കോടതിയുടെ മതം: രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി

ഈയിടെ രാജ്യത്ത് വന്ന പല വിധികളും മതകാര്യങ്ങളിലുള്ള കോടതിയുടെ ഇടപെടലായി കാണാന്‍ കഴിയും. മതങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും പ്രചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യം നല്‍കപ്പെട്ട ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ഇടപെടലുകളുണ്ടാകുന്നത് തീര്‍ത്തും ആശങ്കാജനകമാണ്. കോടതി ഇടപെട്ട് മതാചാരങ്ങളെ നിയന്ത്രിക്കാന്‍ ഒരുമ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറന്നേക്കും. അതിലപ്പുറം ഭരണഘടനക്കും മത സ്വാതന്ത്ര്യത്തിനുമെതിരെയുള്ള തുറന്ന വെല്ലുവിളിയായി വേണം ഇതിനെ മനസ്സിലാക്കാന്‍.

മതം ഏതായാലും ശരി, ജുഡീഷ്വറിയുടെ ഭാഗത്തുനിന്ന് ഇത്തരം നിലപാടുകളുണ്ടാകുന്നത് രാജ്യത്തിന്റെ മതേതരാന്തരീക്ഷത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ്. 

അനേകം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമസ്ഥാനമായ ഇന്ത്യയുടെ പൈതൃകത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം വിധികള്‍. ഭരണഘടന ഉറപ്പ് തരുന്ന മതസ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നത് ഒരിക്കലും അംഗീകരിച്ചുകൂടാ.

മുത്വലാഖ്, സ്വവര്‍ഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധം, സ്ത്രീ ശബരിമല പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തുവന്ന കോടതി വിധികള്‍ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

മത കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും ആചാരാനുഷ്ഠാനങ്ങളില്‍ വിധി പറയേണ്ടതും അതതു മതങ്ങളിലെ പണ്ഡിതന്മാരാണ്. വിശ്വാസ പരമായ കാര്യങ്ങള്‍ തികച്ചും സ്വകാര്യമാണെന്നിരിക്കെ ജുഡീഷ്വറിക്കോ സര്‍ക്കാറിനോ ഇതില്‍ വിധി പറയാന്‍ അധികാരമില്ല. 

തീര്‍ച്ചയായും, ഭരണഘടന ഉറപ്പ് തരുന്ന മതസ്വാതന്ത്ര്യത്തിലുള്ള ലംഘനമാണിത്. ഇത്തരം കാര്യങ്ങളില്‍ കേവലം യുക്തിയെ ആധാരമാക്കി വിധി പറയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. 

രാജ്യത്തിന്റെ ബഹുസ്വരതയും മതേതര സങ്കല്‍പവും സൂക്ഷിക്കുന്നതായിരിക്കണം കോടതിയുടെ ഓരോ തീരുമാനങ്ങളും. അല്ലാതെ, മത കാര്യങ്ങളില്‍ അത് സ്വതന്ത്രമായി വിധി പറയാന്‍ തുടങ്ങിയാല്‍ രാജ്യം തന്നെ തകര്‍ന്നടിയും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter