തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍‍മിക്കാന്‍ തുര്‍ക്കി
വിവിധ ഘട്ടങ്ങളിലായി തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കി ഗവണ്‍മെന്‍റ് പദ്ധതിയിടുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫൌണ്ടേഷന്‍സ് (VGM) തലവന്‍ അദ്നാന്‍ എര്‍തം. 150 പള്ളികളാണ് ഇങ്ങനെ തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതില്‍ 130 എണ്ണം ഇസ്തംബൂളിലം 20 എണ്ണം മറ്റു പ്രദേശങ്ങളിലുമാണ്. ചില പള്ളികളുടെ സ്ഥാനത്ത് അപാര്‍ട്ടുമെന്‍റുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ കഴിയില്ലെന്നും മറ്റു പള്ളികളാണ് നിര്‍മിക്കുകയെന്നും അദ്നാന്‍ വെളിപ്പെടുത്തി. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കി തുര്‍ക്കിയില്‍ ഇസ്‍ലാമിനെ വ്യാപിപ്പിച്ച മുഹമ്മദ് ഫാതിഹ് നിര്‍മിച്ച ഫാത്തിഹ് മസ്ജിദാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ന് പള്ളിയുടെ ഒരു മിനാരം മാത്രമാണ് അവശേഷിക്കുന്നത്. ഫാദില്‍ അഫന്തി മസ്ജിദാണ് തകര്‍ക്കപ്പെട്ട മറ്റൊരു പ്രധാന പള്ളി. പ്രസിദ്ധ ഇറ്റാലിയന്‍ വാസ്തുശില്‍പിയായ റെയ്മന്‍ഡോ ഡി ആരോങ്കോ രൂപകല്‍പന ചെയ്ത കാരാകോയ് മസ്ജിദും ഇല്ലാതായിപ്പോയ മറ്റൊരു പ്രധാന ആരാധനാലയമാണ്. ഈ പള്ളികളെയെല്ലാം അവയുടെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്ന് അദ്നാന്‍ എര്‍തം പറഞ്ഞു. റോഡു നിര്‍മാണത്തിനും മറ്റുമായി പൊളിക്കപ്പെട്ട പള്ളികളുടെ പുനര്‍നിര്‍മാണമാണ് അസാധ്യമായിരിക്കുന്നത്. റോഡു നിര്‍മിക്കാനായി 1958ല്‍ പൊളിക്കപ്പെട്ട പള്ളിയാണ് ശകീര്‍ ആഗാ മസ്ജിദ്. രണ്ടു വര്‍ഷമായി ഇത്തരം പള്ളികള്‍ കണ്ടെത്താന്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധിക പള്ളികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തുകയോ സ്ഥാനം നിര്‍ണയിക്കുകയോ ചെയ്തിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter