ഖിബ്‌ല നിര്‍ണയവും   മാഗ്‌നറ്റിക് കോംപസും

നമ്മുടെ നിസ്‌കാരങ്ങളില്‍ ഖിബ്‌ലയെ അഭിമുഖീകരിക്കല്‍ അനിവാര്യമാണ്. ഏതു സ്ഥലത്തുവെച്ച് നിസ്‌കരിക്കുകയാണെങ്കിലും ഇത് കൂടിയേ തീരൂ. ഇസ്‌ലാമിലെ ഈ കല്‍പന മുസ്‌ലിംഗളുടെ മേല്‍ വലിയൊരു ഉത്തരവാദിത്വം ഏല്‍പ്പിക്കുകയുണ്ടായി. കഅ്ബയില്‍ നിന്നും ദൂരദിക്കുകളില്‍ നിവസിക്കുന്നവര്‍, യാത്രക്കാര്‍ തുടങ്ങിയ എല്ലാവരും കഅ്ബയുടെ ദിശ കണ്ടെത്തണം എന്നതാണത്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിന് വേണ്ടി മുസ്‌ലിം പണ്ഡിതന്മാരും മുസ്‌ലിം ശാസ്ത്രജ്ഞന്മാരും രംഗത്തുവരികയും ചെയ്തു. അവരുടെ ശ്രമഫലമായി രൂപംകൊണ്ട ശാസ്ത്രജ്ഞാന ശാഖയാണ് 'ഇല്‍മുല്‍ മീഖാത്ത്'. നിസ്‌കാര സമയങ്ങളും ഖിബ്‌ലാ ദിശയും ശാസ്ത്രീയമായി കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രതിപാദ്യ വിഷയം. 

ഏതൊരു നാട്ടിലും ഖിബ്‌ലയുടെ കോണളവ് കണ്ടെത്തിയ ശേഷം അത് പ്രയോഗവല്‍കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണ് വിവരിക്കുകയാണ് ഈ ലേഖനംകൊണ്ടുദ്ദേശിക്കുന്നത്.

ഖിബ്‌ല എന്നാലെന്ത്?

ആദ്യമായി, ഖിബ്‌ല എന്തെന്നു ചിന്തിക്കാം. നിസ്‌കരിക്കുന്നവന്റെ നെറുകെയെയും കഅ്ബയുടെ നെറുകെയെയും സംയോജിപ്പിച്ചു പോകുന്ന ഒരു മഹാ വൃത്തം (1) അതിന്റെ പ്രാദേശിക ചക്രവാളത്തെ അതേ ദിശയില്‍ പരിഛേദിക്കുന്ന ബിന്ദു ഖിബ്‌ലാ ബിന്ദുവാണ്. ഖിബ്‌ലാ ബിന്ദുവിനെയും പ്രസ്തുത ചക്രവാളത്തിന്റെ കേന്ദ്ര ബിന്ദുവിനെയും ചേര്‍ത്തു കൊണ്ടുപോകുന്ന രേഖ ഖിബ്‌ലാ രേഖയാണ്. ഏതെങ്കിലുമൊരു അടിസ്ഥാന ദിക്കി (Standerd Direction) ന്റേയും ഖിബ്‌ലാ ബിന്ദുവിന്റെയുമിടയില്‍ വരുന്ന ചക്രവാള വൃത്തഖണ്ഡം(Arc) ഖിബ്‌ലാ ദിശാ മാനവും (സിംത്തുല്‍ ഖിബ്‌ല) ആകുന്നു. (ശര്‍ഹു ചഗ്മീനി തുടങ്ങിയ ഗ്രന്ഥങ്ങള്‍ കാണുക.)

ദിശ എന്നത് ആപേക്ഷികമാണ്. അതിനെ വിശദീകരിക്കുവാന്‍ അഥവാ, ബന്ധപ്പെടുത്തുവാന്‍ മറ്റൊരു 'പോയിന്റ്' ആവശ്യമാണ്. അതനുസരിച്ച് ഖിബ്‌ലാ, ദിശ (സിംത്തുല്‍ ഖിബ്‌ല) യെ നിജപ്പെടുത്തുവാന്‍ ഒരു നിര്‍ണ്ണിത ദിക്ക് (Cardinal point) ആവശ്യമാകുന്നു. ആ പോയിന്റ് ആദ്യമായി കണ്ടെത്തുകയും നിര്‍ണയിക്കുകയും ചെയ്യേണ്ടതുണ്ട്.

വടക്ക്, തെക്ക്, പടിഞ്ഞാര്‍, കിഴക്ക് എന്നിവയാണ് അടിസ്ഥാന ദിക്കുകള്‍ (Cardinal point) ഭൂമിക്ക് രണ്ടു ധ്രുവങ്ങളുണ്ടെന്ന് അറിയാമല്ലോ. ഇതിലൊന്നിന്റെ ഉച്ചസ്ഥാന(Zenith)ത്തിനോട് വളരെ ഏറെ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രമുണ്ട്. ധ്രുവനക്ഷത്രം(Pole Star) എന്നാണ് അതിന്റെ പേര്. സുമാര്‍ പ്രസ്തുത നക്ഷത്രത്തിന്റെ സൂത്രത്തിലുള്ള ധ്രുവത്തിന് വടക്കേ ധ്രുവം (North Pole) എന്നു പറയുന്നു. ഇതു തന്നെയാണ് വടക്ക് എന്ന അടിസ്ഥാന ദിക്കും. എതിര്‍വശത്തുള്ള ധ്രുവം തെക്കാകുന്നു. ഇവ രണ്ടും ചേര്‍ത്തുകൊണ്ട് വരക്കുന്ന നേര്‍രേഖ വടക്കു തെക്ക് രേഖ (ഖത്തുസ്സവാല്‍) ആകുന്നു. വടക്കു തെക്ക് രേഖക്ക് ലംബമായി വരക്കപ്പെടുന്ന രേഖ കിഴക്കുപടിഞ്ഞാര്‍ രേഖയുമായിരിക്കും. വടക്കേ ധ്രുവത്തിന് അഭിമുഖമായി നില്‍ക്കുന്ന ആളുടെ വലത് ഭാഗം കിഴക്കു ദിക്കും ഇടതു ഭാഗം പടിഞ്ഞാറു ദിക്കുമാകുന്നു. ഈ പറഞ്ഞ നാലു ദിക്കുകളില്‍ ഏതെങ്കിലുമൊന്നിനെ ആസ്പദമാക്കി നമുക്ക് ഖിബ്‌ലയുടെ ദിശമാനം കണക്കാക്കുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പറഞ്ഞ ദിശകള്‍ നിര്‍ണ്ണയിക്കുവാന്‍ എങ്ങനെയാണ് സാധിക്കുക.? അതാണ് ഇനി പരിശോധിക്കേണ്ടത്. 

ദിക്കുകള്‍ കണ്ടെത്തുവാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് നമുക്ക് വിശകലനം ചെയ്യാം

1- ധ്രുവനക്ഷത്രം

ധ്രുവനക്ഷത്രം കണ്ടെത്തി തദടിസ്ഥാനത്തില്‍ നേര്‍രേഖ വരച്ച് ദിക്കുകള്‍ നിര്‍ണ്ണയിക്കാവുന്നതാണ്. ധ്രുവനക്ഷത്രത്തിന് ചെറിയ ഒരു ചലനമുള്ളതിനാല്‍ ധ്രുവനക്ഷത്രം മദ്ധ്യാഹ്നരേഖയില്‍ വന്നു ചേരുന്ന സമയത്തുതന്നെ പ്രസ്തുത രേഖ അടയാളപ്പെടുത്തിയാല്‍ കൃത്യമായി ദിക്കുകള്‍ ലഭ്യമാകുന്നതായിരിക്കും. എന്നാല്‍, ഈ മാര്‍ഗം രാത്രികാലത്തും ഭൂമിയുടെ ഉത്തരാര്‍ദ്ദത്തിലും മാത്രമേ സാധ്യമാവുകയുള്ളൂ എന്നൊരു പരിമിതി ഇതിനുണ്ട്. 

2- ദായിറത്തുല്‍ ഹിന്ദിയ്യ

ദായിറത്തുല്‍ ഹിന്ദിയ്യ (ഭാരതീയ വൃത്തം) (2) എന്ന മറ്റൊരു മാര്‍ഗ്ഗവും ദിശകള്‍ കണ്ടുപിടിക്കാന്‍ പ്രയോഗിക്കപ്പെടുന്നു. നമ്മുടെ പള്ളി ദര്‍സുകളില്‍ പാഠ്യവിഷയമായിട്ടുള്ള 'തസ്‌രീഹുല്‍ അഫ്‌ലാക്ക്', 'ശറഹുചഗ്മീനി' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. 'സുഖവാസ ഭവനങ്ങള്‍' തുടങ്ങിയ മലയാള കൃതികളിലും ഇതു കാണാം. ഉച്ചക്കു മുമ്പും ഉച്ചക്കു ശേഷവും ശങ്കുച്ഛായ, വൃത്തവക്കില്‍ രേഖപ്പെടുത്തിക്കൊണ്ട് ദിക്കുകള്‍ കണ്ടെത്തുകയാണ് ഇതില്‍ ചെയ്യുന്നത്. സൂര്യന്റെ ഡെക്ലിനേഷന്‍ (അയന കോണ്‍) കോണളവ് മേല്‍പറഞ്ഞ രണ്ടവസരങ്ങളിലും കൃത്യമായി ഒന്നു തന്നെ ആയിരിക്കുകയില്ല എന്നൊരു പോരായ്മ ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും, ഇത്തരം വിത്യാസം ആവുന്നത്ര കുറക്കുവാന്‍ സാധിക്കുന്ന സമയത്ത് ഇത് നടത്തിയാല്‍ വലിയ അപാകതയൊന്നും വരികയില്ല. അതിനാല്‍ ദായിറത്തുല്‍ ഹിന്ദിയ്യ: മുഖേനയും ദിക്കു നിര്‍ണ്ണയം നടത്താനാകും. 

3- സൂര്യഛായാ രീതി

സൂര്യഛായാ രീതി(Sundial method) യാണ് മറ്റൊന്ന്. ഭൂതനം നല്ല വണ്ണം നിരപ്പാക്കിയ ശേഷം അതിന്‍മേല്‍ കുത്തനെ (സമകോണളവില്‍) ഒരു ചുംബിക നാട്ടിയോ മറ്റോ കൃത്യമായ മദ്ധ്യാഹ്ന സമയത്ത് അതിന്റെ നിഴയില്‍ രേഖപ്പെടുത്തിക്കൊണ്ട് വടക്കു തെക്കു രേഖ അടയാളപ്പെടുത്തുകയാണ് ഈ രീതിയില്‍ അവലംബിക്കപ്പെടുന്നത്. ഏറ്റവും കൃത്യമായി വടക്കുതെക്ക് രേഖ കണ്ടെത്താന്‍ ഇതുവഴി സാധ്യമാകും. എന്നാല്‍ കൃത്യമായ മദ്ധ്യാഹ്ന സമയം മുന്‍കൂട്ടി അറിഞ്ഞിരിക്കണം. വെബ് സൈറ്റുകളിലൂടെയും മറ്റും അതറിയുവാന്‍ ഇക്കാലത്ത് പ്രയാസമില്ല. ഉദ്ദിഷ്ഠ സ്ഥലത്തിന്റെ അക്ഷ രേഖ, ധ്രുവരേഖ, സമയ മേഖല (Time zone) തുടങ്ങിയവ അറിഞ്ഞിരിക്കണമെന്നേയുള്ളൂ. 

4- തവുക്ക (ങമഴിലശേര രീാുമ)

ദിക്കുകള്‍ കണ്ടെത്താനുള്ള മറ്റൊരു വഴി തവുക്ക അഥവാ കാന്തിക സൂചിയാണ്. മാഗ്നറ്റിക് കോംപസ്സ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. വളരെ പുരാതനമായ ഒരു ഉപകരണമാണിത്. കുത്തനെ നിറുത്തപ്പെട്ട ഒരു ലോഹ മുനയിന്‍മേല്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കാന്തീകൃത സൂചിയും ഡിഗ്രികളും മറ്റും രേഖപ്പെടുത്തിയ ഒരു ഡയലും (ഫലകവും) ആണ് ഈ ഉപകരണത്തിന്റെ പ്രധാന ഘടകങ്ങള്‍. സ്വതന്ത്രമായി എങ്ങോട്ടും തിരിയുവാന്‍ പാകത്തിലാണ് സൂചിയെ നിറുത്തിയിരിക്കുന്നത്. മറ്റു തടസ്സങ്ങളുമൊന്നുമില്ലാതിരുന്നാല്‍ ഈ സൂചി വടക്കു തെക്കു ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്നതാണ്. ദിക്കുകള്‍ നിശ്ചയിക്കാന്‍ വളരെ എളുപ്പമാണ് ഈ ഉപകരണത്തില്‍. അതിനാല്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

കാന്തീകൃത സൂചിയായതിനാല്‍ ഭൗതിക ശാസ്ത്രത്തിലെ കാന്തനിയമങ്ങള്‍ക്കനുസൃതമായാണ് ഈ സൂചിയുടെ പ്രവര്‍ത്തനം. ആയതിനാല്‍ ഭൂമിയിലെ കാന്തധ്രുവങ്ങള്‍ക്ക് നേരെയാണ് ഈ സൂചി നിലകൊള്ളുക (സുമാര്‍) ഏതൊരു കാന്തിക ദണ്ഡും അതിനെ ചുറ്റിനില്‍ക്കുന്ന കാന്തവലയ  (MagneticField)ത്തിനകത്ത് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നത് ഒരു വസ്തുതയാണ്. അതിനാല്‍, നമ്മുടെ കാന്തസൂചിയും ഭൂമിയുടെ കാന്തവലയത്തിനകത്തായാല്‍ മാത്രമേ ദിക്കുകള്‍ കാണിക്കുകയുള്ളൂ. അതും ഭൂമിയുടെ കാന്തധ്രുവങ്ങളാകുന്ന ദിക്കുകളാണ് കാണിക്കുന്നത്. അല്ലാതെ, ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ദിക്കുകള്‍ അല്ല. ചുരുക്കിപ്പറഞ്ഞാല്‍, കാന്തിക സൂചി കാണിക്കുന്ന വടക്ക് ഭൂമിയുടെ ഭൂമിശാസ്ത്രപരമായ വടക്ക് (Geographical North) അല്ല. മറിച്ച് കാന്തിക വടക്ക് ആകുന്നു.

ഇവ രണ്ടും വ്യത്യസ്ഥങ്ങളാണെന്ന് മാത്രമല്ല, പല സ്ഥലങ്ങളിലും പല വിധത്തിലുമാണ്. കൂടാതെ കാലദൗര്‍ഘ്യം മൂലവും വ്യത്യാസങ്ങള്‍ വരുന്നതാണ്. ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ക്ക് ചലനമാറ്റം ഉള്ളതാണ് ഇതിനു കാരണം. (എ.സി ഗാര്‍ഡിനര്‍ എഴുതിയ 'നാവിഗേഷന്‍' എന്ന പുസ്തകം കാണുക.) കൂടാതെ 'ശറഹുല്‍ബാകുറ' എന്ന കൃതിയില്‍ അല്ലാമാ മുഹമ്മദ് ബിന്‍ യൂസുഫുല്‍ ഖയ്യാത്ത് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, കാന്ത സൂചിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളിലും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. യഥാര്‍ത്ഥ വടക്കുനിന്നു കാന്തസൂചിക്കു സംഭവിക്കുന്ന വ്യത്യാസത്തിന് 'വേരിയേഷന്‍'(Variation) എന്നാണ് സാങ്കേതിക നാമം. ഈ വ്യത്യാസം ചില സ്ഥലങ്ങളില്‍ യഥാര്‍ത്ഥ വടക്കു നിന്നു പടിഞ്ഞാറോട്ടായിരിക്കും. മറ്റു സ്ഥലങ്ങളില്‍ യഥാര്‍ത്ഥ വടക്കു നിന്നും കിഴക്കു ഭാഗത്തേക്കുമായിരിക്കും. അതിനാല്‍, കാന്തിക സൂചി മുഖേന ദിക്കുകള്‍ തിരിക്കുമ്പോള്‍ അതതു സ്ഥലത്തുള്ള വ്യത്യാസം കണ്ടെത്തി യഥാര്‍ത്ഥ വടക്കു നിന്നു അതിനെ കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്. ഇതിന്റെ വിശദമായ വിവരണങ്ങള്‍ ഞാന്‍ എഴുതിയ 'മാഗ്നറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡെക്ലിനേഷന്‍; എന്ന കൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ അറബി പതിപ്പും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

മറ്റൊരു തരത്തിലുള്ള വക്രീകരണവും കാന്തസുചിക്കു സംഭവിക്കുന്നു. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളില്‍ ച്രകവാള തലത്തിനോട് (Horizontal plane) സമാന്തരമായി സ്ഥിതിചെയ്യുന്ന സൂചി, വടക്കോട്ട് നീങ്ങുംന്തോറും സൂചിയുടെ വടക്കേ അര്‍ദ്ധം താഴോട്ട് ചരിയാന്‍ തുടങ്ങും. ഉത്തര ധ്രുവത്തിലെത്തുന്നതോടെ അത് കുത്തനെ താഴോട്ട് കുനിയും. ഇതേ അവസ്ഥയാണ് ദക്ഷിണാര്‍ദ്ധത്തിലും. സൂചിയുടെ തെക്കേ അര്‍ദ്ധത്തിനായിരിക്കും അവിടെ ഇതു സംഭവിക്കുക. എന്നാല്‍ ചില മെക്കാനിക്കല്‍ സംവിധാനങ്ങളൊരുക്കി ആധുനിക വടക്കുനോക്കി ഉപകരണങ്ങളില്‍ ഇത് ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വടക്കു നിന്നു ഇരു വശങ്ങളിലേക്കുമുണ്ടാകുന്ന ചെരിവ് (ഢമൃശമശേീി) അതേപടി നിലനില്‍ക്കുകയാണ്. അത് ഓരോ സ്ഥലത്തും എത്രയാണെന്ന് കണ്ടെത്തി പരിഹാരമുണ്ടാക്കുക തന്നെ ചെയ്യേണ്ടതാണ്. 

എന്നാല്‍, യാന്ത്രീകമായി തന്നെ ഇത് പരിഹരിച്ച ഒരു തരം കാന്തിക കോംപസ്സ് നിലവിലുണ്ട്. ഗൈറോ കോംപസ്സ്(Gyro compass) എന്നാണതിന്റെ പേര്. സങ്കീര്‍ണ്ണമായ യാന്ത്രിക സംവിധാനങ്ങളാണ് അതിലുള്ളത്. അത് പലപ്പോഴും അവിശ്വസനീയമായി തീരുകയാണ് ചെയ്യാറുള്ളത്. അതിനാല്‍ സാധാരണ തവുക്ക തന്നെയാണ് കരണനീയം. പക്ഷേ, അതിന്റെ ചെരിവ് കണക്കിലെടുക്കാന്‍ വിട്ടുപോകരുത് എന്നു മാത്രം. ഓരോരുത്തരുടെയും കൈവശമുള്ള വടക്കുനോക്കിയന്ത്രത്തിന്റെ 'വേരിയേഷന്‍' ക്രമീകരിച്ചു വെക്കുവാനുള്ള ഒരു മാര്‍ഗ്ഗം ശൈഖ് ത്വാഹിര്‍ ജലാലുദ്ദീന്‍ മംഗബാവി (മലേഷ്യ) തന്റെ 'നുഖ്ബത്തുത്തഖ്‌രീറാത്ത്' എന്ന കൃതിയില്‍ വിവരിച്ചിട്ടുണ്ട്. അത് പഠിച്ചു വെക്കല്‍ പ്രയോജനപ്രദമായിരിക്കും.

(1) ഏതൊരു ഗോളത്തിന്റെയും കേന്ദ്രത്തില്‍ കൂടി പോവുകയും അഗോളത്തെ സമമായ രണ്ട് അര്‍ദ്ധ ഗോളങ്ങളാക്കുകയും ചെയ്യുന്ന വൃത്തം പ്രസ്തുത ഗോളത്തില്‍'മഹാവൃത്തം'() ആകുന്നു.

(2) ഇതിന്ന് ദായിറത്തുല്‍ ഹിന്ദിയ്യ എന്ന പേര് പറഞ്ഞിട്ടുള്ളത് ഇത് കണ്ടുപിടിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മരായിരുന്നു എന്ന് പറയപ്പെടുന്നത് കൊണ്ടാണ്. അല്‍ബിറൂനി തന്റെ 'ഇഫ്‌റാദുല്‍ മഖാല്‍ ഫീ അംരില്ലിലാല്‍' എന്ന ഗ്രന്ഥത്തില്‍ ഇത് പറഞ്ഞിട്ടുണ്ട്.

മാസപ്പിറവിയും മഥ്‌ലഉം ചര്‍ച്ച ചെയ്യുമ്പോള്‍ മുന്‍ കാസര്‍കോട് ഖാസി സി.എമ്മിന്റെ ഗോളശാസ്ത്ര രചനകള്‍ വായിക്കുന്നത് ഉപകരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter