ഗര്‍ഭം ഒരു രോഗമോ?
ആലോചിച്ചാല്‍ അത്ഭുതംതോന്നുന്ന വളരെ സങ്കീര്‍ണമായ ഒരു ജൈവശാസ്ത്ര പ്രക്രിയയിലൂടെയാണ് മനുഷ്യജീവന്റെ ഉത്ഭവം. അണ്ഡ-ബീജങ്ങള്‍ സംയോജിച്ച് ബഹുകോശജീവിയായ ശിശുവായി രൂപം കൊള്ളുന്നു. അതോടെ സ്ത്രീത്വത്തില്‍നിന്നും മാതൃത്വത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായി. മാതൃത്വം കാംക്ഷിക്കാത്ത സ്ത്രീകള്‍ വിരളമാണ്. കാരണം സ്ത്രീകളുടെ ജന്മത്തിന്റെ ഏറ്റവും വലിയ സാഫല്യങ്ങളിലൊന്നാണത്. മാതൃത്വലബ്ധി വഴി സമൂഹത്തില്‍ വലിയ സ്ഥാനമാണ് അവര്‍ക്ക് കൈവരുന്നത്. സ്ത്രീകളുടെ പ്രത്യുല്‍പാദന കേന്ദ്രത്തിലാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. ആര്‍ത്തവം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോള്‍ ഇതില്‍ അണ്ഡം ഉല്‍പാദിക്കപ്പെടുന്നു. ഇത് പുരുഷബീജത്തിന്റെ വരവ് കാത്തു കൊണ്ട് മൂന്നു ദിവസം വരെ അവിടെ കിടക്കും. ഈ കാലഘട്ടത്തില്‍ സംയോഗം നടന്നാല്‍ ഇരുണ്ട തലയും നേര്‍ത്ത വാലുമുള്ള പുരുഷഭീജങ്ങള്‍ അണ്ഡത്തിന് ചുറ്റും എത്തുന്നു. അവയില്‍ ഒന്ന് (ചിലപ്പോള്‍ ഒന്നിലധികവും) അണ്ഡത്തിന്റെ പുറം തൊലി തുളച്ച് ഉള്ളില്‍ പ്രവേശിച്ച് അണ്ഡവാഹിനിക്കുഴലിലൂടെ തിരക്കിട്ട ഒരു നീന്തല്‍ മത്സരം നടത്തുന്നു. ഇങ്ങനെ അണ്ഡവും ബീജവുമായി സംയോജിക്കുന്ന പ്രവര്‍ത്തിയാണ് ബീജസങ്കലനം. ബീജസങ്കലനം ഗര്‍ഭത്തിന്റെ തുക്കം കുറിക്കുന്നു. 0.05 മില്ലീമീറ്ററാണ് ഒരു ബീജത്തിന്റെ നീളം. ഇത്ര ചെറിയ ബീജത്തിന് ബീജസങ്കലനത്തിന് വേണ്ടി ശരാശരി എട്ടിഞ്ചോളം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഈ മത്സര ഓട്ടത്തില്‍ ഒട്ടേറെ ബീജങ്ങള്‍ വഴി മദ്ധ്യേ യാത്രാക്ലേശം കൊണ്ട് മൃതിയടയാറുണ്ട്. അവര്‍ക്കെല്ലാം അഭിമാനത്തിനു വകയുണ്ട്. കാരണം തങ്ങളുടേതായ പങ്കുവഹിച്ചതിനുശേഷമാണല്ലോ അവരുടെ നാശം സംഭവിച്ചത്. വിവാഹിതരായ സ്ത്രീ പുരുഷന്‍മാരെ സംബന്ധിച്ചെടുത്തോളം ഒരു കുഞ്ഞിക്കാല് കാണുന്നതിനുള്ള ആഗ്രഹത്തിന് അതിരുകളില്ല. പുതിയ തലമുറക്ക് ജന്മംനല്‍കുക എന്നതിലുപരി ദാമ്പത്യത്തിന്റെ കെട്ടുറപ്പിന് ശക്തിയേകുവാനും ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള മാനസിക ഐക്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുവാനും  ഒരു കുഞ്ഞിന്റെ സാനിദ്ധ്യം സഹായകമാവുന്നു. ഈ കാരണത്താല്‍തന്നെ ശിശുവിനെ 09 മാസം ഉദരത്തില്‍ ചുമക്കുക, പ്രസവിക്കുക, വളര്‍ത്തിയെടുക്കുക തുടങ്ങിയ ക്ലേശകരമായ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സ്ത്രീ യ്യാറാകുന്നു. ഗര്‍ഭംധരിച്ച്, ചുമന്ന്, ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിച്ച്, നൊന്തു പ്രസവിച്ച്, പാലൂട്ടി വളര്‍ത്തി സമൂഹത്തിന് സംഭാവനചെയ്യുമ്പോള്‍ മാതാവ് അനുഭവിക്കുന്ന നിര്‍വൃതിയും ചാരിതാര്‍ഥ്യവും അവര്‍ണനീയമാണ്. ശിശുവിനു വേണ്ടി മാതാവ് സഹിക്കുന്ന പരമോന്നത ത്യാഗത്തിലാണ്  ലോകത്തിന്റെ നിലനില്‍പ്പ്. കാരണം, ഒരു കുഞ്ഞിനെ നൊന്ത് പ്രസവിക്കുന്നതിലൂടെ ഒരു മാതാവ് എന്തെല്ലാം വേദനകളും ആധികളുമാണ് അനുഭവിക്കുന്നത്. എന്തെല്ലാം സ്വപ്നങ്ങള്‍ അവള്‍ നെയ്‌തെടുക്കുന്നു. ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് അവളുടെ പ്രയാണം. ഗര്‍ഭ ലക്ഷണങ്ങള്‍ മാസംതോറും മുടങ്ങാതെ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീക്ക് സംയോഗാനന്തരം ഒരു മാസക്കാലം അതുണ്ടായില്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി പരിഗണിക്കാം. ശാരീരികവും, മാനസികവുമായ കാരണങ്ങളാലും ആര്‍ത്തവത്തിന്റെ ക്രമത്തില്‍ വ്യത്യാസമുണ്ടായേക്കാം. അതുകൊണ്ട്  ഗര്‍ഭിണിയാണോ എന്ന വിവരം പരിശോധനയിലൂടെവേണം മനസ്സിലാക്കാന്‍. മൂത്രപരിശോധനയിലൂടെ ഇക്കാര്യം സാധ്യമാകും. മൂന്നാഴ്ച്ചക്ക് ശേഷം സ്തനങ്ങള്‍ പുഷ്ടിപ്പെടാന്‍ തുടങ്ങും. അവയുടെ ഉറപ്പ് വര്‍ദ്ധിക്കും. തൊടുമ്പോള്‍ നേരിയ തോതില്‍ വേദന അനുഭവപ്പെടും. ചിലപ്പോള്‍ ഒരുതരം ദ്രാവകം പിഴിഞ്ഞെടുക്കാന്‍ കഴിഞ്ഞേക്കും. ചിലര്‍ക്ക് തലകറക്കം, തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ആഹാരത്തോട് താല്‍പര്യമില്ലായ്മ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നല്‍, തൂക്കം വര്‍ദ്ധിക്കല്‍ എന്നിവയും ഉണ്ടാകും. ഗര്‍ഭകാലത്തിന്റെ തുടക്കത്തിലാണ് സ്ത്രീ കൂടുതല്‍ സുന്ദരിയാകുന്നത്. ഗര്‍ഭസ്ഥ ശിശു വലുതാകുന്തോറും വയറു വലുതാകും. ഇടയ്ക്കിടെ വിശ്രമിക്കണമെന്ന് തോന്നും. ചുരുക്കം ചിലരില്‍ മുന്‍ കോപവും വ്യാകുലതയും മറ്റും ഉണ്ടായെന്നുമിരിക്കും. ജീവിതത്തിലെ ഏറ്റവും ആനന്ദകരവും നിര്‍വൃതിദായകവുമായ ഒരു കര്‍മ്മത്തിനാണ് താന്‍ തയ്യാറെടുക്കുന്നത് എന്ന ചിന്ത ഗര്‍ഭിണികളില്‍ എപ്പോഴും ഉണ്ടായിരിക്കണം. കാരണം മാനസിക സംതൃപ്തി ഗര്‍ഭിണിയെ സംബന്ധിച്ച് എന്തുകൊണ്ടും അനിവാര്യമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉളവാക്കുന്ന ചുറ്റുപാട് സൃഷ്ടിച്ചെടുക്കണം. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഭര്‍ത്താവും മറ്റു ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ക്ക് വിശ്രമം അത്യന്താപേക്ഷിതമാണ്. എന്നുവെച്ച് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. രോഗമില്ലാത്ത ഗര്‍ഭിണികള്‍ കഠിനമല്ലാത്ത ഗൃഹജോലികള്‍   ചെയ്യണം. ചില ഗര്‍ഭിണികള്‍ ജോലിച്ചെയ്യുന്നതോ നടക്കുന്നതോ യാത്രചെയ്യുന്നതോ ഇഷ്ടപ്പെടുന്നില്ല. ബെഡ്ഡ്‌റസ്റ്റാണ് ഇക്കൂട്ടര്‍ക്കിഷ്ടം. പക്ഷേ, തന്നോട് തന്നെ ചെയ്യുന്ന ഒരു ക്രൂരതയാണിതെന്ന് അവര്‍ അറിയുന്നില്ല. ആരോഗ്യവതികളായ ഗര്‍ഭിണികള്‍ പ്രകൃതി കനിഞ്ഞേകിയ ഈ അനുഗ്രഹത്തെ എന്തിന് ഭയക്കണം. ആശങ്കയും ഭയവും പാടെ ഉപേക്ഷിക്കുക. പകലുറക്കവും വിറകുവെട്ടുക, നെല്ല് കുത്തുക, ഭാരം വഹിക്കുക തുടങ്ങിയ കഠിനജോലികളും ഉപേക്ഷിക്കണം. ആദ്യത്തെ മൂന്ന് മാസവും ആവസാനത്തെ ആറാഴ്ച്ചയും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. തുടരെത്തുടരെ ഗര്‍ഭഛിദ്രമുള്ളവര്‍ ആദ്യത്തെ മൂന്നുനാല് മാസം വിശ്രമത്തിന് മുന്‍തൂക്കം നല്‍കുകതന്നെ വേണം. അനാവശ്യമായ ഭയം ജനിപ്പിക്കാനുപകരിക്കുന്നവിധത്തില്‍ ഭയാനകങ്ങളായ കള്ളക്കഥകള്‍ പറഞ്ഞ് ഗര്‍ഭിണികളെ ഭയപ്പെടുത്തുന്ന ഒരുപറ്റം സ്ത്രീകള്‍ പലയിടങ്ങളിലും കാണാം. ഗര്‍ഭിണികളുടെ മനസിന് അസ്വസ്ഥതയും വൈകാരിക ക്ഷോപങ്ങളുമുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം അവരുടെ മനസ്സിന് കുളിര് പകരുന്ന ഫലിതങ്ങളോ രസകരമായ ചരിത്രങ്ങളോ പറയുകയോ അവരുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തികളോ, അവരുടെ ധൈര്യം വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന ഉപദേശ നിര്‍ദേശങ്ങളോ നല്‍കാനാണ്  ഇക്കൂട്ടര്‍ പരിശ്രമിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter