സന്തോഷത്തോടൊപ്പം ദുഖവും ചാലിച്ച ചില ഈദോര്‍മ്മകള്‍ – ശൈഖ് മുഹമ്മദ് കാരക്കുന്ന്

ജമാഅത്തെ ഇസ്‍ലാമി അസി. അമീറും എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ വേദന നിറഞ്ഞ പെരുന്നാള്‍ ഓര്‍മ്മകള്‍ അദ്ധേഹം ഇസ്‍ലാംഓണ്‍വെബിനോട് പങ്ക് വെക്കുന്നു.

എന്റെ ജന്മസ്ഥലം മഞ്ചേരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള കാരക്കുന്നിലെ ഒരുള്‍പ്രദേശത്തെ ഗ്രാമമാണ്. അടുത്ത കാലം വരെയും വൈദ്യുതിയോ റോഡോ ഉണ്ടായിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് പ്രദേശം വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും, എന്റെ കുടുംബം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായിരുന്നു കഴിഞ്ഞിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെ കുട്ടികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ വരിക എന്നത് അത്യധികം ആഹ്ലാദകരമായ അനുഭവമായിരുന്നു. ഒരു ദിവസമെങ്കിലും വയര്‍ നിറച്ച് ഭക്ഷണം കഴിക്കാമല്ലോ എന്ന ചിന്തയായിരുന്നു അതിന് കാരണം. അത് കൊണ്ട് തന്നെ ആദ്യത്തെ പെരുന്നാളിന്റെ ഓര്‍മ്മ മനസ്സില്‍ ഒരു നല്ല ഭക്ഷണം കഴിച്ചതിന്റേതാണ്. എല്ലാ ദിവസവും കഞ്ഞിയോ കപ്പയോ കഴിച്ച് ജീവിക്കുന്ന കാലത്ത് ഒരു ദിവസം വയര്‍ നിറക്കാന്‍ അതും മാംസത്തോടപ്പം ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുക എന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അത് കൊണ്ട് പെരുന്നാളിനെ കുറിച്ചുള്ള ഓര്‍മ്മ ആദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് നിറയുന്ന വയറുമായാണ്.
ആദ്യമായി പെരുന്നാള്‍ നമസ്‌കാരത്തിന് പോയത് നാട്ടിലെ ഞങ്ങളുടെ ജുമാ മസ്ജിദിലായിരുന്നു. അന്ന് അവിടെ ഖത്തീബായി ഉണ്ടായിരുന്നത് എം.സി ജമാലുദ്ധീന്‍ മുസ്‍ലിയാരായിരുന്നു. പതിറ്റാണ്ടുകളായി മലയാളത്തില്‍ ഖുതുബ പരിഭാഷ നടന്നിരുന്ന പള്ളിയായിരുന്നു അത്. ജമാലുദ്ധീന്‍ മുസ്‍ലിയാരും ഖുതുബ പരിഭാഷപ്പെടുത്തിയിരുന്നു. പള്ളിയിലേക്ക് പോകുമ്പോള്‍ സാധാരണയായി എല്ലാവരും ധരിക്കുന്നത് പോലെ ഒരു സാധാരണ തുണിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. പുതു വസ്ത്രമൊക്കെ അന്ന് സ്വപ്‌നത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിക്കപ്പോഴും സ്‌കൂള്‍ തുറക്കുന്ന കാലത്ത് വാങ്ങുന്ന ഒരു തുണിയും ഒരു കുപ്പായവുമായിരുന്നു വര്‍ഷത്തില്‍ ആകെ ലഭിച്ചിരുന്നത്.
അത് കൊണ്ട് തന്നെ പെരുന്നാളിന് പുതുവസ്ത്രമണിയുക എന്നത് സങ്കല്‍പ്പത്തിലോ സ്വപ്‌നത്തിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പെരുന്നാളുമായി ബന്ധപ്പെട്ട് മനസ്സില്‍ ഏറ്റവും പതിഞ്ഞ ഒരു ദുഖ കഥ ദുരന്ത സ്മരണയുടേതാണ്. എന്റെ ജ്യേഷ്ഠ സഹോദരി 22 വയസ്സ് വരെ അവിവാഹിതയായിരുന്നു. സാമ്പത്തിക പ്രയാസമായിരുന്നു മുഖ്യ കാരണം. ഒരു പെരുന്നാളിന് ഞാനും എന്റെ മൂത്ത സഹോദരിയും എന്റെ താഴെയുള്ള സഹോദരിയും ഞങ്ങളുടെ ഒരടുത്ത ബന്ധുവിന്റെ വീട്ടില്‍ പോയി. കേറിച്ചെന്ന ഉടനെ ബന്ധു എന്റെ കൊച്ചു പെങ്ങളുടെ കയ്യില്‍ പിടിച്ച് കൊണ്ട് പറഞ്ഞു, മോള്‍ ഏതായാലും നേരത്തെ കല്ല്യാണം കഴിക്കണം. കുഞ്ഞാത്താക്ക് (ജ്യേഷ്ഠത്തിക്ക്) എന്തായാലും ഇനി ആളെ കിട്ടുകയില്ല. അന്ന് എന്റെ മൂത്ത സഹോദരി അവിടുന്ന് ഭക്ഷണം കഴിച്ചില്ലെന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പിന്നെ ഏതാണ്ട് വിവാഹിതയാകുന്നതുവരെ എല്ലാ ദിവസവും രാത്രി അവള്‍ ഓര്‍ത്തോര്‍ത്ത് കരഞ്ഞിരുന്നതും ഇന്നും ഞാനോര്‍ക്കുന്നു. ഇതെന്റെ ജീവിത്തിലെ പെരുന്നാളുമായി ബന്ധപ്പെട്ട ഒരു ദുഖസ്മരണയായ് അനേക പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോഴും മനസ്സില്‍ നിലനില്‍ക്കുന്നു. വാക്കുകള്‍ക്ക് എത്രമാത്രം ആഘാതമുണ്ടാക്കാനാവുമെന്ന് അതെന്നെ പഠിപ്പിച്ചു. വായില്‍നിന്ന് പുറത്തേക്കെത്തുന്നത് വരെ വാക്കുകളുടെ ഉടമകളാണ് നമ്മള്‍, എന്നാല്‍ പറഞ്ഞ് കഴിഞ്ഞാല്‍ നാം അതിന്റെ അടിമകളായി മാറുമെന്ന് പറയുന്നത് എത്ര മാത്രം സത്യമാണ്. 
പള്ളിയും വയര്‍നിറയെ ഭക്ഷണവും കുടുംബസന്ദര്‍ശനവുമായി സന്തോഷത്തിന്റെ ഒരു പിടി സ്മരണകള്‍ക്കൊപ്പം ഈ ദുഖവേള കൂടി ചേര്‍ന്നതാണ് എന്റെ ഈദോര്‍മ്മകള്‍.
അല്ലാഹു ഇന്ന് നമ്മടെ നാടിനെ അനുഗ്രഹിച്ചിരിക്കുന്നു. ആ ദാരിദ്ര്യത്തിലെ പത്തിലൊന്ന് പോലും ഇന്ന് എവിടെയുമില്ല എന്നതാണ് വസ്തുത, അല്‍ഹംദുലില്ലാഹ്.. അത് കൊണ്ട് തന്നെ അവനോട് നന്ദി പ്രകടിപ്പിക്കാന്‍ നാം കടപ്പെട്ടവനാണ്.


പുതുതലമുറയെ ഉപദേശിക്കാന്‍ എന്ത് കൊണ്ട് അര്‍ഹതയും അവകാശവുമുള്ള ഇരുത്തം ചെന്ന ഒരു കാരണവരെയാണ്, ഈ വാക്കുകള്‍ പറയുമ്പോള്‍ അദ്ദേഹത്തില്‍ നമുക്ക് കാണാനാവുന്നത്. ആ വാക്കുകള്‍ക്ക് പുതുതലമുറക്കാര്‍ കാതോര്‍ത്തിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുപോവുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter