മദീന മുതല്‍ റോഹിംഗ്യ വരെ: ഹിജ്‌റകള്‍ ഇന്നും സജീവമാണ്‌

മുസ്‌ലിം ലോകം ഹിജ്‌റ 1439 ലേക്ക് പ്രവേശിച്ച ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ എല്ലാവര്‍ക്കും പുതുവത്സര ദിനാശംസകള്‍.

മ്യാന്മറിലെ മുസ് ലിംകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ലോകത്തു നടന്ന വിവിധ ഹിജ്‌റകളെക്കുറിച്ചുള്ള വായനകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

യാത്രകള്‍ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ അനേകം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വളവു  തിരിവില്ലാതെ ഒഴുകുന്ന കാലത്തിലേക്ക് പുണ്യവാന്‍മാരായി വന്നണയുന്ന ചരിത്രപുരുഷന്‍മാര്‍ സമുദായത്തിന്റെ ഗതി തിരിച്ചുവിട്ടത് കൊണ്ടാണ് ലോകം ഇന്നു കാണുന്ന സുന്ദര രൂപത്തില്‍ നിലകൊള്ളുന്നത്. സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഹിജ്‌റ ചെയ്ത ആദം നബി(അ)ഉം സ്വന്തം നാടും വീടും വിട്ടെറിഞ്ഞ് ഇതര നാടുകളിലേക്ക് ചേക്കേറിയ പ്രവാചകന്‍മാരും ശത്രുകിങ്കരന്‍മാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ മദീനയിലേക്ക് ഹിജ്‌റ പോയ  മുത്ത്  നബി(സ്വ)യും ഹിജ്‌റ കൊണ്ട് ചരിത്രം തിരുത്തിയവരില്‍ പ്രമുഖരാണ്. വിവിധ രാഷ്ട്രങ്ങളുടെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രശംസനീയമായ മാറ്റങ്ങള്‍ കൊണ്ടു വന്നത് ഇതര രാഷ്ട്രങ്ങളില്‍ നിന്നും വന്ന പ്രമുഖ പുരുഷന്മാരായിരുന്നു. 

ഭൂമിയില്‍ മനുഷ്യവാസം തുടങ്ങുന്നത് തന്നെ ഒരു വലിയ ഹിജ്‌റയുടെ അനന്തരഫലമായിട്ടാണ്. ആദം നബിയും ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍ നിന്ന് പുറപ്പെടാന്‍ കല്‍പ്പിക്കപ്പെട്ടത് മുതലാണ് ഭൂമി മനുഷ്യജീവിതത്തിന് പാകമാവുന്നത്. ആദം നബിയും ഹവ്വാ ബീവിയും എത്തുന്നതിനു മുമ്പ് ഭൂമിയില്‍ ജിന്നുകള്‍ വസിച്ചിരുന്നതായി ചരിത്രത്തില്‍ കാണാന്‍പറ്റും.

സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്കുള്ള ആദം നബിയുടെ യാത്ര വിചിന്തന വിധേയമാക്കേണ്ടതുണ്ട്.  മനുഷ്യ രാശിയെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞപ്പോള്‍, രക്തം ചിന്തുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനോട് വിമുഖത കാട്ടിയ മലക്കുകള്‍ക്ക് ശക്തമായ മറുപടി കൊടുത്തു കൊണ്ടാണ് അല്ലാഹു ആദം നബിയെ സൃഷ്ടിക്കുന്നത്.  റൂഹ് ഊതപ്പെട്ട ഉടനെ ആദം നബി എഴുന്നേറ്റ് സ്വര്‍ഗത്തിലെ ഭക്ഷണത്തിനായി ധൃതി പിടിച്ചു. മനുഷ്യന്‍ ധൃതിയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന ഖുര്‍ആന്‍ സൂക്തം (21:37) സൂചിപ്പിക്കുന്നത് ഈ അര്‍ത്ഥതലത്തിലേക്കാണ്. 

കിടന്നുറങ്ങി എണീറ്റപ്പോള്‍ തന്റെ തലഭാഗത്ത് ആരോ നില്‍ക്കുന്നതായി നബിക്ക് ബോധ്യമായി.  

നീ ആരാണ്- ആദം നബി

ഞാന്‍ സ്ത്രീയാണ്- 

നീ എന്തിന് സൃഷടിക്കപ്പെട്ടു?- ആദം നബി.

താങ്കള്‍ എന്നില്‍ അലിഞ്ഞുചേരാന്‍

അതു കേട്ട് മലക്കുകള്‍ ആദം നബിയോട് ചോദിച്ചു-അവരുടെ പേരെന്താണ്? 

ആദം നബി പറഞ്ഞു- ഹവ്വാഅ്. 

എന്തു കൊണ്ട് ഈ പേര് സ്വീകരിച്ചു- മലക്കുകള്‍.

അവള്‍ ഹയ്യില്‍ (ജീവിച്ചിരിക്കുന്നവന്‍) നിന്ന് സൃഷടിക്കപ്പെട്ടവളാണ് - ആദം നബി.

ലോകത്തുള്ള സര്‍വ ചരാചരങ്ങളുടെയും പേരുകള്‍ പഠിപ്പിക്കപ്പെട്ടിരുന്ന ആദം നബിയുടെ ഉത്തരങ്ങള്‍ നൂറ് ശതമാനവും ശരിയായിരുന്നു. 

ഈ സംഭവത്തിനു ശേഷം സ്വര്‍ഗ ലോകത്തുള്ള സര്‍വ ഭക്ഷണങ്ങളും അനുവദിച്ചു കൊടുത്തിരുന്ന അല്ലാഹു ഒരു ഫലം മാത്രം വിലക്കിയിരുന്നു. ആദമിന് സുജൂദ് ചെയ്യാത്തതിനാല്‍ സ്വര്‍ഗ ലോകത്തു നിന്നും പുറത്താക്കപ്പെട്ട ഇബ്‌ലീസിന് അവസരം മുതലാക്കണമെന്ന് തോന്നി. പക്ഷേ, സ്വര്‍ഗ ലോകത്ത് ജീവിക്കുന്ന ആദം നബിയെയും ഹവ്വാ ബീവിയെയും പിഴപ്പിക്കാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതെ കഴിയില്ലല്ലോ? സ്വര്‍ഗം കാക്കുന്ന മലക്കുകളോട് പ്രവേശനാനുമതിക്കായി കെഞ്ചി നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. സ്വര്‍ഗത്തിലുളള സര്‍വ മൃഗങ്ങളോടും സഹായാഭ്യര്‍ത്ഥന നടത്തി. അല്ലാഹുവിന്റെ കല്‍പ്പന ധിക്കരിക്കാന്‍ അവരൊന്നും തയ്യാറായില്ല. അവസാനം പാമ്പ് സമ്മതിക്കുകയും തന്റെ വായയില്‍ കയറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  പാമ്പ് കടക്കുന്നതില്‍ അസ്വാഭാവികത ഒന്നും മലക്കുകള്‍ക്ക് തോന്നിയില്ല.  

സ്വര്‍ഗത്തില്‍ ചെന്ന് പാമ്പ് വായ തുറന്നു. ഇബ്‌ലീസ് പുറത്തു ചാടി. നാല് കാലില്‍ നടന്നിരുന്ന സുന്ദരിയായ പാമ്പിന് കാലുകള്‍ വെട്ടിമാറ്റപ്പെട്ട് തറയില്‍ ഇഴയുന്ന ഇഴജന്തുവാക്കി മാറ്റിയത് ഇതു കാരണത്താലാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പാമ്പ് അല്ലാഹുവിന്റെ ശത്രുവാണെന്നും കാണുന്നിടത്തു വച്ച് കൊല്ലണമെന്നും ഇബ്‌നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സ്വര്‍ഗത്തില്‍ പ്രവേശിച്ച ഇബ്‌ലീസ് ആദം നബിയുടെയും ഹവ്വാ ബീവിയുടെയും മുഖത്ത് നോക്കി കരഞ്ഞു. എന്താണ് നിന്നെ കരയിപ്പിക്കുന്നത് എന്ന് ആദം നബി തിരക്കിയപ്പോള്‍ ഇബ്‌ലീസ് പറഞ്ഞു: ''നിങ്ങള്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഈ ലോകത്തു നിന്നും വിടപറയുമെന്ന യാഥാര്‍ത്ഥ്യം എന്നെ നിരാശനാക്കുന്നു.'' തന്റെ വക്ര ബുദ്ധിയില്‍ ഇവര്‍ വീണുവെന്ന് കണ്ടപ്പോള്‍ ഇബ്‌ലീസ് പറഞ്ഞു: ''ആദമേ, ഞാന്‍ നിനക്ക് ഈ ലോകത്ത് ശാശ്വതമായി ജീവിക്കാനുള്ള മാര്‍ഗം പറഞ്ഞുതരാം, നിങ്ങള്‍ ഈ വൃക്ഷത്തിലെ കായ കഴിച്ചാല്‍ മതി. ''

അല്ലാഹു വിലക്കിയതാണെന്നതിനാല്‍ ആദം നബിക്ക് മനോവിഷമമുണ്ടായി. പക്ഷേ, ഹവ്വാ ബീവിയുടെ നിര്‍ദേശത്തിനു വഴങ്ങി മരത്തിനടുത്ത് വന്നു. ആദം നബിക്ക് വീണ്ടും പിന്മാറാന്‍ തോന്നി. ഹവ്വാ ബീവിയുടെ ആഗ്രഹപ്രകാരം മനസ്സില്ലാ മനസ്സോടെ ആദം നബി ഭക്ഷിച്ചു. ഭക്ഷണം കഴിച്ച ഉടനെ ഇരുവരും  വിവസ്ത്രരായി. നാണം മറക്കാന്‍ അവര്‍ നന്നേ പാടുപെട്ടു. സ്വര്‍ഗത്തിലെ മരങ്ങളുടെ ഇലകള്‍ കൊണ്ട് നാണം മറച്ചു. അല്ലാഹുവിനെ പേടിച്ച് ആദം നബി സ്വര്‍ഗത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹു ചോദിച്ചു:  ''ആദമേ, നീ എന്നില്‍ നിന്നും ഓടുകയാണോ?'' ആദം നബി പറഞ്ഞു: ''അല്ലാഹുവേ, ഞാന്‍ നിന്നെതൊട്ട്  ലജ്ജിക്കുന്നു.'' ഹവ്വാ കാരണത്താലാണ് ആദം നബി ഭക്ഷിച്ചത് അതിനാല്‍  അല്ലാഹു സ്ത്രീയെ അബലയും ബലഹീനയും ബുദ്ധി കുറഞ്ഞവളുമാക്കി. ഹവ്വാ ബീവി പഴം പറിച്ചപ്പോള്‍ മരത്തില്‍നിന്ന് നീര് ഒലിച്ചതിനാലാണ് സ്ത്രീകള്‍ക്ക് എല്ലാ മാസവും ആര്‍ത്തവമുണ്ടാവുന്നത്.

അങ്ങനെയാണ് ആദം നബിയെ അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറക്കുന്നത്. ആദം നബി സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതും അതില്‍ നിന്ന് പുറത്താക്കപ്പെട്ടതും അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങിയതുമെല്ലാം വെള്ളിയാഴ്ച ദിവസമാണെന്ന് അബൂ ഹുറൈറ(റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സൂര്യനസ്തമിക്കും മുമ്പേ ആകാശത്ത് നിന്നും ഇറക്കപ്പെട്ട  ആദം നബി(അ) പുരാതന ഇന്ത്യയിലെ നിലവിലെ ശ്രീലങ്കയിലെ നൂദ് പര്‍വതത്തിലും ഹവ്വാഅ് ബീവി ജിദ്ദയിലുമാണ് ഇറക്കപ്പെട്ടത്.  

പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഇരു ദിശകളിലിറങ്ങിയവര്‍ പരസ്പരം കണ്ടുമുട്ടാന്‍ ഒരുപാട് നടന്നു. ആദം നബി എടുത്തുവച്ച കാല്‍ പാദങ്ങള്‍ സ്പര്‍ശിച്ച സ്ഥലങ്ങള്‍ ഇന്നു ഗ്രാമങ്ങളായും  കാല്‍ സ്പര്‍ശിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയായും കാണപ്പെടുന്നു.  പിന്നീട് അവര്‍ അറഫയില്‍ വച്ച് തിരിച്ചറിഞ്ഞു. പാമ്പ് അസ്ഫഹാനിലും ഇബ്‌ലീസ് മൈസാനിലുമാണ് ഇറക്കപ്പെട്ടത്. 

ആദം നബി ഭൂമിയിലേക്ക് ഇറക്കപ്പെട്ട സമയത്ത് ആകാശം മുട്ടുന്ന നീളമുണ്ടായിരുന്നതായും ആകാശത്തു വച്ച് മലക്കുകള്‍   ചൊല്ലിയിരുന്ന ദിക്‌റുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. മലക്കുകളുടെ തസ്ബീഹ് കേട്ട് പേടിച്ച ഹവ്വാ ബീവി നീളം കുറക്കാന്‍ ആവശ്യപ്പെടുകയും ഇരുവരുടെയും നീളം 60 മുഴമായി കുറക്കുകയും ചെയ്തു. പക്ഷേ, മലക്കുകളുടെ തസ്ബീഹുകളും പ്രകീര്‍ത്തനങ്ങളും കേള്‍ക്കാന്‍ കഴിയാത്തതില്‍ ആദം നബി നന്നേ ദുഃഖിച്ചിരുന്നു. 

നഗ്നത മറക്കുന്നതിന് സ്വര്‍ഗത്തില്‍ നിന്നും ഇറക്കപ്പെട്ട ആടിനെ അറുത്ത് തോലുരിഞ്ഞ് വസ്ത്രമായി ഉപയോഗിക്കാന്‍ അല്ലാഹു കല്‍പ്പിച്ചു. അങ്ങനെ ആദം നബി അറുക്കുകയും ഹവ്വാ ബീവി തോലൂരുകയും ആദം നബി വസ്ത്രമായി തുന്നുകയും ചെയ്തു. അങ്ങനെയാണ് ഭൂമി ലോകത്ത് വസ്ത്ര സംസ്‌കാരം തുടങ്ങുന്നത്. 

പിന്നീട് അല്ലാഹുവിനെ  ആരാധിക്കുന്നതിനു വേണ്ടി കഅ്ബ നിര്‍മിക്കുകയും അല്ലാഹുവിന്റെ സ്മരണയില്‍ അലിഞ്ഞു ചേരുകയും ചെയ്തു. തങ്ങളുടെ കൈപ്പിഴയില്‍ മനം നൊന്ത ഇരുവരും 200 വര്‍ഷം കരഞ്ഞതായും 40 ദിവസം ഭക്ഷണമൊന്നും കഴിക്കാതിരുന്നതായും ചരിത്രം പറയുന്നു.  

ഭൂമിലോകത്ത് മനുഷ്യകുലത്തിന്റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ആദം നബിയും ഹവ്വാ ബീവിയും ഇബ്‌ലീസിന്റെ കുതന്ത്രത്തില്‍ വശംവദരായി സ്വര്‍ഗലോകത്തുനിന്നും ഭൂമിയിലേക്ക് യാത്ര ചെയ്തത് മറ്റൊരു ലോകത്തിന്റെ തുടക്കമാവുകയായിരുന്നു. യാത്രകള്‍ എന്നും ചരിത്രങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.  

ആകാശ ലോകത്തുനിന്ന് ഭൂമിയിലേക്ക് ഹിജ്‌റ നടത്തി പുതിയ ലോക സംസ്‌കാരം സൃഷ്ടിച്ചെടുത്ത ആദം നബി(അ)ന്റെ സന്താനങ്ങള്‍ നാഥനെ അനുസരിച്ച് ജീവിച്ചുപോന്നു. ആദം നബി(അ)ക്ക് 120 വയസ് പിന്നിടുമ്പോള്‍ പിറന്ന ശീഫ് നബി(അ)നെ പിന്നീട് പ്രവാചകനായി നിയോഗിച്ചു. മക്കയില്‍ തന്നെ ജീവിക്കുകയും നിരവധി പ്രാവശ്യം ഹജ്ജും ഉംറയും നിര്‍വഹിക്കുകയും ചെയ്ത ശീഥ് നബി(അ)ന് അധികമൊന്നും ജോലി ഭാരമുണ്ടായിരുന്നില്ല. 

ആദം നബി(അ)ന്റെ കുടുംബ പരമ്പരയില്‍ വന്ന ഖനൂഖ് ബ്‌നുയരിദ് എന്ന ഇദ്‌രീസ് നബി(അ)മാണ് അടുത്ത പ്രവാചകനാവുന്നത്. അല്ലാഹുവിനു വേണ്ടി ആരാധനകളില്‍ മാത്രം മുഴുകിയിരുന്ന ഇദ്‌രീസ് നബി(അ) മനുഷ്യന് ഒരു വര്‍ഷത്തില്‍ ചെയ്യാനാവാത്തത് ഒരു ദിനം കൊണ്ട് ചെയ്തിരുന്നതായി ചരിത്രത്തില്‍ വായിക്കാന്‍ പറ്റും. അവിശ്രമം ആരാധനകളിലേര്‍പ്പെടുന്ന ഇദ്‌രീസ് നബി(അ)ല്‍ ഇബ്‌ലീസും സമൂഹവും അസൂയാലുക്കളായതിനാല്‍ നബി(അ) തന്നെ ആകാശലോകത്തേക്ക് ഉയര്‍ത്താന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഇദ്‌രീസ് നബി(അ)ന് 365 വയസ് പ്രായമുള്ളപ്പോള്‍ അല്ലാഹു ആകാശത്തേക്കുയര്‍ത്തി. 

നൂഹ് നബി(അ) ആണ് പിന്നീട് വന്ന പ്രമുഖ പ്രവാചകന്‍. ആദം നബി(അ)മിനും നൂഹ് നബി(അ)മിനുമിടയില്‍ 1000 വര്‍ഷങ്ങളുടെ അന്തരമുണ്ടായിരുന്നു. നൂഹ് നബിയുടെ സമുദായം ബിംബാരാധകരായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (71- 23, 24) 

അവര്‍ നൂഹ് നബിയെ ശക്തമായി പ്രഹരിച്ചിരുന്നു. പ്രഹരമേറ്റ് നൂഹ് നബി തലയടിച്ച് തറയില്‍ വീഴും. മരണപ്പെട്ടുവെന്ന ധാരണയില്‍ സമുദായം തിരിച്ചുനടക്കും. ബോധം തെളിഞ്ഞാല്‍ വീണ്ടും പ്രബോധന ദൗത്യവുമായി രംഗത്തിറങ്ങും. അവസാനം, തന്റെ സമൂഹത്തിന്റെ ആക്രമണത്തില്‍ മനം നൊന്ത് നാഥനോട് ദുആ ചെയ്തു. അങ്ങനെയാണ് കപ്പല്‍ കയറി സ്വന്തം സമൂഹത്തില്‍നിന്ന് രക്ഷ നേടാന്‍ നാഥന്‍ കല്‍പ്പിക്കുന്നത്. (സൂറത്ത് നൂഹ്: 26) കപ്പല്‍ നിര്‍മാണ സമയത്ത് നിരവധി പരിഹാസ വാക്കുകള്‍ നൂഹ് നബി(അ)ന് സഹിക്കേണ്ടിവന്നു. എല്ലാം ക്ഷമിച്ച് സഹിച്ച് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 80 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവുമുള്ള കപ്പലാണ് നൂഹ് നബി(അ) നിര്‍മിച്ചത്. മൂന്ന് തട്ടുകളായിട്ടാണ് കപ്പല്‍ നിര്‍മിക്കപ്പെട്ടത്. ഭൂമിയില്‍നിന്ന് പ്രളയമുണ്ടായപ്പോള്‍ നൂഹ് നബി(അ)നെ വിശ്വസിച്ചിരുന്നവരെ മാത്രം കപ്പലില്‍ കയറ്റി. ഇബ്‌നു അബ്ബാസ്(റ) വിന്റെ അഭിപ്രായ പ്രകാരം കപ്പലില്‍ 80 പേരുണ്ടായിരുന്നു. പുറമെ മറ്റു മറ്റു മൃഗങ്ങളും. കഴുതയാണ് അവസാനമായി കപ്പലില്‍ കയറിയത്. കഴുത കയറാനൊരുങ്ങുമ്പോള്‍ ഇബ്‌ലീസ് കാലില്‍ പിടിച്ചു. കഴുതയെ പലതവണ കയറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പോള്‍ നൂഹ് നബി(അ) പറഞ്ഞു: ''കഴുതേ? ഒന്ന്  കയറിവരൂ, ഏത് ഇബ്‌ലീസാണ് നിന്റെ കാലില്‍ പിടിച്ചത്.'' കഴുതയുടെ കാലില്‍ തൂങ്ങിപ്പിടിച്ച് നിന്നിരുന്ന ഇബ്‌ലീസിന് കപ്പലിലേക്ക് കയറാനുള്ള അനുവാദമായി മാറുകയായിരുന്നു നൂഹ് നബി(അ)ന്റെ ഈ വാക്കുകള്‍.

നൂഹ് നബിയോട് മൃഗങ്ങളെ കപ്പലില്‍ പ്രവേശിപ്പിക്കാന്‍ കല്‍പ്പിക്കപ്പെട്ടപ്പോള്‍ നബി  ചോദിച്ചു: ''നാഥാ! ഞാന്‍ എങ്ങനെയാണ് സിംഹത്തെയും പശുവിനെയും ഒരേ വാഹനത്തില്‍ കയറ്റുക?'' നൂഹ് നബി(അ)ന്റെ ചോദ്യത്തിനുത്തരമെന്നോണം സിംഹത്തിന് പനി പിടിക്കുകയും ശത്രുതയ്ക്ക് അവസരം നല്‍കപ്പെടാതിരിക്കുകയും ചെയ്തു. 

40 പകലും 40 രാത്രിയും കപ്പല്‍ വെള്ളത്തിലൂടെ ചലിച്ചു. പിന്നീട് വെള്ളം വലിഞ്ഞു തുടങ്ങിയപ്പോള്‍ മൗസ്വിലിലെ ജൂതിയ്യ് പര്‍വതത്തില്‍ ചെന്നാണ് ആ കപ്പല്‍ യാത്ര അവസാനിക്കുന്നത്. 

പിന്നീട് ഭൂജാതരായ അധിക പ്രവാചകന്‍മാരും സ്വന്തം നാട്ടില്‍നിന്ന് ഹിജ്‌റ പോയവരാണ്. ഹിജാസിനും തബൂക്കിനുമിടയില്‍ താമസിച്ചിരുന്ന സമൂദ് ഗോത്രത്തിലേക്ക് നിയോഗിതനായ സ്വാലിഹ് നബി(അ)നെ തന്റെ സമുദായം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പാറക്കെട്ടില്‍നിന്ന് ഒട്ടകത്തെ പുറപ്പെടുവിച്ചാല്‍ തങ്ങള്‍ വിശ്വസിക്കുമെന്ന് സമ്മതിച്ചിരുന്ന സമൂഹത്തെ വിശ്വസിച്ച്, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ പാറക്കെട്ടില്‍നിന്ന് ഒട്ടകത്തെ പുറപ്പെടിവിക്കാന്‍ സ്വാലിഹ് നബി(അ) തയ്യാറായി. 

എന്നാല്‍, അമാനുഷികവും സുവ്യക്തവുമായ മുഅ്ജിസത്ത് കാണിച്ചിട്ടു വിശ്വസിക്കാന്‍ സമൂഹം തയ്യാറായില്ല. മാത്രമല്ല, ഒട്ടകത്തെ വധിക്കരുതെന്ന നബിയുടെ ആജ്ഞാപനത്തെ കാറ്റില്‍ പറത്തി ഒട്ടകത്തെ നിഷ്‌കരുണം വധിച്ചു. എല്ലാം സഹിക്കേണ്ടിവന്ന സ്വാലിഹ് നബി(അ)നിക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. അവസാനം, സ്വന്തം നാട്ടില്‍നിന്ന് ഹിജ്‌റ പോയി ഹറമില്‍ ജീവിച്ചു. തന്റ മരണം വരെയും ഹറമിലാണ് സ്വാലിഹ് നബി(അ) ജീവിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു. 

പ്രവാചകന്‍മാര്‍ക്കിടയില്‍ സുപ്രസിദ്ധ ഹിജ്‌റ നടത്തിയവരാണ് മഹാനായ ഇബ്‌റാഹീം നബി(അ). പ്രവാചക ചരിത്രങ്ങള്‍ വിശദീകരിക്കുന്ന 'അല്‍കമാലു ഫി ത്താരീഖ്', 'ഖസസുല്‍ അന്‍ബിയാഅ്' തുടങ്ങിയ കിതാബുകളിലെല്ലാം ഇബ്‌റാഹീം നബി(അ)ന്റെ ഹിജ്‌റക്ക് പ്രത്യേക സ്ഥാനം നല്‍കിയതായി കാണാം. 

ബിംബാരാധകരായിരുന്ന സമൂഹത്തെ ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കുകയെന്ന മഹത്തരമായ ഉദ്യമമായിരുന്നു ഇബ്‌റാഹീം നബി(അ)ന് ചെയ്യാനുണ്ടായിരുന്നത്. തന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതിരുന്ന സമൂഹം ഒരു ദിവസം ഉത്സവത്തിനു പോയപ്പോള്‍ ഇബ്‌റാഹീം നബി(അ) മുഴുവന്‍ ബിംബങ്ങളെയും തച്ചുടച്ച് താഴെയിടുകയും വലിയ ബിംബത്തിന്റെ ചുമലില്‍ കോടാലി വയ്ക്കുകയും ചെയ്തു. 

ദൈവ വാദിയായ നംറൂദിനോട് ശക്തമായ വാദപ്രതിവാദം നടത്താന്‍ ഇബ്‌റാഹീം നബി(അ) തയ്യാറായി. ചിലര്‍ക്ക് വധശിക്ഷ നല്‍കുകയും മറ്റുചിലരെ മുക്തരാക്കുകയും ചെയ്യുന്നത് ഞാന്‍ ജീവനും മരണവും നല്‍കുന്നവനായതുകൊണ്ടാണെന്ന് സ്ഥിരീകരിക്കാനായിരുന്നു. പക്ഷേ, കിഴക്കില്‍നിന്ന് ഉദിക്കുന്ന സൂര്യനെ  പടിഞ്ഞാറില്‍നിന്ന് ഉദിപ്പിക്കാന്‍ കഴിയാതെ നംറൂദ് മുട്ടുമടക്കി. 

അവസാനം, വലിയ തീകുണ്ഠാരമുണ്ടാക്കി നബിയെ തീയ്യിലിട്ട് കരിക്കാന്‍ നംറൂദ് ആജ്ഞാപിച്ചു. എന്നാല്‍, 10 ദിവസം തീയില്‍ കിടന്നിട്ടും ഒരു രോമത്തിനു പോലും പോറലേല്‍ക്കാതെ തിരിച്ചുവന്ന ഇബ്‌റാഹീം നബി(അ)നെ വിശ്വസിക്കാന്‍ നംറൂദ് തയ്യാറായില്ല. ഇതിനാല്‍, സ്വന്തം നാടു വിടാന്‍ ഇബ്‌റാഹീം നബി(അ) തയ്യാറായി. 

ഇബ്‌റാഹീം നബി(അ) നേരെ പോയത് മിസ്വ്‌റിലേക്കാണ്. മിസ്വ്‌റില്‍ ഒന്നാം ഫറോവയായിരുന്ന സിനാനായിരുന്നു ഭരണം നടത്തിയിരുന്നത്. എല്ലാ സ്ത്രീകളെയും തന്റെ മോഹസാഫല്യത്തിനും ഇംഗിതത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു ഫിര്‍ഔന്‍ ഇബ്‌റാഹീം നബി(അ)ന്റെ ഭാര്യക്കെതിരെയും തിരിഞ്ഞു. പക്ഷേ, ഭാര്യയെ സ്പര്‍ശിക്കാന്‍ വിചാരിക്കും മുമ്പേ ഫിര്‍ഔന്റെ ശരീരം ബലഹീനമായി. പല പ്രാവശ്യം ശ്രമിച്ചിട്ടും പരാജയപ്പെട്ട ഫിര്‍ഔന്‍ സാറാ ബീവിയെ ഒരു സ്വൂഫിയത്തായി മനസ്സിലാക്കി വെറുതെവിട്ടു. പിന്നീട് അവിടെനിന്നും ഇബ്‌റാഹീം നബി(അ) ശാമിലേക്ക് ഹിജ്‌റ പോയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 

സ്വവര്‍ഗരതി കൊണ്ട് പരീക്ഷിക്കപ്പെട്ട ലൂഥ് നബി(അ)ന്റെ സമുദായത്തില്‍ നിന്നും ലൂഥ് നബി(അ)ഉം ഹിജ്‌റ പോയിരുന്നു. ലൂഥ് നബിയെ കാണാനെത്തിയ നാലു പ്രമുഖ മലക്കുകളുടെ മേല്‍ ചാടിവീഴാനൊരുങ്ങിയ സമുദായത്തിനു ശിക്ഷ നല്‍കാന്‍ വിധി വന്നപ്പോള്‍ ലൂഥ് നബി(അ) ശാമിലേക്കു പോയി. 

മദ്‌യനിലേക്ക് അയക്കപ്പെട്ട ശുഐബ് നബി(അ)നും തന്റെ സമൂഹത്തില്‍നിന്ന് ഹിജ്‌റ പോവേണ്ടിവന്നിട്ടുണ്ട്. തന്റെ സമുദായത്തിന് ഏഴു ദിവസം തുടര്‍ച്ചയായി ശിക്ഷയിറങ്ങുകയും ആകാശത്തുനിന്ന് തീയും കാറ്റും വരികയും ചെയ്തു. തദവസരത്തില്‍ ശുഐബ് നബി(അ)നെ രക്ഷിച്ചതായി അല്ലാഹു പറയുന്നു. (അഅ്‌റാഫ്: 90-92)

അതീവ സൗന്ദര്യത്തിനുടമയായ യൂസുഫ് നബി(അ)ഉം സ്വന്തം നാട്ടിലല്ല രാജാവാകുന്നതും വിഹരിക്കുന്നതും. തന്റെ പിതാവ് യഅ്ഖൂബ് നബി(അ)നുണ്ടായ അധിക സ്‌നേഹത്തില്‍ അസൂയ പ്രകടിപ്പിച്ച് സോഹദരങ്ങള്‍ ദൂരെ കിണറ്റില്‍ കൊണ്ടിടുകയും യാത്രക്കാരുടെ കൈയിലൂടെ മറ്റൊരു സ്ഥലത്തെത്തിയ ശേഷമാണ് കൊട്ടാരത്തിലെത്തുന്നതും കാലങ്ങള്‍ക്കുശേഷം രാജാവാകുന്നതും. 

മൗസ്വിലിലെ നൈനവ ഗോത്രത്തിലേക്ക് പ്രബോധന ദൗത്യവുമായി നിയോഗിക്കപ്പെട്ട യൂനുസ് നബി(അ)ഉം സ്വന്തം നാട്ടില്‍നിന്ന് ഹിജ്‌റ പോയിട്ടുണ്ട്. സമൂഹത്തിന്റെ അക്രമം സഹിക്കവയ്യാതെ നാടുവിട്ട യൂനുസ് നബി(അ) കയറിയ കപ്പല്‍ മുങ്ങാന്‍ സാധ്യത കാണുകയും ഒരാളെ പുറത്തിടാന്‍ നറുക്കിടുകയും ചെയ്തപ്പോള്‍ വിധി വീണത് യൂനുസ് നബി(അ)നായിരുന്നു. കടലിലെറിയപ്പെട്ട യൂനുസ് നബി(അ)നെ അല്ലാഹു അയച്ച ഒരു മത്സ്യം വിഴുങ്ങുകയും കടലിന്നടിയിലൂടെ അനേക കാലം സഞ്ചരിക്കുകയും ചെയ്തു. ആഴക്കടലില്‍ വച്ച് നാഥന്റെ പ്രകീര്‍ത്തനങ്ങള്‍ കേട്ട യൂനുസ് നബി(അ) നാഥനോട് പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ആ വന്‍ മത്സ്യം കടല്‍ തീരത്തേക്കണഞ്ഞ് തുപ്പിക്കളഞ്ഞു. യമന്‍ കടല്‍ തീരത്താണ് യൂനുസ് നബി(അ) വന്ന് വീണതെന്ന് ഒരു ചരിത്രത്തിലുണ്ട്.

മിസ്വ്‌റില്‍ ഫിര്‍ഔനോട് ചെറുത്തുനിന്ന മൂസ നബി(അ)ന്റെ ഹിജ്‌റ ചരിത്രപ്രസിദ്ധമാണ്. പരസ്പരം കലഹിച്ചിരുന്ന ഖിബ്ഥിയെ അടിക്കുകയും യാദൃച്ഛികമായി മരണപ്പെടുകയും  സ്വന്തം നാട്ടില്‍നിന്ന് പുറപ്പെട്ടു. 

എങ്ങോട്ടാണ് പോകുന്നത് എന്ന് നിശ്ചയമില്ലാതെ വഴിയില്‍ നിന്നിരുന്ന മൂസാ നബി(അ)യെ ഒരു യാത്രക്കാരന്‍ കാണുകയും മദ്‌യനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. കടുത്ത ദാരിദ്ര്യം അനുഭവപ്പെട്ട മൂസാനബി(അ) ഇലകള്‍ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്. 

മദ്‌യനിലെത്തിയ മൂസാ നബി(അ) ശുഐബ് നബി(അ)ന്റെ രണ്ടു പെണ്‍കുട്ടികള്‍ക്ക് വെള്ളം കോരിക്കൊടുക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവരിലൊന്നിനെ വിവാഹം കഴിക്കുകയും ചെയ്തു. മൂസാ നബി(അ)ന്റെ ജീവിതത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചത് ഹിജ്‌റക്കു ശേഷമായിരുന്നു. ഇങ്ങനെ മറ്റു പ്രവാചകന്‍മാരും ഹിജ്‌റകള്‍ ചെയ്തതായി കാണാം. 

നിരവധി സമുദായത്തിനു നന്മ കൈവരുന്നത് പ്രവാചകന്‍മാരുടെ ഹിജ്‌റയിലൂടെയായിരുന്നു. അനേകമായിരങ്ങള്‍ക്ക് ആധ്യാത്മിക സുഖം നല്‍കാനും പതിനായിരങ്ങള്‍ക്ക് ജീവിതമാറ്റം വരുത്താനും പ്രവാചകന്‍മാരുടെ ഹിജ്‌റകള്‍ക്കായിട്ടുണ്ട്. 

അവലംബം: അല്‍ബിദായത്തുവന്നിഹായ, മുന്‍തള.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter