ബന്ധങ്ങള്‍ മുറിഞ്ഞു പോകരുത്

???????????????????????????????????????????????????????????????????????????????????????????????????ബനൂസലിമത്ത് ഗോത്രത്തിലെ ഒരാള്‍ വന്നു നബി(സ)യോട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരെ! മാതാപിതാക്കളുടെ മരണാനന്തരം അവര്‍ക്കുവേണ്ടി ഞാന്‍ എന്തെങ്കിലും നന്മകള്‍ ചെയ്യാന്‍ ബാക്കിയുണ്ടോ?'' തിരുനബി(സ) പറഞ്ഞു: ''ഉണ്ട്, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക (മയ്യിത്ത് നിസ്‌കാരം നിര്‍വഹിക്കുക), പാപമോചനം തേടുക, അവരുടെ വസ്വിയ്യത്തുകള്‍ നടപ്പാക്കുക, അവരുടെ കുടുംബബന്ധം നിലനിര്‍ത്തുക, അവരുടെ സ്‌നേഹിതന്മാരെ ആദരിക്കുക.'' (അബൂദാവൂദ്-ബൈഹഖി)

മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അവരുടെ സാന്നിധ്യവും സംരക്ഷണവും ശല്യമായിക്കാണുന്ന ദുരന്തമുഖത്താണ് ആധുനിക യുവതലമുറ എത്തിനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തിരുവചനത്തിലെ പ്രസ്താവം വേറിട്ട ചില അറിവുകള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്നു. മരണാനന്തരവും മാതാപിതാക്കള്‍ക്കു വേണ്ടി ഗുണം കാംക്ഷിക്കണമെന്നും അവരോടുള്ള ബന്ധം നിലനിര്‍ത്തണമെന്നുമാണത്. മാതാപിതാക്കള്‍ മുഖേനെയുള്ള കുടുംബബന്ധങ്ങളും ജീവിതകാലത്ത് അവര്‍ സ്ഥാപിച്ചെടുത്ത സൗഹൃദ-സ്‌നേഹബന്ധങ്ങളും അവരുടെ കാലശേഷവും അഭംഗുരം നിലനില്‍ക്കാന്‍ അവരുടെ പിന്‍ഗാമികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് തിരുവാക്യം ഓര്‍മ്മപ്പെടുത്തുന്നു.

മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കും. പാപമോചനം തേടിയാല്‍ അവരുടെ തെറ്റുകള്‍ പൊറുക്കപ്പെടും. എന്നാല്‍ അവരുടെ വസ്വിയ്യത്തുകള്‍ നടപ്പിലാക്കിയാലും അവരുടെ കുടുംബബന്ധം സ്ഥാപിച്ചാലും അവരുടെ സ്‌നേഹിതരെയും ഇഷ്ടജനങ്ങളെയും ആദരിച്ചാലും അവര്‍ക്ക് പരലോകത്ത് എന്താണ് പ്രയോജനം ലഭിക്കുക? അവരുടെ ആത്മാവ് സന്തോഷിക്കും. ജീവിതകാലത്ത് അവര്‍ക്ക് തൃപ്തികരമായ കാര്യങ്ങള്‍ അവരുടെ മരണശേഷം ചെയ്തതിന്റെ പേരില്‍ ആ ആത്മാവുകള്‍ സംതൃപ്തിയടയും. അതിനാലാണ് ഇതൊക്കെ നിര്‍വഹിക്കാന്‍ മക്കളോട് നബിതിരുമേനി(സ) നിര്‍ദേശിക്കുന്നത്. മരണപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന ഗുണകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അവര്‍ക്കെത്തുമെന്ന സുന്നത്ത് ജമാഅത്തിന്റെ വിശ്വാസത്തിന് ഉപോല്‍ബലകവുമാണ് ഉദ്ധൃത തിരുവചനം.

പ്രവാചക തിരുമേനി(സ)യുടെ പാഠശാലയില്‍നിന്ന് അധ്യാപനം ഉള്‍കൊണ്ട് ലോകത്തിന്ന് മാതൃകയായി ജീവിച്ച മഹാന്മാരായ സ്വഹാബികള്‍ ഇതൊക്കെ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തി കാണിച്ചുതന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)ന്റെ ജീവിതത്തില്‍ നിന്നൊരു സംഭവം ഉദാഹരണമായി ഉദ്ധരിക്കാം. അദ്ദേഹം മക്കയിലേക്ക് പോകുന്ന മധ്യെ ഒരു അഅ്‌റാബി(അപരിഷ്‌കൃതനായ അറബി)യെ കണ്ടുമുട്ടി. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അയാള്‍ക്ക് സലാം ചൊല്ലി. താന്‍ സഞ്ചരിച്ചിരുന്ന കഴുതപ്പുറത്ത് അഅ്‌റാബിയെയും കയറ്റി. തന്റെ തലപ്പാവ് അയാളുടെ തലയില്‍ വെച്ചുകൊടുക്കുകയും ചെയ്തു. ഇത് കണ്ട സഹയാത്രികനായ ഇബ്‌നുദീനാര്‍ എന്ന വ്യക്തി അബ്ദുല്ലാ(റ)യോട് പറഞ്ഞു: ''ഒരു അഅ്‌റാബിയെ ഇത്രമാത്രം പരിഗണിക്കണോ? അവരോടൊക്കെ ചെറിയ തോതിലുള്ള പരിഗണനയുണ്ടായാല്‍ തന്നെ അവര്‍ സംതൃപ്തരാകുമല്ലോ!'' അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രതികരിച്ചു: ''ഈ വ്യക്തിയുടെ പിതാവ് എന്റെ പിതാവായ ഉമറുബ്‌നുല്‍ ഖത്താബിന്റെ സ്‌നേഹിതനായിരുന്നു. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'' സന്താനങ്ങള്‍ പിതാക്കന്മാരുടെ സ്‌നേഹിതരുമായി സ്‌നേഹബന്ധം നിലനിര്‍ത്തുന്നതാണ് പിതാക്കള്‍ക്കു വേണ്ടി ചെയ്യുന്ന നന്മകളില്‍ ഏറ്റവും വലുത്.''(മുസ്‌ലിം)

ഐഹിക ലോകത്ത് മാതാപിതാക്കള്‍ സ്വന്തം ജീവിതത്തിലൂടെ സ്ഥാപിച്ചെടുത്ത സ്‌നേഹബന്ധങ്ങളും സൗഹാര്‍ദ്ധങ്ങളും അവരുടെ കാലശേഷവും നിലനിന്നുപോകണമെന്നാണ് പ്രവാചകവചനം തിരിച്ചറിവ് നല്‍കുന്നത്. തലമുറകളിലൂടെ പ്രസ്തുത ബന്ധം കൈമാറപ്പെടുന്ന നല്ല സ്ഥിതിവിശേഷം ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ സമൂഹത്തില്‍ സംജാതമാകുന്നു. ആരോഗ്യപരമായ മാനുഷിക ബന്ധം നിലനില്‍ക്കുന്നത് സമാധാനപൂര്‍ണവും സന്തോഷദായകവുമായ ജീവിതം പ്രദാനം ചെയ്യുന്നുവെന്ന കാര്യം അവിതര്‍ക്കിതമാണ്.

ജീവിതകാലത്തു തന്നെ സ്വന്തം സന്തതികളാല്‍ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്ന ദുരവസ്ഥ ആധുനികകാലത്ത് സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വാപ്പയുടെ/ഉമ്മയുടെ വസ്വിയ്യത്തുകളൊന്നും ഞങ്ങള്‍ അറിയില്ല. ഞങ്ങള്‍ക്കത് ബാധകവുമല്ല എന്നു വാദിച്ച് തിരസ്‌കരിക്കുന്ന സന്താനങ്ങള്‍ ഇക്കാലത്ത് ധാരാളമാണ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വസ്വിയ്യത്താണെങ്കില്‍ പ്രത്യേകിച്ചും. സാമ്പത്തിക കടങ്ങള്‍ പോലും കൊടുത്തുവീട്ടാതെ സ്വത്ത് ഭാഗിച്ചെടുക്കുന്ന മക്കള്‍ പ്രസ്തുത കടത്തിലേക്ക് ആവശ്യമായ വിഹിതം കഴിച്ചുള്ള സമ്പത്ത് മാത്രമേ അവര്‍ക്ക് അവകാശമുള്ളൂവെന്ന വസ്തുത പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇത്തരക്കാര്‍ മരിച്ചുപോയ മാതാപിതാക്കളുടെ സ്മരണ നിലനിര്‍ത്താനോ അവരുടെ കുടുംബ ബന്ധങ്ങള്‍ സ്ഥാപിക്കാനോ തയ്യാറാവുകയില്ല തീര്‍ച്ചതന്നെ. പ്രസ്തുത നിലപാട് പ്രവാചകനിര്‍ദേശത്തിന് കടകവിരുദ്ധമാണെന്ന് നാമൊക്കെ അറിഞ്ഞിരിക്കുന്നത് നന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter