എപ്പോഴും നോ കോംപ്രമൈസ് പറയരുത്
noലോകപ്രസിദ്ധ രാഷ്ട്രതന്ത്രജ്ഞനും നയതന്ത്ര വിശാരദനുമായ മുആവിയ(റ)ന്റെ ഒരു വാക്കുണ്ട്: ''ആക്രമത്തെ പ്രതിരോധിക്കാനും അതിനെതിരേ പ്രതികരിക്കാനും സാധ്യമാകുന്നതു വരെ ക്ഷമിക്കുക. സാധ്യമായാല്‍ അക്രമം പൊറുത്തുകൊടുക്കുക.'' സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചാമനോഭാവത്തിന്റെയും മധുപുരട്ടിയ ഇസ്‌ലാമികജീവിതത്തിന്റെ വെളിപ്പെടുത്തലാണിത്. വിട്ടുവീഴ്ചയിലൂടെ ഒരു മനുഷ്യന്‍ താഴ്ത്തിക്കെട്ടപ്പെടുകയല്ല, മറിച്ച് അവന്റെ അഭിമാനം കെട്ടിയുയര്‍ത്തപ്പെടുകയാണെന്ന് പുണ്യറസൂല്‍(സ്വ)യുടെ വചനം ആലോചിപ്പിക്കുന്നതാണ്. ഇവ്വിധം മധുരപൂര്‍ണമായ ജീവിതം നയിച്ചതിന്റെ നിരവധി പ്രകാശച്ചീളുകള്‍ ആ തീരുജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നു. തന്നെയും പ്രിയ അനുചരരെയും ആവോളം ബുദ്ധിമുട്ടിക്കുകയും വാനോളം പീഡനപര്‍വത്തിന്റെ കൈപ്പുനീര്‍ പകര്‍ന്ന ചഷകം വച്ചുനീട്ടുകയും അവസാനം പിറന്ന നാട്ടില്‍നിന്നു പുറത്താക്കുകയും ചെയ്ത മക്കാ നിവാസികള്‍ക്ക് സര്‍വായുധ വിഭൂഷിതരായി മടങ്ങിവന്ന വിശുദ്ധ റസൂല്‍(സ്വ)യും തിരു അനുചരരും പകരം നല്‍കിയത് സഹനവും വിട്ടുവീഴ്ചയുമായിരുന്നു. കുട്ടിക്കാലത്ത് ഇരുളും ക്ഷുദ്രജീവികളും മാത്രം കൂട്ടിനുള്ള പൊട്ടക്കിണറ്റിലിട്ട് വധിക്കാന്‍ ശ്രമിച്ച സഹോദരനോട് യൂസുഫ്(അ) പറഞ്ഞ അതേ സമാധാനവാക്കുകളാണ് നിങ്ങളോട് എനിക്ക് പറയാനുള്ളതെന്ന് വിശുദ്ധ കഅ്ബയില്‍ കയറിനിന്ന് തിരുമനസ്സ് ഉരുവിട്ടതില്‍ എന്നേക്കും പാകമായ മാതൃക നിറഞ്ഞുണ്ട്. നിന്റെ അടിമകളില്‍ ആരാണ് ഏറ്റവും പ്രതാപശാലി എന്ന മൂസ(അ)യുടെ ചോദ്യത്തിന് അല്ലാഹു മറുപടി പറഞ്ഞത് പകരം വീട്ടാന്‍ സര്‍വ സാഹചര്യങ്ങളുമുണ്ടായിട്ടും അതൊഴിവാക്കിയവന്‍ എന്നായിരുന്നു. ഭൂമിയില്‍ അഭിമാനക്ഷതം നേരിടുന്നതിന്റെ അളവനുസരിച്ച് അന്ത്യനാളില്‍ മനുഷ്യന്റെ അഭിമാനം വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്നാണ് തത്വജ്ഞാനികളുടെ ബോധനം. ഒരു മനുഷ്യനെ ഉയര്‍ത്താനും അവന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവനെ ആക്രമിക്കുകയും ഉപദ്രവമേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു തെമ്മാടി അവനെതിരേ നിയോഗിക്കുമെന്നുണ്ട്. ഉമവി ഭരണത്തലവന്‍മാരിലെ പ്രമുഖനായ ഹിശാം ബിന്‍ അബ്ദുല്‍ മലിക് രാജാവിന്റെ ദര്‍ബാറില്‍ കടന്നുവന്ന പണ്ഡിതനോട് ഒരു ചോദ്യമുയര്‍ന്നു: ''വിശുദ്ധ ഖുര്‍ആനിലടക്കം ചരിത്ര സാക്ഷ്യങ്ങളിലെല്ലാം മഹാനായ ദുല്‍ഖര്‍നൈന്‍ ചക്രവര്‍ത്തി ഇത്രമാത്രം സ്ഥിരപ്രതിഷ്ഠ നേടാന്‍ കാരണമെന്താണ്? അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകരോ മറ്റോ ആയിരുന്നോ? പണ്ഡിതന്റെ മറുപടി: ''അല്ല, ഒരിക്കലും. പ്രവാചകത്വമാണ് ഇങ്ങനെയൊരു സ്ഥാനം കൈവരിക്കാന്‍ കാരണമെന്ന് ഞാന്‍ പറയില്ല. പകരം, അദ്ദേഹത്തിലുള്‍ക്കൊണ്ട നാല് സല്‍ഗുണങ്ങളാണ്-അക്രമിയെ മുട്ടുകുത്തിക്കുന്ന വീട്ടുവീഴ്ചാ മനോഭാവം, വാഗ്ദത്ത പൂര്‍ത്തീകരണ മനോഭാവം, സംസാരത്തിലെ സത്യസന്ധത, പുറമെ ഒറൊറ്റ ജോലിയും നാളേക്ക് മാറ്റിവയ്ക്കാത്ത ശക്തമായ ഉറച്ച തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter