ഇന്ന് ദുല്‍ഹിജ്ജ 9..
ഹാജിമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ദിവസമാണ് ഇന്ന്. ഇന്നലെ രാത്രിയോടെ മിനായിലെ തമ്പുകളില്‍നിന്ന് ഹാജിമാരെല്ലാം അറഫ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയതാണ്, വിശിഷ്യാ വാഹനങ്ങളില്‍ പോകുന്നവര്‍. കാല്‍നടയായി പോകുന്നവര്‍ ഇന്ന് രാവിലെയോടെയും അറഫയിലേക്ക് നീങ്ങുന്നു. മിനായില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് അറഫയിലേക്ക്. ആ വഴിയിലാണ് മുസ്ദലിഫയും സ്ഥിതി ചെയ്യുന്നത്.
മിനായില്‍നിന്ന് അറഫയിലേക്കുള്ള യാത്രക്ക് വല്ലാത്ത അനുഭൂതിയാണ്. വിശിഷ്യാ കാല്‍നട യാത്രക്ക്. വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച പോലെ, അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഒഴുക്ക് തന്നെയാണ് അറഫയിലേക്കുള്ള നടത്തം. തല്‍ബിയതിന്റെ മന്ത്രവുമായി, ഒരേ വസ്ത്രമുടുത്ത് ഒരേ ലക്ഷ്യത്തിലേക്കുള്ള ജനസാഗരത്തിന്റെ ശാന്തമായ ഒഴുക്ക്. ആരും ആരെയും ചീത്ത പറയുകയോ ശബ്ദ കോലാഹലങ്ങളുണ്ടാക്കി കശപിശ കൂടുകയോ ചെയ്യാതെ, സ്വയം നിയന്ത്രിതരായി, കിലോമീറ്ററുകള്‍ നീളുന്ന ഒരു കാല്‍നടയാത്ര. മഹത്തരമായ ലക്ഷ്യങ്ങളുണ്ടെങ്കിലും എത്ര ദൂരവും നിഷ്പ്രയാസം നടന്നുതീര്‍ക്കാം എന്ന് മാത്രമല്ല, ആ നടത്തത്തിലെ ഓരോ കാല്‍വെപ്പിനും വല്ലാത്തൊരു അനുഭൂതിയാണ് എന്നതിന്റെ നിദര്‍ശനം കൂടിയാണ് അറഫയിലേക്കുള്ള ആ നടത്തം.
സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയുടെ രണ്ട് ഭാഗങ്ങളിലായി ഇറക്കപ്പെട്ട ആദിപിതാവും മാതാവും കിലോമീറ്ററുകള്‍ താണ്ടി പരസ്പരം കണ്ട് മുട്ടിയതും ഏകാന്തത തീര്‍ത്ത വിഹ്വലതകള്‍ക്ക് അന്ത്യം കുറിച്ചതും ഇവിടെ വെച്ചായിരുന്നു. അഥവാ, അറഫയിലേക്കുള്ള നടത്തം നഷ്ടപ്പെട്ടു പോയ ഏറ്റവും അമൂല്യമായതിലേക്കുള്ള അന്വേഷണ യാത്രയാണെന്നര്‍ത്ഥം.
ഖബ്റിന് സമാനമായ മിനാതമ്പുകളില്‍നിന്ന് നടന്ന്, ഇയ്യാം പാറ്റകളെ പോലെ കൂട്ടം കൂട്ടമായെത്തി, ജനലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫാ മൈതാനം മരണാനന്തരമുള്ള വിചാരണ വേളയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആരും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനോ ആശങ്കപ്പെടാനോ സമയമില്ലാതെ, സ്വന്തം കാര്യങ്ങളുമായി, നഫ്സീ നഫ്സീ എന്ന് പറഞ്ഞ് അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുന്ന വേള. അറഫക്ക് പ്രത്യേക ഭൂമിശാസ്ത്ര പരിധികളില്ലെന്നത് എത്ര പേരെയും ഉള്‍ക്കൊള്ളാനാവേണ്ടതാണ് അത് എന്നത് കൊണ്ട് തന്നെ.
ഹജ്ജ് അറഫയാണ് എന്നാണ് പ്രവാചക വചനം. അറഫയില്‍ പങ്കെടുക്കാനായി മാത്രം വരുന്നവരുമുണ്ട്. പിശാചിന് ഏറ്റവും ദേഷ്യം പിടിക്കുന്ന ദിവസങ്ങളിലൊന്നാണത്രെ അറഫ സംഗമ വേള. ലക്ഷക്കണക്കിന് ആളുകളുടെ ദോഷങ്ങളെല്ലാം പൊറുക്കപ്പെടുന്ന, അവരെല്ലാം അല്ലാഹുവിലേക്ക് കൂടുതല്‍ സമീപസ്ഥരായി തീരുന്ന ദിനമാണ് അത് എന്നത് തന്നെ കാരണം. ഇനിമേല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും അവന്‍ ആജ്ഞാപിച്ചതെല്ലാം അക്ഷരം പ്രതി ചെയ്യുമെന്നുമുള്ള പ്രതിജ്ഞയോടെയാണ് ഓരോ ഹാജിയും അഫയില്‍നിന്ന് മടങ്ങുന്നത്.
ഇന്ന് (ദുല്‍ഹിജ്ജ 9)ന് ഉച്ചക്ക് മുമ്പായെങ്കിലും അറഫയിലെത്തണമെന്നാണ് നിയമം. ശേഷം മഗ്‍രിബ് വരെ ചെലവഴിക്കേണ്ടത് അവിടെയാണ്. അവിടെയുള്ള ജബലുറഹ്മയും (ഏകദേശം 70 മീറ്റര്‍ ഉയരമുള്ള ഒരു കുന്ന്) അതിനോട് ചേര്‍ന്നുള്ള മസ്ജിദുന്നമിറയുമാണ് നിലകൊള്ളാന്‍ ഏറ്റവും ഉത്തമം. പ്രവാചകര്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തിയത് ഇവിടെ വെച്ചായിരുന്നു.
സൂര്യാസ്തമയം പൂര്‍ണ്ണമാവുന്നതോടെ, ഹാജിമാരെല്ലാം മുസ്ദലിഫയിലേക്ക് തന്നെ തിരിക്കുന്നു. അര്‍ദ്ധരാത്രിക്ക് മുമ്പായി എല്ലാവരും മുസ്ദലിഫയിലെത്തുന്നു. മഗ്‍രിബും ഇശാഉം അവിടെ വെച്ച് നിസ്കരിച്ച് സുബ്ഹി വരെ അവിടെ ചെലവഴിക്കുന്നു. നാളെയും ശേഷമുള്ള മൂന്ന് ദിനങ്ങളിലും ചെയ്യാനുള്ള ജംറകളിലെ ഏറുകള്‍ക്ക് ആവശ്യമായ കൊച്ചുകല്ലുകള്‍ (70 കല്ലുകള്‍) ശേഖരിക്കുന്നത് ഇവിടെ നിന്നാണ്.
അറഫയില്‍നിന്ന് നേടിയെടുത്ത ആത്മീയ ഔന്നത്യം കാത്ത് സൂക്ഷിക്കാനും ഇനിമേല്‍ തെറ്റുകളിലേക്ക് നീങ്ങില്ലെന്ന പ്രതിജ്ഞ പാലിക്കാനും ആവശ്യമായ സന്നാഹശേഖരമാണ് അത്. കാരണം, ആ വഴിയിലെ പ്രധാന തടസ്സം പിശാച് തന്നെയാണ്. സമയാസമയങ്ങളില്‍ അവനെ എറിഞ്ഞ് അകറ്റേണ്ടതുണ്ട്. അതിന് കൂടെ വേണ്ടത് ശക്തമായ വിശ്വാസത്തിന്റെ കൂര്‍ത്ത കല്ലുകളാണ്. അതാണ് മുസ്ദലിഫയില്‍നിന്ന് ഹാജിമാര്‍ ശേഖരിക്കുന്നത്. ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളിലേക്കും ശിഷ്ട ജീവിതത്തിലേക്കും മടങ്ങുമ്പോള്‍ ഓരോ ഹാജിയും കൂടെ കൊണ്ട് പോവുന്നതും അത് തന്നെയാണ്.
Leave A Comment