പെണ്‍കുട്ടികള്‍ അണിയുന്നതും അണിയേണ്ടതും

സ്വര്‍ഗത്തിലേക്ക് ഇഷ്ടമുള്ള വാതിലില്‍ക്കൂടി പ്രവേശിച്ചുകൊള്ളുക...'' അഞ്ച് നേരം മുറപോലെ നിസ്‌കരിക്കുകയും, റമളാന്‍ മാസം കൃത്യമായി നോമ്പനുഷ്ഠിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്യുന്ന സ്ത്രീയോട് നാളെ പരലോകത്തുവെച്ച് പറയപ്പെടുന്ന വാക്കുകളാണിത്. ഈ ലോകത്തുവെച്ച് പലതും ക്ഷമിക്കുകയും വിഷമങ്ങളില്‍ സഹനം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പരലോകത്തുവെച്ച് കിട്ടുന്ന ഉന്നതമായ പദവിയെ സംബന്ധിച്ചാണ് മേല്‍ സൂചിപ്പിച്ചത്. നന്നായാല്‍ ഉത്കൃഷ്ടപദവിയിലെത്താനും, മോശമായാല്‍ അങ്ങേയറ്റം അധഃപതിക്കാനും സാധ്യതയുള്ള ഒരു വിഭാഗമാണ് സ്ത്രീ സമൂഹം.

മിഅ്‌റാജിന്റെ രാത്രി നരകത്തില്‍ കാണപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവര്‍ കഠിന ശിക്ഷകള്‍ക്ക് വിധേയമാക്കപ്പെട്ടവരാണെന്നും നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശിക്ഷയുടെ കാരണങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഓരോ വിഭാഗത്തിന്റെ തെറ്റുകളും ഇന്നതിന്നതായിരുന്നുവെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊടുക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ തലയും മാറിടവും മറയ്ക്കാത്ത സ്ത്രീകളെ സംബന്ധിച്ച് നബി(സ) തങ്ങള്‍ വിവരിക്കുകയുണ്ടായി- ഏറ്റവും വേദനാജനകമായ ശിക്ഷയാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

നിങ്ങള്‍ ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സ്ത്രീകളെപ്പോലെ നഗ്നത വെളിവാക്കുകയും സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യാന്‍ പാടില്ല. ശരീരമാസകലം മൂടുന്ന മൂടുവസ്ത്രമാണ് ധരിക്കേണ്ടത്- വിശ്വാസികളായ സ്ത്രീകളോട് അല്ലാഹുവിന്റെ കല്‍പനയാണിത്. നിങ്ങള്‍ സ്വന്തം സൗന്ദര്യം പ്രദര്‍ശിപ്പിക്കേണ്ടത് കിടപ്പറയില്‍ ഭര്‍ത്താവിന്റെ മുമ്പില്‍ മാത്രം. സൗന്ദര്യവര്‍ദ്ധിനികളായ സുഗന്ധം, മൈലാഞ്ചി തുടങ്ങിയവ അനുവദിക്കപ്പെട്ടതും അവിടത്തന്നെ. വളരെ കണിശമായ നിയമം തന്നെയാണിത്.

നിര്‍ഭാഗ്യമെന്നുപറയാം, ഇന്നത്തെ സ്ത്രീസമൂഹം വസ്ത്രധാരണയുടെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ വളരെ ദയനീയമാണ്. സാരിയും ബ്ലൗസുമാണ് വേഷമെങ്കില്‍ തലമറയ്ക്കുന്നതിലും ശറഇന്റെ വിധിക്കൊത്ത് ബ്ലൗസ് ധരിക്കുന്നതിലും പൂര്‍ണ്ണമായ അപാകതയാണ് സംഭവിക്കുന്നത്. ഇന്നത്തെ സമ്പ്രദായമനുസരിച്ചുള്ള വേഷം പര്‍ദ്ദയും മക്കനയുമാണെങ്കില്‍ത്തന്നെ അത് ശ്രദ്ധാപൂര്‍വ്വം ധരിക്കുന്നവര്‍ വളരെ കുറവാണ്. ഒരു ഫാഷന്‍ സമ്പ്രദായം മാത്രമായി അത് കണക്കാക്കുകയും  നടക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും പാറിപ്പറന്ന് അടിവസ്ത്രങ്ങള്‍പോലും പുറത്ത് കാണുകയും ചെയ്യുകയാണെങ്കില്‍ എന്തിനീ മൂടുവസ്ത്രം?

നാം ആഗ്രഹിക്കുന്ന പല ഫാഷനുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിനയും നാശവുമാണ്. നമ്മുടെ വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, മറ്റു നിത്യോപയോഗവസ്തുക്കള്‍ എന്നിവയിലൊക്കെ ഏറ്റവും ആധുനികതയും വിലപിടിപ്പുമാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്, അവനവന്റെ കഴിവും പ്രതാപവുമനുസരിച്ച് അതിന്നൊന്നും വിരോധവുമില്ല. നമ്മുടെ സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളും അനുകൂലമായിരിക്കണം. അനര്‍ഹമായത് കൊതിക്കുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത വിപത്തുകള്‍ നമ്മെ പിന്‍തുടര്‍ന്നേക്കാം. കടംവാങ്ങി അണിഞ്ഞ സ്വര്‍ണ്ണാഭരണം കല്യാണവീടുകളില്‍വെച്ച് മോഷണംപോകുന്നതും വാടകക്കെടുത്ത് ചെത്താന്‍പോയ വാഹനം പോലീസിന്റെ പിടിയിലാവുന്നതുമൊക്കെ നിത്യസംഭവങ്ങള്‍ മാത്രം.

സര്‍വ്വോപരി നമുക്കിഷ്ടപ്പെട്ട വസ്തുക്കള്‍ തെരഞ്ഞെടുത്ത് വാങ്ങാന്‍ കടയിലും അങ്ങാടിയിലും പോകാന്‍ സ്ത്രീകള്‍ സ്വയം നിര്‍ബന്ധിതരാവുകയോ, പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നു. വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ് സ്ത്രീ സമൂഹം. വീടാണ് അവളുടെ ഭരണരംഗം. കുട്ടികളും ഭര്‍ത്താവുമാണ് അവളുടെ പ്രജകള്‍. ഒരു സ്ത്രീ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കുകയും, അവളിലേക്ക് ആകര്‍ഷിക്കപ്പെടുംവിധം ആടിക്കുഴഞ്ഞ് നടക്കുകയും ചെയ്താല്‍ അവള്‍ക്കാണ് നാശം. ഭൂമുഖത്തുള്ള സര്‍വ്വവും വെള്ളത്തിലുള്ള മത്സ്യങ്ങളും അന്തരീക്ഷത്തിലുള്ള പറവകളും അവളെ ശപിച്ചുകൊണ്ടിരിക്കും. ഒരു സ്ത്രീയുടെ പിന്നാലെ നടക്കുന്നതില്‍ ഭേദം ഹിംസ്രജന്തുക്കളായ കരടി, സിംഹം മുതലായവയുടെ പിന്നാലെ നടക്കുന്നതാണ് എന്ന് സൂചിപ്പിക്കുന്ന നബിവചനം വളരെ ശ്രദ്ധേയമാണ്. ഒരു ഫേഷനുവേണ്ടി മാത്രമാണ് ഇത്രയും ഭീകരമായ ഒരവസ്ഥയിലേക്ക് നാം വീഴ്ത്തപ്പെടുന്നത്.

പുറത്തിറങ്ങി നടക്കുന്ന സ്ത്രീകള്‍ക്ക് പുറം ലോകത്തിന്റെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരേണ്ടിവരും. അവപലതും മതനിയമങ്ങള്‍ക്കെതിരും മതമൂല്യങ്ങളെ നശിപ്പിക്കുന്നവയുമായിരിക്കും. സദ്‌വൃത്തകളായ സ്ത്രീകളോട് കണ്ണുകള്‍ ചിമ്മാനും ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കാനും കല്‍പിക്കുക. അതവരെ പരിശുദ്ധകളാക്കിത്തീര്‍ക്കും എന്ന ഖുര്‍ആന്‍ വാക്യം പൂര്‍ണ്ണമായി നടപ്പിലാക്കേണ്ടവരാണ് നാം. ഉത്തമ സ്ത്രീ ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ പരപുരുഷന്മാര്‍ അവളെയും അവള്‍ പരപുരുഷന്മാരെയും നോക്കാത്തവളാണ് എന്നായിരുന്നു പ്രതിവചനം.

ഒരു സ്ത്രീ അന്യപുരുഷന്മാരെ കണ്‍നിറയെ കാണുകയും അതില്‍നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടുപോവുകയും ചെയ്താല്‍ അവള്‍ വലിയ വിപത്തുകളെയും അസഹ്യമായ ശിക്ഷകളെയും നേരിടേണ്ടി വരും. ഇത്തരം കാര്യങ്ങള്‍ സൂക്ഷിച്ചുജീവിക്കാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍വെച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ ജോലികള്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്.

നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പുറത്ത് പോകേണ്ടിവന്നാല്‍ തന്നെ താഴ്ന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടും, വളരെ അടങ്ങി ഒതുങ്ങി താന്‍ ആര്‍ക്കും, തനിക്ക് മറ്റാരും വിഷമങ്ങള്‍ സൃഷ്ടിക്കരുതെന്ന കരുതലോടെയുമായിരിക്കണം യാത്ര. സംസാരവും അങ്ങനെത്തന്നെ. മതനിയമങ്ങള്‍ക്കെതിരല്ലാത്ത അലങ്കാരങ്ങളും ഫാഷനുകളും മാത്രമേ സ്ത്രീകള്‍ സ്വീകരിക്കാവൂ. എങ്കില്‍ സ്വയം നന്നാവുകയും മറ്റുള്ളവരെ നന്നാക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ നാം ഉള്‍പ്പെടും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter