെത്തി. ടാക്‌സി വിളിച്ചു സ്വന്തം മുറിയിലെത്തി. കുവൈത്തില്‍ ഹോട്ടലിലായിരുന്നു. ഒരു ഇറാനിയുമായി തല്ലുകൂടേണ്ടിവന്നു. അയാളുടെ തലപൊട്ടി. ജയിലില്‍ കടന്നു. അഡ്രസ് ചോദിച്ചു. പാലത്തറ പള്ളിപ്പുറം. അവര്‍ക്കെന്ത് പാലത്തറ. അവര്‍ ദുബായിലേക്ക് കടത്തിവിട്ടു.
തിരിച്ചു പിറന്ന നാട്ടിലേക്ക്
ദുബായില്‍ നിന്ന് കപ്പല്‍ ജോലിക്കാരെ കൂട്ടമായാണ് നാട്ടിലേക്ക് കൊണ്ടുപോകാറ്. ഇന്ത്യക്കാരായ തൊഴിലാളികളെ തലയെണ്ണിയാണ് അകത്ത് കയറ്റി വിടാറുള്ളത്. ഒന്ന്, രണ്ട്, മൂന്ന്… ഹാജിയാര്‍ വേഷം ധരിച്ച് മുന്നില്‍ നിന്നു. എണ്ണിയ ശേഷം കപ്പലിലെത്തി. പിന്നെ ഭയമില്ല. ബോംബെയിലെത്തി. ഒരു തൊഴിലാളി തന്റെ കുപ്പായവും പെട്ടിയും ഹാജിയാര്‍ക്ക് കൊടുത്തു. ഹാജിയാര്‍ പുറത്തിറങ്ങി. ഒരു പീടികയുടെ മറവില്‍ വെച്ച് വസ്ത്രം മാറി. കൈയിലുള്ള സ്വര്‍ണം വിറ്റ് അയാള്‍ക്ക് കൂലി കൊടുത്തു. ബോംബെയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് തിരിച്ചു. അങ്ങനെ സംഭവബഹുലമായ സാഹസിക യാത്രക്ക് തിരശ്ശീല വീണു. ചക്കായില്‍ മുഹമ്മദ് കുവൈത്ത് ഹാജിയായി മാറി.
ഓര്‍മകള്‍ ഹാജിയാര്‍ക്ക് വികാരമാണ്
ഇന്ത്യയില്‍ വന്ന ശേഷം വീണ്ടും ഹജ്ജിന് പോയിട്ടുണ്ട്. ഒരു പ്രവശ്യം പോയാല്‍ രണ്ടെണ്ണം ചെയ്ത് പിടി കൊടുത്താണ് നാട്ടില്‍ വരാറുള്ളത്. ഈ വിശുദ്ധ റമദാനിന് ഉംറക്കും പോയി. അന്നത്തെ ഹജ്ജാണ് ശരിക്ക് ഹജ്ജ്. ഇന്ന് വെറും അറഫയില്‍ നില്‍ക്കുന്നതിന്റെ പേരാണ് ഹജ്ജ് എന്നത്. ഹജറുല്‍ അസ്‌വദ് മുത്താനും പ്രാര്‍ത്ഥിക്കാനും ഒന്നിനും പറ്റില്ല. സ്വാതന്ത്ര്യ നാളുകളില്‍ ഹാജിയാര്‍ ബോംബെയിലാണ്. ഗാന്ധി കൊല്ലപ്പെട്ടപ്പോഴും അവിടെ തന്നെ. അന്ന് കൊന്നത് മുസ്‌ലിംകളാണെന്നാണ് പ്രചരിച്ചിരുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഹാജിയാര്‍ക്ക് വെറുപ്പാണ്. എല്ലാവരും സ്‌നേഹത്തോടെ ജീവിക്കണം. രാജ്യം പുരോഗമിക്കുന്നതില്‍ അഭിമാനം കൊള്ളുന്നു.
പുതിയ തലമുറയോട് ഹാജിയാര്‍ക്ക് ഒരു നിര്‍ദേശമുണ്ട്. തടിയിളകി അധ്വാനിക്കണം. പ്രഷറും പ്രമേഹവുമില്ലാതിരിക്കുന്നതിന്റെ രഹസ്യം ഹാജിയാരുടെ അധ്വാനമാണ്. പിന്നെ ഭാര്യയെ ചൂണ്ടി, ഒരുത്തിയെ കണ്ടോ.. പ്രഷറും പ്രമേഹവുമായി. ‘നീ ഒരു കൈക്കോട്ടെടുത്ത് നോക്ക്. നിന്റെ അസുഖം മാറ്റിത്തരാം’
‘അതിന് ലോകത്ത് ഏത് പെണ്ണാണ് കൈക്കോട്ട് എടുക്കാറ്? നിങ്ങള്‍ പറയീന്‍’
തര്‍ക്കത്തില്‍ പങ്ക് ചേരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സലാം പറഞ്ഞിറങ്ങി.
Leave A Comment