ഹജ്ജ്: ഔദ്യോഗിക രംഗത്തെ അനുഭവ മുഹൂര്‍ത്തങ്ങള്‍
ആരാധനകള്‍ അല്ലാഹുവിനു വേണ്ടിയാകുക എന്ന ഉദ്ദേശശുദ്ധിയാണ് ഹജ്ജിനു പോകുമ്പോള്‍ ആദ്യം വേണ്ടത്. സ്മരണയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ഒരു പൂര്‍വ്വ നാഗരികതയെ പുനഃരുജീവിപ്പിക്കുന്ന ഹജ്ജ് കര്‍മ്മത്തിന് ശാരീരിക-സാമ്പത്തിക-ആത്മ പ്രയത്‌നങ്ങള്‍ ആവശ്യമാണ്. നോമ്പ്, നിസ്‌കാരം, സകാത്ത് പോലെയുള്ള കര്‍മ്മങ്ങള്‍ ജീവിതത്തിലുടനീളം നിര്‍വ്വഹിക്കപ്പെടേണ്ട നിര്‍ബന്ധ ആരാധനകളാണ്. പരിശുദ്ധ ഹജ്ജിനെ സാമ്പത്തിക-ശാരീരിക സുസ്ഥിതിയില്‍ മാത്രം നിര്‍വഹിക്കേണ്ട ആരാധനയായിട്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിശദമാക്കിയത്. ഹജ്ജിന്റെ രൂപഭാവങ്ങള്‍ ഒരു ആരാധനാ കര്‍മ്മമെന്ന നിലയില്‍ മറ്റു ഇബാദത്തുകളെ പോലെ ചൂണ്ടികാണിക്കുക ശ്രമകരമാണ്. മഹത്തായ ഒരു നാഗരിക ജീവിതത്തെയും വളരെ പഴക്കം ചെന്ന അതിന്റെ മൗലികസത്തെയും തന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തുകയാണ് അല്ലാഹു. ”നിശ്ചയം സ്വഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു.”(വി.ഖു)
ഹജ്ജിന്റെ മൗലികമായ കര്‍മ്മങ്ങള്‍ക്ക് ഇസ്‌ലാം വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. നിര്‍ദോഷിയായ നവജീവിതത്തിന്റെ പ്രാഥമികനെന്ന നിലയില്‍ മനുഷ്യനെ പ്രസവിച്ചു വീണ കുഞ്ഞിന്റെ പരിശുദ്ധിയോളം ഉയര്‍ത്തിക്കാണിക്കുകയാണ് ഹജ്ജ് ചെയ്യുന്നത്.
മതപാഠശാലകളുടെ മാതൃഗേഹമായ ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ 1979ല്‍ മുദര്‍രിസ്സായി സേവനമാരംഭിച്ചത് പുതിയൊരു വഴിത്തിരവാകുകയായിരുന്നു. അവിടെ അധ്യാപനം തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം ഹജ്ജിന് പോകാനുള്ള അനുഗ്രഹീത വഴികള്‍ തുറക്കപ്പെടുകയായിരുന്നു.
ആദ്യത്തെ ഹജ്ജ് യാത്ര രസാവഹവും എന്നാല്‍ ശ്രമകരവുമായ അനുഭവങ്ങളായിരുന്നു. അറഫിയിലേക്കും മറ്റും നടന്നുപോവുകയും മക്കയിലും മിനയിലും താമസിക്കുകയും ചെയ്ത ഗൃഹാതുര ഓര്‍മ്മകള്‍ ഇപ്പോഴും എണ്‍പതുകളിലെ ആ കാലം തിരിച്ചുവന്നപോലെ തോന്നിക്കാറുണ്ട്. ആദ്യ ഹജ്ജ് യാത്രയില്‍ ഹജ്ജ് കഴിഞ്ഞ് മുഹര്‍റം പതിനഞ്ചുവരെ മക്കയില്‍ താമസിക്കാന്‍ സൗകര്യപ്പെട്ടതും പുണ്യഭൂമിയിലെ ഈ താമസവേളയില്‍ ദിനേനെ മൂന്നും നാലും ഉംറ ചെയ്യാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി അനുഭവപ്പെട്ടിട്ടുണ്ട്. അന്ന് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ചരിത്ര മുദ്രകള്‍ തേടിയുള്ള നിരവധി യാത്രകളും പഠനങ്ങളും നടത്താനും പ്രസിദ്ധമായ സൗലത്തിയ്യ മദ്‌റസയടക്കം നിരവധി അക്കാഡമിക്ക് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഉസൂലുല്‍ ഫിഖിഹില്‍ ഏതാനും ക്ലാസെടുക്കാനും സാധിച്ചു.
ഇന്ത്യയുടെയും കേരളത്തിന്റെയും ഹജ്ജ് കമ്മിറ്റികളില്‍ ഔദ്യോഗിക പദവികള്‍ അലങ്കരിച്ചിരുന്ന കാലത്തെ കുറിച്ചു പറയുമ്പോള്‍ സര്‍വ്വാദരണീയരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍ക്കാതിരിക്കാനാവില്ല. രണ്ടായിരത്തി മൂന്നിലെ ഹജ്ജ് കമ്മിറ്റിയിലേക്കുള്ള നിയമനങ്ങളില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു അന്നത്തെ ഹജ്ജ് കാര്യത്തിന്റെ കൂടി ചുമതലയുള്ള പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനോട് എന്റെ പേര് നിര്‍ദ്ദേശിച്ചത്. അപ്രകാരം തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനവും എന്നെ ഏല്‍പ്പിക്കണമെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സവിശേഷമായ താല്‍പര്യവും ആവശ്യവുമുണ്ടായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും ഇന്ത്യന്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വബോധവും അത്തരം സ്ഥാനങ്ങളെ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഹജ്ജിനെയും ഹജ്ജ്‌ക്ഷേമ കാര്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കപ്പെട്ട പല സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്. ഡല്‍ഹി, മുംബൈ, നാഗ്പൂര്‍, തമിഴ്‌നാട് തുടങ്ങി പല സ്ഥലങ്ങളിലും ചര്‍ച്ചകള്‍ നടത്തപ്പെട്ടിരുന്നു.
ഹജ്ജ് കാലത്ത് ഇന്ത്യന്‍ ഹാജിമാര്‍ നേരിടേണ്ടിവന്ന സമസ്യകളില്‍ നയപരമായ തീരുമാനങ്ങളെടുക്കാനും പ്രായോഗിക സമീപനവുമായി മുന്നോട്ടു പോകുവാനും സാധിച്ചത് ഇപ്പോഴും വലിയ ആശ്വാസം നല്‍കുന്നുണ്ട്. മദീനയിലേക്ക് നേരിട്ട് ഹാജിമാരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ വിവാദമായെങ്കിലും പലതരത്തില്‍ അതുഗുണകരമായി.
മദീനയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഹാജിമാരെ കണ്ടപ്പോള്‍ ഒരു ചിരകാലാഭിലാഷത്തിന്റെ വിജയകരമായ പരിസമാപ്തിയെ കുറിച്ച് ഏറെ പറയുകയും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഹജ്ജ് രംഗത്ത് കാലങ്ങളായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകവും ശാശ്വതവുമായ പരിഹാരം കാണുന്നതില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്. ഹജ്ജ് കാലത്ത് അല്ലാഹുവിന്റെ അതിഥികളുടെ താമസവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൃത്യതയോടെ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ട്. ഹജ്ജിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെയോ കേരളത്തിലെയോ ഹാജിമാര്‍ക്കു മാത്രമുള്ളതല്ല, ലോകത്തെല്ലാമുള്ള ഹാജിമാര്‍ക്കുള്ളതാണ്. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യാത്രകളിലും ഇനിയും നിരവധി പ്രശ്‌നങ്ങളുണ്ട്. അതില്‍ പലതും അതാതുകാലത്തുണ്ടാകുന്നവയാണ്. പ്രയാസങ്ങളില്ലാതെ ഒന്നുമില്ലല്ലോ? സഫറും സഖറും എന്നാണ് പറയപ്പെടാറ്. മാത്രവുമല്ല ഹജ്ജിന്റെ ചരിത്രപാഠം തന്നെ ത്യാഗവും അര്‍പ്പണവുമായി ബന്ധപ്പെട്ടതാണ്.
ഹസ്‌റത്ത് ഇബ്രാഹീം(അ)ന്റെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങളെ നാം കണ്ണുതുറന്നു കാണേണ്ടതുണ്ട്. നമ്മുടെ കഴിഞ്ഞ കാലതലമുറ വരെ ഹജ്ജ് യാത്രകളില്‍ അനുഭവിച്ച വിഷമസന്ധികളെ ഞാന്‍ പലപ്പോഴും ഓര്‍ത്തുപോകാറുണ്ട്. എന്റെ വന്ദ്യരായ പിതാമഹന്‍ കാല്‍നടയായി മക്കയിലെത്തിയതും ആ വര്‍ഷം ഹജ്ജ് ചെയ്യാനാവാതെ അടുത്ത തവണ നിര്‍വഹിച്ചതും ഞാന്‍ കേട്ടിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സുത്തിര്‍ഹമായ രീതിയില്‍ അതിഥികളായി സ്വീകരിക്കുന്നതിനും തിരുഹറമുകളില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിനും സഊദി സര്‍ക്കാര്‍ കാണിക്കുന്ന ശ്രമങ്ങളോട് മുസ്‌ലിംലോകം കടമപ്പെട്ടിരിക്കുന്നു.
Leave A Comment