ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം മൂന്ന്)

3. രാജ്ഞിയായി കൊട്ടാരത്തില്‍

ആസിയ തന്റേടവും ചുറുചുറുക്കുമുള്ള പെണ്ണായിരുന്നു. ചെറുപ്പകാലംമുതല്‍തന്നെ ഏക ദൈവത്തെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. സമൂഹത്തിന്റെ വഴിപിഴച്ച ചിന്തകളിലേക്കോ പൂജാദി കര്‍മങ്ങളിലേക്കോ വഴുതിപ്പോയിരുന്നില്ല. എപ്പോഴും പൂര്‍ണമായ ദൈവബോധം അവരെ നിയന്ത്രിച്ചു. ഏകനായൊരു രക്ഷിതാവ് എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. 

സമൂഹത്തില്‍ ഈ ചിന്തയുമായി കഴിഞ്ഞുകൂടിയിരുന്ന ഒറ്റപ്പെട്ട ആളുകളെ അവര്‍ സ്‌നേഹിച്ചു. അവരോടൊപ്പം തന്റെ മനസ്സിനെ ഏകാഗ്രമാക്കി. 

എന്തിനെയും അതിജയിക്കാനും മറികടക്കാനുമുള്ള ഒരു പക്വത മഹതി തന്റെ ജീവിതത്തില്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു.

ഇനി വിവാഹാനന്തരം എന്തുതന്നെ സംഭവിച്ചാലും ഈ ജീവിത വിശുദ്ധിയും ഹൃദയ സൗന്ദര്യവും നിലനിര്‍ത്തിയേ തീരൂ... മഹതി പ്രതിജ്ഞയെടുത്തു. ധിക്കാരിയായ ഒരു മനുഷ്യനു കീഴിലെ വിവാഹ ജീവിതത്തിനു മനസ്സിനെ പരുവപ്പെടുത്തി. 

സംഭവങ്ങളെല്ലാം തീരുമാനിച്ചപോലെത്തന്നെ നടന്നു. 

മുസാഹിമിന്റെ മകള്‍ ആസിയ ഫിര്‍ഔന്റെ ഭാര്യയായി. ഈജിപ്തിലെ ഏറ്റവും വലിയ ധിക്കാരിക്ക് ഏറ്റവും വലിയ സച്ചരിത ഭാര്യയാവുന്നു. 

പുതിയ അനുഭവങ്ങള്‍... പുതിയ പാഠങ്ങള്‍...

മഹതിയുടെ ജീവിതം കൊട്ടാരങ്ങളിലേക്കു മാറി... ഇനി കണ്ണഞ്ചിപ്പിക്കുന്ന ആ രമ്യഹര്‍മങ്ങളിലാണ് അവരുടെ താമസം. ഒരാള്‍ക്കു ലഭ്യമാകുന്നതില്‍വെച്ച് ഏറ്റവും സുഖ സൗകര്യങ്ങളോടുകൂടിയ സുഖവാസ കേന്ദ്രങ്ങള്‍... പരിചരിക്കാനും ആവശ്യങ്ങള്‍ നിര്‍വഹിച്ചുനല്‍കാനും എണ്ണമറ്റ പരിചാരകര്‍... മേത്തരം ഭക്ഷണങ്ങള്‍... സ്വന്തമായി ചെയ്തു തീര്‍ക്കേണ്ട യാതൊരു ജോലിയുമില്ല. എല്ലാറ്റിനുമുണ്ട് അനവധി സഹായികള്‍...

ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ സാക്ഷാല്‍ രാജ്ഞി തന്നെ! ഭൗതിക പറുദീസയില്‍ ആറാടി ഉല്ലസിക്കേണ്ട രാജ്ഞി!!

പക്ഷെ, കാര്യങ്ങള്‍ മറിച്ചായിരുന്നു. ആ മാതൃകാവതിയായ മഹതിയുടെ മനസ്സ് ഇതിനൊന്നും വഴങ്ങുന്നതായിരുന്നില്ല. അവയുടെ വശ്യതയിലും മനോഹാര്യതയിലും ലയിച്ചുപോയതുമില്ല. നിര്‍ബന്ധിതയായി എത്തിപ്പെട്ടതുകൊണ്ടുമാത്രം അതിനെല്ലാം സാക്ഷിയായി ജീവിച്ചു. ഒരു രാജ്ഞിക്കു ലഭിക്കുന്ന സര്‍വ്വ സുഖ സൗകര്യങ്ങളോടുംകൂടെ. 

ആ മനസ്സ് എപ്പോഴും ഏക ചക്രാധിപതിയായ തമ്പുരാനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഭൗതികമായ സുഖാഡമ്പരങ്ങളും ആസ്വാദനങ്ങളും അവരെ ഏശിയതേയില്ല. ഫിര്‍ഔന്റെ കൊട്ടാരങ്ങളുടെ ഉള്ളിന്റെയുള്ളില്‍ അവര്‍ അല്ലാഹുവിനെ ആരാധിക്കാന്‍ സമയം കണ്ടെത്തി. 

ഒരാള്‍ക്കും പ്രയാസവും ബുദ്ധിമുട്ടും വരാതെ, ആരാരുമറിയാതെ മഹതി അത് തുടര്‍ന്നുകൊണ്ടിരുന്നു. ഫിര്‍ഔന്‍ പോലും ഇത് അറിഞ്ഞതേയില്ല. 

കാലം മെല്ലെ മെല്ലെ കടന്നുപോയി.

കൊട്ടാരത്തിലെ ഭൗതിക സുഖങ്ങളുടെ ആധിക്യത്തിനിടയിലും മഹതി തന്റെ ആത്മീയ നിര്‍വൃതിക്കു സമയം കണ്ടെത്തി. അതിന്റെതായ ആഹ്ലാദവും സന്തോഷവുമായി മുന്നോട്ടു നീങ്ങി.

ഫിര്‍ഔന്റെ അവസ്ഥ പക്ഷെ, നേര്‍ വിപരീതമായിരുന്നു. 

സൗന്ദര്യവും വശ്യതയും കണ്ടാണ് അയാള്‍ ആസിയ ബീവിയെ വിവാഹം ചെയ്തത്. അവരുമായി സുഖിച്ച്, ആനന്ദിച്ച് ബാക്കി ജീവിതം കഴിച്ചുകൂട്ടണമെന്നായിരുന്നു അയാളുടെ സ്വപ്നം. 

പക്ഷെ, വിവാഹം കഴിഞ്ഞ് ആണ്ടുകള്‍ കഴിഞ്ഞിട്ടും അതിന് അവസരമുണ്ടായില്ല. 

മഹതിയെ നോക്കി നില്‍ക്കുമ്പോള്‍ ഫിര്‍ഔന് വല്ലാത്ത ആഗ്രഹമുണ്ടാകും. കുറേ നേരം മധുര മൊഴികളുമായി കുശലം പറഞ്ഞിരിക്കും. ആ സൗന്ദര്യത്തിന്റെ വശ്യതയില്‍ ലയിച്ച് മതിമറന്നുപോകും.

പക്ഷെ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ പൂവല്‍ മേനി സ്പര്‍ശിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. വല്ലാത്ത കൊതിയുമായി അവരെ വാരിപ്പുണരാന്‍ അടുത്തെത്തുമ്പോഴേക്കും ശരീരം ക്ഷീണിച്ചുപോകും. ഒരടി മുന്നോട്ടു വെക്കാനാവാതെ കാലുകള്‍ മരവിച്ചുപോകും. പിന്നീട് സാധാരണാവസ്ഥ പ്രാപിക്കാന്‍ സമയമെടുക്കും.

ഇതായിരുന്നു പതിവ്. ആ സംസാരത്തിന്റെയും പുഞ്ചിരിയുടെയും മധുരിമയില്‍ ലയിച്ച് പല തവണ എല്ലാം മറന്ന് മുന്നോട്ടാഞ്ഞിട്ടുണ്ട്. പക്ഷെ, ഒരു തവണ പോലും അവരുമായി രാത്രി പങ്കിടാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.

വല്ലാത്തൊരു അവസ്ഥയായിരുന്നു ഇത്. 

ധിക്കാരിയായ ഫിര്‍ഔന്റെ നികൃഷ്ടമായ ലീല ക്രീഡകളില്‍നിന്നും അല്ലാഹു സച്ചരിതയായ മഹതിയെ രക്ഷിക്കുകയായിരുന്നു. 

എങ്കിലും മഹതിയെ ഒരു നിമിഷം അകറ്റി നിര്‍ത്താന്‍ ഫിര്‍ഔന് സാധിച്ചില്ല. ആ കാഴ്ച തന്നെ ആനന്ദത്തിനു അയാള്‍ക്കു എത്രയോ മതിയായതായിരുന്നു. അതിന്റെ പാരമ്യത കൈവന്നില്ലെങ്കിലും...

ഫിര്‍ഔന്‍ ആസിയ ബീവിയെ അതിരറ്റ് സ്‌നേഹിച്ചു. അവര്‍ പറയുന്നതെല്ലാം സാധിച്ചുനല്‍കി. അവരെ ഒരു നിലക്കും വ്യസനിപ്പിക്കുകയോ വേതനിപ്പിക്കുകയോ ചെയ്തില്ല. 

ദിന രാത്രങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. 

അങ്ങനെയിരിക്കെ, ഒരു ദിവസം ഫിര്‍ഔന് ഒരു സ്വപ്നമുണ്ടായി. ഏറെ പേടിപ്പെടുത്തുന്നതായിരുന്നു സ്വപ്നം:

'ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗത്തുനിന്നും ഒരു അഗ്നി ഗോളം   ഈജിപ്തിനു നേരെ കടന്നുവരികയും അതിനെ കത്തിച്ചാമ്പലാക്കുകയും ചെയ്യുന്നു. അവിടത്തെ അന്തേവാസികളായ ഖിബ്ഥികള്‍ ഒന്നടങ്കം ചത്തുപോകുന്നു. ബനൂ ഇസ്‌റാഈല്യര്‍ മാത്രം ബാക്കിയാവുന്നു.' ഇതായിരുന്നു സ്വപ്നം.

ഫിര്‍ഔന്‍ ഉറക്കില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു. ഇതിലെന്തോ പന്തികേടുള്ളപോലെ അയാള്‍ക്കു തോന്നി. താന്‍ ഈ നാടിന്റെ മൊത്തം അധിപനായിരിക്കെ എന്താണ് ഇങ്ങനെയൊരു സ്വപ്നം? അയാള്‍ ആകെ വ്യാകുലചിത്തനായി. 

പിന്നെ, കാത്തുനിന്നില്ല. പ്രഭാതം പൊട്ടിവിടര്‍ന്നപ്പോഴേക്കും നാട്ടിലെ പ്രമുഖരായ സ്വപ്ന വ്യാഖ്യാതാക്കളെയെല്ലാം വിളിച്ചുവരുത്തി. താന്‍ കണ്ട സ്വപ്നത്തിന്റെ വിശദീകരണം ആരാഞ്ഞു. 

ഫിര്‍ഔനെ ഏറെ പരിഭ്രാന്തനാക്കുന്നതായിരുന്നു അവരുടെ മറുപടി.

'താങ്കളുടെ ഭരണത്തിന്റെ അന്ത്യത്തിലേക്കാണ് ഇത് സൂചിപ്പിക്കുന്നത്. ബനൂ ഇസ്‌റാഈലില്‍ ഒരു ആണ്‍ കുഞ്ഞ് പിറക്കും. അവന്‍ കാരണമായി ഈജിപ്തില്‍ അങ്ങയുടെ ഭരണാധികാരം നഷ്ടമാവും. അങ്ങനെ, ബനൂ ഇസ്‌റാഈല്യര്‍ ഖിബ്ഥികള്‍ക്കുമേല്‍ ആധിപത്യം നേടും.' അവര്‍ വിശദീകരിച്ചു.

ഫിര്‍ഔന്‍ പൊട്ടിത്തെറിച്ചു. അയാള്‍ക്കു ഈ വാര്‍ത്ത ഒട്ടും സഹിക്കാനായില്ല. വല്ലാത്ത ഈര്‍ഷ്യതയും അതോടൊപ്പം സങ്കടവും ഭയവും. കോപം അടക്കി നില്‍ത്താനാവാതെ അയാള്‍ കിടന്ന് വിറച്ചു. തന്റെ രാജാധിപത്യത്തെ വെല്ലുവിളിക്കുന്ന ഒരാള്‍ ഈ ഈജിപ്തിന്റെ മണ്ണില്‍ ജനിക്കുകയോ? ഇവിടെ എന്റെ ആധിപത്യം നഷ്ടപ്പെടുകയോ? അത് ഉണ്ടാവാന്‍ പോകുന്നില്ല! അയാള്‍ അഹങ്കാരത്തിന്റെ ഹുങ്കില്‍ ശപഥം ചെയ്തു. 

'ഇനി രംഗത്തിറങ്ങുക തന്നെ. ഒട്ടും വൈകിക്കരുത്. ഈ നാട്ടിലെ ബനൂ ഇസ്‌റാഈലികളെ പാഠം പഠിപ്പിക്കണം. ജനിക്കാന്‍ പോകുന്ന ഓരോ ആണ്‍ കുട്ടിയെയും വധിച്ചുകളയണം. തന്റെ അധികാരവും ഭരണവും സുരക്ഷിതമായി നിര്‍ത്താന്‍ ഇനി അതേ വഴിയുള്ളൂ.' അയാള്‍ തീരുമാനിച്ചു. 

പിന്നീട്, നടപടികളെല്ലാം വേഗത്തിലായിരുന്നു.

ആയുധ വിഭൂഷിതരായ സൈന്യങ്ങള്‍ നാടിന്റെ നാനാ ഭാഗങ്ങളിലേക്കും അയക്കപ്പെട്ടു. ബനൂ ഇസ്‌റാഈല്യരില്‍ ആര്‍ക്കെങ്കിലും ആണ്‍കുഞ്ഞ് പിറക്കുന്ന പക്ഷം ഉടനടി കൊന്നു കളയണം... അതായിരുന്നു അവര്‍ക്കു നല്‍കിയ നിര്‍ദ്ദേശം. 

സൈന്യം നാലുപാടും ചിതറിയോടി. ഈജിപ്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഓരോ വീട്ടിലും കയറിയിറങ്ങി. ഗര്‍ഭിണികളെയും മാതാക്കളെയും കണ്ടുപിടിച്ച് നോട്ട് ചെയ്തു.

അമ്മിഞ്ഞപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ ഉമ്മമാരുടെ മാറിടത്തില്‍നിന്നും വലിച്ചിട്ട് കഴുത്ത് വെട്ടി. ഒലിക്കാന്‍പോലും രക്തമില്ലാത്ത ആ കൈക്കുഞ്ഞുങ്ങള്‍ രക്തത്തില്‍ കിടന്ന് പിടക്കുന്നത് കണ്ട് പാവം ഉമ്മമാരുടെ ഹൃദയം പിടപിടച്ചു. പലര്‍ക്കും ആദ്യത്തെ കണ്‍മണിയായിരുന്നു. ചിലര്‍ക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞ്... എല്ലാം നിമിഷാര്‍ദ്ധങ്ങള്‍ക്കിടയില്‍ ശവങ്ങളായി.

ആയിരക്കണക്കിന് പിഞ്ചു പൈതങ്ങളാണ് ഈജിപ്തിന്റെ തെരുവോരങ്ങളില്‍ ഈയൊരു ക്രൂരകൃത്യത്തിനു ഇരയായത്. 

ഫിര്‍ഔന്റെ ഹുങ്കിന്റെ മുമ്പില്‍ താങ്ങും തണലുമില്ലാതെ ബനൂ ഇസ്‌റാഈല്യര്‍ കിടന്നു പുളഞ്ഞു. ഒരു ആണ്‍കുഞ്ഞ് വളര്‍ന്നു കാണാന്‍ അവസരമില്ലാത്ത നിയോഗം. ഉമ്മമാരും പെണ്‍കുട്ടികളും വാവിട്ടു കരഞ്ഞു. നൊന്തുപെറ്റ പൈതങ്ങളെ വെട്ടിമുറിക്കുന്നത് അവര്‍ക്ക് മരണ സമാനമായിരുന്നു.

വേദന കടിച്ചമര്‍ത്താനാവാതെ അവര്‍ കണ്ണില്‍ ചോരയില്ലാത്ത  ഫിര്‍ഔനെതിരെ പരമ കാരുണികനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അവിടെ അവന്‍ മാത്രമേ അവര്‍ക്ക് ആശ്രയമായിട്ട് ഉണ്ടായിരുന്നുള്ളൂ. 

കൊട്ടാരത്തിലിരുന്ന ആസിയ ബീവി ഇതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരുനിലക്കും തന്റെ ഭര്‍ത്താവിന്റെ ഈ കൊടും ക്രൂരതകളെ പിന്താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ, എന്തു ചെയ്യാന്‍? എങ്ങനെ അതിനെതിരെ പ്രതികരിക്കും? ചക്രവര്‍ത്തിയല്ലേ? ഈജിപ്തിന്റെ പരമ ചക്രവര്‍ത്തി?

അവര്‍ തന്റെ ഊഴം വരാന്‍ കാത്തിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി. എല്ലാം സഹിച്ചു. യാതൊരു സ്വസ്ഥതയുമില്ലാതെ, തകര്‍ന്ന മനസ്സുമായി  കൊട്ടാരത്തില്‍ കഴിഞ്ഞുകൂടി. 

പരമ കാരുണികനെക്കുറിച്ച ഓര്‍മകള്‍ തന്നെയായിരുന്നു അവിടെ അവര്‍ക്ക് ഏക ശമനമായി ഉണ്ടായിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter