കോവിഡ് വാക്സിനും കർമശാസ്ത്ര വിശകലനവും

എമിറേറ്റ്സ് കൗൺസിൽ ഫോർ ശരീഅ ഫത്‍വ, കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കര്‍മ്മശാസ്ത്ര വിധിയുടെ ഭാഷാന്തരം

കൊറോണ വാക്സിൻ ഉപയോഗിക്കുന്നതിന്റെ വിധിയെ സംബന്ധിച്ച് പലിയടങ്ങളില്‍നിന്നായി വന്ന ചോദ്യത്തെ തുടര്‍ന്ന് പ്രസ്തതു വിഷയം അവലോകനം ചെയ്തതിലൂടെ  എമിറേറ്റ്സ് ഫത്‍വ കൗൺസിൽ എത്തിപ്പെട്ട തീരുമാനങ്ങളാണ് താഴെ. 

ഒന്ന്:  കോവിഡ് വാക്സിനുകളിലെ കള്ള്, പന്നിയിറച്ചി,  പോലോത്ത നിരോധിത  വസ്തുക്കൾ ഉണ്ടെന്ന വാദം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ, എല്ലാ വസ്തുക്കളും  ശുദ്ധമാണെന്ന അടിസ്ഥാന നിയമം പരിഗണിച്ച് കോവിഡ് വാക്സിനും ശുദ്ധമാണെന്നേ പറയാനൊക്കൂ. അതോടൊപ്പം, അശുദ്ധ വസ്തുക്കളുണ്ടെന്ന സങ്കല്‍പപ്രകാരം, അവയുടെ തന്മാത്രകള്‍ മറ്റു ശുദ്ധ വസ്തുക്കളിലലിഞ്ഞ് ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു വസ്തുവായി പരിണമിച്ചിരിക്കുകയാണ് ഇവിടെ. അങ്ങനെ വരുമ്പോഴും അത് അനുവദനീയമാണെന്നത് തന്നെയാണല്ലോ നിയമം.

രണ്ട്: വാക്സിനേഷനിന്റെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ഈ മഹാമാരി തടയാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നത് സര്‍വ്വാംഗീകൃതവുമാണ്. അത് കൊണ്ട് തന്നെ, അശുദ്ധ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ പോലും, മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അത് എടുക്കാം എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്. 

മൂന്ന്: കുത്തിവെപ്പ് എന്നത് ശറഅ് അംഗീകരിച്ച ചികിത്സയുടെ ഭാഗം തന്നെയാണ്. പൂര്‍ണ്ണാരോഗ്യവാന്മാര്‍ പോലും ഞൊടിയിടയിൽ  രോഗികളായി മാറുന്ന ഈ പകർച്ചവ്യാധിക്ക് കുത്തിവെപ്പ് മാത്രമാണ് പ്രതിരോധ മാര്‍ഗ്ഗം എന്നത് വിശ്വസനീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതും ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതുമാണ്. ചികില്‍സയുടെ ഫലപ്രാപ്തിയുടെ സാധ്യതകളെ അടിസ്ഥാനമാക്കിയായിരുന്നു പഴയ കാല പണ്ഡിതരില്‍ ചിലര്‍ അത് നിര്‍ബന്ധമില്ലെന്ന് വിധിയെഴുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ ചികില്‍സാരീതികള്‍, ആധുനിക ശാസ്ത്രീയ വളര്‍ച്ചയുടെ ഫലമെന്നോണം, കേവല സാധ്യതകളില്‍നിന്ന് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ, നിലവിലെ സാഹചര്യത്തില്‍ വാക്സിനുകള്‍ എടുക്കുന്നത് വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെ തന്നെ ആരോഗ്യകരമായ  നിലനില്‍പ്പിന് അത്യാവശ്യമാണ്.

നാല്: 2020 ൽ മജ്ലിസ് പുറപ്പെടുപ്പിച്ച പതിനൊന്നാം ഫത്‍വ കൂടി ഇവിടെ ചേര്‍ത്ത് വായിക്കാം: രോഗവ്യാപനത്തെ തടയുന്ന സർവ്വ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം  അധികാരികൾ നൽകുന്ന എല്ലാ ആരോഗ്യ, നിയന്ത്രണ നിർദ്ദേശങ്ങൾ  പൂർണ്ണമായും പാലിച്ചിരിക്കൽ സമൂഹത്തിലെ സർവ വിഭാഗങ്ങൾക്കും നിർബന്ധമാണ്". ഇതിന്റെ ഭാഗമായി, വാക്സിനേഷൻ സ്വീകരിക്കാനായി  അധികാരികൾ ആവശ്യപ്പെടുകയാണെങ്കിൽ  അത് കൈകൊള്ളേണ്ടതും അവരുടെ  ബാധ്യതയായി തീരുന്നു .

ഫത്‍വക്ക് അവലംബിച്ച തെളിവുകള്‍: 
"മനുഷ്യ ശരീരം സംരക്ഷിക്കുക " എന്ന  സമുന്നത ലക്ഷ്യവും താഴെ പറയുന്ന മറ്റു  ചില കർമശാസ്ത്ര പൊതുതത്വവുമാണിതിന് പ്രധാന തെളിവുകളായിട്ടുള്ളത്. 

തത്വം ഒന്ന്: ഇൻഖിലാബുൽ ഐൻ  അഥവാ ഇസ്തിഹാലത്. അൽഐനുൽ മുൻഗമിറ എന്നാണ് ഹമ്പലീ പണ്ഡിതര്‍ ഇതിനെ വിളിക്കുന്നത്.   

ഭാഷാർത്ഥത്തിൽ, അവസ്ഥാന്തരം സംഭവിക്കുക എന്നാണ് ഇസ്തിഹാലതിന് അർത്ഥം വരുന്നത്.  നജസായ ഒരു വസ്തുവിന്റെ പദാർത്ഥങ്ങൾ മറ്റൊന്നിൽ ചേർന്നലിഞ്ഞ് വേറെ ഒരു വസ്തുവായി പരിണമിക്കുന്നതിനാണ്  ഇസ്തിഹാലതെന്ന് പറയുന്നത്. തഖിയ്യുദീൻ ബിൻ തൈമിയ്യ  പ്രബലപ്പെടുത്തിയതനുസരിച്ചും ഇമാം അഹ്മദിന്റെ ഒരു രിവായത് പ്രകാരവും മാലികി മദ്ഹബിലെ ശക്തമായ  ഒരഭിപ്രായമനുസരിച്ചും ഹനഫീ മദ്ഹബ് പ്രകാരവും, ഇങ്ങനെ രൂപാന്തരം പ്രാപിക്കുന്നതിലൂടെ ഒരു വസ്തു ശുദ്ധമായി തീരുമെന്നാണ് നിയമം.  ഇസ്തിഹാലത് സ്വമേധയാ നടക്കുന്നതോ മനുഷ്യ ക്രിയകളാൽ സംഭവിക്കുന്നതോ ആയാലും ഇത് തന്നെയാണ് വിധി.

Also Read:കോവിഡ് ടെസ്റ്റ്, കോവിഡ് വാക്സിന്‍ എന്നിവ കൊണ്ട് നോമ്പ് മുറിയുമോ 

ഹനഫീ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ  ഹാശിയതു ഇബ്നു ആബിദീനിൽ പറയുന്നത് കാണുക: അബൂ യൂസുഫ് ഒഴികെയുള്ള മറ്റു മിക്ക (ഹനഫീ) പണ്ഡിതരും ഇൻഖിലാബുൽ ഐൻ (ഇസ്തിഹാലത്) വഴി അശുദ്ധമായ ഒരു വസ്തു ശുദ്ധമാകുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി, സോപ്പ് നിർമ്മാണത്തിൽ നജസായ  എണ്ണ  വീണാൽ  നജസായ എണ്ണയുടെ പദാർത്ഥങ്ങൾ സോപ്പിലലിഞ്ഞ് വേറെ ഒരു വസ്തുവായി പരിണമിച്ചു എന്ന കാരണത്താൽ ആ സോപ്പ് ശുദ്ധമായി പരിഗണിക്കപ്പെടുന്നതാണ്.
ഇനി മാലികീ മദ്ഹബിലെ ഇമാം ഖറാഫീ തന്റെ ദഖീറയിൽ പറയുന്നത് കാണുക: "ഒരു വസ്തു നജസാണെന്ന് പറയാനുള്ള പ്രധാനകാരണം അതിൽ അടങ്ങിയിട്ടുള്ള ചില  പദാർത്ഥത്തിന്റെ വിശേഷ ഗുണങ്ങളാണത്രെ. അത്തരം പദാർത്ഥങ്ങൾ നീങ്ങി വേറെ ഒരു വസ്തുവായി പരിണമിച്ചാൽ പ്രസ്തുത വസ്തു അശുദ്ധമല്ലെന്ന് വരുന്നു.  രക്തമാണല്ലോ പിന്നീട് ശുക്ലമായും അതേ ശുക്ലം പിന്നീട് മനുഷ്യനായും പരിണമിക്കുന്നത്. രക്തത്തിന്റെ പരിണാമ രൂപമാണ് മനുഷ്യനെന്ന് ചുരുക്കം. മനുഷ്യനെ ആരും നജസായി ഗണിക്കുന്നുമില്ല". തത്തുല്യമായ മറ്റു ചില ഉദ്ധരണികളും മാലികി മദ്ഹബിൽ കാണാവുന്നതാണ്.

ഇനി ഹമ്പലി മദ്ഹബിന്റെ പ്രമുഖ പണ്ഡിതനായ ഇബ്നു തൈമിയ്യ പറയുന്നത് കാണുക: നജസായ/ അശുദ്ധമായ ഒരു വസ്തു ശുദ്ധമായ ഒരു വസ്തുവായി പരിണമിച്ചാൽ അത് ശുദ്ധമാണോ എന്നുള്ളതിൽ പണ്ഡിതർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. ശാഫിഈ മദ്ഹബിലെ അഭിപ്രായം പോലെ അശുദ്ധമാണതെന്നാണ് അതിലൊന്ന്. ഹനഫി മദ്ഹബിലെ അഭിപ്രായം പോലെ ശുദ്ധമാണതെന്നാണ് മറ്റൊരു അഭിപ്രായം. ളാഹിരീ മദ്ഹബിലെ അഭിപ്രായവും അതുതന്നെ. അതാണ് ശരിയും.

തത്വം രണ്ട്: ശുദ്ധമായ മരുന്നില്ലാതിരിക്കുമ്പോൾ അശുദ്ധ മരുന്നുകൊണ്ട് ചികിത്സ നടത്താവുന്നതാണ്. മറ്റൊന്നിൽ ചേരുവയായി ചേർക്കപ്പെട്ട രീതിയിലാണെങ്കില്‍ കള്ള് കൊണ്ട് പോലും (മറ്റു വല്ലതും കിട്ടാതിരിക്കുമ്പോൾ ) ചികിത്സ നടത്താവുന്നതാണ്. ഷാഫിഈ മദ്ഹബും ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. അത്യാവശ്യത്തിന് ശുദ്ധമായതൊന്നും കിട്ടാതിരിക്കുമ്പോൾ കള്ളല്ലാത്ത മറ്റു ഏത് നജസ് കൊണ്ടും  ചികിത്സ നടത്താമെന്നാണ് ശാഫിഈകളുടെ അഭിപ്രായം.  കള്ളിൽ നേർക്കുനേരെ ചികിത്സ തേടാൻ പറ്റുന്നില്ലെങ്കിലും മറ്റൊന്നിൽ ചേർക്കപ്പെട്ട രീതിയിൽ അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാമെന്നുമാണ്  അവരുടെ അഭിപ്രായം. ഷാഫിഈ പണ്ഡിതർ ഇസ്തിഹാലത് ശരിവെക്കുന്നില്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ നജസ് ഉപയോഗിക്കാമെന്ന് പറയുന്നുവെന്ന് ചുരുക്കം. ഇത് സ്ഥാപിക്കുന്ന ചില ഉദ്ധരണികള്‍, ശാഫിഈ പണ്ഡിതനായ ഇബ്ൻ ഹജർ ഹൈതമിയുടെ മിൻഹാജിന്റെ ശറഹിൽ കാണാവുന്നതാണ്.

സുനനു അബീദാവൂദിന്റെ ശറഹിൽ ഇബ്ൻ റസ്‍ലാനും നൈലുൽ ഔഥാറിൽ അദ്ദേഹത്തിന്റെ അഭിപ്രായം കടമെടുത്ത് ഇമാം ശൗകാനിയും  പറയുന്നു: നമ്മുടെ മദ്ഹബിലെ പ്രബലാഭിപ്രായം, ലഹരി വസ്തുക്കളല്ലാത്ത  മറ്റു  എല്ലാ നജസായ വസ്തുക്കൾ കൊണ്ടും ചികിത്സ നടത്താമെന്നതാണ്.  മരുന്നിനായി ഒട്ടകത്തിന്റെ മൂത്രം ഉപയോഗിക്കാൻ അനുവാദം കൊടുത്ത  ഹദീസ് ഇതാണ് പറയുന്നത്. "നജസ് കൊണ്ട് നിങ്ങൾ ചികിത്സിക്കരുത്" എന്ന ഹദീസിലെ വിധി, നജസല്ലാത്ത ശുദ്ധ മരുന്നാണ്ടാകുന്ന വേളകളിലേക്കാണ്. ഈ അഭിപ്രായങ്ങളെല്ലാം ചേര്‍ത്ത് വെക്കുമ്പോള്‍, നജസുകൾ കൂട്ടിച്ചേർത്ത (നായയുടെയും പന്നിയുടെയുമാണെങ്കിൽ പോലും) വാക്സിനേഷൻ ഉപയോഗിക്കാമെന്ന് മനസ്സിലാവുന്നു. 

തത്വം മൂന്ന് : "പൊതു ആവശ്യത്തിന് വ്യക്തികളുടെ അത്യാവശ്യ കാര്യത്തിന്റെ വിധി തന്നെയാണ് വരിക". 
ബുർഹാനിൽ ഇമാമുൽ ഹറമൈനി മുന്നോട്ട് വെച്ച കർമശാസ്ത്ര തത്വമാണ് ഇത്. ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ ഇമാം ഗസ്സാലി, ഇബ്നുൽ അറബി, ഇമാം സർകശി, ഇബ്നു നുജൈം, ഇമാം സുയൂഥി തുടങ്ങി പല പണ്ഡിതരും  ഏറ്റുപിടിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുമുണ്ട്.

കൊറോണ എന്ന പകർച്ചവ്യാധി  ധ്രുതഗതിയിലാണ് എല്ലായിടങ്ങളിലും വ്യാപിക്കുന്നത്. അത് കൊണ്ട് തന്നെ, ഇത്തരം പകർച്ചവ്യാധിക്ക് തടയിടുക   എന്നത് സാമൂഹ്യ ആവശ്യമാണെന്ന് പറയേണ്ടതില്ല. ചിലയാളുകള്‍ക്ക് രോഗം പിടി പെടില്ലായിരിക്കാം, എങ്കിലും പൊതു ആവശ്യമെന്ന നിലയില്‍ വാക്സിന്‍ സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയായി മാറുന്നു. 

തത്വം നാല്: "അടിസ്ഥാനപരമായി ശറഇന്റെ കാഴ്ചപ്പാടിൽ സാധ്യത ഏറെയുള്ള വശമാണ് മറുഭാഗത്തേക്കാള്‍ പരിഗണിക്കപ്പെടുക." കർമ്മ ശാസ്ത്ര തത്വങ്ങളില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു തത്വമാണിത്. വിഷം കൊണ്ട് ചികിത്സ നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, ഇമാം ശൗകനീ വിവരിക്കുന്നത് കാണുക: വിഷം നാലുതരമാണ്,   കൂടുതലായുപയോഗിച്ചാലും കുറച്ചുപയോഗിച്ചാലും നാശമുണ്ടാക്കുന്നത്. ഇതൊരിക്കലും ചികിത്സാർത്ഥമോ അല്ലാതെയോ ഉപയോഗിക്കാവുന്നതല്ല.  രണ്ട്, കൂടുതലായി സേവിച്ചാൽ മാത്രം നാശത്തിലേക്ക് നയിക്കുന്നത്. ഇത്തരം വിഷപദാര്‍ത്ഥം, നാശമുണ്ടാകാത്ത അളവ് ചികിത്സാർത്ഥം സേവിക്കാവുന്നതാണ്. മൂന്ന്, അല്‍പമാണെങ്കില്‍ പോലും നാശം വിതക്കാൻ സാധ്യത ഏറെയുള്ളവയാണ്. ഇത്തരം പദാര്‍ത്ഥങ്ങള്‍, ആ അധിക സാധ്യതയെ പരിഗണിച്ച് സേവിക്കാൻ പാടില്ലെന്നാണ് നിയമം. നാല്, നാശമുണ്ടാവാതിരിക്കാന്‍ സാധ്യത ഏറെയുള്ളത്. ഇത് സേവിക്കാമോ ഇല്ലേ എന്നതില്‍ ഇമാം ശാഫിഈ രണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതായി കാണാം. അനുവദനീയമാണെന്ന് പറഞ്ഞത് ചികിത്സാവശ്യത്തിനും പാടില്ലെന്ന് പറഞ്ഞത് ചികിത്സക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാതിരിക്കുമ്പോഴുമാണെന്ന് ശിഷ്യർ അതിനെ വിശദമാക്കിയതായും കാണാം.

കോവിഡ് വാക്സിനേഷൻ പാർശ്വഫലങ്ങളുണ്ടാക്കുമോ എന്ന സംശയത്തെ ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ വേണം സമീപിക്കേണ്ടത്. നലിവിലെ വാക്സിനേഷനിലൂടെ, രോഗപ്രതിരോധ ശേഷി നേടാനുള്ള സാധ്യതകള്‍ തന്നെയാണ് കൂടുതലും. വിശ്വാസയോഗ്യമായ പഠന റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത് അത് തന്നെയാണ്. ഏതാനും ചില വ്യക്തികള്‍ക്ക് അവരുടെ ശരീര പ്രകൃതി കാരണമോ മറ്റു അസുഖങ്ങള്‍ കാരണമോ ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാമെന്നത് ഇതിന് വിരുദ്ധമല്ല. അത് കൊണ്ട് തന്നെ, ഈ പൊതു തത്വപ്രകാരം, കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് തന്നെയാണ് പൊതുനിയമം. തന്റെ ശരീരത്തെ അത് ബാധിക്കുമെന്ന് സംശയം തോന്നുന്ന പക്ഷം, അത് പരിശോധനകളിലൂടെ ഉറപ്പ് വരുത്തേണ്ടത് വൈയ്യക്തികമായ ബാധ്യതയാണെന്നോ പറയാനൊക്കൂ.

മേല്‍ പറഞ്ഞ തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ ചര്‍ച്ചകളിലൂടെ, കോവിഡ് വാക്സിൻ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന വിധിയില്‍ എത്തിപ്പെടുകയാണ്. ആയതിനാല്‍, പ്രതിരോധ കുത്തിവെപ്പുകളുടെ വിജയത്തിൽ സർക്കാരുമായി എല്ലാവരും സഹകരിക്കണമെന്നും പ്രതിരോധ, മുൻകരുതൽ നടപടികളെയെല്ലാം മാനിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. 

സര്‍വ്വോപരി, ഈ ഒരു പകർച്ചവ്യാധിക്ക് അറുതി വരുത്തി, മനുഷ്യസമൂഹത്തിന് മേൽ  കാരുണ്യവര്‍ഷത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പാപങ്ങളില്‍നിന്നെല്ലാം വിട്ട് നിന്ന് മോചനത്തിനാടി തേടി, അല്ലാഹുവിൽ അഭയം പ്രാപിക്കണമെന്നും ഇതിനാല്‍ ആവശ്യപ്പെടുന്നു.  

തിയ്യതി- 21/12/2020  (6/5/ 1442)

വിവ:  അബ്ധുല്‍ ബാസിത് ഹുദവി കൂളൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter