കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാല ഫലം: എം.എസ്.ഡബ്ല്യുവില്‍ ആദ്യ റാങ്കുകള്‍ ഹുദവികള്‍ക്ക്
Central_University_of_Kerala_Logoകാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാല പി.ജി ഫൈനല്‍ പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ സാമൂഹ്യ സേവനത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്‌.ഡബ്ലു (മാസ്‌റ്റര്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്ക്‌) വിന്റെ പ്രഥമ ബാച്ചില്‍ ആദ്യ രണ്ടു റാങ്കുകള്‍ നേടി യുവ പണ്ഢിതര്‍ ശ്രദ്ധേയരായി. കാസര്‍കോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ ദാറുല്‍ ഇര്‍ശാദ്‌ അക്കാദമിയില്‍ നിന്നും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹസന്‍ ശിഹാബ്‌ ഇര്‍ശാദി ഹുദവി ബന്തിയോട്‌, റാശിദ്‌ ഇര്‍ശാദി ഹുദവി ദേളി എന്നിവരാണ്‌ എം.എസ്‌.ഡബ്ലുവില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടിയത്‌. മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ ദാറുല്‍ ഇര്‍ശാദ്‌ അക്കാദമിയില്‍ നിന്ന്‌ ഇസ്‌ലാം ആന്റ്‌ കണ്ടംപ്‌ററി സ്റ്റഡീസിലും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്‌. ഒന്നാം റാങ്ക്‌ ജേതാവായ ഹസന്‍ ശിഹാബ്‌ ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ദഅ്‌വാ ആന്റ്‌ കംപാരിറ്റീവ്‌ സ്റ്റഡി ഓഫ്‌ റിലീജിയന്‍സിലാണ്‌ ഇസ്‌ലാമിക്‌ പിജി പഠനം നടത്തിയത്‌. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ ലക്‌ചര്‍ഷിപ്പിനും യൂണിവേഴ്‌സിറ്റി കാമ്പസ്‌ റിട്ടണ്‍ ടെസ്റ്റിലൂടെ സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പിനും അര്‍ഹനായ ഹസന്‍ ശിഹാബ്‌ ബന്തിയോട്‌ അട്‌ക്കം മദനിയ്യ മന്‍സിലിലെ മഹ്‌മൂദ്‌-ആയിഷ ദമ്പതികളുടെ മകനാണ്‌. രണ്ടാം റാങ്ക്‌ ജേതാവായ റാശിദ്‌ ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഹദീസ്‌ ആന്റ്‌ റിലേറ്റഡ്‌ സയന്‍സിലാണ്‌ ഇസ്‌ലാമിക്‌ പിജി പഠനം പൂര്‍ത്തിയാക്കിയത്‌. സോഷ്യല്‍വര്‍ക്കില്‍ ജൂനിയര്‍ റിസേര്‍ച്ച്‌ ഫെല്ലോഷിപ്പിനും ലക്‌ചര്‍ഷിപ്പിനും അര്‍ഹത നേടിയ റാശിദ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ പേരക്കുട്ടിയാണ്‌. ദേളിയിലെ അഹ്‌മദ്‌ ശാഫി-ഹഫ്‌സത്ത്‌ ദമ്പതികളുടെ മകനാണ്‌. ജൂലായ്‌ 18ന്‌ പെരിയ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ വെച്ച്‌ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന്‌ ഇരുവരും ബിരുദാനന്തര ബിരുദ സാക്ഷ്യ പത്രം ഏറ്റുവാങ്ങും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter