ദയാ വധത്തോട്   ദയയാകാമോ?

നിഷ്‌ക്രിയ ദയാവധത്തിന് പച്ചക്കൊടി കാണിക്കുന്ന രീതിയില്‍ ഈയിടെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. ബലാല്‍സംഗ ശ്രമത്തിനിടെ മസ്തിഷകാഘാതമേറ്റ് മുപ്പത്തിയേഴ് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന അരുണ ഷന്‍ബാഗിന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക പിങ്കി വിറാനി സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഈ വിധി പ്രസ്താവം. ഹോസ്പിറ്റല്‍ നഴ്‌സുമാര്‍ അരുണക്ക് പൂര്‍ണ്ണ പരിചരണം ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ അവര്‍ക്ക് ദയാവധം അനുവദിക്കാവതല്ലെങ്കിലും ശമന പ്രതീക്ഷയില്ലാതെ ജീവച്ഛവമായി കഴിയുന്ന രോഗികള്‍ക്ക്  മരുന്നും ഭക്ഷണവും നല്‍കാതെ നിഷ്‌ക്രിയ വധമാവാമെന്ന് കോടതിപറയുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന ഈ കോടതി നിലപാട്  പ്രതിഷേധങ്ങള്‍ക്കും ആശങ്കള്‍ക്കും വഴിവെച്ചതില്‍ അതിശയമൊന്നുമില്ല.

നിഷ്‌ക്രിയ ദയാവധം അനുവദിക്കാന്‍ കോടതി ചില മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അഥവാ  രോഗിയുടെ താത്പര്യം മാത്രം പരിഗണിച്ച് മതാപിതാക്കളോ ജീവിത പങ്കാളിയോ അടുത്ത സുഹൃത്തുകളോ ചികിത്സിക്കുന്ന ഡോക്ടര്‍മാരോ ആണ് വധത്തിനനുവാദം തേടേണ്ടത്. ശേഷം വിദഗ്ധരായ മൂന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന മുറക്ക് ഹൈക്കോടതി വധത്തിനനുവാദം നല്‍കണം. മാനുഷിക പരിഗണന വെച്ചും സമകാലിക സംഭവ വികാസങ്ങളുടെ വെളിച്ചത്തിലും ചിന്തിച്ചാല്‍ തന്നെ നിരവധി ചോദ്യങ്ങള്‍ക്ക് ഈ വിധിയിലൂടെ നാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒന്നാമതായി, നിഷ്‌ക്രിയ ദയാവധത്തിലൂടെ രോഗിയോട് അനുകമ്പയും ദയയും പ്രകടിപ്പിക്കുകയാണെന്നാണ് കോടതിയുടെ ഭാഷ്യം. മനുഷ്യന്റെ ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. സത്യത്തില്‍ ശരീരവും ആത്മാവും സംഗമിക്കുന്നതാണ് മനുഷ്യ ജീവന്‍. ഇതില്‍ ശരീര സുഖങ്ങള്‍ നഷ്ടപ്പെട്ടാലും മാനസിക സൂഖങ്ങള്‍ നിലനില്‍ക്കുമെന്നത് അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. എന്നല്ല പലപ്പോഴും ശാരീരിക സുഖങ്ങള്‍ അനുഭവിക്കുന്നവരേക്കാള്‍ കൂടതല്‍ മാനസിക സുഖമനുഭവിക്കുന്നത് ശരീരം തളര്‍ന്ന് ജീവച്ഛവമായവരായിരിക്കും. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് ജീവന്‍ നശിപ്പിക്കപ്പെടുന്നതിലൂടെ ശാരീരിക സുഖങ്ങള്‍ക്കൊപ്പം  മാനസിക സുഖങ്ങള്‍ കൂടിയാണ് രോഗിക്ക് നഷ്ടപ്പെടുന്നത്. രണ്ടാമതായി അശരണരേയും രോഗികളെയും ശുശ്രൂഷിച്ച് മാനസിക സുഖം നേടിയെടുക്കാനുള്ള അവസരമാണ് നിഷ്‌ക്രിയ വധം അനുവദനീയമാകുന്നതോടെ നഷ്ടപ്പെടാന്‍ പോകുന്നത്. കൂടാതെ വാര്‍ധക്യ സഹജമായ രോഗം ബാധിച്ച് മക്കള്‍ക്കും കൂടുംബത്തിനും ഭാരമാകുന്ന ഉറ്റവരെയും മാതാപിതാക്കളെയും മരണത്തിലേക്ക് തള്ളി വിടാനുള്ള നിയമാനുസൃത പിന്തുണയുമാണ് ഈ വിധി. സാമ്പത്തിക നേട്ടങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന സുഹൃത്തുക്കളും കുടുംബവും ഈ വിധി ദുരുപയോഗം ചെയ്യില്ലെന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും? ചുരുക്കത്തില്‍ മാനുഷിക പരിഗണന വെച്ചും ബൗദ്ധികമായും ഈ വിധിയെ വിലയിരുത്തുമ്പോള്‍ നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നതായി കണ്ടെത്താന്‍ സാധിക്കും.

മനുഷ്യ ജീവന്ന് അമൂല്യ സ്ഥാനം കല്‍പിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ വിധി ഒരിക്കലും അംഗീകരിക്കാനാവില്ല. അവന്റെ ജീവിതത്തിലെ ഓരോ നിമിഷവും വിലമതിക്കാനാവാത്തതാണ്. അത് കൊണ്ട് തന്നെ ഏത് പ്രതിസന്ധി വന്നാലും അവന്‍ മരണം ആഗ്രഹിക്കുക പോലും നിരോധിക്കപ്പെട്ടിരിക്കുന്നു. അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. നിങ്ങളില്‍ ആരും മരണത്തെ ആഗ്രഹിക്കുകയോ അതിന്നായി പ്രാര്‍ത്ഥിക്കുകയോ അരുത്. കാരണം മരണത്തോടെ മനുഷ്യന്റെ കര്‍മ്മങ്ങള്‍ അവസാനിക്കും. എന്നാല്‍ ആയുര്‍ ദൈര്‍ഘ്യം കൊണ്ടവന് നന്മ മാത്രമേ ലഭ്യമാകൂ. ഇതേ അര്‍ത്ഥം കുറിക്കുന്ന ഇനിയും നിരവധി വചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാകും. കൂടാതെ രോഗമായാല്‍ ചികിത്സിക്കാനും പിന്നെ പ്രാര്‍ത്ഥിക്കാനുമാണ് ഇസ്‌ലാമിന്റെ കല്‍പന. മരുന്നില്ലാത്ത ഒരു രോഗവും ദൈവം അവതരിപ്പിച്ചിട്ടില്ല എന്ന ഹദീസ് ഈ പരമാര്‍ത്ഥമാണ് സൂചിപ്പിക്കുന്നത്. രോഗമെന്നത് മനുഷ്യന്റെ പാപമോചനത്തിനുപകരിക്കുന്ന പരീക്ഷണമാണെന്നും ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക ദൈവദൂതന്മാരാണെന്നുമുള്ള പ്രവാചക വചനങ്ങള്‍ ഏത് പ്രതിസന്ധി ഘട്ടത്തലും മുസ്‌ലിമിനോട് ശാന്തനാകാനാണ് ആജ്ഞാപിക്കുന്നത്. ബുദ്ധിമുട്ടുകള്‍ക്കു മുന്നില്‍ സാന്ത്വനമേകുന്ന മറ്റൊരു പ്രവാചക വചനം ഇങ്ങനെ വായിക്കാം: 'മുഅ്മിനിന്റെ കാര്യം അദ്ഭുതം; അവന്റെ എല്ലാ കാര്യങ്ങളും അനുഗ്രഹമാണ്. സന്തോഷമേകുന്ന വല്ലതും സംഭവിച്ചാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കും; അതവനു പ്രതീഫലാര്‍ഹമാണ്. ബുദ്ധിമുട്ടേകുന്ന വല്ലതും സംഭവിച്ചാലോ അവന്‍ ക്ഷമിക്കും അതും പ്രതിഫലാര്‍ഹം തന്നെ'. ഈ വചനങ്ങളെല്ലാം സൂചിപ്പിക്കുന്നത് കഠിനമായ രോഗം ബാധിച്ചാലും അല്ലാഹു നിശ്ചയിച്ച സമയ ത്തിന് മുമ്പ് സ്വയം ആത്മാഹുതി നടത്തുകയോ മറ്റുള്ളവരുടെ സഹായമഭ്യര്‍ത്ഥിക്കുകയോ ചെയ്യല്‍ പൊറുക്കപ്പെടാത്ത പാപമാണെന്നതിലേക്കാണ്. കോടതി നിര്‍ദ്ദേശിച്ചതു പോലെ ഡോക്ടര്‍മാര്‍ ശമനസാധ്യത നിരാകരിച്ചതു കൊണ്ടൊന്നും മരണം അനുവദനീയമാകുകയില്ല. ഇവ്വിധം അവര്‍ എഴുതിത്തള്ളുന്ന അനേകം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് നിത്യ കാഴ്ചയായ ഇക്കാലത്ത് വിശേഷിച്ചും. ഇവ്വിഷയകമായി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നടത്തിയ പ്രസ്താവനകള്‍ ദയാവധം കഠിന പാതകവും കൊലക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വ്യക്തമാക്കുന്നു.

ഇമാം ശര്‍വാനി വിശദീകരിക്കുന്നു: 'എത്ര അസഹ്യമായ വേദനയുണ്ടെങ്കിലും സമയമെത്തുന്നതിന് മുമ്പ് മരണം വരിക്കല്‍ നിഷിദ്ധമാണ്. ശമനം പ്രതീക്ഷിക്കപ്പെടാമെന്നത് തന്നെ കാരണം. ഭക്ഷണവും മരുന്നും നല്‍കാതെയുള്ള നിഷ്‌ക്രിയ ദയാവധം മാത്രമേ കോടതി ശുപാര്‍ശ ചെയ്യുന്നുള്ളൂവെങ്കിലും അതും ഇസ്‌ലാമിക ദൃഷ്ട്യാ മറ്റുള്ളവര്‍ ചെയ്യാവതല്ല. കാരണം ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടത് മൂലം ഒരാള്‍ മരണപ്പെട്ടാല്‍ അത് മനഃപൂര്‍വമുള്ള വധമാണെന്ന് കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു ആദരിച്ച ഒരു ശരീരത്തെ മരണത്തിലേക്ക് തള്ളിവിടുക എന്നത് മനുഷ്യന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവതല്ല എന്നതാണ് ഇസ്‌ലാമിന്റെ പക്ഷം. അന്നപാനീയങ്ങള്‍ നല്‍കാതെ പൂച്ചയെ പട്ടിണിക്കിട്ടത് പോലും ചോദ്യം ചെയ്ത ഇസ്‌ലാം അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഉത്തമനും ബഹുമാന്യനുമായ മനുഷ്യനെ മരണത്തിന് വെച്ച് നീട്ടുന്നത് എങ്ങനെ അംഗീകരിക്കും? ചുരുക്കത്തില്‍ ദയാവധത്തെ അനുകൂലിക്കും വിധം രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടല്‍ മനുഷ്യത്വത്തോട് നിരക്കാത്തതായെന്ന് വിലയിരുത്തിയവരെ ആക്ഷേപിക്കാനാവില്ല. ഈ വിഷയം ശക്തമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതാണെന്ന നിയമമന്ത്രിയുടെ പ്രസ്താവനയും  ഡോക്ടര്‍മാരുടെ നിഗമനം മാത്രം കണക്കിലെടുത്ത് ഒരാള്‍ മരിക്കണമെന്ന് വിധിയെഴുതാനാവില്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടും യാഥാര്‍ഥ്യ ബോധമുള്ളതാണ്. സ്വന്തം കുടുംബത്തെയും മാതാപിതാക്കളെ തന്നെയും മരണത്തിലേക്ക് തള്ളി വിട്ട് ഭാരം കുറക്കാന്‍ കാത്തിരിക്കുന്ന പുതു സമൂഹത്തില്‍ ഈ വിധി എന്ത് കൊണ്ടും പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

 തെളിച്ചം മാസിക, ഏപ്രില്‍, 2011, ദാറുല്‍ഹുദാ, ചെമ്മാട്)  

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter