ഹജ്ജ്: കഅബ വലയം ചെയ്യുന്ന ഭാഷകള്‍

(ഹജ്ജിനെത്തുന്ന ലക്ഷങ്ങള്‍ വിവിധ നാട്ടുകാരാണ്. വിവിധ ഭാഷക്കാരും. ഹറമിലൊത്തു കൂടുന്ന ഇവരുടെ സംസാരം മിക്കവാറും ആംഗ്യത്തിലാണ്. ആംഗ്യമാണ് ലോകഭാഷയെന്ന് ഒരിക്കല്‍ തമാശ പറഞ്ഞ അധ്യാപകനെ ഓര്‍ത്തു പോകുന്നു. ഹജ്ജിനെത്തുന്നവരുടെ സംസാര രീതിയെ കുറിച്ച് എ.എഫ്.പി ലേഖകന്‍ ചെയ്ത ഫീച്ചറിന്റെ സ്വതന്ത്രവിവര്‍ത്തനം.)

വിശുദ്ധ ഹറമിന്റെ അകം. ആഫ്രിക്കയില്‍ നിന്ന് ഹജ്ജിന് വന്ന ഒരു വനിത കുറച്ചപ്പുറത്തുള്ള തുര്‍ക്കി പെണ്ണിനോട് കയ്യുയര്‍ത്തി ആംഗ്യം കാണിക്കുന്നു. നിസ്കാരം കഴിയാന്‍ കുറച്ച് കൂടി സമയമെടുക്കുമെന്നാണ് അവര്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

തുര്‍ക്കിക്കാരിക്കത് മനസ്സിലായി. അവള്‍ തലായാട്ടി. പുഞ്ചിരിച്ച് അവള്‍ വീണ്ടും പ്രാര്‍ഥന തുടര്‍ന്നു. പ്രാര്‍ഥന കഴിഞ്ഞ് അവര്‍ പരസ്പരം കൈകൊടുത്തു, അങ്ങോട്ടുമിങ്ങോട്ടും പുഞ്ചിരിയുടെ നന്മ കൈമാറി പള്ളിയില്‍ നിന്നിറങ്ങി.

ഇവിടെ നിശബ്ദത ഭാഷയുടെ വന്‍കര തീര്‍ക്കുന്നു. അക്ഷരങ്ങള്‍ വായുവില്‍ നിന്ന് പെയ്തിറങ്ങുന്ന പോലെ. പുഞ്ചിരി, നോട്ടം, ആംഗ്യങ്ങള്‍. മനുഷ്യന്റെ ശരീരനിഘണ്ടുവിലെ ഈ കുറഞ്ഞ പദങ്ങള്‍ ഒന്നിനു പിന്നെ ഒന്നായി ചേര്‍ത്തുവയ്ക്കുന്നു. ഒരേ പദങ്ങള്‍ക്ക് അര്‍ഥം മാറുന്നു, സാഹചര്യത്തിനനുസരിച്ച്. ഇംഗ്ലീഷുകാരന്‍ അറബിയെ മനസ്സിലാക്കുന്നു, മലയാളി ഇറാനിയെയും.

ഈ ഭാഷയെ ഞങ്ങള്‍ ഹറമിന്റെ ഭാഷയെന്ന് വിളിക്കുന്നു- അഞ്ചുവര്‍ഷമായി പരിസരത്ത് ചെറുകച്ചവടം നടത്തുന്ന സുഡാനുകാരന്‍ അബുദുല്ല പറഞ്ഞു. നൈജീരയക്കാരടക്കമുള്ള ആഫ്രിക്കക്കാര്‍ക്ക് ഇംഗ്ലീഷുമറിയുന്നതിനാല്‍ സംവദിക്കുക ബുദ്ധിമുട്ടില്ല. എന്നാല് ഏഷ്യക്കാരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് സ്വന്തമായി തന്നെ പ്രത്യേക ഭാഷയുണ്ട്. ഏഷ്യാഭൂഖണ്ഡത്തില്‍ നിന്ന് വരുന്ന തീര്‍ഥാടകരോട്  ആംഗ്യം കാണിച്ചാണ് സംവദിക്കാറ്. ശരീരഭാഷയും കാണിക്കുന്ന ആംഗ്യവും നിരീക്ഷിച്ചാല്‍ അവരെന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനാകും. ചിത്രം വരച്ച് വരെ സംവദിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്, ചില വര്‍ഷങ്ങളില്‍- അബദുല്ല തുടരുന്നു.

ഒരു സംഘം തീര്‍ഥാടകര്‍ അബ്ദുല്ലയുടെ കടക്കുമുന്നില്‍ വന്നു നിന്നു. സുരക്ഷ ഉദ്യോഗസ്ഥരെ എവിടെ കാണുമെന്നാണ് അവര്‍ക്കറിയേണ്ടത്. അബ്ദുല്ലയുടെ കൂടെ ജോലി ചെയ്യുന്ന മ്യാന്മറിലെ റഷീദ് അലി അവര്‍ക്ക് വഴി കാണിച്ചു കൊടുത്തു, കൈ ചൂണ്ടി. അവര്‍ ആ വഴിക്ക് നടന്നു. വഴി അന്വേഷിച്ചിറങ്ങിയവനാണ് ഓരോ തീര്‍ഥാടകനും. അന്വേഷിക്കുന്ന വഴി ശരിയാകുമ്പോഴാണ് ഓരോരുത്തരും ഹാജിയായി തീരുന്നത്.

ഇന്ന് പത്തോളം ഭാഷകള്‍ റഷീദ് അലിക്ക് മനസ്സിലാക്കാനാകും, തിരിച്ച് സംസാരിക്കനിറിയില്ലെങ്കിലും. പതിനേഴ് വര്‍ഷങ്ങളായി ഇവിടെ ഹജ്ജ് കാലത്ത് ജോലി ചെയ്യുന്നതിന്റെ ഫലം.

മലേഷ്യനും തുര്‍ക്കിഷും അല്‍പസ്വല്‍പം റഷ്യനും പടിച്ചെടുക്കാന്‍ തന്നെ മൂന്ന് വര്‍ഷമെടുത്തു മാജിദുല്‍ ഖുലൈസിക്ക്. ഇപ്പോഴും ആഫ്രിക്കന്‍ ഭാഷകള്‍ മനസ്സിലാക്കാനാകുന്നില്ല. അവരോട് സംസാരിക്കുന്നത് ആംഗ്യത്തില്‍ തന്നെ. ‘ചില സമയങ്ങളില്‍ ഞാന്‍ പറയുന്നത് അവര്‍ക്ക് മനസ്സിലാകില്ല. ഞാനവരെ കളിയാക്കുകയാണെന്ന് തെറ്റുധരിച്ച് എന്നോട് ചൂടായി കടവിട്ട് ഇറങ്ങിപ്പോകും.’ വര്‍ഷങ്ങളായി വിവിധതരം തസ്ബീഹ് മാലകള്‍ കച്ചവടം നടത്തുന്ന ഖുലൈസി പറയുന്നു.

ഇന്നിപ്പോള്‍ കാര്യം കുറെയൊക്കെ എളുപ്പമായിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ക്കാനും ഖുലൈസി മറന്നില്ല. ഓരോരുത്തരും വരുമ്പോള്‍ ഏതു രാജ്യക്കാരനാണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ ഏത് തരം മാലയാണ് വേണ്ടതെന്ന് ഊഹിക്കുക എളുപ്പമാണ്. തെക്കനേഷ്യക്കാര്‍ക്ക് ആവശ്യം മുത്തുമാലകളാണ്. ചിലര്‍ക്ക് മരനിര്‍മിതമായവയും വേണം. തുര്‍ക്കിക്കാര്‍ക്ക് താത്പര്യം 33 കരുക്കളുള്ള ചെറിയ തസ്ബീഹിനോടാണ്. ആഫ്രിക്കക്കാര്‍ വലിയ മാല തന്നെ വേണമെന്ന് വാശി പിടിക്കും- തസ്ബീഹ് മാലയിലെ ദേശീയത ഖുലൈസി വിശദീകരിക്കുന്നു.

ദേശമെന്ന ചട്ടക്കൂടിന്റെ അതിരുകളാണ് വ്യകതിയെ രൂപപ്പെടുത്തുന്നത്, അവന്റെ താത്പര്യങ്ങളെയും. അതിര്‍ത്തികള്‍ അര്‍ഥത്തിലെങ്കിലും തകര്‍ക്കുന്ന ആഗോളീകരണത്തിന്റെ കാലത്ത് ഭൂമിക്ക് മീതെയുള്ള ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒന്നായിപ്പോകുന്നത് അതു കൊണ്ട് തന്നെ ഒരാളെയും അത്ഭുതപ്പെടുത്തേണ്ടതില്ല.

കുറച്ചകലെ പള്ളിപ്പരിസരത്ത് ഒരു പോലീസുകാരന്‍ തീര്‍ഥാടകരുടെ പോക്കുവരവ് നിയന്ത്രിക്കുന്നു. അകത്തു കയറുന്നവരെയും പുറത്ത് പോകുന്നവരെയും അയാള്‍ ആംഗ്യമുപയോഗിച്ച് പ്രത്യേകം പ്രത്യേകം വേര്‍തിരിക്കുന്നു. കയറുന്നവര്‍ ഇറങ്ങുന്നു. ഇറങ്ങിയവര്‍ അല്‍പം കഴിയും മുമ്പെ തിരിച്ചു കയറുന്നു.  കയറ്റിറങ്ങള്‍ ജീവിത പുസ്തകത്തിലെ പാഠങ്ങള്‍ക്ക് അധ്യായമായി മാറുന്നു. അവരുടെ നാവിലുയരുന്ന മന്ത്രധ്വനികള്‍ ലോകത്തോട് ഒരേ കാര്യം വിളിച്ചു പറയുന്നു. ജീവിതത്തിലെ ആദ്യമധ്യാന്തപ്പൊരുത്തമുള്ള ഒരു സത്യത്തിന്റെ പ്രഖ്യാപനം ലക്ഷോപലക്ഷങ്ങളുടെ സമ്മേളനത്തിന് കാരണമാകുന്നു, ഓരോ വര്‍ഷവും.

നമസ്കാരസമയത്ത് നിറഞ്ഞ ശാന്തത. ഭൂഗോളത്തിന്റെ കേന്ദ്രത്തിലെ ധ്യാനാത്മകമായ ആ ശാന്തത ധ്രുവങ്ങളിലേക്കും തെന്നിത്തെന്നിയെത്തുന്നു. അപ്പോഴേക്കും അടുത്ത നിശബ്ദത കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടു കാണും. സംഭാഷണത്തില്‍ ശബ്ദത്തോളം തന്നെ പ്രധാനമാണ് നിശബ്ദതയെന്ന് നിരീക്ഷിച്ച ചില പണ്ഡിതരുമുണ്ട്. അഞ്ചു സമയങ്ങളിലെ ഈ അടഞ്ഞ നിശബ്ദത ഒരര്‍ഥത്തില്‍ ഭാഷയിലെ ഏകാത്മകത കണ്ടെത്തുന്നതിന്റെ തുടക്കമാണ്. നിസ്കാരം കഴിഞ്ഞ് മുസ്ഹഫെടുക്കുന്ന എല്ലാ ഭാഷക്കാരും പാരായണം നടത്തുന്നത് അറബിയില്‍; ഒരേ ഭാഷയില്‍, ഒരേ സ്വരത്തില്‍. ഭാഷയിലെ ഏകീകരണമാണ് ഇസ്ലാം സാധ്യമാക്കിയ ഏറ്റവും വലിയ വിപ്ലവം, ഇസ്ലാമിനെ സാധ്യമാക്കിയതും. ഏകദൈവത്തെ മാത്രമല്ല, ഏകരീതിയിലെ ആരാധനയെയും അത് പ്രധാനമായി കാണുന്നു.

പള്ളിയിലെയും പരിസരത്തെയും ബോഡുകളില്‍ വരകളും കുറികളും കാണാം. ഹജ്ജിനെത്തുന്ന തീര്ഥാടകര്‍‍ ഭാഷാപരമായി പ്രയാസമനുഭവിക്കരുതന്ന ഭരണകൂടത്തിന്റെ പ്രത്യേക താത്പര്യം.

ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ വന്നിറങ്ങുന്നതോടെ തീര്‍ഥാടകരെ സഹായത്തിനായി ഏറെ ഉദ്യോഗസ്ഥരുണ്ട്. നിരവധി ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നവരാണിവരെല്ലാം. ഹജ്ജ് സംബന്ധമായ അടിസ്ഥാന കാര്യങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പുകള്‍ 32 ഭാഷകളില്‍ ലഭ്യമാണിവിടെ. ഹാജിമാരെ അവരെ ഭാഷയില്‍ തന്നെ സഹായിക്കാന്‍ മക്കയിലും മദീനയിലും പോലീസ് സേന 700 ലേറെ തര്‍ജമക്കാരെ താത്കാലികമായി വാടകക്കെടുത്തിരിക്കുകയാണ്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, ബംഗാളി, തുര്‍ക്കിഷ്, ഇന്തോനേഷ്യ, ഹൌസ തുടങ്ങിയ എട്ടോളം ഭാഷകളില്‍‍ ഹാജിമാരെ സഹായിക്കാനുള്ള ഹോട്ട് ലൈന്‍ സേവനം, മനാസിക് സര്‍വീസ്, പ്രവര്‍ത്തിക്കുന്നുണ്ട്. ഹജ്ജുകര്‍മങ്ങള്‍ വിശദീകരിച്ചു പുതുതായി ഇറങ്ങിയ സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷനും ഉര്‍ദു, അറബിക്, ഇന്തോനേഷ്യ, ഇംഗ്ലീഷ് എന്നീ നാലു ഭാഷകളില്‍ ലഭ്യമാണ്.

അല്‍പകാലത്തേക്കാണെങ്കിലും മക്കയില്‍ എത്തിയ ഉടനെ കുറച്ചു അറബി പദങ്ങളും മറ്റും മനസ്സിലാക്കുന്നവരും കൂട്ടത്തില്‍ കുറവല്ല. അപ്പപ്പോഴത്തെ കാര്യങ്ങള്‍ നടത്താന്‍ അവര്‍ക്കിതുവഴി സാധിക്കുന്നു.

തൊട്ടടുത്ത് കണ്ട തീര്‍ഥടകനോട് സംസാരിക്കാന്‍ ശ്രമിച്ചു. അയാള്‍ ഒന്നും മനസ്സിലാകുന്നില്ലെന്ന ഭാവേന തലകുലുക്കി. പിന്നെ ചൈന എന്ന പറഞ്ഞ് പിന്മാറി. തൊട്ടുപിന്നില്‍ ഒരു ഇറാനിയന്‍. അയാള്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. ‘ഫാര്‍സി, ഫാര്‍സി…’ ഭാഷയുടെ മരീചിക തീര്‍ത്ത മരുഭൂമിയിലാണ് അയാളും. വഴിയടയാളങ്ങള്‍ തിരിച്ചറിയാനാകുന്നില്ല; അവിടെ കാലടിപ്പാടുകള്‍ക്ക് മീതെ മണല്‍കാറ്റടിച്ചിരിക്കുന്നു. ഒരു നിമിഷം ഭാഷയുടെ വൈവിധ്യങ്ങള്‍ അപ്രസക്തമാകുന്നു. എല്ലാവരും ഒരേ ഭാഷക്കാരായി മാറുന്നു, ഒരേ തിരിച്ചറിവില്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter