മാവേലി നാടുവാണീടും കാലം... പാടി നടക്കാന്‍ മാത്രം വിധിക്കപ്പെട്ടതോ...

ഖലീഫ ഉമര്‍(റ) വിന്റെ ഭരണ കാലം. ജനങ്ങളുടെ ക്ഷേമ വിവരങ്ങളും അവസ്ഥകളും മനസ്സിലാക്കാനായി കറങ്ങിനടക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ ചന്തയിലൂടെ നടക്കുന്നതിനിടെ വളരെ തടിച്ച നല്ലൊരു ഒട്ടകത്തെ കാണാനിടയായി. ഇത് ആരുടേതാണെന്ന ചോദ്യത്തിന് അങ്ങയുടെ മകന്‌‍ അബ്ദുല്ലായുടേതാണെന്ന് മറുപടി കിട്ടി. ഇത് മാത്രം ഇത്ര തടിയും തൂക്കവുമുള്ളതാവാന്‍ എന്താകും കാരണം എന്ന് ചിന്തിച്ച അദ്ദേഹം കാരണമന്വേഷിച്ചു. കാലികളെ മേക്കാനും അവക്ക് വെള്ളം കൊടുക്കാനുമായി തയ്യാറാക്കപ്പെട്ട പൊതു സ്ഥലത്ത്നിന്ന് തന്നെയാണ് ഇതും തീറ്റ തേടുന്നത്. പക്ഷേ, ഈ ഒട്ടകം വരുമ്പോഴേക്ക് മറ്റുള്ളവരെല്ലാം മാറിക്കൊടുക്കുന്നു. തന്റെ മകന്‍ അബ്ദുല്ലാഹ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണെന്നത് ഉമര്‍(റ)വിന് അറിയാം. അതോടൊപ്പം അമീറിന്റെ മകനാണല്ലോ എന്നത് കൂടി ഒരു ഘടകമായിട്ടുണ്ടാവുമോ എന്നൊരു സംശയം അദ്ദേഹത്തിന് ജനിക്കാതിരുന്നില്ല. ഉടനെ അദ്ദേഹം മകനെ വിളിച്ചുവരുത്തി ഇങ്ങനെ കല്‍പിച്ചു, ഈ ഒട്ടകത്തെ വിറ്റ് നിന്റെ വിഹിതമാണെന്ന് ഉറപ്പുള്ളത് മാത്രം നിനക്കെടുക്കാം. പൊതുസ്ഥലത്ത് നിന്ന് തീറ്റ തേടിയതിലൂടെ അധികമായുണ്ടായ തടിക്കും തൂക്കത്തിനും തുല്യമായ വിഹിതം നീ പൊതുഖജനാവിലേക്ക് അടക്കേണ്ടതാണ്. മകന്‍ അബ്ദുല്ലയും അത് സന്തോഷത്തോടെ സ്വീകരിച്ച് നടപ്പിലാക്കി.

രണ്ട് മൂന്ന് ദിവസമായി, സര്‍ക്കാറിന്റെ ഭക്ഷണം കഴിക്കുന്നവരെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. കേട്ടപാടെ മനസ്സിലേക്ക് ഓടിവന്നത് മേല്‍പറഞ്ഞ സംഭവമായിരുന്നു. പൊതുസ്വത്ത് ഉപയോഗിക്കുന്നിടത്ത്, ഉത്തരവാദിത്തബോധമുള്ളവര്‍ കാണിച്ചിരുന്ന കണിശത എത്രമാത്രമായിരുന്നെന്ന് ഇത് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. യഥാ രാജ തഥാ പ്രജ എന്നതിന് പകരം യഥാ പ്രജ, തഥാ രാജ എന്ന് പറയേണ്ടിവരുന്ന ഇക്കാലത്ത്, ഇത്തരം ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാലും, എത്രയെടുത്താലും കൊതി തീരാത്ത ചിലരെ കാണുമ്പോള്‍, എന്തേ ഇവരൊക്കെ ഇങ്ങനെ എന്ന് തോന്നിപ്പോവാറുമുണ്ട്. ചുരുങ്ങിയ ആയുസ്സ് മാത്രമാണ് നമുക്കിവിടെ ജീവിക്കാനുള്ളത്. ആ കാലം കൊണ്ട് സമൂഹത്തിന് വേണ്ടി കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്ത് നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി പിരിഞ്ഞുപോവണമെന്നായിരിക്കില്ലേ സാമാന്യബോധമുള്ള ആരും ആഗ്രഹിച്ചുപോവുക. നമ്മുടെ രാഷ്ട്രീയനേതാക്കളിലും ഭരണകര്‍ത്താക്കളിലും എന്തേ പലപ്പോഴും ഈ ഒരു സാമാന്യബോധം ഇല്ലാതെ പോവുന്നു എന്നത് അല്‍ഭുതപ്പെടുത്തുന്നു. പലരുടെയും വര്‍ഷങ്ങള്‍ നീണ്ട നിസ്വാര്‍ത്ഥ സേവനങ്ങള്‍ നിഷ്ഫലമാവുന്നത് ഇത്തരം അഴിമതി ആരോപണങ്ങളിലൂടെയാണ്. 
അഴിമതിയുടെ കറ പുരളാത്ത പൊതുപ്രവര്‍ത്തകര്‍ എന്നത് ഇന്നൊരു സാങ്കല്‍പിക കഥാപാത്രമായി മാറിയോ എന്ന് തോന്നിപ്പോവുകയാണ്. ഇത്രമാത്രം പ്രകൃതിവിഭവങ്ങളും അനന്ത സാധ്യതകളും സര്‍വ്വോപരി മാനുഷികവിഭവശേഷിയുമുണ്ടായിട്ടും, സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരും അന്തിയുറങ്ങാന്‍ വീടില്ലാത്തവരും ഇനിയും നമ്മുടെ നാട്ടില്‍ ബാക്കിയാവുന്നതും അത് കൊണ്ട് തന്നെയാണല്ലോ. 
അല്‍പം മുമ്പ്, കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണപ്പെട്ട വിവരം പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരു വാട്സപ്പ് ഗ്രൂപ്പില്‍ വന്ന കമന്റുകള്‍ ഇടക്കിടെ ഓര്‍ത്തുപോവാറുണ്ട്. ഒരാള്‍ പറഞ്ഞു, അദ്ദേഹം നാടിന് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഉടനെ മറ്റൊരാളുടെ കമന്റ്, അതിലേറെ അദ്ദേഹം സ്വന്തമായി നേടി അക്കൌണ്ട് നിറച്ചിട്ടുമുണ്ട്. മൂന്നാമത്തെ കമന്റ് ഇങ്ങനെയായിരുന്നു, എത്ര തന്നെ സമ്പാദിച്ചിട്ടുണ്ടെങ്കിലും ആരും ബേജാറവണ്ട, അതൊന്നും അദ്ദേഹം കൊണ്ടുപോയിട്ടില്ല, എല്ലാം ഇവിടെത്തന്നെ ബാക്കിയുണ്ട്.
ഒന്നാലോചിച്ചുനോക്കിയാല്‍ ഇതല്ലേ സത്യം. ആര് എന്ത് നേടിയാലും ഒന്നും കൊണ്ടുപോവുന്നില്ലെന്ന് മാത്രമല്ല, ചെയ്ത നല്ല കാര്യങ്ങളെപ്പോലും നിഷ്പ്രഭമാക്കി ചീത്തപ്പേര് ബാക്കിയാക്കി പോകേണ്ടിയും വരുന്നു. മറിച്ച്, സ്വാര്‍ത്ഥ താല്‍പര്യങ്ങളോ ലോഭേഛകളോ ഇല്ലാതെ ആത്മാര്‍ത്ഥമായി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്നും ജനമനസ്സുകളില്‍ നക്ഷത്രത്തിളക്കത്തോടെ ബാക്കിയാവുകയും ചെയ്യുന്നു. ശേഷം സ്റ്റേജുകളിലും പേജുകളിലും നിറഞ്ഞുനില്‍ക്കുന്നത് അവരാണ്. 
ഈയൊരു സുന്ദരചിത്രം നേരത്തെ കാണാന്‍ സാധിക്കുന്നില്ലെന്നതാണ് പലരുടെയും പരാജയം. അധികാരവും സ്വാധീനവും കൈയ്യിലിരിക്കുമ്പോള്‍, വരാനിരിക്കുന്ന നാളുകളെ കുറിച്ചോ ലോകത്തോട് വിട പറഞ്ഞ് പോവേണ്ടിവരുമ്പോള്‍ ബാക്കിയാവുന്നതിനെ കുറിച്ചോ ആലോചിക്കുന്നേ ഇല്ലെന്നതല്ലേ സത്യം, ഓര്‍ത്തുനോക്കിയാല്‍ എത്രമാത്രം വിഢിത്തരമാണ് അവര്‍ കാണിക്കുന്നത്. നിത്യ പ്രസക്തവും നാനാര്‍ത്ഥഗര്‍ഭവുമായ പ്രവാചക വചനങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം, ദേഹേച്ചകളെ നിയന്ത്രണത്തിലാക്കി മരണാനന്തരത്തിന് വേണ്ടി ജീവിച്ചവനത്രെ യഥാര്‍ത്ഥ ബുദ്ധിമാന്‍. (തുര്‍മുദീ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter