റാബിയ ബൽഖിയും രക്തത്തിൽ കുതിർന്ന സൂഫി കവിതയും

'റാബിയ തന്റെ കണങ്കൈ കീറിമുറിച്ചു. ഒഴുകിവന്ന രക്തം കൊണ്ട് തന്നെ  കിടത്തിയ ഹമാമിന്റെ ചുവരിൽ തന്റെ അവസാന വരിയും കുത്തികുറിച്ചു' കാവ്യാത്മകമായൊരു ചരിത്രാധ്യായത്തിന്റെ അശുഭപര്യവസാനം അഫ്ഗാൻ ജനത തലമുറകളായി കൈമാറിപ്പോന്നു. ആധുനിക അഫ്ഗാനിസ്ഥാന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ബൽഖെന്ന പട്ടണത്തിൽ ജീവിച്ചുപോയ 'റാബിയ ബൽഖി'യെന്ന മധ്യകാല കവയത്രിയുടെ ദാരുണ പ്രണയ കഥ അഫ്ഗാനിൽ ഇന്നും അവിസ്മരണീയമായൊരു ചരിത്ര സംഭവമാണ്. 

അഫ്ഗാൻ കഥകളിൽ ഏറെ ദിവ്യമായ അധ്യായങ്ങളാണ് റാബിയയുടേത്. ആധുനിക ശൈലിയിലുള്ള പേർഷ്യൻ ഭാഷയിലെ രചനകൾക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്നു റാബിയ. ഇസ്‍ലാമിന്റെ കടന്നുവരവിന്‌ ശേഷം രണ്ടു നൂറ്റാണ്ടുകളോളം പിന്നിട്ടു കഴിഞ്ഞ് പത്താം നൂറ്റാണ്ടിലാണ് ആധുനിക പേർഷ്യൻ ഭാഷയുടെ വളർച്ച ബൽഖ് പോലുള്ള പ്രദേശങ്ങളിലുണ്ടാവുന്നത്. 

ബൽഖിലെ അമീറിന്റെ മകളായിരുന്ന റാബിയ അവിടുത്തെ രാജസദസ്സിലെ രാജകുമാരിയും കവയത്രിയുമായിരുന്നു. തന്റെ സഹോദരന്റെ തുർക്കിശ്  അടിമയായിരുന്ന ബക്തശിനോട് പ്രണയം തോന്നിത്തുടങ്ങിയ റാബിയ അയാൾക്ക്‌ വേണ്ടി കവിതകൾ എഴുതിത്തുടങ്ങി. ഇതറിഞ്ഞു കോപം കൊണ്ട  സഹോദരൻ റാബിയയെ ഒരു ഹമ്മാമിലും ബക്തശിനെ ഒരു കിണറ്റിലും കൊണ്ടുപോയി ഉപേക്ഷിച്ചു. 'റാബിയ സ്വയം കൊലപ്പെടുത്തിയത് ബക്തശിനു വേണ്ടിയല്ല, ബക്തശിലൂടെ ദൈവത്തിനോടുള്ള സ്നേഹം പടുത്തുയർത്തുകയായിരുന്നു അവർ' എന്ന് പറഞ്ഞുകൊണ്ടാണ് അഫ്ഗാൻ ഇന്നും ഈ കഥയെ പറഞ്ഞവസാനിപ്പിക്കുന്നത്. 

റാബിയയുടെ പിതാവ് കഅബ്-അൽ-ഖുസ്‌ദരി ഒരു അറേബ്യൻ വംശജനായിരുന്നെങ്കിലും പിന്നീട് ബൽഖിലേക്ക് കുടിയേറുകയായിരുന്നു. സാമാനിദ് രാജവംശത്തിലെ അമീർ നസർ രണ്ടാമന്റെ  രാജസദസ്സിൽ പ്രമുഖനായിരുന്ന അദ്ദേഹം പേർഷ്യൻ കവിതയിലും സാഹിത്യത്തിലും കലകളിലുമെല്ലാം ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം രാജകീയ കവികളുടെ സംഘം രൂപീകരിക്കുകയും അതിൽ വ്യത്യസ്ത പ്രദേശത്തുനിന്നുമുള്ള കവികൾ പങ്കെടുക്കുകയും അവർ രാജസന്നിധിയിൽ കവിതകൾ ആലപിക്കുകയും ചെയ്തു. ഇതെല്ലം കണ്ട് വളർന്ന റാബിയ പല പ്രശസ്ത കവികളുടെയും കവിതകൾ കേൾക്കുകയും അതിൽ അതീവ താല്പര്യം ജനിക്കുകയും ചെയ്തു. അങ്ങനെയാണ് അവര്‍ പേർഷ്യൻ ഭാഷയിൽ തന്റേതായ രീതിയിൽ കവിതകൾ രചിക്കാൻ തുടങ്ങുന്നത്. 

റാബിയയുടെ പിതാവിന്റെ മരണശേഷം സഹോദരൻ ഹാരെസ് അധികാരത്തിലേറി. തന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്ന അദ്ധേഹത്തിന്റെ നയങ്ങൾ മിക്കവാറും സാമൂഹിക വിവേചനങ്ങളിലധിഷ്ഠിതമായിരുന്നു.  ഈ കാലഘട്ടത്തിലാണ് ഹാരെസിന്റെ അടിമയായിരുന്ന ബക്തശുമായി റാബിയ പ്രണയത്തിലാവുന്നത്.  ഹാരെസിൽ നിന്നും ആ ബന്ധത്തെ മറച്ചുവെക്കാൻ റാബിയ ശ്രമിച്ചിരുന്നുവെങ്കിലും സഹോദരൻ ഹാരെസ് തന്റെ പ്രജകൾ വഴി ഈ കാര്യം അറിയാനിടയായി. വാർത്ത കേട്ട് കലിപൂണ്ട ഹാരെസ് റാബിയക്ക് ഏറെ പ്രിയപ്പെട്ട ബക്തഷിനെ ഒരു കിണറ്റിൽ തള്ളുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ ഹാരെസിനോട് ദേഷ്യപ്പെട്ട റാബിയയെ തടവിലാക്കാൻ അദ്ദേഹം ഉത്തരവിറക്കി. അവളെ ഹമ്മാമിന്റെയുള്ളിൽ തടവിലാക്കി വെച്ചു. അവിടെ വെച്ച് റാബിയ തന്റെ കൈയറുക്കുകയും അതിന്റെ രക്തത്താൽ അവസാന വരികൾ ഹമ്മാമിന്റെ ചുവരുകളിൽ കുറിക്കുകയും ചെയ്തു. 

തന്റെ യുവത്വകാലത്തുതന്നെ, ഒരുപറ്റം കവിതകളും ദാരുണമായൊരു പ്രണയ കഥയും ബാക്കിവെച്ച്‌ റാബിയ ഈ ലോകം വെടിഞ്ഞു. അവരുടെ മരണശേഷമാണ് അവർ സ്വകാര്യമായി സൂക്ഷിച്ചിരുന്ന കവിതകൾ പുറത്തു വരുന്നതും പൊതുജനങ്ങൾക്കിടയിൽ അവയ്ക്ക് പ്രസിദ്ധിയാർജ്ജിക്കുന്നതും. റാബിയയുടെ ഓർമ്മക്കായി അഫ്ഗാനികൾ തങ്ങളുടെ മക്കൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം അവരുടെ പേര് നൽകിത്തുടങ്ങി. അവരോടുള്ള ആദരവായി അഫ്ഗാനിലും സിറിയയിലുമെല്ലാം പല സ്മാരകങ്ങളും ഉയർന്നു വന്നു. 'റാബിയ ബൽഖി (1974)' പോലുള്ള സിനിമകളിലൂടെയും മറ്റും അഫ്ഗാനിസ്ഥാന്റെ ദേശീയ സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു റാബിയയുടെ കഥ. മരണപ്പെട്ട് നൂറ്റാണ്ടുകൾക്കിപ്പുറവും അവരുടെ കഥ അഫ്ഗാൻ സംസ്കാരത്തിന്റെ ഭാഗമായി  തുടരുന്നു. 

റാബിയയുടെ കവിതകളുടെ യഥാർത്ഥ രൂപം ഇന്ന് ലഭ്യമല്ല, എന്നിരിക്കെയും അവരുടെ കഥയും അവർ രചിച്ച കവിതകളും പല പേർഷ്യൻ കവികളുടെയും ആവിഷ്കരണങ്ങളിലും തദ്‌കിറകളിലുമായി ഇന്നും നിറഞ്ഞു നിൽക്കുന്നു. 
പ്രമുഖ പുരാതന കവികളിൽ ഒരാളായ മുഹമ്മദ് ഔഫിയുടെ 'ലുബാബ് -അൽ-അൽബാബ് ' ആണ് ആദ്യമായി റാബിയയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം. സൂഫി കവി ഫരീദുദ്ധീൻ അത്താറിന്റെ 'ഇലാഹീ നാമ'യാണ് റാബിയയെക്കുറിച്ച്‌ ഏറ്റവും വ്യക്തമായ വിവരങ്ങൾ നൽകുന്നത്. ഇലാഹീ നാമയിലെ ഒരു അധ്യായത്തിൽ റാബിയയുടെ പ്രണയത്തെ ദിവ്യമായ ഒന്നായി കാണിക്കുന്നുണ്ട്. ബക്തശിലൂടെ ദൈവത്തെ കൂടുതൽ അറിയാനും സ്നേഹിക്കാനുമായിരുന്നു റാബിയയുടെ ശ്രമമെന്നാണ് ഇലാഹീ നാമയില്‍ അദ്ദേഹം വിശദീകരിക്കുന്നത്. പിന്നീട് ഈയൊരു രീതി പല സൂഫി കവികളിലും കാണപ്പെട്ടിരുന്നു. ഈ രീതിയിലുള്ള ദൈവിക പ്രണയത്തിന്റെ തുടക്കക്കാരിയായാണ് പലരും റാബിയയെ കാണുന്നത്. 

പേർഷ്യൻ സൂഫി കവിയായിരുന്ന സഅദ് അബുൽഖൈർ വഴിയാണ് താൻ റാബിയയുടെ പ്രണയം ദൈവികമാണെന്ന അനുമാനത്തിലെത്തിയത് എന്നാണ് അത്താർ വിശദീകരിക്കുന്നത്. ഇസ്‍ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന മഹിളാരത്നം റാബിയത്തുൽ അദവിയ്യയുടെ ജീവിതവുമായി ഏറെ സാമ്യം പുലർത്തുന്നതാണ് റാബിയയുടെ കഥയെന്നും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. 

270 വര്ഷങ്ങൾക്കു ശേഷം പതിനഞ്ചാം നൂറ്റാണ്ടിലെ പേർഷ്യൻ സൂഫി കവി നൂറുദ്ധീൻ അബ്ദുൽ റഹ്‌മാൻ ജാമി 'നഫഹാത്തുൽ ഉൻസ്' എന്ന തന്റെ ഗ്രന്ഥത്തിൽ 'ദുക്തറേ-കഅബ് ' എന്ന പേരിൽ അറിയപ്പെടുന്ന മുപ്പത്തിമൂന്ന് ദിവ്യ സ്ത്രീകളിൽ ഒരാളായി റാബിയ ബൽഖിയെയും എണ്ണിയതായി കാണാം. അത്താറിനെ പിന്തുടർന്നുകൊണ്ട് റാബിയയുടെ പ്രണയത്തെ ദൈവികമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിൽ അതിനെ വ്യക്തമാക്കുന്ന ഒരു ചരിത്രസംഭവത്തിലേക്കുള്ള സൂചന കൂടി നൽകുന്നുണ്ട്. തന്റെ കയ്യിൽ പിടിക്കുന്ന ബക്തശിനെ തട്ടിമാറ്റിക്കൊണ്ട് റാബിയ തന്റെ പ്രണയത്തിന്റെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്നതായി കാണാം. 

റാബിയയുടെ കവിതകൾ അറബിയിലും പേർഷ്യയിലുമായി പല വിഷയങ്ങളിൽ പ്രശസ്തമാണ്. ആധുനിക ശൈലിയിലുള്ള പേർഷ്യൻ കവിതകളുടെ രൂപത്തിന് തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു റാബിയ.  ഇസ്‍ലാമിന് മുമ്പുള്ള രാജാക്കന്മാരെയും മതങ്ങളെയുമെല്ലാം ആധുനിക പേർഷ്യൻ കവികൾ ഉപയോഗിക്കുന്ന രീതിയിൽ റാബിയ ഉപയോഗിച്ചിരുന്നു. അതിനാലാണ് പേർഷ്യൻ സാഹിത്യം പടുത്തുയർത്തുന്നതിൽ  ഒരു പ്രധാന വ്യക്തിത്വമായി റാബിയ ഇന്നും എണ്ണപ്പെടുന്നത്. ജലാലുദ്ധീൻ ബൽഖി (റൂമി) വരുന്നതിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ പേർഷ്യൻ സാഹിത്യത്തിൽ വളരെയധികം സംഭാവനകൾ റാബിയ നൽകിയിരുന്നു. 

ഇരുപതാം നൂറ്റാണ്ടിൽ അഫ്ഗാൻ ദേശീയ വാദികൾ അഫ്ഗാന്റെ ദേശീയതയെയും ചരിത്രത്തെയും കൂടുതൽ പ്രചരിപ്പിക്കാനായി ആധുനിക അഫ്ഗാന്റെ അതിർത്തികൾക്കുള്ളിൽ ജീവിച്ചുപോയ എഴുത്തുകാരുടെയും കവികളുടെയും ചരിത്രത്തിനു കൂടുതൽ പ്രാധാന്യമർഹിക്കുന്ന പഠനം നടത്താനാരംഭിച്ചു. ഇതുമൂലമാണ്‌ അഫ്ഗാനിൽ ആദ്യമായി ഗവെർന്മെന്റിന്റെ ചിലവിൽ ഒരു ചിത്രം (റാബിയയുടെ ജീവചരിത്രം) പുറത്തിറങ്ങുന്നതും അവരുടെ പേരിൽ ഒട്ടനവധി സർവകലാശാലകളും ആശുപത്രികളും ഉടലെടുക്കുന്നതും. മറ്റൊരു തലത്തിൽ,  പേർഷ്യൻ സാഹിത്യത്തിൽ ഏറെ ദാരുണമായൊരു പ്രണയ കഥ കൂടിയായിരുന്നു റാബിയയുടേത്. ലൈല-മജ്‌നൂൻ പോലുള്ള കഥകൾ അവിടെ ഉണ്ടായിരിക്കെയും തലമുറകളായി കൈമാറപ്പെട്ടു പോരുന്ന ഒരു ദുരന്ത കഥയായി ഇന്നും അത് അഫ്ഗാനിൽ ജീവിച്ചു പോരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter