സഈദുബ്‍നു സൈദുബ്‍നു അംറ് (റ)

അകലെ കുന്നിന്‍മുകളില്‍നിന്ന്‌ മക്കക്കാരുടെ ഘോഷയാത്ര വീക്ഷിക്കുകയായിരുന്നു സൈദുബ്നു അംറുബ്‍നു നുഫൈല്‍. തിളക്കമാര്‍ന്ന വസ്‌ത്രങ്ങളും ബലിമൃഗങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര കഅ്‌ബക്കു നേരെയാണ്‌. തങ്ങളുടെ ഇഷ്ട ദൈവങ്ങള്‍ക്ക്‌ ബലിയുമായി നീങ്ങുന്ന പൗര പ്രമുഖ‍ര്‍ മുന്നില്‍ തന്നെയുണ്ട്‌. മക്കക്കാരുടെ ഈ വിഡ്‌ഢിത്തം കണ്ട് സൈദ് വിളിച്ചു പറഞ്ഞു: എന്റെ സമൂഹമേ, ആടിനെ സൃഷ്ടിച്ചത്‌ അല്ലാഹുവാണ്.

അതിന്റെ ദാഹം തീര്‍ക്കാ‍ന്‍‍‍ ആകാശത്തു നിന്ന്‌ മഴ വര്‍ഷിപ്പിക്കുന്നതും ഭൂമിയില്‍ നിന്ന്‌ പുല്ലു മുളപ്പിക്കുന്നതും അവനാണ്‌. എന്നിട്ടും വേറെ പലരുടെയും പേരിലാണല്ലോ നിങ്ങളതിനെ ബലി നല്‍കുന്നത്‌. നിങ്ങ‍ള്‍‍ വലിയ വിവരക്കേടാണ്‌ ചെയ്യുന്നത്‌. ഇതു കേട്ടു നിന്ന അദ്ദേഹത്തിന്‍റെ അമ്മാവനായ ഖത്താബിന്‌ ദേഷ്യം അടക്കാനായില്ല. ഓടി വന്ന് അദ്ദേഹത്തിന്‍റെ മുഖത്തിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു: നിനക്ക്‌ നാശം! കുറെ കാലമായി നിന്റെയീ സംസാരം ഞങ്ങള്‍ കേള്‍ക്കുന്നു. ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. തുടര്‍ന്ന്‌ സമൂഹത്തിലെ നെറികെട്ട ഒരു വിഭാഗം ആളുകളെ കൊണ്ട്‌ സഈദിനെ ഉപദ്രവിച്ചു. മര്‍ദ്ദനം അസഹ്യമായപ്പോള്‍ മക്ക വിട്ട്‌ ഹിറാപര്‍വതത്തില്‍ അഭയം തേടേണ്ടി വന്നു. രഹസ്യമായി മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയായി.

ഈ സംഭവത്തെ തുടര്‍ന്ന് സൈദ് ബ്നു അംറു ബ്‌നു നുഫൈല്‍, വറഖതു ബ്‌നു നൗഫല്‍, അബ്ദുല്ലാഹിബ്‌നു ജഹ്‌ശ്, ഉസ്‌മാനുബ്‌നു ഹാരിസ്,  ഉമൈമ ബിന്‍ത്‌ അബ്ദുല്‍മുത്തലിബ് തുടങ്ങിയവര്‍ അറബികള്‍ അകപ്പെട്ട മഹാവിപത്തിനെ കുറിച്ച്‌ചര്‍ച്ച ചെയ്യാനായി ഒത്തുചേര്‍ന്നു. സൈദ് പറഞ്ഞു തുടങ്ങി: ഒരു അടിസ്ഥാനവുമില്ലാത്ത കാര്യത്തിന്റെ പിറകെയാണ്‌ സമൂഹത്തിന്‍റെ സഞ്ചാരം. ഇബ്‌റാഹീമീ മാര്‍ഗത്തില്‍ നിന്ന്‌ നമ്മളൊരുപാട്‌ മാറിപ്പോയിരിക്കുന്നു. നമ്മെ സംസ്‌കാര സമ്പന്നരാക്കുന്ന സത്യത്തെ ഓരോരുത്തരും അന്വേഷിച്ച്‌കണ്ടെത്തുക. വിജയമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത്‌ അതാണ്‌. ഒട്ടും താമസിയാതെ തന്നെ പലരും പലവഴിക്കായി അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചു. ശരിയായ യഹുദ മതം കണ്ടെത്താന്‍ ജൂത-ക്രിസ്ത്യാനികള്‍ക്കിടയിലെ പണ്ഡിതരെ നേരില്‍ കണ്ടു. ചൂടുപിടിച്ച അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ വറഖത്‌ബ്‌നു നൗഫല്‍ ക്രിസ്‌തു മതം സ്വീകരിച്ചു. അബ്ദുല്ലാഹിബ്‌നു ജഹ്‌ശിനും ഉസ്‌മാനുബ്‌നു ഹാരിസിനും ഒന്നും കണ്ടെത്താനായില്ല.

സംഭവബഹുലമായിരുന്നു സൈദിന്റെ അന്വേഷണം. അദ്ദേഹം പറയുന്നു: യഹൂദ മതത്തെ കുറിച്ചും ക്രിസ്‌തു മതത്തെ കുറിച്ചും ഞാന്‍ അന്വേഷിച്ച് മനസ്സിലാക്കി. അവയൊന്നും തൃപ്‌തികരമായിരുന്നില്ല. അതിനിടെ, ശാമില്‍ വേദഗ്രന്ഥങ്ങളെ കുറിച്ച്‌പാണ്ഡിത്യമുള്ള ഒരാളുണ്ടെന്നറിഞ്ഞ്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പണ്ഡിതന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഇന്ന്‌ ഒരിടത്തും കണ്ടെത്താനാവാത്ത മതത്തെ കുറിച്ചാണോ താങ്കള്‍ അന്വേഷിക്കുന്നത്‌? ആ മതത്തെ നവീകരിക്കാന്‍ നിന്റെ സമൂഹ്‌ത്തില്‍ നിന്നു തന്നെ അല്ലാഹു ഒരു ദൂതനെ നിയോഗിക്കും. അതിനാല്‍ കാത്തിരുന്നു കൊള്ളുക. വാഗ്‌ദത്തം ചെയ്യപ്പെട്ട പ്രവാചകനെ കണ്ടെത്താനുള്ള ആവേശത്താല്‍ അന്വേഷണം അവസാനിപ്പിച്ച്‌ സൈദ് ഉടനടി മക്കയിലേക്ക്‌ തിരിച്ചു. ശാമില്‍ നിന്ന് മക്കയിലേക്ക് സൈദ് യാത്ര ചെയ്തുകൊണ്ടിരിക്കവെയാണ് തിരുനബി(സ്വ) മക്കയില്‍ നിയോഗിതനാവുന്നത്. പക്ഷേ, അവിടത്തെ സന്നിധിയിലെത്താന്‍ സൈദിന്‌ ഭാഗ്യമുണ്ടായില്ല. യാത്രാമധ്യേ, ഒരു ഒരു സംഘം അക്രമികള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ച് കൊലപ്പെടുത്തി. അന്ത്യ ശ്വാസം വലിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പ്രാര്‍ഥിച്ചു: അല്ലാഹുവെ, ഈ മഹത്തായ അനുഗ്രഹം എനിക്ക്‌ നീ നിഷേധിച്ചു. ഇത്‌ ലഭിക്കുന്നതില്‍നിന്നും എന്റെ മകന്‍ സഈദിനെ നീ തടയരുതേ. പിതാവിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പ്രബോധന ദൗത്യവുമായി പ്രവാചകന്‍(സ്വ) മുന്നിട്ടിറങ്ങിയ അതേ സമയത്തു തന്നെ സത്യമതം സ്വീകരിക്കാനും പ്രവാചകനെ അംഗീകരിക്കാനും സഈദ്‌ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഖുറൈശികളുടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളോട്‌ പണ്ടു മുതലെ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കുകയും സത്യാന്വേഷണത്തിനിടെ രക്തസാക്ഷിത്വം വരിച്ച പിതാവിന്‍റെ തണലില്‍ വളരുകയും ചെയ്ത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമായിരുന്നില്ല.

ഇരുപത് വയസ്സാവുന്നതിന് മുമ്പായിരുന്നു സഈദിന്‍റെ ഇസ്‍ലാമികാശ്ലേഷണം. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ഒരാള്‍ സഈദുബ്നു സൈദാണെന്ന കാര്യം മാത്രം മതി അദ്ദേഹത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍. ഇസ്‌ലാമിക പ്രവേശത്തിന് സഈദ്(റ) തനിച്ചായിരുന്നില്ല. ഖത്താബിന്റെ മകളും ഉമറിന്റെ സഹോദരിയുമായ സഹധര്‍മ്മിണി ഫാത്വിമയും കൂടെയുണ്ടായിരുന്നു. ഖുറൈശികള്‍ അഴിച്ചു വിട്ട പീഢനങ്ങള്‍ക്കൊന്നും അവരില്‍ ലവലേശം ചാഞ്ചല്യമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, ഉമറുബ്നുല്‍ ഖത്താബ്(റ) എന്ന മഹാമനീഷിയുടെ ഇസ്‍ലാമികാശ്ലേഷണത്തിന് വഴിയൊരുക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. പ്രവാചകരെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഇറങ്ങിത്തിരിച്ചതായിരുന്നു ഉമര്‍. സഹോദരിയുടെ വീട്ടിലെത്തി വിശുദ്ധ ഖുര്‍ആന്‍ വായിക്കാനിടയായ അദ്ദേഹത്തിന് മാനസാന്തരമുണ്ടായി.  ഇസ്‍ലാമിക ചരിത്രത്തിലെ എക്കാലത്തെയും തിളങ്ങുന്ന അധ്യായമായിരുന്നു ഉമര്‍(റ)വിന്‍റെ ഇസ്‍ലാമാശ്ലേഷം. ബദ്‌റില്‍ ഒഴികെ നബി(സ്വ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും സഈദി(റ)ന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

യുദ്ധ ഭൂമികയില്‍ ധീരമായ പ്രകടനങ്ങളായിരുന്നു അദ്ദേഹം കാഴ്‌ച വെച്ചത്‌. ഡമസ്‌കസ്‌ കീഴടക്കാന്‍ ചരടുവലികള്‍ നടത്തിയത്‌ സഈദ്(റ) ആയിരുന്നു. ഇക്കാരണത്താല്‍ തന്നെ ഡമസ്‌കസിലെ ആദ്യ മുസ്‍ലിം ഭരണാധികാരിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അമവി ഭരണകാലത്ത് മഹാനവര്‍കളുടെ ജീവിതത്തി‍ല്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി.സഈദ്(റ), തന്‍റെ ഭൂമിയുടെ ഒരു ഭാഗം കയ്യേറ്റം ചെയ്ത് സ്വന്തം ഭൂമിയോട് ചേര്‍ത്തതായി ഒരു സ്ത്രീ ആരോപണമുന്നയിച്ചു. ഈ ആരോപണം മദീനയിലും സമീപ പ്രദേശങ്ങളിലും വ്യാപിച്ചത് പെട്ടെന്നായിരുന്നു. വിവരമറിഞ്ഞ മര്‍വാനുബ്നു ഹകം നിജസ്ഥിതി അന്വേഷിച്ചു വരാന്‍ ഒരു ദൂതനെ അയച്ചു. സഈദ്(റ)വിനെ വല്ലാതെ ദുഃഖിപ്പിച്ചു ഈ സംഭവം.

കടുത്ത മനോവിഷമം കാരണം ഇരുകയ്യുകളുമുയര്‍ത്തി അദ്ദേഹം പ്രാര്‍ഥിച്ചു: അല്ലാഹുവേ, സത്യം നീ വിശ്വാസികള്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കേണമേ.. പറഞ്ഞത് കളവാണെങ്കി‍‍ല്‍ അവരുടെ കാഴ്ചയെ നീ ഉയര്‍ത്തുകയും പ്രാര്‌ഥിക്കുന്ന സ്ഥലത്തെ കിണറി‍ല്‍വീഴ്ത്തുകയും ചെയ്യേണമേ. വിചിത്രമായ ഈ പ്രാര്‍ഥന അധികം വൈകാതെ തന്നെ സ്വീകരിക്കപ്പെട്ടു. ദിവസങ്ങള്‍ക്കകം അഖീഖി താഴ്വാരത്തിലെ നീരൊഴുക്ക്‌ പതിവില്‍ കൂടുതലാവുകയും അവര്‍ക്കിടയില്‍ തര്‍ക്കത്തിലായിരുന്ന അതിര്‍ത്തി വെളിപ്പെടുകയും ചെയ്‌തു. ഇതിനിടയില്‍ ആ സ്‌ത്രീ അന്ധയായി മാറുകയും തോട്ടത്തിലൂടെ നടക്കുന്നതിനിടയില്‍ അവിടെയുള്ള  കിണറ്റില്‍ വീഴുകയും ചെയ്‌തു. ഇതില്‍‌ അത്ഭുതപ്പെടാനില്ല. മര്‍ദ്ദിതന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉടനടി ഉത്തരം നല്‌‍കുമെന്നാണല്ലോ. അത് സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടയാളാണെങ്കി‌‍ല്‍ പ്രത്യേകിച്ചും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter