ഹജ്ജ് തരുന്നത് നവജാതശിശുവിന്റെ വിശുദ്ധി

കൊടുംവിജനതയുടെ മക്കാപരിസരം. പറക്കമുറ്റാത്ത കൊച്ചു കുഞ്ഞിനെയും ഭാര്യ ഹാജറയെയും താഴ്‌വരയുടെ ഊഷരതയില്‍ തനിച്ചാക്കി ഇബ്‌റാഹീം നബി(അ) തിരിച്ചു നടക്കുന്നു. ഒരു തോല്‍പ്പാത്രത്തില്‍ വെള്ളവും കഴിക്കാന്‍ അല്‍പ്പം ഈത്തപ്പഴവും മാത്രം ബാക്കിയുണ്ട്. വിജനതയുടെ വിഭ്രാന്തിയില്‍ ആശങ്കപ്പെടുന്ന ഹാജറയോട് ഇത് അല്ലാഹുവിന്റെ കല്‍പനയാണെന്നു പറയുന്നതോടെ അവര്‍ സമാധാനപ്പെടുന്നു.

എന്നാലും വിജനതയുടെ തോരാത്ത നിശ്ശബ്ദതയില്‍ ഒരു മാതാവും കുഞ്ഞും തനിച്ച്. ആ കുഞ്ഞാവട്ടേ തൊണ്ണൂറുകള്‍ക്കു ശേഷം നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരമായി തനിക്കു പിറന്ന പൊന്നോമന...!

പരീക്ഷണങ്ങള്‍ നിറഞ്ഞ ഇബ്‌റാഹീം നബി(അ)മിന്റെ ജീവിതത്തില്‍ മറ്റൊരു പരീക്ഷണമാണിത്. എന്നാല്‍ ഇതു വഴി ലോകചരിത്രത്തില്‍ അത്ഭുതകരമായ ഒരു സംഭവത്തിന്റെ നാന്ദികുറിക്കാന്‍ അല്ലാഹുവിന്റെ നിശ്ചയമുണ്ടായിരിക്കണം. 

തപിക്കുന്ന ഹൃദയത്തോടെ അല്ലാഹുവിന്റെ ഖലീല്‍ സ്വന്തം ഭാര്യയെയും അരുമ സന്തതിയെയും തിരിഞ്ഞു നോക്കുന്നു. ചരിത്രത്തിന്റെ ഗതി മാറ്റിയ പ്രാര്‍ത്ഥന, അവരുടെ കണ്ഠങ്ങളില്‍നിന്നു പുറത്തേക്ക് ഒഴുകുന്നു.

''അല്ലാഹുവേ, ഒട്ടും പച്ചപ്പില്ലാത്ത താഴ്‌വരയില്‍ എന്റെ കുടുംബത്തെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. രക്ഷിതാവേ... ഭൂമിയില്‍ നിന്റെ പ്രാര്‍ത്ഥന നിലനില്‍ക്കാന്‍. ജനമനസ്സുകളെ നീ അങ്ങോട്ടു തിരിക്കേണമേ.. അവര്‍ക്കു പഴങ്ങള്‍ ഭക്ഷിപ്പിക്കണമേ...''

ഈ പ്രാര്‍ത്ഥനയുടെ ഉജ്വല വിഭവമാണ് ഇന്നത്തെ മക്ക; സമൃദ്ധിയുടെ പര്യായം. ജനമനസ്സുകള്‍ ഇന്നും അങ്ങോട്ടു തിരിയുന്നു. 35 ലക്ഷം പേരെങ്കിലും വിശുദ്ധ ഹജ്ജ് കര്‍മത്തിന്. മറ്റു സന്ദര്‍ഭങ്ങളില്‍ അവിടം സന്ദര്‍ശിക്കാനെത്തുന്ന ലക്ഷങ്ങള്‍. ചെറുതും വലുതുമായ അനവധി സംഘങ്ങള്‍. എല്ലാവരുടെയും മനസ്സ് ഒരേ ബിന്ദുവില്‍ ലയിക്കുന്നു; ഒരേ പ്രാര്‍ത്ഥന; ഒരേ വികാര വിചാരങ്ങള്‍.
അവിടം പഴവര്‍ഗങ്ങളാല്‍ സമൃദ്ധമായിരിക്കുന്നു. ലോക നാഗരികതയില്‍ മക്ക മഹത്തായ ഒരു ഇടം നേടിയിരിക്കുന്നു. ഇബ്‌റാഹീം നബി(അ)മിന്റെ പ്രാര്‍ത്ഥനയുടെ മഹത്തായ പ്രതിഫലനം. 
ദിവസവും അഞ്ചുനേരം കോടിക്കണക്കിനു വിശ്വാസികള്‍ അങ്ങോട്ടു തിരിഞ്ഞുനില്‍ക്കുന്നു- വിശുദ്ധ കഅ്ബാലയത്തിനു നേരെ പടിഞ്ഞാറോട്ട്. എല്ലാവരുടെയും മനസ്സും അങ്ങോട്ടു തന്നെ. എന്നാല്‍, കഅ്ബാലയത്തില്‍ എത്തുന്നതോടെ അവിടെ ദിക്കുകളില്ലാതാവുന്നു. ഏതു ഭാഗത്ത് നിന്നും നിസ്‌കരിക്കാം. ആഗ്രഹസാഫല്യത്തിന്റെ സമ്പൂര്‍ണതയില്‍ അതിരുകള്‍ ലയിച്ചില്ലാതാവുന്ന അനുഭൂതി!
മരിച്ചുകഴിഞ്ഞാലോ? വിശ്വാസിയുടെ ഹൃദയവും മുഖവും വീണ്ടും മക്കയിലേക്കു തന്നെ. ശരീരത്തില്‍ നിന്നു ജീവന്‍ പോയാലും മക്കയിലേക്കു തിരിയുന്നു വിശ്വാസികള്‍...
ഹജ്ജ് ഒരു ഇബാദത്ത് മാത്രമാവുന്നില്ല. അതിരുകള്‍ മായ്ച്ചു കളയുന്ന മഹത്തായ അനുഭവമാണ്. മനസ്സും ശരീരവും പൂര്‍ണമായി ലയിച്ചുചേരുന്ന അവാച്യമായ അനുഭൂതി തന്നെയാണത്.
*      *     *
ഹാജറ പ്രതീക്ഷാ പൂര്‍വമായിരുന്നു നില്‍ക്കുന്നത്. രണ്ടുമൂന്നു ദിവസത്തേക്കുള്ള വെള്ളവും അവശ്യഭക്ഷണവും കൂടെയുണ്ട്; പോരെങ്കില്‍ കൂടെ അല്ലാഹുവിന്റെ സഹായവും. പക്ഷേ, പരീക്ഷണങ്ങള്‍ പിന്നാലെയുണ്ടായിരുന്നു.
കരുതിവച്ച വെള്ളവും ഭക്ഷണവും തീരുന്നു. വിജനതയുടെ ശൂന്യതയില്‍ കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ ചൈതന്യമറ്റു ചേരുന്നു. ഒരുമ്മയുടെ വല്ലാത്ത നിസ്സഹായത...

ദാഹിച്ചുവലഞ്ഞു തൊണ്ട പൊട്ടുന്ന കുഞ്ഞ് മരണത്തെ മുഖാമുഖം കണ്ടു കരയുന്നു. ആരോടു ചോദിക്കും, എങ്ങോട്ടു പോകും?! ഊഷര ഭൂമിയിലെ താഴ്‌വരയ്ക്കു സഹിക്കാനാവുന്നതിലുമേറെ വേദനയുണ്ട്. പരിഭ്രാന്തിയുടെ ഭ്രാന്തമായ അലര്‍ച്ച!!

പിന്നെ ഓരോട്ടമായിരുന്നു. എവിടെയെങ്കിലും ഒരിറ്റു വെള്ളം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, ഉമ്മയുടെ ദയനീയമായ പരക്കംപാച്ചില്‍. മരണത്തി്‌നും ജീവിതത്തിനുമിടയില്‍ അവശേഷിക്കുന്ന അവസാനത്തെ ആശ്വാസത്തെ അവര്‍ അവലംബിക്കുന്നു.
അറിയാതെയുള്ള പരക്കം പാച്ചില്‍ സ്വഫയുടെയും മര്‍വയുടെയും ഇടയില്‍. അങ്ങനെ ഏഴു തവണ. ഹതാശയായി തിരിച്ചുവന്ന ഹാജര്‍ അത്ഭുതപ്പെട്ടുനില്‍ക്കുന്നു. അരുമ സന്തതി വേദനയോടെ കാലിട്ടടിച്ച സ്ഥാനത്തു നിന്നു വെള്ളം ഉറവയായി പൊട്ടിയൊലിക്കുന്നു.
നിസ്സഹായതയുടെ മേല്‍ പെയ്തിറങ്ങിയ അനുഗ്രഹത്തിന്റെ മഹാവര്‍ഷം! എല്ലാം അല്ലാഹുവിനു മുന്നില്‍ സമര്‍പ്പിച്ച വിശ്വാസിക്കു മുന്നില്‍ അല്ലാഹു കാണിക്കുന്ന അത്ഭുതങ്ങളുടെ കുളിര്‍മഴ. എല്ലാം സത്യസന്ധമായി അല്ലാഹുവിനു മുന്നില്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അവന്‍ സമ്മാനിക്കുന്ന അത്ഭുതകരമായ തുറസ്സാണു ചരിത്രം കണ്ടത്. 
ഇബ്‌റാഹീം നബി(അ) സ്വന്തം കുടുംബത്തെ അവിടെ പാര്‍പ്പിച്ചു തിരിച്ചു നടക്കുമ്പോള്‍ കാണിക്കുന്ന തവക്കുല്‍. സ്വന്തം അരുമയെ അല്ലാഹു രക്ഷിക്കുമെന്ന രീതിയില്‍ ഒരു മാതാവ് കാണിക്കുന്ന പ്രാര്‍ത്ഥനയുടെ അതിതീവ്രമായ ഭാവം. രണ്ടും സംസമിന്റെ അത്ഭുത ഉറവയ്ക്കു പിന്നിലുണ്ട്. അല്ലെങ്കിലും വേദനയുടെ ഉഗ്രതാപത്തിനു പകരം ലോകാവസാനം വരെയുള്ള കുളിരു തന്നെയാണല്ലോ അല്ലാഹു തെരഞ്ഞെടുത്തു നല്‍കുന്നത്...?
സംസം ഹാജിമാരെ കൊതിപ്പിച്ചു കൊണ്ട് മസ്ജിദുല്‍ ഹറാമിനകത്തു തന്നെയുണ്ട്. 13 മീറ്റര്‍ ആഴമുള്ള കിണര്‍. 4000 വര്‍ഷം പിന്നിട്ടിട്ടും രുചിഭേദമില്ലാത്ത ഉറവ. ആല്‍ഗയോ മറ്റു ജല ജീവികളോ അതിനകത്തില്ല. ഒരു സെക്കന്റില്‍ 8,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തിട്ടും അതൊരിക്കലും വറ്റുന്നില്ല. അതിന്റെ വാട്ടര്‍ നില മാറുന്നുമില്ല. 
സഫയുടെയും മര്‍വയുടെയും ഇടയില്‍ സഅ്‌യ് ചെയ്യുന്ന ഹാജിമാരുടെ ഓട്ടത്തിന് ബീവി ഹാജറ(റ) വിന്റെ പരിഭ്രാന്തി നിറഞ്ഞ ഓട്ടത്തിനോടു അനുധാവനമുണ്ട്. ഓട്ടം കഴിഞ്ഞ് അവര്‍ സംസമിന്റെ രുചി അറിയുന്നുമുണ്ട്. അപ്പോഴെല്ലാം മനസ്സില്‍ പൊട്ടിയൊഴുകേണ്ട തീവ്ര വിചാരമുണ്ട്, ഒരുമ്മയുടെ വേദനയ്ക്ക് അല്ലാഹു നല്‍കിയ ഉത്തരത്തിന്റെ രുചി. ആ പരിസരത്തു നിന്നുകൊണ്ട് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ളതെല്ലാം വിശ്വാസിയുടെ മുന്നില്‍ മുദ്രകളായി, ഉള്ളുണര്‍ത്തുന്ന അനുഭവങ്ങളായി  പതിഞ്ഞുനില്‍ക്കുന്നുണ്ട് അവിടെ. 

*      *     *
ഹജ്ജിന്റെ കര്‍മങ്ങളില്‍ ശരീരം കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. ശരീരം വഴങ്ങാത്തവര്‍പോലും അതില്‍നിന്നു മാറി നില്‍ക്കുന്നില്ല. എല്ലാം ഒരുതരം ത്യാഗമായി, സഹനമായി ഏറ്റെടുക്കാന്‍ പഠിക്കുകയാണ് സത്യവിശ്വാസി. 

നംറൂദ് പണിത തീകുണ്ഠാരത്തിലേക്ക് അഗ്നിനാളങ്ങളുടെ ചൂടിനെ വകവയ്ക്കാതെ നടന്നടുത്ത ഇബ്‌റാഹീം നബി(അ)മിന്റെ ത്യാഗമനോഭാവം മുന്നിലുണ്ട്. അവിടെ ശരീരം എല്ലാം സഹിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍, അഗ്നിനാളങ്ങളില്‍ തണുപ്പിന്റെ ശാന്തത തീര്‍ത്ത് ഇബ്‌റാഹീം നബി(അ) മിനെ അല്ലാഹു സഹായിച്ചതിന്റെ ഓര്‍മകള്‍. മനസ്സില്‍ തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ ശരീരത്തിന്റെ സഹനം ഒന്നുമല്ലെന്ന തിരിച്ചറിവ്.. ഹജ്ജ് നല്‍കുന്ന മഹത്തായ പാഠം തന്നെയാണിത്. 

സഹനം, ക്ഷമ, സഹിഷ്ണുത, പൊരുത്തപ്പെടല്‍, ശുഭ പ്രതീക്ഷ തുടങ്ങിയ ഒട്ടേറെ വ്യക്തിത്വഗുണങ്ങളെ അനുഭവിച്ചറിയുന്ന പരിശീലനക്കാലം തന്നെയാണു പരിശുദ്ധ ഹജ്ജ് വേള. ലോകത്തുള്ള എല്ലാ മുസ്‌ലിം യാത്രികരും ഒരിടത്ത് ഒരുമിക്കുമ്പോഴുള്ള വൈവിധ്യം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. സ്വന്തത്തെ മാറ്റുരച്ചുനോക്കാനും വലുപ്പച്ചെറുപ്പങ്ങളെ തിരിച്ചറിയാനുമുള്ള അവസരം. വിവിധ സംസ്‌കാരങ്ങളെയും ഭാഷകളെയും അടുത്തറിയേണ്ടിവരുമ്പോഴുള്ള പൊരുത്തപ്പെടല്‍. കറുത്തവനും വെളുത്തവനും തോളുരുമ്മി നില്‍ക്കുമ്പോഴുള്ള മാതൃകാപരമായ ഐക്യപ്പെടല്‍. യാത്രയിലും താമസസ്ഥലത്തുമെല്ലാം മറ്റുള്ളവര്‍ കാരണം ഉണ്ടായേക്കാവുന്ന പ്രയാസങ്ങളോടു സഹിഷ്ണുത കാണിക്കല്‍. മണിക്കൂറുകള്‍ കാത്തിരിക്കുമ്പോഴും കോപത്തെ ഒതുക്കലും ശുഭപ്രതീക്ഷ കൈവരിക്കലും.. ഇവയെല്ലാം ഒരാളുടെ വ്യക്തിത്വത്തെ നവീകരിക്കാനുള്ള ഏറ്റവും വലിയ അവസരങ്ങളാണ്. സ്വന്തം 'ഈഗോ'യെ ഇടിച്ചു പാകപ്പെടുത്തുന്നതിനുള്ള കനപ്പെട്ട സന്ദര്‍ഭങ്ങളാണു ഹജ്ജിന്റെ നടപടിക്രമങ്ങളിലെല്ലാം ചാലിച്ചുവരുന്നത്. സത്യവിശ്വാസി അറിയാതെ നേടിയെടുക്കുന്ന ആര്‍ജവം.
ഇസ്മാഈല്‍ ഇബ്‌റാഹീം നബി(അ)മിന് ഏറ്റവും വിലപ്പെട്ട നിധിയായിരുന്നല്ലോ? അതുപോലും അല്ലാഹുവിന്റെ കല്‍പ്പനയ്ക്കു മുന്നില്‍ തിരസ്‌കരിക്കാന്‍ തയ്യാറായി ആ മഹാനുഭാവന്‍. ആ ഓര്‍മകളെ അയവിറക്കുന്ന ഹജ്ജ് വേളയില്‍ ഓരോരുത്തര്‍ക്കുമുണ്ട് കൊച്ചുകൊച്ചു തിരസ്‌കാരങ്ങള്‍. ചെറുതായെങ്കിലും 'ഇസ്മാഈലു'കളെ തിരസ്‌കരിക്കാന്‍ തയ്യാറാവുന്ന മനോഭാവം. കൊച്ചു കൊച്ചു സുഖങ്ങളെയും താല്‍പ്പര്യങ്ങളെയും വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാവുന്നതോടെയാണ് മനുഷ്യന്റെ മനസ്സ് ജയിക്കുന്നത്. ഹജ്ജ് നല്‍കുന്ന മഹത്തായ അനുഭവം തന്നെയാണത്. ഒരാളുടെ മനസ്സിന്റെ മാലിന്യങ്ങളെയെല്ലാം കഴുകിക്കളയാനുള്ള ഏറ്റവും മികച്ച കര്‍മരീതികള്‍ ഓരോ ഘട്ടത്തിലും ഹജ്ജില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇസ്മാഈലിലെ ഓരോ ഇബാദത്തും വ്യക്തിയെ കൂടുതല്‍ നവീകരിക്കാനുള്ളതാണല്ലോ..

*      *     *
മക്കയിലും മദീനയിലുമായി ഏതാനും ദിവസങ്ങള്‍ ചെലവിടുന്ന സത്യവിശ്വാസിയുടെ മനസ്സിലൂടെ കടന്നുപോകുന്ന ഒട്ടേറെ ഓര്‍മകളുണ്ട്. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ) ഏറ്റെടുത്ത മഹത്തായ തൗഹീദിന്റെ പൂര്‍ത്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ച അന്ത്യപ്രവാചകരുടെയും അനുചരന്‍മാരുടെയും കര്‍മമേഖലകളുടെ തുടിപ്പുകള്‍ അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുകയാണ്. ഓരോന്നും ഓരോ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടേയിരിക്കുന്നു.
മക്കയില്‍നിന്നു മദീനയിലേക്കു യാത്രതിരിക്കുന്ന ഹാജിമാര്‍ മദീനയില്‍ അനുഭവിക്കുന്ന വല്ലാത്തൊരു ശാന്തതയുണ്ട്. മക്കയില്‍ കാണാവുന്ന ധൃതിയും ബഹളങ്ങളും മദീനയില്‍ ഇല്ലാത്തതുപോലെ. മക്കയിലെ പരിശുദ്ധ ഭൂമിയില്‍ തന്നെയാണ് അബൂജഹ്‌ലും ജനിച്ചതും വളര്‍ന്നതും. മദീനയാവട്ടെ അന്‍സ്വാറുകളുടെ സംഗമഭൂമി. അവിടം ശാന്തമായി അന്ത്യവിശ്രമംകൊള്ളുകയാണ് ലോകഗുരു മുഹമ്മദ് നബി(സ്വ). സ്വന്തം നാടും വീടും വിട്ട് മക്കയില്‍നിന്നു പലായനം ചെയ്ത സത്യവിശ്വാസികളെ സ്വീകരിക്കാന്‍ ഈത്തപ്പനമുകളിലും കുന്നിന്‍ മുകളിലുംകയറി കാത്തിരുന്ന മദീനാ നിവാസികളുടെ ഓര്‍മകള്‍.. ഓരോരുത്തരെയും സ്വീകരിച്ച് സ്വന്തം വീടും സ്വന്തം ജീവിതവും നല്‍കിയ അന്‍സ്വാറുകളുടെ ഹൃദയവിശാലതയും പ്രതിബദ്ധതയും. അതിപ്പോഴും മദീനയുടെ മഹത്വമായി നിലനില്‍ക്കുന്നുണ്ട്. റോഡരികില്‍ വലിയ ഫ്‌ളാസ്‌കില്‍ 'കഹ്‌വ'യും മുറിച്ചിട്ട റൊട്ടിയുമായി ഹാജിമാരെ വിളിച്ചുവരുത്തി സല്‍ക്കരിക്കുന്ന ശരാശരി മദീനാ നിവാസി പഴയ അന്‍സ്വാറുകളുടെ ഓര്‍മകളിലേക്ക് നമ്മെ കൊണ്ടുപോവുന്നുണ്ട്. പ്രൗഢവും വിശാലവുമായ മദീനാ പള്ളിയില്‍ ഓരോ കേന്ദ്രങ്ങളിലായി മഗ്‌രിബിനു ശേഷം നടക്കുന്ന പണ്ഡിതോചിതമായ മതപഠന ക്ലാസുകള്‍ ആരെയും ആകര്‍ഷിക്കും. മദീന ഒരു സംസ്‌കാരമായി നിലനില്‍ക്കുന്നുണ്ട്. അറിവിന്റെയും അക്ഷര വിപ്ലവത്തിന്റെയും ഉജ്വല മാതൃക ലോകത്തിനു സമര്‍പ്പിച്ച ജീവസ്സുറ്റ ഒരു സംസ്‌കാരം. ഈ ചിന്തകള്‍ ആരെയാണു കോരിത്തരിപ്പിക്കാതിരിക്കുക!

ഉഹ്ദ് മലയുടെ താഴെ ഹസ്‌റത്ത് ഹംസ(റ)വിന്റെ ഖബ്‌റിടത്തിനു സമീപം ചെന്നുനില്‍ക്കുമ്പോള്‍ വീണ്ടും മനസ്സ് മന്ത്രിക്കണംചരിത്രത്തിന്റെ വലിയൊരു പാഠം എഴുതി വച്ചിരിക്കുന്ന താഴ്‌വര. ജയിച്ച യുദ്ധം ഒരു പരീക്ഷണത്തിന്റെ വക്കിലേക്കു നീങ്ങാനുണ്ടായ സാഹചര്യം. യുദ്ധമുതല്‍ ഓഹരിവയ്ക്കുന്ന സമയത്ത് സ്വഹാബികളില്‍ വന്നുപോയ നേരിയ അശ്രദ്ധ. സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാതെ വരുമ്പോള്‍ വന്നുചേരാവുന്ന സാമൂഹികവിപത്തും അനന്തരഫലങ്ങളും. ഉഹ്ദ് മലയുടെ മുകളില്‍ നിയോഗിക്കപ്പെട്ട അമ്പെയ്ത്തുകാരായ 50 സ്വഹാബികള്‍ നിര്‍ദേശം ലഭിക്കാതെ താഴേക്ക് ഇറങ്ങിവന്നപ്പോഴാണല്ലോ ഉഹ്ദിന്റെ മുഖത്ത് പരീക്ഷണങ്ങള്‍ ഇറങ്ങിവന്നത്. തുടര്‍ന്ന് നഷ്ടപ്പെട്ടതോ ഹംസ(റ)വിനെ പോലുള്ളവരുടെ വിലപ്പെട്ട ജീവനും. 

ഖന്തഖ്. തന്ത്രങ്ങളുടെ യുദ്ധഭൂമി. മലവെള്ളം പോലെ പാഞ്ഞുവന്ന ശത്രുസൈന്യത്തെ പ്രതിരോധിക്കാന്‍ പ്രവാചകന്‍(സ്വ) തങ്ങളുടെ കൂടിയാലോചന. സല്‍മാനുല്‍ ഫാരിസി(റ)യുടെ മികച്ച യുദ്ധതന്ത്രം. വയറ്റത്ത് കല്ലുവച്ച് വിശപ്പിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ പ്രവാചകരും അനുചരന്‍മാരും.. നേതാവ് അനുയായികളെക്കാളേറെ ത്യാഗം ഏറ്റെടുക്കുന്നതിന്റെ മികച്ച മാതൃകകള്‍. 
ബദ്‌റിന്റെ ഉജ്വലമായ പാഠങ്ങള്‍. മൂന്നിരട്ടി വരുന്ന ശത്രുക്കളോട് പോരാടാനുറച്ച സത്യസ്‌നേഹികളുടെ മനോവീര്യം. ഊഹാപോഹങ്ങള്‍ എങ്ങനെ യുദ്ധത്തിലേക്കു നയിക്കുന്നുവെന്നതിന്റെ ഭാരിച്ച ഉദാഹരണം. അല്ലാഹുവിനു മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന സത്യവിശ്വാസികള്‍ക്കു അവന്‍ സംരക്ഷണം നല്‍കുന്നതിന്റെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍. ''നബിയേ, താങ്കള്‍(ശത്രുക്കളുടെ നേരെ) എറിഞ്ഞപ്പോള്‍ എറിഞ്ഞത് താങ്കളല്ല; മറിച്ച് അല്ലാഹുവാണ്'' എന്ന ഖുര്‍ആന്‍ വചനം മാത്രം മതി ബദ്‌റിന്റെ മഹത്വത്തെ മസ്സിലാക്കാന്‍. അല്ലാഹുവിന്റെ മലക്കുകള്‍ ആവേശപൂര്‍വം വിരാചിച്ച രണഭൂമി.. വേലികെട്ടി നിര്‍ത്തിയ ബദ്ര്‍ രണാങ്കണ ഭൂമി അല്‍പമകലെ നിന്നു വീക്ഷിക്കുന്ന ഹാജിമാര്‍ക്ക് വല്ലാത്തൊരു ആത്മനിര്‍വൃതിയായിരിക്കും. ഇവിടം ജയിച്ചിരുന്നില്ലെങ്കില്‍ സത്യദീന്‍ എന്താകുമായിരുന്നു....?
മക്കയില്‍നിന്ന് ആറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഹിറാഗുഹയുടെ താഴ്‌വരയിലെത്തും. അവിടെ നിന്നു 40 മിനിറ്റോളം ചെകുത്താന്‍ മല കയറി വേണം ഹിറാഗുഹയുടെ ഉള്ളിലെത്താന്‍. ഒരാള്‍ക്ക് കഷ്ടിച്ചു മാത്രം നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്ന നിശ്ശബ്ദതയുടെ കൂട്. അതിനകത്ത് ചെന്നിരുന്ന് ധ്യാനം ചെയ്യാന്‍ അന്ത്യപ്രവാചകര്‍ക്കുണ്ടായ ഉള്‍വിളി... ലോകം മുഴുക്കെ അറിവിന്റെയും നവോത്ഥാനത്തിന്റെയും തിരികൊളുത്തിയ 'ഇഖ്‌റഅ്' എന്ന ആദ്യ ശബ്ദത്തിന്റെ പ്രതിധ്വനികള്‍. 
മക്കയില്‍നിന്ന് എല്ലാ ദിവസവും കാല്‍നടയായി അല്‍പ്പം വെള്ളവും കാരക്കയും കൈയിലേന്തി ഹിറായുടെ ഉച്ഛിയിലെത്തുന്ന ഒരു മഹിളാരത്‌നത്തിന്റെ ത്യാഗസുരഭിലമായ ഓര്‍മകള്‍ അവിടുത്തെ നിശ്ശബ്ദതയില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിനോടും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടും അതിരറ്റ പിന്തുണ പ്രഖ്യാപിച്ച മക്കയിലെ സംശുദ്ധ സ്ത്രീരത്‌നം. വര്‍ത്തക പ്രമുഖ; കുലീന. എന്തൊരു ത്യാഗമാണ് ഇഖ്‌റഇന്റെ ആവിര്‍ഭാവത്തിനു വേണ്ടി ആ സ്ത്രീ നിര്‍വഹിച്ചത്...?

മക്കയും മദീനയും നമ്മെ മാടി വിളിക്കുന്നത് ചരിത്രത്തെ വായിക്കുവാനല്ല.. അതിന്റെ വികാരങ്ങളെ അനുഭവിക്കുവാനാണ്. ത്യാഗവും സഹനവും വിശുദ്ധിയും സമീപന രീതിയും കൊണ്ട്  ഒരു ജനകീയ വെളിച്ചത്തിലേക്കു നയിച്ചതിന്റെ പാഠങ്ങള്‍ അവിടെ തുറന്നുവച്ചിട്ടുണ്ട്. സത്യവിശ്വാസി അവയെ വായിക്കേണ്ടത് കണ്ണു കൊണ്ടല്ല, ഹൃദയം കൊണ്ടു തന്നെയാണ്. ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ മങ്ങിയ ഓര്‍മകളെ ആ ഭൂമി ഉദ്ധീപിപ്പിക്കുമെന്ന് ഉറപ്പ്. വര്‍ത്തമാനത്തിന്റെ നന്മകളിലേക്ക് അതു നമ്മെ നയിക്കുമെന്നു തീര്‍ച്ച.

*      *     *
'ഭൂമിയില്‍ അല്ലാഹുവിന് ആരാധന നിര്‍വഹിക്കാന്‍ ജനങ്ങള്‍ക്കു വേണ്ടി പണിത ആദ്യത്തെ വിശുദ്ധ ഗേഹം' എന്നു പരിശുദ്ധ ഖുര്‍ആന്‍ കഅ്ബാലയത്തെക്കുറിച്ച് പറഞ്ഞു തരുന്നുണ്ട്. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)മും മകന്‍ ഇസ്മാഈല്‍ നബി(അ)മും കഅ്ബാലയത്തെ പുതുക്കിപ്പണിയുന്നു. ലോക വിശ്വാസ സമൂഹത്തെ അങ്ങോട്ടു വിളിക്കുന്നു. ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ 'ലബ്ബൈക്ക്' ഉയരുന്നു... ആ വിളിക്കുത്തരം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന പ്രതീകാത്മകതയുടെ നിത്യഭാവങ്ങള്‍.
ഇബ്‌റാഹീം നബി(അ) ഉയര്‍ത്തിപ്പിടിച്ചത് തൗഹീദിന്റെ ആദര്‍ശ പ്രതിബദ്ധതയായിരുന്നു. കഅ്ബാലയത്തില്‍ അതുവരെ ഉണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം അവിടുന്ന് എടുത്തുമാറ്റുന്നു. അവിടം ഏകത്വത്തിന്റെ കേന്ദ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കുന്നു. ഒരു ജനതയെ വിസ്വാസപരമായി സ്ഫുടംചെയ്‌തെടുക്കുന്നതിന്റെ ത്യാഗവും സന്നദ്ധതയും. 
എന്നാല്‍, ഇബ്‌റാഹീം നബി(അ)മിനു ശേഷം അന്ത്യപ്രവാചകരിലേക്കുള്ള ദീര്‍ഘമായ ദൂരത്തിനിടയില്‍ വീണ്ടും കഅ്ബാലയത്തില്‍ വിഗ്രഹങ്ങള്‍ കയറിവരുന്നു. വിശ്വാസത്തില്‍ വിള്ളലുകള്‍ വീണ് അന്ധകാരത്തിലേക്ക് അവിരേണ കൂപ്പുകുത്തിയ ഒരു ജനത. അല്ലാഹുവിന്റെ ഖലീല്‍ ഏറ്റെടുത്ത ദൗത്യത്തെ അല്ലാഹുവിന്റെ 'ഹബീബ്' പൂര്‍ത്തിയാക്കുന്നു. 300ലേറെ വിഗ്രഹങ്ങള്‍ ആരാധിക്കപ്പെട്ടിരുന്ന കഅ്ബാലയത്തെ പരിശുദ്ധമാക്കിയെടുക്കുന്ന ചരിത്ര ദൗത്യം അന്ത്യപ്രവാചകര്‍ ഏറ്റെടുക്കുന്നു. 
മദീനയിലെ പത്തു വര്‍ഷക്കാലം പ്രവാചര്‍ പഠിപ്പിക്കുന്നതും ശീലിപ്പിക്കുന്നതും ഏകദൈവ ദര്‍ശനം  തന്നെയാണ്. എന്നാല്‍, മക്ക അപ്പോഴും ബഹുദൈവാരാധനയില്‍നിന്നു മുക്തമാവുന്നില്ല. പക്ഷേ, അന്ത്യപ്രവാചകര്‍ ഒന്നിനും ധൃതികാണിക്കുന്നില്ല. ഏറ്റവും യോജിച്ച സമയം വരുന്നതുവരെ അവിടുന്ന് കാത്തിരിക്കുകയാണ്. മക്കാ വിജയത്തോടെ ആ ലക്ഷ്യം പൂര്‍ത്തിയാവുന്നു. ദീന്‍ പ്രചാരണം എത്രമാത്രം നയപരമായിരിക്കണമെന്ന അനുഭവപാഠം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധ കഅ്ബാലയം പൂര്‍ണമായും അല്ലാഹുവിനെ മാത്രം ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന്റെ വികാരസാന്ദ്രമായ ഓര്‍മകള്‍... അവസാനം അറഫാ മൈതാനയില്‍ വച്ചു നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പ്രഖ്യാപനം അതു ശരിവയ്ക്കുന്നുണ്ട്. ''ഞാന്‍ ഇന്നു നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു'' എന്ന്.

''മസ്ജിദുല്‍ ഹറാമില്‍ ആര് പ്രവേശിക്കുന്നുവോ അയാള്‍ സുരക്ഷിതന്‍... അബൂസുഫ്‌യാന്റെ വീട്ടില്‍ ആര് പ്രവേശിക്കുന്നുവോ അയാളും സുരക്ഷിതന്‍..'' എന്ന പ്രഖ്യാപനം മക്കയിലെങ്ങും ഉയര്‍ന്നുകേള്‍ക്കുന്നു. ഭീതിതരായ ജനതയ്ക്ക് ആശ്വാസം നല്‍കാനുള്ള ആദ്യത്തെ നടപടി. ശത്രുപക്ഷത്തെ നേതാവായ അബൂസുഫ്‌യാനു മക്കാ വിജയത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണത്. പ്രാദേശിക നേതൃത്വത്തിനു മാന്യത നല്‍കിക്കൊണ്ടുള്ള നയതന്ത്രസമീപനം. മക്കയുടെ പരിസരത്തുനിന്ന് ഇതെല്ലാം ഓര്‍മിച്ചെടുക്കുന്നവരുണ്ടാകുമല്ലോ ഹാജിമാരുടെ കൂട്ടത്തിലും.

*      *     *
മസ്ജിദുല്‍ ഹറാമില്‍ ആദ്യം കടന്നുചെല്ലുന്ന ഏതൊരു ഹാജിയും ചെയ്യുന്ന ഒരു കാര്യമുണ്ട്, കഅ്ബാലയത്തെ കണ്‍കുളിര്‍ക്കെ കാണുക. കാണുക മാത്രല്ല, ഹൃദയത്തിന്റെ ഭാഗമാക്കുകയാണത്. പരിശുദ്ധ ഹജ്ജ് കഴിഞ്ഞു വിടവാങ്ങല്‍ ത്വവാഫിന്റെ വേളയിലും ഇത് ആവര്‍ത്തിക്കുന്നു.
കഅ്ബാലയം കറുത്ത അതിവിശിഷ്ടമായ അംഗിയില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ദൂരക്കാഴ്ചയില്‍ അതിനു കറുപ്പ് നിറം തന്നെ. ഈ കറുപ്പ് നിറം താഴെ നിന്നു മുകളിലേക്കു നോക്കിക്കൊണ്ടേയിരിക്കുമ്പോള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ നിറയുന്നതാവട്ടെ വെളുപ്പിന്റെ മഹാ പ്രവാഹവും. കറുത്ത പ്രതലം വെളിച്ചത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി വിശ്വാസിയുടെ ഹൃദയം തിരിച്ചറിയുന്നു. വല്ലാത്തൊരു വൈരുദ്ധ്യം പോലെ. ഈ വ്യതിരിക്തതയാണ്. കഅ്ബാലയത്തിനു മുന്നില്‍ നില്‍ക്കുന്ന വിശ്വാസിയെ അത്ഭുതപ്പെടുത്തുന്നതും. ബാഹ്യപ്രതലം കറുപ്പാണെങ്കിലും പരിസരം ദിവ്യവും ദീപ്തവുമാണ്. ഏതു കറുത്ത മനസ്സിനെയും വെളുപ്പിക്കാനുതകുന്നതാണ് അതിന്റെ ആത്മീയ ഭാവം.
വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും ത്വവാഫ് ചെയ്യുന്നത് ഹജ്ജിലും ഉംറയിലു പ്രധാനപ്പെട്ട കര്‍മമാണല്ലോ. കഅ്ബയെ ഇടതു ഭാഗത്താക്കി, മസ്ജിദുല്‍ ഹറാമിനെ വലതു ഭാഗത്താക്കിയുള്ള ഒരുതരം ചുറ്റല്‍ തന്നെയാണു ത്വവാഫ്. മസ്ജിദുല്‍ ഹറാമിനും കഅ്ബാലയത്തിനുമിടയില്‍ സ്വയം നവീകരണത്തിന്റെ കഠിനപരിശ്രമത്തില്‍ ഏര്‍പ്പെടുകയാണപ്പോള്‍ ഓരോ ഹാജിയും.
ത്വവാഫ് ഘടികാര ദിശയ്ക്ക് എതിരായാണ് (അിശേ രഹീരസ ംശലെ) നടക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു സ്‌ക്രൂവിന്റെ പിരിയയക്കുന്ന ദിശയില്‍.  ത്വവാഫില്‍ പിരി മുറുക്കുകയല്ല. അയക്കുകയാണ് ചെയ്യുന്നത്. അയവു വരുത്തുകയെന്നത് നിസ്സാര കാര്യമല്ല. മനസ്സിന്റെ പിരിമുറുക്കത്തെ, കുറ്റവാസനയുടെ കടുത്ത ചിറ്റുകളെ നന്മകള്‍ ചെയ്യുന്നതിനു മുന്നിലുള്ള അഴിയാത്ത കരുക്കുകളെ അഹങ്കാരത്തിന്റെ, ദുര്‍ബോധത്തിന്റെ പൈശാചിക ബന്ധനങ്ങളെ എല്ലാം അഴിക്കുകയാണ് ത്വഫിലൂടെ... മനസ്സ് അയവു വരുത്തുന്നതിനുമപ്പുറത്ത് നന്മയ്ക്കു വിത്തുപാകാന്‍ മറ്റൊന്നും വേണ്ടതില്ല. അഴിച്ചെടുത്ത മനസ്സിന്റെ ശാന്തത, നനവ് പടര്‍ന്ന സുഖം ഓരോ ത്വവാഫിനു ശേഷവും സത്യവിശ്വാസി അനുഭവിക്കുന്നുണ്ട്. 
എത്രമാത്രം യുക്തിപൂര്‍ണമാണ് ഹജ്ജിന്റെ കര്‍മങ്ങള്‍... എത്ര കൗതുകകരമാണ് അത് പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങള്‍...?
*      *     *
ഹജ്ജിനു യാത്രതിരിക്കുന്ന ഒരു സത്യവിശ്വാസിയോടൊപ്പം നമുക്ക് അല്‍പനേരം ചെലവഴിക്കാം. 
എല്ലാ ഒരുക്കങ്ങളും അയാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാവരോടും പൊരുത്തം വാങ്ങിക്കഴിഞ്ഞു. എല്ലാ ഇടപാടുകളും തീര്‍ത്തു. യാത്ര പുറപ്പെടേണ്ട സമയമാവുമ്പോള്‍ മനസ്സില്‍ നേരിയ പിരിമുറുക്കം; ഹൃദയത്തിന്റെ വിങ്ങല്‍. 
അവസാനം പ്രാര്‍ത്ഥനാ നിര്‍ഭരമായ സന്ദര്‍ഭത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് അയാള്‍ യാത്രതിരിക്കുന്നു, മനസ്സില്‍ ഐഹികമായ എല്ലാ ചിന്തകളെയും മാറ്റിവച്ച്, അയാള്‍ വരാതിരുന്നാലും ഇവിടെ എല്ലാം ഭദ്രമെന്ന നിലയില്‍. 
മരണത്തോടു സാമ്യമില്ലേ. ഈ വേര്‍പ്പാടിന്? എല്ലാം ഇട്ടേച്ചു പോകുന്ന നിമിഷം. ഒരു ഹാജിയും പോകുന്ന സമയത്ത് തിരിച്ചുവരുന്നതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. പോവുക.. പൂര്‍ണ മനസ്സോടെ.  അതു മാത്രമാണ് അപ്പോള്‍ സഞ്ചാരിയുടെ മനസ്സു നിറയെ.
ഹജ്ജ് കഴിഞ്ഞു വന്നാലോ...? ഒരു പൂര്‍ണജന്മം കഴിഞ്ഞു തിരിച്ചെത്തിയ പ്രതീതി. ഭാവത്തിലും രീതിയിലുമെല്ലാം അപ്പോള്‍ അയാള്‍ നിഷ്‌കളങ്കമായ കുഞ്ഞിന്റെ ഭാവത്തില്‍ തന്നെയാണ്. ആ ഭാവമാണ് ഹജ്ജ്കര്‍മം അയാള്‍ക്കു നല്‍കിയ വിശിഷ്ടമായ സമ്മാനം. അനുഗൃഹീതമായ ഈ അവസ്ഥയെ കാത്തുസൂക്ഷിക്കുകയെന്നതാവും ഒരു ഹാജിയുടെ ഏറ്റവും ശ്രമകരമായ ദൗത്യം. അതിനു സമ്മതിക്കുന്ന സാഹചര്യമല്ല ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്നത് എന്ന നിലയില്‍ ഈ ദൗത്യം അത്ര എളുപ്പമാവുന്നുമില്ല. അല്ലാഹുവിന്റെ സഹായം തന്നെയാണ് എല്ലാറ്റിനും മുകളില്‍.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter