പെരുന്നാള്‍ റമദാന്‍ ജയിച്ചതിന്റെ ആഘോഷമാണ്

ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ആഘോഷങ്ങളും കടന്നുവരാറുള്ളത്. വിഷക്കുന്നവര്‍ സമാശ്വാസത്തിന്റെ ശമനൗഷധമായും മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ സുഭദ്രവും സുദൃഢവുമാക്കി വിളക്കിച്ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ പുതിയ പട്ടുനൂലായും അതു നിലകൊള്ളുന്നു. സാഹചര്യങ്ങളുടെ അനിവാര്യതകളാല്‍ മനുഷ്യര്‍ക്കിടയില്‍ വന്നുചേര്‍ന്ന തരംതിരിവുകള്‍ ആഘോഷത്തിലാവുമ്പോള്‍ മങ്ങിപ്പോവുന്നു. അതുകൊണ്ടായിരിക്കാം ചെറിയവനും വലിയവനും കറുത്തവനും വെളുത്തവനും ധനാഢ്യനും ദരിദ്രനും എല്ലാവരും അതിലൊരുപോലെ പങ്കാവുന്നത്. സാമൂഹിക ജീവിയായതിനാല്‍ മനുഷ്യന് ആഘോഷങ്ങള്‍ കൂടാതെകഴിയില്ല..അതില്ലാത്ത ജീവിതം വരണ്ടതും വിരസവും മടുപ്പുളവാക്കുന്നതുമായിരിക്കും. ജീവിതത്തിന്റെ പല മേഖലകളിലും അതിനു ചെറുതല്ലാത്ത സ്വാധീനങ്ങളുണ്ടെന്നതാണു കാരണം.

സര്‍വമാന മേഖലകളിലും വ്യതിരിക്തമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും സമര്‍പ്പിക്കുന്ന വിശുദ്ധ ഇസ്‌ലാമിന് ആഘോഷങ്ങളിലും അതിന്റേതായ വീക്ഷണങ്ങളുണ്ട്. ആ വീക്ഷണങ്ങള്‍ക്കനുഗുണമായിട്ടുള്ള ആഘോഷപ്രകടനങ്ങളുണ്ടായെങ്കില്‍ മാത്രമേ ഇസ്‌ലാം അനുവദിച്ച ആഘോഷമാവുകയുള്ളൂ. അല്ലാത്തതെല്ലാം മറ്റെന്തോ അനിസ്‌ലാമിക ആഭാസങ്ങളായിരിക്കും. ഇസ്‌ലാമിന് അതുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.
വര്‍ഷാവര്‍ഷം രണ്ടാഘോഷങ്ങളാണ് പടച്ചതമ്പുരാന്‍ നമുക്കനുവദിച്ചുതന്നിട്ടുള്ളത്-ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അള്ഹായും അഥവാ, ചെറിയ പെരുന്നാളും ബലിപെരുന്നാളും. പെരുന്നാള്‍ എന്നാല്‍ പെരിയ നാള്‍ അഥവാ. വലിയ നാള്‍, നാളുകള്‍ക്കിടയിലെ വലിയ നാള്‍ എന്നര്‍ത്ഥം. ആ ദിനത്തിന് അതിന്റേതായ വലിപ്പവും മാഹാത്മ്യവും വകവച്ചുകൊടുത്തേ പറ്റൂ. വിലപിടിപ്പുള്ളത് കിട്ടുമ്പോള്‍ ആര്‍ക്കും സന്തോഷമുണ്ടാവും. മൃഗങ്ങള്‍ പോലും ഇതില്‍നിന്ന് വ്യത്യസ്തമല്ല. മനുഷ്യനാണെങ്കില്‍ സന്തോഷിച്ചിരിക്കണമെന്നാണ്. സന്തോഷിക്കാത്തവന്‍ ലഭിച്ച വസ്തുവിന്റെ വിലയറിയാത്ത പൊന്നുകിട്ടിയ പൂച്ചയോ ബുദ്ധിമോശം വന്ന ഹതഭാഗ്യനോ ആയിരിക്കും.

ലഭിച്ച അമൂല്യനിധി ഒരുദിവസമാണെങ്കിലോ, സന്തോഷമിരട്ടിക്കും. നിരന്തരം കിട്ടിശീലമായതാണ് നമുക്ക് വില തോന്നാതിരിക്കാന്‍ കാരണം. മരണവെപ്രാളത്തില്‍ കിടക്കുന്നവനോട് ചോദിച്ചാല്‍ മതി ഒരു ദിവസത്തിന്റേതല്ല, ഒരു നിമിഷത്തിന്റെ വില. ഇനി ലഭിച്ചത് ദിവസങ്ങള്‍ക്കിടയിലെ എറ്റവും വലിയ ദിവസമാണെങ്കില്‍ സന്തോഷം ഒരു ആഘോഷപ്രതീതിയിലേക്ക് വഴിമാറുന്നു. അതു സ്വാഭാവികവുമാണല്ലോ. ഒരു മനുഷ്യനു സമയത്തേക്കാള്‍ അമൂല്യമായി ലോകത്ത് ലഭിച്ചതെന്താണ്? സമയമില്ലെങ്കില്‍ പിന്നെ അവനെന്താണുള്ളത്? ആ പ്രതലമില്ലാതെ അവന് തന്റെ എന്തെങ്കിലുമൊരു സ്വപ്നത്തെ പൂവണിയിക്കാന്‍ കഴിയുമോ?


ഏറ്റവും വലിയ ദിവസം കൊടുത്തപ്പോള്‍ അല്ലാഹു മനുഷ്യരോട് പറഞ്ഞു: ”നിങ്ങള്‍ സന്തോഷിക്കുക; ആഘോഷിക്കുക” പക്ഷേ, എങ്ങനെ? ആഘോഷിക്കുവീന്‍ എന്നു കേട്ടപ്പോഴേക്കും കയറെടുത്തോടുന്നത് വങ്കത്തമാണ്. അതിന്റെ രീതിശാസ്ത്രം കൂടി അറിയണം. ഇതറിയാത്തതാണ് പലപ്പോഴും ഇസ്‌ലാമിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്നവയ്ക്ക് ആത്മാവില്ലാതെ പോയത്. ആഘോഷത്തിന്റെ രീതിശാസ്ത്രം പഠിച്ചേ തീരൂ. അറിയാത്ത ഒരു കാര്യത്തിനു മുതിരുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും വഴിവയ്ക്കും.

നമ്മുടെ സന്തോഷപ്രകടനങ്ങള്‍ സന്തോഷദായകനോടുള്ള നന്ദികേടാവുംവിധത്തിലുള്ളതാണെങ്കില്‍ എത്ര കടുത്ത അപരാധമാണത്. പാലൂട്ടിയ കൈകളെ തന്നെ കൊത്തുന്നവനെക്കാള്‍ കുറ്റവാളിയായി മറ്റാരെങ്കിലുമുണ്ടോ? നമുക്ക് സന്തോഷിക്കാന്‍ അല്ലാഹു ഒരു ദിവസം തന്നെ തന്നത് ആഭാസങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കുമുള്ള ലൈസന്‍സായിട്ടാണോ? നാം വിലയേറിയ ഒരു സമ്മാനം നമ്മുടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നുവെന്ന് വയ്ക്കുക. പക്ഷേ, അയാളത് ഉടന്‍ തന്നെ നമുക്കെതിരെ പ്രയോഗിക്കുന്നു. എങ്കില്‍ മാനസികാവസ്ഥയെന്തായിരിക്കും? ഇനിയും അയാള്‍ക്ക് കൊടുക്കാന്‍ നമ്മുടെ തയ്യാറാവുമോ? പെരുന്നാളുകള്‍ക്ക് പഴയകാല രസം കിട്ടുന്നില്ലെന്ന് വിലപിക്കുന്നവര്‍ക്ക് ഇവിടെ ഒത്തിരി നേരം ചിന്തിക്കാം. നമ്മുടെ സന്തോഷവും ആനന്ദവുമെല്ലാം എവിടെപ്പോയി? സന്തോഷം തരുന്നത് ആരാണെന്ന് നാം മറന്നുപോകരുത്. ജാഢപ്രകടനങ്ങള്‍ക്ക് സ്വയമേ സന്തോഷമേകാനാവില്ലെന്നറിയാന്‍ ഇനിയും നാം വൈകിപ്പോയി എന്നു തോന്നുന്നു. താന്തോന്നിത്തങ്ങളും കോപ്രായങ്ങളും കാട്ടിക്കൂട്ടി പടച്ചതമ്പുരാനോട് നന്ദികേട് കാട്ടുന്നവര്‍ അനുഗ്രഹങ്ങള്‍ തന്നോടൊപ്പമെപ്പോഴുമുണ്ടാവുമെന്ന് കരുതരുത്. നന്ദി പ്രകടനത്തെയും നന്ദികേടിനേയും കുറിച്ച എന്ന വിശുദ്ധ ഖുര്‍ആന്റെ അമരശബ്ദം നമ്മുടെ ബോധമണ്ഡലങ്ങളില്‍ സദാ ഉണര്‍ത്തുപാട്ടായി നിലകൊള്ളേണ്ടതുണ്ട്. അനുഗ്രഹങ്ങളുടെ നിര നിലയ്ക്കാതിരിക്കാനുള്ള മാര്‍ഗമാണ് നന്ദിപ്രകടനം. നന്ദികേടാവട്ടെ, അനുഗ്രഹങ്ങള്‍ക്കു പകരം അതിശക്തമായ ശിക്ഷ ഇറങ്ങാന്‍ ഹേതുകമായി വര്‍ത്തിക്കുന്ന പാതകവുമാണ്.

അല്ലാഹു ബഹുമാനിച്ച ദിവസമാണ് പെരുന്നാള്‍. അവന്‍ ആദരിച്ചതിനെ ആദരിക്കലും അനാദരിച്ചതിനെ ആനാദരിക്കലുമാണ് വിശ്വാസിയുടെ സ്വഭാവം. ആദരിച്ചതിനെ അനാദരിക്കലും അനാദരിച്ചതിനെ ആദരിക്കലും സത്യനിഷേധത്തിന്റെ മുഖമുദ്രയാണ്. ഏറ്റവും വലിയ പുണ്യമായ ദിനത്തെ ഏറ്റവും നീചമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരവേല്‍ക്കുന്നതിനെക്കാള്‍ നന്ദികെട്ട മറ്റൊരു പ്രവൃത്തിയില്ല. തേച്ചുമിനുക്കി വെടിപ്പാക്കിയ ഷോകെയ്‌സിലേക്ക് മുഷിഞ്ഞുനാറുന്ന അഴുക്കായ ഒരു വസ്തു കൊണ്ടുപോയിവച്ചാല്‍ എങ്ങനെയിരിക്കും? ദുഃഖകരമെന്നു പറയട്ടെ, പെരുന്നാളാഘോഷത്തിന്റെ പേരില്‍ ഇന്ന് പതിവാക്കിയ കാഴ്ചകള്‍ ഇതിനെക്കാള്‍ പരിതാപകരമാണ്. പെരുന്നാളിനെ നിന്ദിച്ചതു മതി മുസ്‌ലിം ഉമ്മത്തിനു നാശം വരാന്‍. ഒരു ഇബാദത്തായിട്ടാണ് അല്ലാഹു നമുക്ക് പെരുന്നാളാഘോഷത്തെ കനിഞ്ഞരുളിയിട്ടുള്ളത്. പക്ഷേ, ആ ഇബാദത്തും നടക്കുന്ന ആഘോഷപ്രകടനങ്ങളും തമ്മില്‍ ഒരു നൂലിഴബന്ധമെങ്കിലുമുണ്ടോ? അനിസ്‌ലാമികമായ വേഷവിധാനങ്ങള്‍, മദ്യം വിളമ്പുന്ന ആഭാസ സദസ്സുകള്‍, പിശാചിന്റെ അരങ്ങുവേദികളായ ഗാനമേളകള്‍, അവിശുദ്ധ കാഴ്ചകള്‍ക്കും പ്രവൃത്തികള്‍ക്കുമായി നടത്തപ്പെടുന്ന ടൂറുകള്‍ തുടങ്ങി എല്ലാവിധ വേണ്ടാവൃത്തികളുമാണ് നമ്മുടെ പെരുന്നാളെങ്കില്‍ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന പെരുന്നാള്‍ എന്നോ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയുന്നതാവും ശരി. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, ഇന്ന് പെരുന്നാളില്ല, പെരുന്നാളാഭാസമേയുള്ളൂ.
സത്യത്തില്‍, പെരുന്നാള്‍ നിയമമാക്കിയതിനു പിന്നിലെ യുക്തി പരിശോധിച്ചാല്‍ അതാഘോഷിക്കാനുള്ള യോഗ്യതയും അര്‍ഹതയുമുള്ളവര്‍ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ. എന്താണ് പെരുന്നാളിന്റെ യുക്തി? ചെറിയ പെരുന്നാളിന്റെത് തന്നെ പരിശോധിക്കാം.
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാന്‍ കഴിഞ്ഞാല്‍ വിശ്വാസീഹൃദയങ്ങള്‍ക്ക് സങ്കടമല്ലേ വേണ്ടതെന്നാണ് നമ്മുടെ സാമാന്യബുദ്ധിയില്‍ തോന്നുക; പകരം, ആഘോഷിക്കുന്നത് റളമാന്‍ കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതു പോലെയും. പക്ഷേ, അതിയുക്തിമാനായ പടച്ചതമ്പുരാന്‍ അയുക്തികരമായതൊന്നും ചെയ്യില്ലെന്ന് നമുക്കറിയാം. ഓരോന്നിനു പിന്നിലും രഹസ്യങ്ങളുടെ മഹാലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവന്‍ സര്‍വസ്വവും സംവിധാനിച്ചൊരുക്കിയിട്ടുള്ളത്.

പുണ്യങ്ങള്‍ അണമുറിയാതെ പെയ്തിറങ്ങുന്ന മാസമാണല്ലോ വിശുദ്ധ റമളാന്‍. അതിനെ യഥാര്‍ത്ഥ രീതിയില്‍ ഉപയോഗപ്പെടുത്തിയവര്‍ വന്‍വിജയം വരിച്ചു. ഉപയോഗപ്പെടുത്താത്തവരാകട്ടെ പരാജയമടയുകയും ചെയ്തു. നിര്‍മാണാത്മകമായ രീതിയില്‍ റമളാനെ ഉപയോഗപ്പെടുത്താന്‍ കഴിയുകയെന്നത് ചില്ലറ ത്യാഗം കൊണ്ട് സാധിച്ചെടുക്കാനാവുന്നതല്ല. ഒരു മാസം മനസ്സിനെ അതിനായിത്തന്നെ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചുറച്ചെങ്കിലേ കഴിയുകയുള്ളൂ. എല്ലാ മാസങ്ങളില്‍നിന്നും വ്യത്യസ്തമായി ‘അടിപൊളി തീറ്റ’കളുണ്ടാക്കിയതുകൊണ്ടോ പള്ളികളിലും മറ്റുമുള്ള കേവല പ്രകടനങ്ങള്‍ കൊണ്ടോ റമളാന്റെ പുണ്യം കിട്ടില്ല. ഭക്തി പൂത്തുലഞ്ചുനില്‍ക്കുന്ന ഹൃദയത്തോടെ ഏകഇലാഹിനായി മാത്രം കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് പ്രസ്തുത പുണ്യങ്ങള്‍ക്കര്‍ഹത നമുക്ക് നേടിയെടുക്കാനാവുക. ആ രീതിയില്‍ നേടിയെടുത്ത ആളുകള്‍ക്ക് റമളാന്‍ കഴിഞ്ഞാല്‍ സന്തോഷിക്കാം-അല്‍ഹംദുലില്ലാഹ്! അല്ലാഹു കല്‍പ്പിച്ച പ്രകാരം ഈ റമളാനെ ഉപയോഗപ്പെടുത്താനായല്ലോ. അതിനെ ദുരുപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്രവലിയ നാശത്തിനു പാത്രമായേനേ. അല്ലാഹു കാത്തു. ആശ്വാസത്തിന്റെ ഈ വാക്കുകളാണ് ആഘോഷമായി മാറുന്നത്. കര്‍മങ്ങളുടെ ലോകമായ ദുന്‍യാവില്‍ നിന്നു വിട പറയുമ്പോള്‍ നേരാംവണ്ണം ജീവിതം നയിച്ചയാളുകളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കാണാറില്ലേ. ആഘോഷത്തിന്റെ ഒരു പാല്‍പുഞ്ചിരി. ത്യാഗനിര്‍ഭരമായ ഒരു മഹാകര്‍മത്തില്‍നിന്നും വിരമിച്ചാലുള്ള സന്തോഷം. അതാണ് സത്യത്തില്‍ പെരുന്നാള്‍. പിശാചിനോടും സ്വന്തം ഇച്ഛകളോടുമുള്ള ഒരു മാസത്തെ നിരന്തരമായ സമരം വിജയകരമായി നിര്‍വഹിച്ചുകഴിഞ്ഞതിലുള്ള അടങ്ങാത്ത ആനന്ദമാണത്.

നോമ്പുകാരന് രണ്ട് സന്തോഷമുണ്ടാവുമെന്ന് പുണ്യനബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിലൊന്ന് നോമ്പ് തുറക്കുന്ന നേരത്തുള്ള സന്തോഷവും മറ്റൊന്ന് അല്ലാഹുവെ കാണുന്ന നേരത്തുള്ള സന്തോഷവുമാണ്. ഓരോ ദിവസത്തെ നോമ്പിലുമുണ്ട് ഈ രണ്ടു സന്തോഷങ്ങള്‍. അപ്പോള്‍ മുഴുവന്‍ നോമ്പും കൃത്യമായി നോറ്റ് റമളാനെ വേണ്ടവിധം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാലുള്ള സന്തോഷം എത്രയായിരിക്കും. ഒരു മാസക്കാലത്തെ ഓരോ ഇഫ്ത്വാറിന്റെ നേരത്തുമുണ്ടായിരുന്ന സന്തോഷങ്ങളുടെയെല്ലാം കൊട്ടിക്കലാശമായിരിക്കുമല്ലോ അത്. അതുകൊണ്ടായിരിക്കുമോ ചെറിയ പെരുന്നാളിന് ഈദുല്‍ ഫിത്വ്ര്‍ എന്ന പേര് വന്നത്. മുഴുവന്‍ ഇഫ്ത്വാറുകളുടെയും സന്തോഷമേള-ഈദുല്‍ ഫിത്വ്ര്‍.
ഈയര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പെരുന്നാളാഘോഷിക്കാന്‍ ആര്‍ക്കാണര്‍ഹതയെന്നത് വളരെ വ്യക്തമാണ്. റമളാനെ ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനൊട്ടും യോഗ്യതയില്ല. പക്ഷേ, വിരോധാഭാസമെന്നു പറയട്ടെ, ഇന്ന് ഏറ്റവും കൂടുതല്‍ പെരുന്നാള്‍ ആഭാസമാക്കുന്ന വിഭാഗം അത്തരക്കാരാണ്. കഥയറിയാതെ ആട്ടം കാണുന്ന ആ ഖൗമുണ്ടോ, എന്തിനാണ് മുസ്‌ലിമിന് അല്ലാഹു പെരുന്നാള്‍ നിശ്ചയിച്ചതെന്നറിയുന്നു? നോമ്പു കാലത്ത് വല്ല നന്മകളും ചെയ്തിട്ടുണ്ടെങ്കില്‍ ആ നന്മകളെ കൂടി ബാത്വിലാക്കും വിധത്തിലുള്ളതാണ് അത്തരക്കാരുടെ പെരുന്നാള്‍ പരിപാടികള്‍. അതോടെ, റമളാനും പെരുന്നാളും ഇവര്‍ക്ക് നഷ്ടമാവുകയാണ്. ഈ രണ്ടു സുവര്‍ണാവസരങ്ങള്‍ കിട്ടിയിട്ടും ആരോഗ്യകരമായ രീതിയില്‍ അതിനെ ഉപയോഗപ്പെടത്താന്‍ കഴിയാത്തവര്‍ക്ക് മറ്റു മാസങ്ങളില്‍ കഴിയുമെന്ന് തോന്നുന്നുമില്ല. ചുരുക്കത്തില്‍, ഈ ലോകവും പരലോകവും നഷ്ടപ്പെടുന്ന ഗതികേടിലേക്കായിരിക്കും ആവരുടെ മടക്കം.

ആഘോഷമെന്നു കേട്ടപ്പോഴേക്കും കയറെടുത്തോടിയതാണ് നമുക്കു പിണഞ്ഞ പ്രധാന അമളി. എവ്വിധം ആഘോഷിക്കണമെന്നോ ഇസ്‌ലാം പറഞ്ഞ ആഘോഷം ഏതെന്നോ കേള്‍ക്കാന്‍ നാം ക്ഷമ കാണിച്ചില്ല. അതുകൊണ്ടു തന്നെ സര്‍വമാന കാര്യങ്ങളിലും നാം പടിഞ്ഞാറിനെ അനുകരിക്കുന്നതു പോലെ ആഘോഷങ്ങളുടെ വിഷയത്തിലും ആ നയം തെറ്റിച്ചില്ല. സംഗീതക്കച്ചേരികളും മദ്യത്തിന്റെ സാന്നിധ്യവുമില്ലാതെ എന്ത് ആഘോഷമെന്ന വീക്ഷണവൈകല്യം നമ്മെ പിടികൂടി. അതോടെ, ആഘോഷങ്ങളില്‍നിന്ന് ഇസ്‌ലാമിക മാനം പഴഞ്ചനാക്കി മാറ്റപ്പെട്ടു. ഇതാണ് നമുക്ക് പറ്റിയ അബദ്ധം.

ശരിക്കു പറഞ്ഞാല്‍, ആത്മാവും അകക്കാമ്പുമില്ലാത്ത ഒന്നിനും ഇസ്‌ലാം യാതൊരു വിലയും നിലയും കല്‍പിക്കുന്നില്ലെന്നതാണു സത്യം. നിങ്ങളുടെ രൂപഭംഗിയിലേക്കോ പുറംമോടികളിലേക്കോ അല്ല, ഹൃദയത്തിലേക്കാണ് അല്ലാഹുവിന്റെ ശ്രദ്ധ എന്ന പ്രവാചകപുംഗവരുടെ വിശ്വവിഖ്യാതമായ വചനം ഈ യഥാര്‍ത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ആഘോഷത്തോടുള്ള ഇസ്‌ലാമിന്റെ സമീപനവും ഇതുതന്നെ. ഹൃദയശുദ്ധിയില്ലാതെ നാലാളുകള്‍ കാണാന്‍ ചെയ്യുന്ന പെരുന്നാള്‍ പൊലിമകള്‍ അല്ലാഹുവിനാവശ്യമില്ല. ആനന്ദവും ആഘോഷവും ശരീരത്തിലുള്ളതിനെക്കാള്‍ ഹൃദയത്തിലാണു വേണ്ടത്. അതൊരു ആത്മീയമായ ആനന്ദവും സന്തോഷവുമായി മാറണം.

തന്റെ ദയാലുവായ രക്ഷിതാവിനോട് ഒരടിമയ്ക്കുണ്ടാവുന്ന അതിരില്ലാത്ത സ്‌നേഹംപ്രകടനം. അതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസിയുടെ പെരുന്നാള്‍. അന്ന് വിശ്വാസി അല്ലാഹുവിനു വേണ്ടി അവന്‍ ഇഷ്ടപ്പെടുന്ന പുത്തനുടയാടകളണിയുന്നു. തനിക്ക് ഇത്തരമൊരു മഹല്‍ ദിനം നല്‍കിയതിന് അവനോട് അളവറ്റ കൃതജ്ഞത രേഖപ്പെടുത്തുന്നു. അവന്റെ മഹത്തം ഒരാവേശം പോലെ പ്രഖ്യാപിക്കുന്നു-അല്ലാഹു അക്ബര്‍ എന്ന്. മറ്റെല്ലാം പരമനിസ്സാരം. ഭൗതികലോകവും അതിലെ സര്‍വസ്വവും നന്നെ ചെറുത്. ഏറ്റവും വലിയവനായി അല്ലാഹു മാത്രം. ഏറ്റവും വലിയവനെയാണ് തനിക്ക് ലഭിച്ചിട്ടുള്ളത്; അവന്റെ ഏറ്റവും വലിയ ദിവസത്തെയും..അതു പോരേ. പിന്നെ എന്തിന് അതൊഴിവാക്കി നിസ്സാരങ്ങള്‍ക്കു പിന്നാലെ കുതിക്കണം. ഈ വിശ്വാസം ഹൃദയത്തില്‍ രൂഢമൂലമായ വിശ്വാസി ആത്മീയാനന്ദത്തില്‍ ആറാടുകയാണ്. രാവിലെ തന്നെ കുളിച്ച് വൃത്തിയായി പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധപൂരിതനായി തന്റെ ഇലാഹുമായി പതിവില്ലാത്ത വിധം അഭിമുഖസംഭാഷണം നടത്താന്‍ അവന്റെ ഗേഹമായ മസ്ജിദിലേക്ക് പോകുന്നു. കുറുക്കുവഴികളല്ല, ഏറ്റവും ദീര്‍ഘമായ വഴിയാണവന്‍ അതിനായി തെരഞ്ഞെടുക്കുന്നത്. കാരണം, പ്രേമഭാജനത്തെ തേടിയുള്ള യാത്രയും അനുരാഗിക്ക് വസന്തോത്സവം തന്നെ. പാതയുടെ ദൈര്‍ഘ്യം അവനെ കുറിച്ചുള്ള ഓര്‍മകളുടെ കൂടി ദൈര്‍ഘ്യമാണ്. കാത്തിരിപ്പിനുമുണ്ടല്ലോ മറ്റൊരു സുഖം. അതിനു വേദന തോന്നുമെങ്കിലും ആ വേദനയെ നെഞ്ചേറ്റാന്‍ തയ്യാറാവുന്നു അനുരാഗി. അടിത്തട്ടില്‍നിന്ന് മുകളിലെ പനിനീര്‍പൂവിലെത്താനുള്ള വഴികളില്‍ മുള്ളുകള്‍ നിറച്ചത് സ്‌നേഹത്തിന്റെ പാത ത്യാഗത്തിന്റെയും കണ്ണുനീരിന്റേതുകൂടിയാണെന്നോര്‍മപ്പെടുത്താനായിരിക്കണം.

പ്രേമഭാജനത്തിന്റെ ഭവനമായ പള്ളിയിലെത്തിയാല്‍ അംഗശുദ്ധി വരുത്തി തഹിയ്യത്ത് നിസ്‌കരിച്ച് വീണ്ടും പ്രേമഭാജനത്തെ മഹത്തപ്പെടുത്തുന്ന മന്ത്രങ്ങള്‍ ഉരുവിടുന്നു. എല്ലാ വിശ്വാസിയും ഒരേ ട്യൂണില്‍..ഒരേ മനസ്സോടെ. എന്തെന്നില്ലാത്ത ആശ്വാസത്തോടെ. മനസ് നിറഞ്ഞു പോകുന്നു. സിരകളില്‍ ഊര്‍ജം പ്രവഹിക്കുന്നു. സമസൃഷ്ടികളോടും അതിരില്ലാത്ത സ്‌നേഹം തുളുമ്പുന്നു. കാരണം, തന്റെ പ്രേമഭാജനത്തെ പറ്റി നല്ലത് പറയുന്നവരോടും നമുക്ക് സ്‌നേഹം തോന്നാറില്ലേ. തന്റെ ഇഷ്ടഹീറോയുടെ പേര് പോലും പരാമര്‍ശിക്കുന്നവനോട് എന്തെന്നില്ലാത്ത സ്‌നേഹമായിരിക്കും ഒരാള്‍ക്കുണ്ടാവുക. ഇവിടെ എല്ലാവരും പറയുന്നത് തന്റെ ആത്മാവിന്റെ ആത്മാവിനെ. പിന്നെയെങ്ങനെ അവരോടെല്ലാം ഇഷ്ടം തോന്നാതിരിക്കും. അക്കാരണത്താല്‍ അത്തരക്കാരോടെല്ലാം അവന്‍ മുമ്പില്ലാത്ത വിധം സ്‌നേഹപ്രകടനങ്ങള്‍ കാട്ടുന്നു; അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു; തന്റെ വീട്ടിലേക്കവരെ ക്ഷണിക്കുന്നു. പാവപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്കും ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നു.

പള്ളിയില്‍നിന്ന് തന്റെ രക്ഷിതാവിനോട് അഭിമുഖ സംഭാഷണം നടത്തിയ ശേഷം അവന്‍ മടങ്ങുന്നത് കുറുക്കുവഴികളിലൂടെയാണ്. എങ്കിലല്ലെ, കൂടുതലാളുകളോട് ബന്ധങ്ങള്‍ പുതുക്കാനും സ്ഥാപിക്കാനുമാവുകയുള്ളൂ. ദീര്‍ഘവഴി തെരഞ്ഞെടുക്കുകയാണെങ്കില്‍ അത്രയും സമയനഷ്ടം വരും. കുടുംബക്കാരെയെല്ലാം കാണാനും ബന്ധങ്ങള്‍ പുലര്‍ത്താനും സമയം തികയാതെ വരും. അതില്ലാതിരിക്കാന്‍ എളുപ്പവഴികള്‍ നോക്കണം.
പെരുന്നാള്‍ ദിനം നോമ്പ് കൊണ്ടല്ല, നോമ്പൊഴിവാക്കിയാണ് ആഘോഷിക്കേണ്ടത്. നിരാഹാരസമരം കഴിഞ്ഞാല്‍ പിന്നെ മധുരപാനീയം കുടിച്ച് അവസാനിപ്പിക്കുന്നതാണല്ലോ രാഷ്ട്രീയത്തിലെ പോലും കീഴ്‌വഴക്കം. പക്ഷേ, നിരാഹാര ശേഷം, നിരന്തരാഹാരമാവാതിരുന്നാല്‍ മതി. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമാക്കരുത്.

വിശ്വാസത്തിന്റെ മാധുര്യം നുണയാനാണ് പെരുന്നാള്‍ നമ്മെ ക്ഷണിക്കുന്നത്. അതെ, വിശ്വാസത്തിന്റെ മാധുര്യം-ഹലാവത്തുല്‍ ഈമാന്‍. ആ മാധുര്യം നുണയാന്‍ ഭാഗ്യം കിട്ടിയവര്‍ക്ക് പിന്നെ മറ്റൊന്നും മധുരമായി തോന്നില്ല. ഏറ്റവും മാധുര്യമേറിയതു കഴിച്ചാല്‍ മറ്റുള്ളതിലൊന്നും മാധുര്യം അനുഭവപ്പെടാറില്ലല്ലോ. വിശ്വാസത്തിന്റെ മാധുര്യം ലഭിക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് പുണ്യനബി(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത്.
ഒന്ന്: മറ്റെന്തിനെക്കാളും അല്ലാഹുവും റസൂലും ഒരാള്‍ക്കേറ്റം ഇഷ്ടമായിരിക്കുക.
രണ്ട്: അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് വേറൊരാളെ സ്‌നേഹിക്കുക.
മൂന്ന്: നരകകുണ്ഠിലേക്ക് വലിച്ചെറിയപ്പെടുന്നത് എത്രമേല്‍ ഒരാള്‍ക്കനിഷ്ടകരമാണോ അതുപോലെ സത്യവിശ്വാസത്തില്‍നിന്ന് സത്യനിഷേധത്തിലേക്ക് മടങ്ങുന്നതും അനിഷ്ടകരമാവുക.

ഇവിടെ പരാമര്‍ശിക്കപ്പെട്ട മൂന്നു കാര്യങ്ങളും പെരുന്നാള്‍ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ പുതിയൊരു അര്‍ത്ഥതലം രൂപപ്പെടുന്നതായി കാണാം. നമ്മുടെ പെരുന്നാള്‍ പ്രഭാതം അല്ലാഹുവിനും റസൂലിനും മാത്രമായി റിസര്‍വ് ചെയ്യപ്പെട്ടതാണ്. തക്ബീര്‍ ധ്വനികള്‍, നിസ്‌കാരം, ഖുതുബ തുടങ്ങിയ കര്‍മങ്ങള്‍. ഏതു മരംകോച്ചും തണുപ്പത്തും പുതപ്പ് നീക്കി എഴുന്നേറ്റ് ഉറക്കച്ചടവുകളെല്ലാം മാറ്റി കുളിച്ച് ഫ്രഷായി നില്‍ക്കാന്‍ നമ്മെ നയിക്കുന്ന ഒരേയൊരു വികാരം സ്‌നേഹമായിരിക്കണം; അല്ലാഹുവോടും പുണ്യനബിയോടും. മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണ് പ്രചോദനമെങ്കില്‍ വിശ്വാസത്തിനു മാധുര്യം കുറയും. സ്‌നേഹമുണ്ടായാല്‍ പിന്നെ ഏതു ത്യാഗത്തെയും പൂമാല പോലെ സ്വീകരിക്കാന്‍ നാം തയ്യാറാവും.

രണ്ടാമത്തെ വിഷയം അപര സ്‌നേഹമാണ്. മറ്റുള്ളവരെ സ്‌നേഹിക്കുക. എല്ലാ ദിവസവും ഇതു വേണം. പെരുന്നാള്‍ അത് ഒന്നുകൂടെ സുദൃഢമാക്കുവാനും പുതിയവ സ്ഥാപിക്കാനുമായിരിക്കണം. പക്ഷേ, ആ സ്‌നേഹങ്ങള്‍ക്കു പിന്നിലെ വികാരം വൈയക്തികമായിക്കൂടാ. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം. തെരുവോരങ്ങള്‍ നീളെ ഈദുമുബാറക് എന്നെഴുതിക്കെട്ടിയ പോസ്റ്ററുകളില്‍ മാത്രം നമ്മുടെ സനേഹപ്രകടനങ്ങള്‍ പരിമിതപ്പെട്ടുകൂടാ. നിസ്‌കാരവും ഖുതുബയും മറ്റു കര്‍മങ്ങളെല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ കാണുന്നവരോടെല്ലാം സലാം പറയുക, ആലിംഗനം ചെയ്യുക, വിശേഷങ്ങള്‍ ചോദിച്ചറിയുക, രോഗികളുണ്ടെങ്കില്‍ സന്ദര്‍ശിക്കുക, ആവശ്യക്കാരുണ്ടെങ്കില്‍ സഹായങ്ങള്‍ നല്‍കുക. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത ഹൃദയം. പിഞ്ചുകുഞ്ഞിന്റെ നിഷ്‌കളങ്ക ഹൃദയം പോലെ. കൂടുതല്‍ ആരാധനാകര്‍മങ്ങളൊന്നും വേണ്ട, സമസൃഷ്ടി സ്‌നേഹമുള്ള ഒരു മനസ് മതി ഒരാള്‍ക്ക് സ്വര്‍ഗസ്ഥനാവാന്‍. ഇങ്ങനെയൊരു ഹൃദയമുള്ളവനും വിശ്വാസത്തിന്റെ മാധുര്യം ഇരട്ടിയായിരിക്കും. ഈ മാധുര്യം സിദ്ധിച്ചവന്റെ സന്തോഷമോ പറയുകയും വേണ്ട. ആ സന്തോഷം അയാള്‍ പെരുന്നാളായി ആഘോഷിക്കുകയാണ്. ഇത്ര വലിയ സന്തോഷം കിട്ടിയിട്ട് പിന്നെ അതു വേണ്ട എന്ന് പറഞ്ഞ് അസന്തുഷ്ടതയിലേക്കു മടങ്ങുന്നവന്‍ വിഢ്ഡികളുടെ സ്വര്‍ഗത്തിലല്ലാതെ മറ്റെവിടെയാണ്. സര്‍വ സുഖങ്ങളുടെയും ഗേഹമായ സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ട് എനിക്കതു വേണ്ട കത്തിയാളുന്ന നരകം മതിയെന്ന് ആരെങ്കിലും പറയുമോ. ഇത്ര നല്ല പെരുന്നാള്‍ സന്തോഷം ഒരാള്‍ക്ക് ലഭിച്ചിട്ട് പിന്നെ എന്തിന് അനിസ്‌ലാമികമായ ആഘോഷാഭാസങ്ങള്‍ക്കു പിന്നാലെ പോകുന്നു. സത്യനിഷേധത്തിലേക്കുള്ള മടക്കം ഒരാള്‍ക്ക് അലര്‍ജിയാവലാണ് വിശ്വാസത്തിന്റെ മാധുര്യം ലഭിക്കാനുള്ള മൂന്നാം മുറ. പെരുന്നാളാഘോഷത്തിന് ഇസ്‌ലാമിക രീതി ഉപേക്ഷിച്ച് അനിസ്‌ലാമികാചാരങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും ആ മാധുര്യത്തിന് അവസരമുണ്ടാവില്ല. ഹലാവത്തുല്‍ ഈമാന്‍ ലഭിച്ചവര്‍ക്കേ ഈദുല്‍ ഫിത്വ്ര്‍ ഒരു ആഘോഷമായി തോന്നുകയുള്ളൂ. അല്ലാത്തവര്‍ക്ക് ആഭാസങ്ങളില്‍ നിന്നു ലഭിക്കുന്ന ക്ഷണിക സുഖമാണുണ്ടാവുക. അതൊരു മഴ വന്നാല്‍ അണഞ്ഞുപോകുന്ന സുഖം മാത്രം. അല്ലെങ്കില്‍ ചെറിയൊരു കാറ്റേറ്റാല്‍ കെട്ടുപോകുന്ന സന്തോഷം. ഏതു കാറ്റിലും കോളിലും രുചിക്കൊട്ടും ഭേദമേല്‍ക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസത്തിന്റെ മാധുര്യം സിദ്ധിച്ചവനെ സാധിക്കുകയുള്ളൂ.

ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പെരുന്നാളാഘോഷത്തിന്റെ ചെറിയൊരു വശം മാത്രമാണീ പറഞ്ഞത്. അതായത്, ആത്മീയമായ ലഹരിയില്‍ നിന്നുണ്ടാവേണ്ട ആഘോഷം. അതു ബാഹ്യമാത്രമാവുമ്പോഴാണ് അതിന് ആത്മാവ് നഷ്ടമായിപ്പോവുന്നത്. ആത്മാവ് നഷ്ടമായാല്‍ പിന്നെ തുടര്‍ന്നങ്ങോട്ട് ഇസ്‌ലാം കൂട്ടിനുണ്ടാവുകയില്ല. പകരം പിശാചായിരിക്കും സഹയാത്രികന്‍. അവനാകട്ടെ ചതിയനും വഞ്ചകനുമാണ്. നമ്മുടെ കഠിന ശത്രുവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter